2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഏട്ടിലെ എട്ട്‌



എട്ട്‌ എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച അക്കമാണ്‌.
ആ അക്കം കാണുമ്പോൾ തന്നെ എനിക്കു വെപ്രാളം തുടങ്ങും. കുഞ്ഞുനാൾ തൊട്ടു ഇന്നു വരെ എട്ടെന്ന അക്കം എന്റെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള നേഗറ്റീവ്‌ ഇംപാക്റ്റുകൾ എണ്ണിയാലൊതുങ്ങില്ല.
അടുത്ത എട്ടാം തിയതിയാണ്‌. എന്റെ ജീവിതത്തിലെ സുപ്രധാനമായേക്കാവുന്ന ഒരു ദിവസം.
ഞാൻ ഒന്നു തിരിഞ്ഞു നോക്കുകയാണ്‌.


ഉമ്മയാണെന്നെ അക്കവും അക്ഷരവും എഴുതാനാദ്യം പഠിപ്പിച്ചത്. അതു കൊണ്ടു തന്നെ എല്ലാ അക്കത്തിനും ഒരു അടുക്കള രുചിയായിരുന്നു. ഒന്നിനു വെണ്ടക്കയും രണ്ടിനു അരിവാളും ചൂണ്ടിക്കാട്ടിയാണു എന്നെ പഠിപ്പിച്ചത്. എട്ടെന്ന സംഖ്യ എഴുതാനാണു കുട്ടിക്കാലത്തു ഞാൻ ഏറ്റവും വിഷമിച്ചിട്ടുള്ളത്‌.
ഉറിയിൽ കലം വെക്കുന്ന പോലെ ഒരു വൃത്തത്തിനു മുകളിൽ മറ്റൊരു വൃത്തം വരച്ചായിരുന്നു ഞാൻ എട്ട്‌ എഴുതാൻ തുടങ്ങിയത്‌. ഉറിയിൽ വലിയ കലം താഴെയും ചെറിയ കലം അതിനു മുകളിലുമായി വെക്കുന്നതാണു പണ്ടേ കണ്ടു തഴക്കം. എട്ടെഴു ത്തിനു അതൊരു നിദാനമായി എന്നു ചുരുക്കം.

അങ്ങനെ എട്ട്‌ എഴുതുന്നതു തെറ്റാണെന്നു കണ്ടു പിടിച്ചു തിരുത്തിയതാവട്ടെ രണ്ടാം ക്ലാസ്സിലെ ക്ലാസ്‌ ടീച്ചർ മെരുവേങ്ങലെ കുഞ്ഞികൃഷ്ണൻ മാഷും.
എട്ടിലെ രണ്ടു വട്ടങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കണമെത്രേ! വലിപ്പത്തിന്റെ കാര്യത്തിലും ഷേപ്പിന്റെ കാര്യത്തിലും ഒട്ടും അനീതി കാണിച്ചു കൂടത്രേ!

അടിച്ചും കളിയാക്കിയുമാണു എന്റെ ആ 'വലിയ" തെറ്റു മാഷു തിരുത്തിയെടുത്തത്‌.
"കയ്യു നല്ല കയ്യാണല്ലോ !
ഭാഗ്യമുള്ള കയ്യ്‌"
ചൂരലിന്റെ കൂട്ടാണല്ലോ!
കൂട്ടൽ ഇന്നു തെറ്റ്‌...!"

എന്നു പാടിയായിരുന്നു ചൂരൽ കഷായം.!.
മാഷുടെ ചൂരലടിയും അതിന്നു മുൻപെയുള്ള പാട്ടു പാടി നാണം കെടുത്തിയുള്ള ശിക്ഷാരീതിയും ഇന്നും മറക്കാൻ പറ്റാത്തവരിൽ മുന്നിൽ ഞാൻ തന്നെയാവും.

അടിയുടെ വേദനയെക്കാൾ ആ കളിയാക്കിപ്പാട്ടാണു സഹിക്കാൻ കഴിയാതിരുന്നത്‌. കാരണം ഈണത്തിലുള്ള ആ പാട്ടു കേട്ടാൽ തൊട്ടടുത്ത ക്ലാസ്സിലുള്ളവരൊക്കെ ചെവി വട്ടം പിടിച്ചിരിക്കുന്നുണ്ടാവും, പാട്ടു കഴിഞ്ഞൊരു "ച്‌ളിം" എന്ന ഒച്ചയും പിന്നെ ഒരു കുഞ്ഞിക്കരച്ചിലും കേൾക്കാൻ.
ടാറടിച്ച പരമ്പു തട്ടികയുടെ ചതുരത്തിലുള്ള ഓട്ടയിലൂടെയൊക്കെ അന്നേരത്തു വട്ടത്തിലുള്ള ഒരു പാടു കൃഷ്ണമണികളുടെ തിളക്കം കാണാം.
ഇംഗ്ലീഷിൽ S എന്നെഴുതി അടിയിലെ അറ്റം മുകളിലെ അറ്റവുമായി ഒരു വരയിലൂടെ സന്ധിപ്പിക്കുന്ന രീതിയിൽ എഴുതുന്നതാണു ശരിയായ എട്ടെഴുത്തെന്നു പാട്ടുപാടിയടിച്ചുറപ്പിച്ചു മാഷ്‌.

