046 ശിഹാബ് തങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
046 ശിഹാബ് തങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ശിഹാബ്‌ തങ്ങളെന്ന ബദ്‌ര്‍

ശിഹാബ്‌ തങ്ങളെന്ന പൂര്‍ണ്ണവൃത്തം.
ഒരു പൂര്‍ണ്ണ ചന്ദ്രന്റെ വെട്ടം.
സൂര്യന്‍ പോലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്ലാര്‍ക്കും വേണ്ടി,
വരായി ഒന്നും പ്രതീക്ഷിക്കാതെ,
ഇരുട്ടില്‍ മാസം മുഴുക്കയും കൊല്ലം നിറക്കെയും സദാ തെളിഞ്ഞു പുഞ്ചിരി തൂകി നിന്ന ഒരു ചന്ദ്രിക.
നിയമവ്യവസ്ഥയുടെയും ആധുനീക വൈദ്യശാസ്ത്രത്തിന്റെയും സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഒരു ചെറു പ്രഭ പകരുന്ന അമ്പിളി ബിംബം.
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒരൊറ്റ പ്രാവശ്യമേ ഞാന്‍ പോയിട്ടുള്ളൂ. ഒരു സങ്കടം പറയാന്‍!
പക്ഷെ അവിടെ എനിക്കു മുന്‍പേ എത്തിയവരുടെ സങ്കടങ്ങള്‍ എന്റേതിനെക്കാള്‍ എത്രയോ വലുതാണെന്നും എന്റെ നിസ്സാര പരാതിക്കു സമയം ചെലവാക്കിച്ചു തങ്ങള്‍ക്കു വിഷമം ഉണ്ടാക്കണ്ട എന്നും കരുതി മാറി നിന്നു.
ആള്‍ക്കൂട്ടത്തിനുള്ളില്‍ ഓരാളായി.
ആ കൈവിരലുകളില്‍ ഒറ്റപ്രാവശ്യമേ ഒന്നു തൊടാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ. അതും 'തങ്ങള്‍' അറിയാതെ,
പലര്‍ക്കും കൊടുത്ത ഷേക്‌ക്‍ഹാന്‍ഡുകള്‍ക്കിടയില്‍ എനിക്കു വീണു കിട്ടിയ ഒന്ന്‌.
പക്ഷെ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഇട്ട്യാത്തനും അവന്റെ അച്ഛന്‍ കാളിയേപ്പനും ആ കരസ്പര്‍ശം പലവട്ടം അനുഭവിക്കാനായിട്ടുണ്ടാവും.
കാളിയേപ്പന്‍കുട്ടിക്കോ, ഓന്റെ ഓള്‌ക്കോ, ചെക്കന്‍ ഇട്ട്യാത്തനോ നെഞ്ചിലൊരു എരിച്ചില്‍ വന്നാലോ, ഉള്ളിലൊരു മന:പ്രയാസം തോന്നിയാലോ, പള്ളന്റുള്ളീലൊരു ഏനക്കേടു കണ്ടാലോ അങ്ങാടിയിലിറങ്ങി താഴെത്തെ വൈദ്യരുടെ ഒരു "കോരോസനാദി കുളിക"യോ " ലാക്കിട്ടറയമദിന്റെ ഓമിയോപ്പൊതി" മരുന്നോ എട്ടണകൊടുത്തു വാങ്ങിക്കഴിക്കുന്നതിനു പകരം
മലപ്പുറത്തര മണിക്കൂര്‍ നിര്‍ത്തിയിട്ടു മാത്രം പാണക്കാട്ടേക്കു പുനര്‍യാത്ര തിരിക്കുന്ന പ്രൈവറ്റ്‌ ബസ്സില്‍ ഇരുമ്പുഴിയില്‍ നിന്നു പതിനാറു കിലോമീറ്റര്‍ യാത്ര ചെയ്തു കൊടപ്പനക്കല്‍ തറവാട്ടിന്റെ പടിപ്പുറക്കല്‍ ഇറങ്ങി, അലവ്യാക്കാന്റെ ഒരു ചായ കുടിച്ചു, പാണക്കാട്ടെ തങ്ങളുകുട്ടിയോടു തന്റെ സങ്കടം പറഞ്ഞു പരിഹാരം നേടി, ഒരു തലോടലില്‍, ഒരു മന്ത്രിച്ചൂതലില്‍ എല്ലാം മറന്നാശ്വാസം നേടിയിരുന്നപ്പോള്‍ ആ കുടുംബത്തിനും അന്നു കിട്ടിയിരുന്ന മാനസീകാശ്വാസം ഇസ്ലാമിക ബുദ്ധിജീവിയെന്നും പുരോഗമന വാദിയെന്നും അഹങ്കരിക്കുന്ന എന്നിക്കിന്നേതു ഇംഗ്ലീഷ്‌ മരുന്നു കുടിച്ചിട്ടും കിട്ടുന്നില്ല.

