034 മായാ രാവൺ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
034 മായാ രാവൺ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009, ജനുവരി 7, ബുധനാഴ്‌ച

ശോഭന -"മായാ രാവൺ"


മലയാളത്തിനപ്പുറത്തേക്കു പറക്കുന്ന ശോഭന
മലയാളത്തെ മറന്നാലും മലയാളികള്‍ക്കു മറക്കാനാവാത്ത ശോഭന.
1984ല്‍ എപില്‍ 18 എന്ന സിനിമയിലഭിനയിക്കുമ്പോള്‍ ശോഭനക്കു പ്രായം 14. പക്ഷെ അതിനും അഞ്ചു വര്‍ഷം മുന്നെ സിനിമാലോകത്തിലേക്കു കടന്നു വന്ന ശോഭനക്കു മലയാളത്തിലെ പുകഴ്‌പെറ്റ തിരുവിതാംകൂര്‍ സഹാദരിമാരായ ലളിത,രാഗിണി പത്‌മിനിമാരുടെ കുടുംബമഹിമ സഹായത്തിനുണ്ടായിരുന്നു.
ശോഭന മലയാളത്തിലൂടെയാണു വളര്‍ന്നതും കീര്‍ത്തിനേടിയതും.
മണിച്ചിത്രത്താഴിലെ നായികക്കു ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാര്‍ഡു ശോഭനക്കു വാങ്ങിച്ചു കൊടുത്തത്‌ മലയാളമാണ്‌.അതിനു പിറകെയാണു "രേവതി" നിര്‍മ്മിച്ച "മിത്ര" യിലൂടെ കിട്ടിയ അംഗീകാരം.
ശോഭന ജോടി ചേര്‍ന്ന മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ നടന്മാരുടെ സിനിമകളെ കാലങ്ങളെ അതിജീവിക്കും വിധം വിജയിപ്പിച്ചതു മലയാളിയുടെ ശോഭന തന്റെ സ്വന്തം വീട്ടിലെ ഒരംഗമാണെന്ന തോന്നലാണ്‌.
"സസ്നേഹ"ത്തിലെ ബാലചന്ദ്രമേനോനെക്കാളും,
"മഴയെത്തും മുന്‍പെയിലെ" മമ്മുട്ടിയെക്കാളും,
"പക്ഷെ"യിലെ മോഹന്‍ലാലിനെക്കാളും,
"മണിചിത്രത്താഴിലെ" സുരേഷ്‌ ഗോപിയെക്കാളും,
"മേലെപ്പറമ്പില്‍ ആണ്‍ വീടിലെ" ജയറാമിനെക്കാളും,
"ചിലമ്പിലെ" റഹ്‌മാനെക്കാളും,
മലയാളികള്‍ ഇഷ്ടപ്പെട്ട ശോഭന ഇപ്പോള്‍ മലയാളം മറന്നിരിക്കുന്നു.
ഒരു മൊമെന്റോ പോലെ മലയാളിക്കു സൂക്ഷിക്കാന്‍ "അമ്മ" നല്‍കിയ "റ്റ്വന്റി 20" യില്‍ ശോഭനയെ കാണാമെന്നാശിച്ച മലയാളി നിരാശനായി.
വര്‍ഷങ്ങളായി ശോഭന മലയാള ചലചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല.(മറ്റു ഭാഷകളിലും)
നൃത്ത രംഗത്താണവര്‍.
നൃത്തരംഗത്തു നൂതന പരീക്ഷണങ്ങളുമായവര്‍ സജ്ജീവമാണ്‌.
ക്ലാസ്സിക്കല്‍ ഡാന്‍സു ബോറാണെന്നും കണ്ടിരിക്കാന്‍ വിഷമമാണെന്നും പറഞ്ഞു വിമര്‍ശിക്കുന്നവര്‍ക്കു നല്ലൊരു മറുപടിയുമായി അവര്‍ ലോകത്തിനു സമ്മാനിക്കുന്ന സംഗീതനൃത്ത വിരുന്നാണു "മായാ റാവണ്‍".
ഇതിഹാസത്തില്‍ നിന്നു ചീന്തിയെടുത്ത ഒരു പേജ്‌.
രണ്ടു മണിക്കൂറില്‍ ഇന്ത്യന്‍ സിനിമാ സംഗീതവും വെസ്റ്റേണ്‍,ഇസ്റ്റേണ്‍ ക്ലാസ്സിക്കല്‍ നൃത്ത ശൈലികള്‍ ഇടകലര്‍ത്തിയുള്ള ചടുലമായ ഒരു ഫ്യൂഷന്‍ സംഗീത നൃത്ത ശില്‍പം.
ഭരതനാട്യത്തിന്റെ അടിസ്ഥാന ചുവടുകളില്‍ നിന്നു തനിമ നഷ്ടാപ്പെടാതെ ഈ നവീന ദൃശ്യം രൂപപ്പെടുത്തിയെടുത്ത ശോഭനയുടെ ക്രിയേറ്റിവിറ്റി പ്രശംസനീയമെത്രേ!.