കലണ്ടറിലേയും പത്രങ്ങളിലേയും പ്രിന്റഡ്‌ “8“ കണ്ടു അതുപോലെ രണ്ടു വൃത്തങ്ങളേയും തുല്യവും നീതിപൂർവ്വ്വവുമായ വലിപ്പത്തിൽ ചിത്രീകരിക്കാനാവാത്തതിൽ ഞാൻ എട്ടിനോടു എന്തോ അനീതി ചെയ്യുന്നു എന്ന കുറ്റബോധമാണ്‌ അന്നും ഇന്നും. പിറകിൽ കുഞ്ഞികൃഷ്ണൻ മാഷിന്റെ ചൂരൽ വടിയുണ്ടോ എന്ന ഭീതി കൊണ്ടായിരിക്കാം.
അതു കൊണ്ടു തന്നെ പലപ്പോഴും പരീക്ഷാപേപ്പറിലെ എട്ടാമത്തെ ചോദ്യത്തിനു നന്നായി അറിയാമെങ്കിൽ പോലും 8 എന്നു നമ്പറിന്റെ നേരെ ഉത്തരമെഴുതുമ്പോൾ പലപ്പോഴും തെറ്റിക്കാറാണു പതിവ്‌.


കുറച്ചു കൂടി വലിയ കുട്ടിയായപ്പോൾ "മാന്ത്രികനായ മാൻഡ്രേക്ക്‌" ചിത്രകഥകളിൽ വില്ലനായ ഒക്ടോണും, ഒക്ടോപസും, എട്ടിന്റെ അജ്ഞാത സങ്കേതവുമൊക്കെ പേടിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളായി എന്റെ ഉള്ളിലേക്കു കുടിയേറിയതു ഞാൻ പോലും അറിയാതെയാണ്‌.
ഈ എട്ടു ഭീതി എന്നെ ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിച്ചതു എട്ടാം ക്ലാസ്സിൽ പഠികുമ്പോഴായിരുന്നു.
ഏഴാം ക്ലാസ്സിലെ നിലവാരം നോക്കിയാണു എന്നെ എട്ടാം ക്ലാസ്സിലെ ലീഡറാക്കിയത്‌. പക്ഷെ എന്റെ വിദ്യഭ്യാസ കാലഘട്ടത്തിലെ ഏറ്റവും വെറുക്കപ്പെട്ടകാലമായിരുന്നു അത്‌. സ്കൂൾ പഠനം നിർത്തി നാടു വിട്ടാലോ എന്നു പലപ്പോഴും ചിന്തിച്ച കാലം. എട്ട്‌ എന്ന സംഖ്യ ചന്തത്തിൽ പൂർണ്ണതയോടെ എഴുതുന്നതിനശക്തനായതു കൊണ്ടുള്ള മാനസീക സമ്മർദ്ദമായിരുന്നില്ല അന്നെന്നെ അലട്ടിയിരുന്നത്‌. അതു ഞാൻ റോമൻ അക്കങ്ങൾ പകരമിട്ടു അതിജീവിക്കാൻ ശീലിച്ചിരുന്നു.
യു.പി സ്കൂളിന്റെ കാരുണ്യത്തിൽ ഒരു ഓലഷെഡിൽ ആരംഭിച്ച ഹൈസ്കൂൾ.
ഷിഫ്റ്റായി നടത്തിയിരുന്ന ക്ലാസ്സുകളിൽ എട്ടാം ക്ലാസ്സും എൽ.പി.യും മാത്രം ഉച്ചക്കു ശേഷം. ഇത്തിരി വിരുതും-കൗശലവും കഴിവും-സ്വാധീനവും ഉള്ള അദ്ധ്യാപകർ രാവിലെത്തെ ഷിഫ്റ്റിൽ പയറ്റു തീർത്തു ഉച്ചക്കു മുൻപേ കളരിയടച്ചു മൂടും തട്ടി വീട്ടിലെത്തും (ബാക്കി സമയം സൈഡ്‌ ബിസിനസ്‌)
എട്ടാം ക്ലാസ്സിൽ പഠിപ്പിക്കാൻ സ്കൂളിലെ തീരെ അശക്തരും അപ്രാപ്തരുമായ അദ്ധ്യാപികമാർ മാത്രം.
മത്സരാർത്ഥികൾ കുറഞ്ഞ മലബാറിൽ വന്നു പി.എസ്‌.സി പരീക്ഷ എഴുതി എളുപ്പത്തിൽ ടീച്ചറുദ്യോഗം ഉറപ്പാക്കിയ, പ്രൊഫഷനോടു യാതൊരു ഒരു ഡെഡിക്കേഷനും ഇല്ലാത്ത ചില കുടിയേറ്റ ടീച്ചർമാർ.
തോറ്റു പിന്നേം തോറ്റു ടീച്ചറേക്കാള്‍ പ്രായം തോന്നിക്കുന്ന ക്ലാസ്സിലെ തപ്പാനകളായ വിദ്യാർത്ഥികൾക്കു മുന്നിൽ അവർ വെറും അശുക്കൾ.

ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത കളങ്കം വന്നതു നേരിൽ കണ്ട നിമിഷങ്ങൾ. ഒരു സ്പ്രേ കുപ്പി കിട്ടിയാലോ സാരി കിട്ടിയാലോ ഏതു കൊടിയ തെറ്റും മറക്കുന്ന ടീച്ചർമാർ.
ജോലിയോടു തീരെ ആത്മാർത്ഥതയില്ലാതെ ശമ്പളത്തിനോടു മാത്രം ആർത്തി കാട്ടിയ അവരായിരുന്നു ഞങ്ങളുടെ തലമുറയിലെ മലബാർ സർക്കാർ സ്കൂളുകളുടെ ശാപം.
“ നിങ്ങള്‍ക്കു ഇത്രയൊക്കെ പഠിച്ചാ മതി, ഞങ്ങള്‍ക്കു കിട്ടാനുള്ളത് എങ്ങനെയായാലും കിട്ടും!” എന്നു കേട്ടു മടുത്തിരുന്നു.