ഒരാശ്വാസത്തിനായി കൊടപ്പനക്കല്‍ തറവാട്ടിലെക്കു സമയവും കാലവും നോക്കാതെ പ്രവഹിച്ചിരുന്ന പാവങ്ങള്‍ക്കു പ്രവേശനത്തിനായി അവിടെ എവിടേയും കൗണ്ടറില്‍ പണമടച്ച രശീതു കാണിച്ചു കൊടുക്കേണ്ടതില്ലായിരുന്നു. മാത്രമല്ല ഗതിയില്ലാത്തവര്‍ അവിടെ നിന്നു ക്ഷീണം മാറ്റി വയറിന്റെ കത്തലടക്കിയായിരുന്നു മടങ്ങിയിരുന്നത്‌.
അതു കൊണ്ടു തന്നെയാണ്‌ സന്തോഷ്‌ മാധവനും തോക്കുസ്വാമിയും തേര്‍വാഴ്ച്ച നടത്തിയ പ്രബുദ്ധകേരളത്തില്‍ അത്തരം ആള്‍ദൈവങ്ങളെ വേട്ടയാടുന്ന സന്ദര്‍ഭം മുതലെടുത്ത്‌ തങ്ങള്‍ക്കുടുംബത്തിന്റെ മേല്‍ ചളിവാരിയെറിഞ്ഞു ചുളുവില്‍ പ്രസിദ്ധനായി കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ മക്കള്‍ രാഷ്ട്രീയത്തിന്റെ ലോഞ്ചിംഗ്‌ ട്രിക്കിന്റെ വിത്തിറക്കാന്‍ ശ്രമിച്ചതു വിലകിട്ടാതെ പോയത്‌.
അന്നു തങ്ങള്‍ ഒരറ്റയക്ഷരം മറുപടി പറഞ്ഞില്ല. അന്നു മാത്രമല്ല എന്നും. അതാണാ പാരമ്പര്യം.
കൊടപ്പനക്കല്‍ തറവാട്ടുകാര്‍ ആര്‍ക്കും മറുപടി പറയാറില്ല.
പക്ഷെ ക്ഷണിച്ചു ഒന്നു വന്നു കാണാന്‍. !.
കണ്ടിട്ടു നിശ്ച്ചയിക്കാന്‍.
പറഞ്ഞവര്‍ വന്നില്ല. വന്നതു കെ.പി.സി.സി. തന്നെ
കൊത്തിയ പാമ്പിനെത്തന്നെ തിരിച്ചു വരുത്തി വിഷം ഇറക്കി. അതിനു നിര്‍ദ്ദേശം വന്നതു എ.ഐ.സി.സി.യില്‍ നിന്ന്.

ശിഹാബ്‌ തങ്ങള്‍ ഒരു പൂര്‍ണ്ണ ചന്ദ്രനായിരുന്നു. ബദ്‌ര്‍ എന്നു അറബിയില്‍ പറയുന്ന “വട്ടം തികഞ്ഞ വൃത്ത ചന്ദ്രന്‍“.
ആ ശിഹാബ്‌ തങ്ങളായിരുന്നു ഞങ്ങളുടെ ഹിലാലിനെ (മാസപ്പിറവി) സാക്ഷ്യപ്പെടുത്തിയിരുന്നത്‌.
നോമ്പു നോല്‍ക്കാനും പെരുന്നാളാഘോഷിക്കാനും കൃത്യ കാലം പ്രവചിക്കുന്ന
അനേകം മഹല്ലുകളുടെ മുഖ്യ ഖാസി.
പാവപ്പെട്ടവരുടെ അവസാന ആശ്രയം,
പ്രതിഫലേച്ഛയില്ലാത്ത കാരുണ്യക്കടല്‍.
സ്നേഹത്തിന്റെ, സൗമ്യതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ, നിഷ്കളങ്കതയുടെ.
പൂര്‍ണ്ണ പ്രഭയുള്ള ഒരു ചന്ദ്രബിംബം.
അതിനു ഒരൊറ്റ കേന്ദ്ര ബിന്ദു.
വിട്ടു വീഴ്ച്ചയില്ലാത്ത സത്യത്തിന്റെ ഒരു സ്ഥിര ബിന്ദു.
ആ ബിന്ദുവില്‍ നിന്നു വിവിധ മതങ്ങളിലെ മനുഷ്യരിലേക്കും അവരുടെ മനസ്സുകളിലേക്കും വരക്കുന്ന രേഖക്കെല്ലാം ഒരേ നീളം.

നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ സാരമായി മുറിവേല്‍പ്പിച്ചു കടന്നു പോയി എന്നിട്ടും കെ.ടി.ജലീലിനെ ശിഹാബു തങ്ങള്‍ക്കു വളരെ പ്രിയമായിരുന്നു. തിരിച്ചു ജലീലിനു തങ്ങളെ വളരെ ബഹുമാനവും.
ജലീലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
"ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുമായി വിയോജിക്കേണ്ടി വന്നപ്പോള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത്‌ തങ്ങളുടെ സാമീപ്യം ഇടക്കിടക്കനുഭവിക്കാന്‍ കഴിയില്ലല്ലോ എന്ന ചിന്തയായിരുന്നു. പല വിമര്‍ശനങ്ങള്‍ എനിക്കു നടത്തേണ്ടി വന്നപ്പോഴും ശിഹാബ്‌ തങ്ങളേയോ പാണക്കാട്‌ കുടുംബത്തെയോ ഒരു വാക്കു പോലും പറയാതെ ഞാന്‍ നോക്കിയത്‌ അദ്ദേഹത്തോടുള്ള അത്യാദരവു കൊണ്ടായിരുന്നു. പാര്‍ട്ടിയോടുള്ള എന്റെ വേര്‍പിരിയലിനു ശേഷം മൂന്നു പൊതു പരിപാടികളിലാണു ഞാന്‍ അദ്ദേഹവുമായി കണ്ടു മുട്ടിയത്‌. ഈ മൂന്നു പ്രാവശ്യവും അദ്ദേഹം പ്രകടിപ്പിച്ച വാല്‍സല്യവും സ്നേഹമസൃണമായ പെരുമാറ്റവും എനിക്കൊരിക്കലും മറക്കാനാവാത്തതാണ്‌".
അതാണു ശിഹാബ്‌ തങ്ങള്‍.

കുബേരതയും, അധാര്‍മ്മികതയും, മതതീവ്രവാദവും, പ്രായോഗികരാഷ്ട്രീയത്തിന്റെ കാപട്യങ്ങളൂം ആ വൃത്തത്തെ അവയുടെ ഭാഗത്തേക്കു മാത്രം വലിച്ചു നീട്ടി ആ വ്യക്തിത്വത്തിന്റെ ഷേപ്പു മാറ്റാന്‍ ശ്രമിച്ചപ്പോഴൊക്കെ ശിഹാബ്‌ തങ്ങളുടെ മനസ്സു വേദനിക്കുകയുണ്ടായിട്ടുണ്ട്‌.

ശിഹാബ്‌ തങ്ങള്‍ വേദനിച്ചപ്പോഴൊക്കെ ആ വേദന ജനങ്ങളിലൂടെ പാര്‍ട്ടി അനുഭവിക്കുകയുമുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്‌ അവസാനം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ താപ്പാനകള്‍ പലരും വീണിട്ടും, അംഗീകരിച്ച ലിസ്റ്റില്‍ അവസാന നിമിഷം ശിഹാബ്‌ തങ്ങള്‍ പ്രത്യേകം എഴുതിച്ചേര്‍ത്ത സ്ഥാനാര്‍ഥികള്‍ പ്രജകള്‍ സമ്മാനിച്ച പരാജയത്തിന്റെ ചാട്ടവാറടി കൊള്ളാതെ സുന്ദരമായി ജയിച്ചു കയറിയത്‌.