"മായാ റാവണില്‍" രാവണന്റെ ഭാഗത്തു നിന്നാണു ശോഭന ചിന്തിക്കുന്നത്‌.രാവണന്റെ വിവിധ ഭാവങ്ങള്‍ ചെയ്യുന്നതും ശോഭന തന്നെ!
ദശവതാരത്തില്‍ കമലഹാസന്‍ ചെയ്തപോലെ മികച്ച രൂപത്തില്‍.
നടിക്കുന്നതും പറയുന്നതും രാമായണം തന്നെ!
പക്ഷെ ആംഗലേയത്തില്‍!
കാരണം ഈ നൃത്തശില്‍പം അരങ്ങേറുന്നതു കോസ്മോപൊളിറ്റന്‍ നഗരങ്ങളിലാണ്‌.
യു.എസിലും,ചെന്നയിലും ഇപ്പോഴിതാ ദുബൈയിലും.
രാമായണത്തില്‍ പറയാന്‍ വിട്ടു പോയത്‌, അല്ലങ്കില്‍ രാവണന്റെ ഭാഗത്തു കൂടുതല്‍ ഊന്നല്‍ കൊടുത്തുള്ള രാമായണം ആണ്‌ മായാറാവണ്‍".
രാമനെ സ്വന്തം മകനെക്കാള്‍ സ്നേഹിച്ചിരുന്ന കൈകേയി പിന്നെ എന്തിനാണു രാമനെ 14 കൊല്ലം കാട്ടിലേക്കയച്ചതെന്ന സംശയത്തിന്റെ ഇഴ ചേര്‍ക്കാന്‍ കഴിയാതെ വരുന്നിടത്തു അതു പൂരിപ്പിക്കാനുള്ള ഒരു ശ്രമമാണു ശോഭന "മായാ രാവണിലൂടെ" നിര്‍വ്വഹിക്കുന്നത്‌.
അതിനു നസ്രുദ്ദീന്‍ ഷായൂടെ രാവണശബ്ദവും,
സുഹാസിനിയുടെ ശൂര്‍പ്പണഖശബ്ദവും,
രോഹിണിയുടെ സീതാശബ്ദവും,
മിലിന്റ്‌ സോമന്റെ രാമശബ്ദവും,
രേവതിയുടെ കൈകേയിശബ്ദവും,
തബുവിന്റെ മന്ഥരശബ്ദവും,
ജാക്കി ഷറോഫിന്റെ ദശരഥശബ്ദവും ഒട്ടൊന്നുമല്ലത്രേ.. ഈ ബാലെയെ സഹായിച്ചിട്ടുള്ളത്‌.
പക്ഷെ ഡയലോഗുകള്‍ എല്ലാം ഇംഗ്ലീഷിലാണെന്ന ഒറ്റ ന്യൂനത മാത്രമേ ഈ സംഗീതശില്‍പത്തിനുള്ളൂ എന്നാണു മദ്രാസില്‍ വെച്ചു അരങ്ങേറിയ അന്നു ഇതിനെ കുറിച്ച കേട്ടത്‌.. പക്ഷെ അതു ഈ സംഗീതശില്‍പം അന്താരാഷ്ട്രാ പ്രദര്‍ശനം ഉദ്ദേശിച്ചാണ്‌! എന്നതു ഇതിലെ സംഭാഷണങ്ങള്‍ ഹിന്ദിയിലോ മലയാളത്തിലോ ചെയ്താല്‍ കിട്ടിയേക്കാവുമായിരുന്ന മൂര്‍ച്ച, ഇല്ലാതാക്കിയതിനോടു ഇത്തിരിയെങ്കിലും ക്ഷമിക്കാന്‍ കാരണമാകുന്നു.
"മായാ റാവണ്‍" "മായാ രാവണനായി" മലയാളത്തില്‍ ആനന്ദവല്ലിയും ഷമ്മിതിലകനും,മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ ശബ്ദം നല്‍കി കേരളത്തിലും,
ഇപ്പോള്‍ ശബ്ദം നല്‍കിയവര്‍ തന്നെ ഹിന്ദിയില്‍ സംഭാഷണങ്ങള്‍ നടത്തി ഭാരതത്തിലുടനീളവും കോസ്മോപൊളിറ്റന്‍ നഗരങ്ങളില്‍ മാത്രമല്ലാതെ അതിനപ്പുറത്തും ഈ ദൃശ്യവിരുന്നൊരുക്കാന്‍ ശോഭനക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
ജനുവരി 9 നും 10നും ദുബൈ ഷെയ്ക്ക്‌ റാഷിദ്‌ ഹാളില്‍ രാത്രി 8 മണിക്കു അരങ്ങേറുന്ന ഈ സംഗീത ശിലപം കാണാന്‍ ആഗ്രഹമുള്ളവര്‍ 04-3355120 നമ്പരില്‍ ബന്ധപ്പെടുക.
ടിക്കറ്റ്‌ നിരക്ക്‌ Dhs.100,200,500