പഠിക്കാനായി മാത്രം വരുന്ന പാവപ്പെട്ട വീടുകളിലെ കുട്ടികളുടെ ക്ഷമ കെട്ടു. ആവതുള്ളവർ പലരും ടി.സി വാങ്ങി സ്വകാര്യ സ്കൂള്‍ തേടിപ്പോയി.
ബാക്കിയായത്‌ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഗൾഫുകാരുടെ മക്കളും ചോദിച്ചിട്ടും പറഞ്ഞിട്ടും ഒരു ഫലവുമില്ലാത്ത പാവപ്പെട്ട വീട്ടിലെ കുട്ടികളും.
ആദ്യം പറഞ്ഞ വിഭാഗത്തിന്റെ കയ്യില്‍ കണ്ടമാനം കാശുണ്ടായിരുന്നു. അവരുടെ കയ്യിൽ നിന്നു ത്രിഫൈവു വാങ്ങി വലിക്കുന്ന ചില അധ്യാപകർക്കു അവർക്കെതിരേ വാ തുറക്കാൻ പറ്റുമോ?
അങ്ങനെയുള്ള ഒരു ക്ലാസ്സിലെ ലീഡർ സ്ഥാനം എങ്ങനെയിരിക്കും?

വി.ജി.നാരായണൻ നായർ എന്ന എന്റെ ഏക്കാലത്തെയും മാതൃകാ ഗുരുനാഥൻ വന്നു കയറിയതോടെയാണു ആ ഈജിയൻ തൊഴുത്ത്‌ ശരിക്കും ഒരു സരസ്വതി ക്ഷേത്രമായത്‌.
പക്ഷെ അപ്പോഴേക്കും എട്ടിന്റെ ശിക്ഷ അനുഭവിച്ചു തീർത്തു ഞാൻ ഒൻപതിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ കാലമാണു എന്റെ ജീവിതത്തിൽ ഏറ്റവും ഭാഗ്യം നിറഞ്ഞ വിദ്യാഭ്യാസകാലമായി ഞാൻ കരുതുന്നത്‌.
എട്ടാം ക്ലാസിൽ നിന്നു ഞാൻ കഷ്ടിച്ചു പാസ്സായതേയുള്ളൂ. ആ നിലവാരത്തിന്റെ പിൻബലത്തിൽ പിന്നെ ഒരു ക്ലാസ്സിലും എനിക്കു ലീഡറാവേണ്ടി വന്നില്ല.

എസ്‌.എൽ.സി.യുടെ പരീക്ഷാ ക്രമനമ്പരിൽ എട്ട്‌ ഇല്ലാത്തതിനാലാവും അത്യാവശ്യം മോശമല്ലാത്ത മർക്കിൽ അതു കടന്നു കിട്ടി.
പ്രിഡിഗ്രിക്കും ഡിഗ്രിക്കും ഞാൻ എട്ടിന്റെ തിക്തതയിൽ നിന്നു പൂർണ്ണമായി മുക്തനായിരുന്നു.
ഒരു പരീക്ഷാ നമ്പറിലും രജിസ്ത്രേഷൻ നമ്പറിലും 8 കടന്നു വന്നെന്നെ വിഷമിച്ചിരുന്നില്ല.

പിന്നെ ഞാൻ ഓർക്കുന്നത്‌ അക്ഷരയിലെ എട്ടാം തരം ട്യൂഷൻ ക്ലാസ്സായിരുന്നു.
ഹൈസ്കൂളിലെ ഏറ്റവും ഈസി സിലബസ്‌ എട്ടാം ക്ലാസ്സിലേത്തത്തായിരുന്നു. എങ്കിലും എട്ടാം ക്ലാസ്സിൽ ട്യൂഷനെടുക്കാൻ കയറുമ്പോഴായിരുന്നു ഞാൻ കൂടുതൽ വിയർത്തിരുന്നത്‌. കാരണം ആ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിനു മുന്നിൽ നന്നായി ഹോംവർക്കു ചെയ്യാതെ കയറിയാൽ മാനം കെടും എന്നതു കൊണ്ടു തന്നെ!.
അവരിൽ നിന്നു ചോദ്യങ്ങൾ നാം പ്രതീക്ഷിച്ച പോലെയൊന്നുമാവില്ല വരിക.
രാമായണവും മഹാഭാരതവും സന്ധിക്കുന്ന ഒരു മുഹൂർത്തം നന്നായി പഠിച്ചു വെച്ചായിരിക്കും ക്ലാസ്സിൽ കയറിയിട്ടുണ്ടാവുക. ഹനുമാനും ഭീമനും കണ്ടുമുട്ടിയപ്പോൾ ഡെലിവറി ചെയ്ത ഡയലോഗുകൾ നന്നായി മന:പ്പാഠമാക്കിയിരിക്കും.
എന്തു കാര്യം!
ഖുർആനും മഹാഭാരതവും സന്ധിക്കുന്ന ഒരു മുഹൂർത്തം ആയിരിക്കും അവർക്കന്നറിയേണ്ടി വരിക.
അവസാനം അവരിൽ നിന്നു തന്നെ അതു കേട്ടു പഠിക്കേണ്ടി വന്നിരുന്നു.
"ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽപ്പരം പ്രവാചകൻമാരെ അല്ലാഹു വിവിധ ദേശത്തിൽ, വിവിധ കാലഘട്ടത്തിൽ, വിവിധ ജനതക്കു മാർഗ്ഗദർശനം നൽകാനയച്ചതിൽ ഏതോ രാജ്യത്തിലേക്കു ഒരു കറുത്ത നിറമുള്ള ഒരു പ്രവാചകനെയും അയച്ചിട്ടുണ്ടെന്നല്ലേ മാഷേ?
ആ പ്രവാചകൻ നമ്മുടെ കാർവർണ്ണൻ ശ്രീകൃഷ്ണനാവാലോ?" ആവനാഴിയിലേക്കു തിരിച്ചു എയ്തു വിട്ട ചോദ്യശരങ്ങൾക്കൂ മുന്നിൽ വായും പിളർന്നു നിൽക്കാനേ അന്നാവുമായിരുന്നുള്ളൂ. അക്ഷരയിലെ അധ്യപകവൃത്തിയിയിൽ ഇപ്പോഴും മറക്കാനാവാതെ നിൽക്കുന്നത്‌ എട്ടാം ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടു നിൽക്കുമ്പോൾ വര്‍ഷം 88ലെ എട്ടാം മാസം എട്ടാം തിയതി എട്ടു മണിക്കു എട്ടു മിനിട്ടു കഴിഞ്ഞു എട്ടു സെക്കണ്ടു നേരം ഇടിവെട്ടിയ പോലെ നിന്നു വിദ്യാർത്ഥികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയതാണ്‌. (ആ നിമിഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതു ടാബ്ലോയിൽ നിന്നു വിരമിച്ച ശേഷമായിരുന്നു എന്നതാണു അവരുടെ ആകാംക്ഷ കൂടാൻ കാരണം.
(ഇനി വരുന്ന 9-09-009 മുഹൂർത്തത്തിനെ കുറിച്ചുള്ള വാർത്ത കേളക്കവേ 08-08-88 നെ ഓർത്ത എന്റെ ഒരു ശിഷ്യൻ അയച്ച ഈമെയിലാണിതിപ്പോൾ എഴുതാൻ പ്രേരണ).

കാലങ്ങള്‍ ഒരു പാടു കഴിഞ്ഞിട്ടും ഇന്നും എട്ടിനെപ്പേടി വിട്ടുമാറിയിട്ടില്ല. ഒരു ഫോണ്‍ നമ്പറോ,വണ്ടിയുടെ രജിഷ്ട്രേഷന്‍ നമ്പറോ ചോയ്സുണ്ടെങ്കില്‍ എട്ടില്ലാത്ത അക്കമാണു ഞാന്‍ ഇന്നും തെരെഞ്ഞെടുക്കാറ്.

==================================
വാതിലിലാരോ മുട്ടുന്നു.

"തുറന്നോളൂ കുറ്റിയിട്ടിട്ടില്ല". എണീക്കാൻ മടിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
വിജയേട്ടൻ കടന്നു വന്നു.
ലാപ്ടോപ്പിലെ സ്ക്രീനിലേക്കു നോക്കി വിജയേട്ടൻ പറഞ്ഞു
"നീയിപ്പൊ സദാ സമയം കമ്പ്യൂട്ടറിലേ പണി ചെയ്തിരിപ്പാണല്ലോ? ഓഫീസിലും അതു കഴിഞ്ഞാല്‍ വീട്ടിലും'.
"കണ്ണിനു കേടല്ലേ?"

കഴിഞ്ഞല്ലോ വിജയേട്ടാ എട്ടാം തിയതി വരെയല്ലേയുള്ളൂ.
അതു കഴിഞ്ഞാൽ ഓഫീസിലെ പണിയില്ലല്ലോ?
" ഓ എട്ടാം തിയതി മുതലാണോ ലീവ്‌?"
എത്ര മാസത്തേക്കാ..?"
"മൂന്നു മാസത്തേക്ക്‌!"
"നന്നായി, ഇപ്രാവശ്യമെങ്കിലും
കുട്ടികളുടെ പൂതി തീരുന്നതു വരെ നാട്ടില്‍ കാണുമല്ലോ?"


"ഇതേതാ ഒരു പഴയ കാൽകുലേറ്റർ?"

“അതു ഞാൻ ഓഫീസിൽ പതിനാലു കൊല്ലം ഉപയോഗിച്ചിരുന്നതാ.. അതിന്റെ എട്ട്‌ എന്ന അക്കം ശരിക്കു വർക്കു ചെയ്യുന്നില്ല. അതിനാൽ പുതിയതു വാങ്ങിച്ചു.“
(എട്ടിന്റെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കൂടുതല്‍ കോഷ്യസായതാണു അതിന്റെ ഉപയോഗത്തിലെ റിതം തെറ്റാനും അതിന്റെ സ്വാഭാവികത വ്യത്യാസപ്പെടാനും കാരണം എന്നെനിക്കറിയാം എങ്കിലും...)

“ബോസിനോടു ചോദിച്ചു ആ പഴയതു ഞാൻ എടുത്തത്താ..“

"നിനക്കെന്തിനാ പഴയത്‌? ഇഷ്ടപ്പെട്ടതു പുതിയതൊന്നു വാങ്ങ്‌, ബില്ല്‌ ഞാൻ അപ്രൂ ചെയ്തു തരാം"
ബോസു പറഞ്ഞതാ.
ബോസിനോടു പറയാത്തതു ഞാൻ വിജയേട്ടനോടു പറയാം.
"ഈ കാർക്കുലേറ്ററിനു പകരം വെക്കാൻ മറ്റൊരു കാൽകുലേറ്റവും ഇല്ല വിജയേട്ടാ".
പതിമൂന്നു മില്യന്റെ സപ്ലയർ ബാധ്യതകൾ, ആറു മില്യന്റെ ബാങ്ക്‌ ഓവർ ഡ്രാഫ്റ്റ്‌, എട്ടു മാസത്തെ ശമ്പളവും അലവൻസുകളും പെൻഡിംഗായതിന്റെ പേരിൽ സമരത്തിലേക്കു തിരിഞ്ഞ ജീവനക്കാർ.
കിട്ടിയതു വാങ്ങിച്ചു രാക്കു രാമാനം കമ്പനി വിട്ട സഹപ്രവർത്തകർ.
കൂടെ ഇവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഭവന നിർമ്മാണത്തിനു ശമ്പളത്തിന്റെ മൂന്നിലൊന്നു നിർബന്ധമായി ബാങ്കിലിടാൻ നിർബന്ധിച്ച പങ്കാളിയുടെ ദൂരെക്കാഴ്ച്ചയുടെ ഫലമായി ദുരിത കാലത്തു കമ്പനിയോടാപ്പം പിടിച്ചു നിൽക്കാൻ പിന്തുണ നൽകിയ ആ ദിർഹമിലെ സമ്പാദ്യം.
യൂസുഫ് നബിയുടെ ചരിത്രത്തിലെ വരാനിരിക്കുന്ന മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളെ മുന്നിൽ കണ്ടു കുട്ടികളെയും കൂട്ടി കിട്ടിയതൊക്കെ വാരി പെട്ടിയിലാക്കി തനിച്ചു വിമാനമേറിയ പ്രിയതമ,
പക്ഷെ കണ്ണിരോടെയെങ്കിലും എത്ര നിശ്ചയ ദാർഢ്യത്തോടെയാണവൾ സീതയിൽ നിന്നു ഊർമ്മിളയായി മാറിയത്‌! .

ആ ധൈര്യം ഈ ഖൽബിന്റെ കനം കുറച്ചതു കുറച്ചൊന്നുമല്ലയിരുന്നു.
കഷ്ടപ്പാടുകളും സഹനകാലവും ഒറ്റക്കു അനുഭവിച്ചു തീർത്തു.

ബ്ലോഗിംഗ്‌ മാത്രമായിരുന്നു മനസ്സിനു ആശ്വാസം.
കൂടെ കൂട്ടിനു അസംഖ്യം ബ്ലോഗർമാരും.
അക്കങ്ങളിൽ മരിച്ചപ്പോഴും അക്ഷരങ്ങളിൽ രമിക്കുകയായിരുന്നു.

വീണ്ടും വിളവെടുപ്പു കാലം വന്നു.
നിരന്തരമായിരുന്ന നഷ്ടം ക്രമേണ കുറച്ചു കുറച്ചു കൊണ്ടു വന്നു.
കഴിഞ്ഞ വർഷത്തെ ബാലൻഷീറ്റിലാണു പത്തു കൊല്ലത്തിനിപ്പുറം രണ്ടര മില്യൻ ലാഭം കണക്കു കൂട്ടിയത്‌.
ആ കാൽകുലേറ്ററാണു ഇതു വിജയേട്ടാ..

എട്ടു തെളിയാഞ്ഞിട്ടും ഇവനെ അങ്ങനെയങ്ങു വെറുതെ ഡസ്റ്റു ബിന്നിൽ കളയാൻ തോന്നിണില്യാ..
ഇവന്റെ പിറകിൽ മാർക്കർ പെന്നു കൊണ്ടു ഒരൊപ്പു വേണം എന്നു ബോസിനോടു ആവശ്യപ്പെട്ടപ്പോൾ ബോസിനു എന്തോ മണത്തു വേന്നു തോന്നി !
" Kareem, are you leaving me before I pass"
" No Sir, I am just going for three month Vacation I wish you a very very long life".
ആ വൃദ്ധമനസ്സിനെ നോവിക്കാൻ വയ്യ.
അദ്ദേഹത്തിനെന്നോടുള്ള കടപ്പാടും വാത്സല്യവും പുതിയ തലമുറക്കെന്നോടുണ്ടായെന്നു വരില്ലല്ലോ!
മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പലില്‍ ഒറ്റക്ക് ഓടി നടന്നു കിളുത്തകള്‍ അടച്ചു വെള്ളം കോരിക്കളഞ്ഞു ഒരു തീരത്തെത്തിച്ചതിന്റെ നന്ദി ഒരാള്‍ക്കെങ്കിലുമുണ്ടല്ലോ.
കാറ്റും കോളുമുള്ള ഒരു കടലില്‍ കപ്പലോടിച്ചു ലക്ഷ്യത്തിലെത്തിച്ചു സംതൃപ്തി എല്ലാത്തിനും മേലെയാണെന്നു ഇവരോടു പറഞ്ഞു സ്ഥാപിക്കേണ്ടകാര്യമെനിക്കില്ലല്ലോ!

വിജയേട്ടാ.!
ഇനി താങ്കളോടു മാത്രമായി ഇത്തിരി സ്വകാര്യം.
മൂന്നു മാസം കഴിഞ്ഞൊരു തിരിച്ചുവരവില്ലാതെയാവുകിൽ എന്റെ പുസ്തകങ്ങളും ഈ ഗ്ലാസ്സു പെയ്ന്റിംഗുകളും മനോഹരന്റെ കാർഗോയിൽ ഒന്നു മലപ്പുറത്തേക്കയക്കുക.
ബില്ലു എന്റെ സ്റ്റാഫ്‌ അക്കൗന്റിൽ ഡബിറ്റു ചെയ്യാൻ ബോസിനോടു പറയുക.ഞാന്‍ എന്റെ അക്കൌണ്ട് പൂര്‍ണ്ണമായി സെറ്റില്‍ ചെയ്തിട്ടില്ല ഇനിയും.
ഫ്രിഡ്ജും ടി.വിയും പഴയതാണ്‌ എങ്കിലും വിജയേട്ടനതുപകരിക്കും.
കാലങ്ങളായി എന്നെ അലാറം വിളിച്ചുണർത്തിയിരുന്ന ഈ ടൈംപീസ്‌ ഇതു ഇനി വിജയേട്ടനിരിക്കട്ടെ!
ഇതെന്റെ അടിമത്തത്തിന്റെ ഓര്‍മ്മയാണ്. അതു ഇവിടെ ബാക്കിയുള്ള പലര്‍ക്കും ആവശ്യമാണ്.
പാസ്പോർട്ടു കൊരിയറിലയച്ചാൽ വിസ ക്യാൻസലാക്കാൻ ഒരു തടസ്സവുമില്ലന്നു പി.ആർ.ഒ.വിനോടു ചോദിച്ചുറപ്പു വരുത്തിയിട്ടുണ്ട്‌.
കടം വാങ്ങിയിട്ടു തിരിച്ചു തരാൻ സാധിക്കാത്തവർ അനേകമുണ്ട്‌. അതിൽ ആരെങ്കിലും ഇതു വഴി വന്നതു തന്നാൽ എന്റെ എൻ.ആർ. ഐ അക്കൗണ്ട്‌ നമ്പർ അറിയാലോ, അതിലയച്ചൊന്നു മിസ്കാളു ചെയ്താൽ മതി. വിസ ക്യാൻസലു ചെയ്താലും ഒരു വർഷം വരെ അക്കൗണ്ടിനു എൻ.ആർ.ഐ സ്റ്റാറ്റസു നിൽക്കുമെത്രേ!
മുറി വൃത്തിയാക്കുമ്പോൾ പണമയച്ചതിന്റെ റശീതിക്കുറ്റികൾ കിട്ടിയാൽ അതു നശിപ്പിച്ചു കളയണം. കാശയച്ചതിനെന്തിനാണെനിക്കിനി തെളിവ്‌.
അടുത്ത വരവിനു കരിപ്പൂരിൽ നിന്നു നേരിട്ടിരുമ്പുഴി വരണം. അറിയിക്കണം ഞാൻ കാറുമായി വരാം. സാബിറാന്റെ വറുത്തരച്ച കോഴിക്കറിയും പത്തിരിയും നാവിലുണ്ടെന്നല്ലേ പറയാറ്‌. വരുമ്പോൾ ശബിക്കും ശാബുനും എന്തെങ്കിലും ഒരു കളിപ്പാട്ടം വാങ്ങണട്ടോ!
അവർക്കു വിജയേട്ടനെന്നാൽ ജീവനാ....!
വിജയേട്ടൻ വരുമ്പോൾ കൊണ്ടു വരുമെന്നു പറഞ്ഞവരെ ഞാനിപ്പഴേ കൊതിപ്പിക്കാം.

ബ്ലോഗിലെ ആരോടും യാത്ര പറയേണ്ടതില്ല.
ഇനി കൂടുതൽ നേരം കാണാം നാട്ടിലും, നെറ്റിലും.
കൊക്കിൽ ജീവനുള്ള കാലം വരെ അതിന്നാവണേ എന്നാണു പ്രാര്‍ത്ഥന. അത്രക്കിഷ്ടാണു ഈ ബ്ലോഗിംഗ്.
ഖല്‍ബിന്റെ ഖല്‍ബായ യു.എ.ഇ.ക്കാരോടും യാത്ര പറയുന്നില്ല.
(ചിലപ്പോൾ മൂന്നു മാസത്തിനു മുന്നേ തിരിച്ചു വരേണ്ടി വന്നാലോ!)






പിന്‍ വായനക്ക്:-
ഈ പോസ്റ്റില്‍ വിജയേട്ടന്‍ ഒ‌രു പ്രതീകമാണ്.
(ഞാന്‍ ഇഷ്ടപ്പെടുകയും,
എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്ന
എന്റെ സഹജീവി പ്രവാസികളായ
എല്ലാവരെയും പ്രതിനിധീകരിക്കുന്ന ഒരു മനുഷ്യജീവി)

57095

21 അഭിപ്രായങ്ങൾ:

asrus irumbuzhi പറഞ്ഞു...

തോണിക്കടവാന്‍ കരീം മാഷെ ,
അങ്ങേക്ക് എല്ലാ ഭാവുകങ്ങളും..
പ്രവാസത്തിന്റെ വിരസമായ നാളുകള്‍ക്കു
അവധി നല്‍കി...ഒരു പുതുസുഗന്ധവുമായി വരൂ .....
asru

കരീം മാഷ്‌ പറഞ്ഞു...

ബ്ലോഗിലെ ആരോടും യാത്ര പറയേണ്ടതില്ല.
ഇനി കൂടുതൽ നേരം കാണാം നാട്ടിലും, നെറ്റിലും.
കൊക്കിൽ ജീവനുള്ള കാലം വരെ അതിന്നാവണേ എന്നാണു പ്രാര്‍ത്ഥന. അത്രക്കിഷ്ടാണു ഈ ബ്ലോഗിംഗ്.
ഖല്‍ബിന്റെ ഖല്‍ബായ യു.എ.ഇ.ക്കാരോടും യാത്ര പറയുന്നില്ല.
(ചിലപ്പോൾ മൂന്നു മാസത്തിനു മുന്നേ തിരിച്ചു വരേണ്ടി വന്നാലോ!)

Anil cheleri kumaran പറഞ്ഞു...

ഒരു വിഷമവുമില്ലാതെ തന്നെയാണോ ഈ പോക്ക്...! ഏതായാലും പോസ്റ്റ് മനോഹരം.

കരീം മാഷ്‌ പറഞ്ഞു...

അസ്രു നന്ദി
എവിടെയാ സൌദിയിലോ.. വാ നാട്ടില്‍ കാണാം.
കുമാരന്‍ നന്ദി.
വിഷമങ്ങള്‍ ഒരു പാടുണ്ട്. എങ്കിലും പോയല്ലേ മതിയാവൂ. പ്രതീക്ഷിച്ചതിനെക്കാള്‍ ഒരു പാടു കിട്ടി.
അഞ്ചുവര്‍ഷത്തേക്കു സര്‍ക്കാല്‍ ജോലിയില്‍ നിന്നു ലീവിടെത്തു ഗര്‍ഫിലെത്തിയപ്പോള്‍ ഒരു വീടുണ്ടാക്കി പെട്ടെന്നു മടങ്ങുക എന്നു മാത്രമായിരുന്നു ലക്ഷ്യം.
അഞ്ചു വര്‍ഷം പിന്നെ 20 വര്‍ഷമായി. സര്‍ക്കാര്‍ ജോലി കാലഹരണപ്പെട്ടെങ്കിലും വീടുണ്ടാക്കി.
അനിയന്മാര്‍ക്കൊക്കെ സ്വവരുമാനത്തിന്റെ ഗതിയായി.
എങ്കിലും സ്വപ്ന ജോലിയുടെ ഭാഗമായ അക്ഷരങ്ങളുടെ മുദ്രണവും ചിത്രങ്ങളുടെ ഡിസൈനിംഗും ചേര്‍ന്ന പ്രസ്സില്‍ പങ്കാളിയായി.
അതിന്റെ ഭാഗമായി ബാക്കി ജീവിതം വിലപ്പെട്ടതാക്കാം എന്ന സന്തോഷത്തോടെയാണു പോകുന്നത്.

shams പറഞ്ഞു...

മാഷ് പോവാണല്ലെ..
യാത്ര ചോദിക്കെണ്ട മാഷെ ഇഷ്ടപ്പെട്ടവരൊക്കെ യാത്ര ചോദിക്കുമ്പോള്‍ മനസ്സിലൊരു വിങ്ങലാ.
ബ്ലോഗിങ്ങ് തുടരണേ മാഷെ
എല്ലാ നന്മകളും ഉണ്ടാകട്ടെ.

അഷ്‌റഫ് പറഞ്ഞു...

നന്നായി എഴുതി കരീം
“അക്കങ്ങളിൽ മരിച്ചപ്പോഴും അക്ഷരങ്ങളിൽ രമിക്കുകയായിരുന്നു“.
ഒരു അക്കൌണ്ടന്റിന്റെ ബ്ലോഗിംഗ് അനുഭൂതി പ്രകടിപ്പിച്ച ഏറ്റവും അര്‍ത്ഥസമ്പൂര്‍ണ്ണമായ വാക്യം.
കിട്ടാനുള്ള കാശിനെ കുറിച്ചേ ഓര്‍ത്തുള്ളൂ.
തിരിച്ചു കൊടുക്കാനുള്ള പുസ്തകത്തെക്കുറിച്ചു മറന്നോ?
“ബ്രിഗേഡിയര്‍ കഥകള്‍”
:)

Shaf പറഞ്ഞു...

ബ്ലോഗിങ്ങ് തുടരണേ മാഷെ
എല്ലാ നന്മകളും ഉണ്ടാകട്ടെ.

ഏറനാടന്‍ പറഞ്ഞു...

കരീം മാഷേ ഞെട്ടിപ്പിച്ചുപോയല്ലോ.. ഒരു കഥ അല്ലെങ്കില്‍ ഒരു അനുഭവം വായിക്കുന്നതുപോലെ വായിച്ച് വരുമ്പോള്‍.. ഒടുവില്‍ വെച്ച് ഇങ്ങനെ ഒരു ക്ലൈമാക്സ് അപ്രതീക്ഷിതമായിപ്പോയി.

മൂന്ന് മാസത്തിനകം തിരികെവരുവാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന മോഹത്തോടെ,

സസ്നേഹം,

ഏറനാടന്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

മാഷെ,ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഇത്രപ്രധാനമുള്ള ഒരു കാര്യമാണ് ഞങ്ങളോട് പറയാന്‍ പോകുന്നതെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല.ഒരു പ്രവാസി തന്റെ പ്രവാസജീവിതം നിറുത്തിപോകുമ്പോള്‍ മാഷ് കൊണ്ട്പോകുന്നതുപോലെ കാല്‍കുലേറ്റര്‍ പോലെ എന്തെങ്കിലും കാണും!അതാണ് അവനുടെ ഈ നീണ്ട പ്രവാസകാലത്തിലെ ഏറ്റവും വിലപിടിച്ചസമ്പാദ്യം!ഈ സമയത്ത് ഞാന്‍ എഴുതിയ ഒരു പഴയ കവിത ഓര്‍ത്തു.....തിരിച്ചുവരണമെന്ന് ഞാന്‍ പറയില്ല!എന്നാല്‍ എനിക്ക് ഉറപ്പായും ആശംസിക്കാന്‍ കഴിയും നാട്ടില്‍ കുടുംബവുമൊത്തുള്ള ഒരു നല്ല ജീവിതം!

Malayali Peringode പറഞ്ഞു...

:)

കരീം മാഷ്‌ പറഞ്ഞു...

മുഹമ്മത് സഗീര്‍, താങ്കള്‍ എഴുതിയ പഴയ കവിത വായിച്ചു.
ഇപ്പൊള്‍ ഞാന്‍ ഒരു പുനര്‍ചിന്തനം നടത്തുകയാണ്.
നാട്ടില്‍ പോക്കു മാറ്റി വെച്ചാലൊന്ന്‌!

കരീം മാഷ്‌ പറഞ്ഞു...

അഷ്‌റഫ് “ബ്രിഗേഡിയര്‍ കഥകള്‍” വായിച്ചു വായിച്ചു പേജൊക്കെ കീറിപ്പോയി.
നാട്ടില്‍ നിന്നു പുതിയ കോപ്പി സംഘടിപ്പിച്ചു തരാം.
“എന്റെ കഥ” ഒരു കഥയായിട്ടോ!

Appu Adyakshari പറഞ്ഞു...

കരീം മാഷെ, മൂന്നുമാസം വേണ്ടിവരില്ല അതിനുമുമ്പേ തിരികെയെത്തും എന്ന കാര്യത്തിൽ എനിക്ക് സംശയമേതുമില്ല.

എട്ടിന്റെ കഥകൾ വായിച്ചു, ഇഷ്ടാവുകയും ചെയ്തു.
പക്ഷേ ഈ എട്ട് ഒരു പോസ്റ്റിറ്റീവ് എട്ടാവും കേട്ടോ.

thoufi | തൗഫി പറഞ്ഞു...

അപ്പു പറഞ്ഞതു പോലെ എനിക്കും പ്രതീക്ഷയുണ്ട്, ഇതൊരു ചെറിയ ഇടവേളയാകാം. കുറച്ചുനാളത്തേക്കൊരു മാറിനില്‍പ്പ്.കൂടുതല്‍ കരുത്തോടെ വീണ്ടും പഴയ തട്ടകത്തില്‍ തിരിച്ചെത്താനുള്ളൊരു വഴിയമ്പലം.വിദേശത്തായാലും നാട്ടിലായാലും “മാഷിന്റെ തൂലിക”യിലൂടെ നമുക്ക് സംവദിക്കാം.

ഓ.ടോ)ജൂലൈയിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മാഷിന്റെ നാട്ടുകാരനൊരാള്‍ കരീം മാഷിനെക്കുറിച്ചെഴുതിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ..?

kichu / കിച്ചു പറഞ്ഞു...

ഹേ മാഷേ..

വെറുതെ വല്ലതുമൊക്കെ പറഞ്ഞു പോകല്ലേ...

മാഷെവിടെ പോകാന്‍??
ഫാമിലിയുമായി തിരിച്ചുവരും അതുറപ്പാ...

എട്ടിന്റെ കഥ കൊള്ളാംട്ടൊ.

എല്ലാ നന്മകളും നേരുന്നു.

കരീം മാഷ്‌ പറഞ്ഞു...

മിന്നാമിന്നി ഞാന്‍ മാതൃഭൂമിയിലെ ആ കത്തു കണ്ടിരുന്നു. അതു കണ്ടപ്പോള്‍ എന്നെ ഓര്‍ത്തതിനു നന്ദി. അതേ കുറിച്ചു ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ചെറിയ രസകരമായ ഒരനുഭവം വായിച്ചൂ നോക്കൂ!
മാഷിന്ടെ തൂലിക: ഒരനോണിപ്പത്രവും ഞാനും
Thanks to all specially
Appu, Kichu,Shams,Shaf,Malayalee, Asru,Kumaran,Ashraf,Devan,Shamshudheen ali,Eranadan,Sageer

ഇവിടെ കിട്ടുന്നതിന്റെ പത്തിലൊന്നിനു മാത്രമെങ്കിലും സ്വന്തം സ്ഥാപനത്തില്‍ മാനേജര്‍ പുലിയായി ഇരിക്കണോ?
റിസഷന്റെ വാളൂ തൂങ്ങുന്ന മുതലാളിയുടെ മകള്‍ ഒന്നു തുമ്മിയാല്‍ തെറിക്കുന്ന കണക്കപ്പിള്ളപ്പണിയും നോക്കിയിരിക്കണോ (പടച്ചോനെ നീ തന്നെ തുണ ഒരു തീരുമാനത്തിലെത്തിക്കാന്‍)
ഏതായാലും മൂന്നു മാസം സമയമുണ്ടെല്ലോ തീരുമാനമെടുക്കാന്‍...!

‍ശരീഫ് സാഗര്‍ പറഞ്ഞു...

എട്ടു പോലെ തന്നെയാണ്‌ ജീവിതവുംയ കറങ്ങിത്തിരിഞ്ഞ്‌ തുടങ്ങിയേടത്ത്‌ മുട്ടും. വളവു തെറ്റിയവന്‍ ഡ്രൈവിംഗ്‌ ടെസ്‌റ്റ്‌ പാസ്സാവില്ല. അവന്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ പോലീസു പിടിക്കും.
എട്ട്‌ എട്ടും പൊട്ടും തിരിയാത്ത കാലം തൊട്ടേ വിടാതെ പിടികൂടുന്ന ബാധയാണ്‌.
നന്നായിരിക്കുന്നു.

മെലോഡിയസ് പറഞ്ഞു...

കരീം മാഷേ, പോയി 3 മാസം പിള്ളേഴ്സ് & കെട്ട്യോള്‍ ന്റെ കൂടെ നല്ലൊരു അവധിക്കാലം ആഘോഴിച്ച് വാ :)

yousufpa പറഞ്ഞു...

എട്ടിന്‍റെ പേറ്റ്നോവും മാഷെ സങ്കടങ്ങളും നന്നായിട്ടുണ്ട്. എനിക്ക് പ്രശ്നം 2 എന്ന അക്ഷരം ആയിരുന്നു. അത് ഏത് രീതിയിലും എനിയ്ക്കന്ന്യം . ഉമ്മയായിരുന്നു എന്‍റെ പ്രശ്നം . നല്ല വണ്ണം അടി കിട്ടും .അന്നൊക്കെ എന്‍റെ കരച്ചില്‍ കേട്ട് വല്ലിപ്പാക്ക് ഹാലിളകും .പിന്നെ പൊതിരെ കേള്‍ക്കും ....ഹാ..ആ കാലമൊക്കെ..ഓര്‍ക്കുമ്പോള്‍ ..............

mini//മിനി പറഞ്ഞു...

8പോലെ ഒരു നമ്പര്‍ എനിക്കും ഉണ്ട്. മറ്റുള്ളവര്‍ ഭയപ്പെടുന്ന 13 തന്നെ. പിന്നെ ഓര്‍മ്മകള്‍ വളരെ നന്നായി. കേട്ടോ, ഇപ്പോള്‍ കേരളത്തില്‍ എത്തിയോ?

മുസാഫിര്‍ പറഞ്ഞു...

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം ! മാഷു നാട്ടില്‍ തന്നെ നിന്നാല്‍ മതി.വല്ലപ്പോഴും കരിപ്പൂര്‍ വഴി വരുമ്പോള്‍ കോഴിയിറച്ചിയും പത്തിരിയും കഴിക്കാലോ .