ശിഹാബ്‌ തങ്ങളിലെ രാഷ്ടീയം എനിക്കു കൂടുതല്‍ പ്രചോദനം നല്‍കുന്നില്ല. തങ്ങളുടെ പ്രഭ മുസ്ലിം ലീഗിനു ഗുണമാകുകയായിരുന്നുവെന്നേ ഞാന്‍ എപ്പോഴും പറയൂ.
മുസ്ലിം ലീഗു രാഷ്ടീയമായി യോചിച്ചു പോകാത്ത പലരും ശിഹാബ്‌ തങ്ങളുടെ വ്യക്തിത്ത്വത്തെ ആദരിക്കുന്നവരാണ്‌. അന്ത്യ പ്രവാചകന്റെ പാരമ്പര്യ ശൃഖലയിലെ നാല്‍പ്പതാമത്തെ കണ്ണിയെന്ന ബഹുമാനം, അതര്‍ഹിക്കുന്ന വിധത്തില്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു.
മാസപ്പിറവി ഉറപ്പിക്കുന്നതിനും സങ്കീര്‍ണ്ണമായ ഒരു "മസ്‌അല" നിശ്ചയിക്കുന്നതിനും അദ്ദേഹത്തിന്റെ വാക്കിനോടുള്ള ഈ ബഹുമാനവും ആദരവിനും പുറമേ അദ്ദേഹത്തിന്റെ പാണ്ഡിത്യവും കാരണമായിട്ടുണ്ട്‌.
ഈജിപ്റ്റിലെ അല്‍ അസ്‌ഹര്‍, കൈറോ യൂനിവേഴ്സിറ്റികളിലെ പഠനത്തോടൊപ്പം നേടിയ സ്നേഹ സൗഹൃദങ്ങള്‍ രാജ്യാന്തരതലത്തില്‍ പടര്‍ന്നു കിടക്കുകയാണ്‌.
ഏതൊരു സങ്കീര്‍ണ്ണമായ പ്രശ്നമുണ്ടായാലും അതു പരിഹരിക്കാന്‍ കൊടപ്പനക്കല്‍ തറവാട്ടിലൊരു വാക്കുണ്ടായിരുന്നു.
ശിഹാബ്‌ തങ്ങളുടെ അവസാന വാക്ക്‌.
അതൊരിക്കലും പക്ഷപാതപരമായിരുന്നില്ല. അതു സ്വീകരിച്ച ആര്‍ക്കും പിന്നെ അതിനെക്കുറിച്ചു ഖേദിക്കേണ്ടിയും വന്നിരുന്നില്ല.
ആരെയും വാക്കുകള്‍ കൊണ്ടു വെറുപ്പിച്ചിരുന്നില്ല. കുറ്റം പറയാന്‍ ശ്രമിച്ചവര്‍ പിന്നെ കുറ്റബോധം തോന്നി പറഞ്ഞ തെറ്റിനു സ്വയം വന്നു മാപ്പു ചോദിച്ച സംഭവങ്ങള്‍ പലതാണ്‌.

ശിഹാബ്‌ തങ്ങളിലെ രാഷ്ട്രീയനേതാവിനെക്കള്‍ ഞാന്‍ ഇഷ്ടപ്പെട്ടത്‌ അദ്ദേഹത്തിലെ വിശാലമാനവീക വീക്ഷണമുള്ള ആത്മീയ നേതാവിനെയാണ്‌,
നിശബ്ദനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെയാണ്‌.
ഉജ്വലനായ ഒരു വാഗ്മിയോ ചടുലതയുള്ള ഒരു എഴുത്തുകാരനോ ആയിരുന്നില്ല അദ്ദേഹം.
പക്ഷെ അത്തരം വ്യക്തിക്കള്‍ക്കു നേടാനാവാത്ത വിധം ആദരവു നേടിയ ഒരു ലളിതന്‍.
തന്നോടു സങ്കടം പങ്കിടാനെത്തുന്നവരെ കൈവിടാത്ത അവര്‍ക്കു വേണ്ടി സമയമുണ്ടാക്കി അവരുടെ സങ്കടങ്ങള്‍ക്കു നിവര്‍ത്തിയുണ്ടാക്കിക്കൊടുക്കുന്ന പ്രശസ്തിയാഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയെയാണ്‌.
പാര്‍ലമന്റ്‌ ജനാധിപത്യത്തിന്റെ പ്രലോഭനങ്ങളും അന്താരാഷ്ട്രീയ പ്രതിധാന തൊഴില്‍ വാഗ്ദാനങ്ങളും പുഞ്ചിരിയോടെ ഏറെ തവണ നിരസിച്ചതാണാ വ്യക്‍തിത്വം. ധനസമ്പാദനത്തിനു ഒരു ഒപ്പു മതിയായിരുന്നു. അല്ലെങ്കില്‍ ഒരു വെറും ഫോണ്‍കാള്‍, അതും വേണ്ടിയിരുന്നില്ല ഒരു മൂളല്‍ മതിയായിരുന്നു.പക്ഷെ ആ വ്യക്തിത്വം അതില്‍ വീണില്ലായിരുന്നു.
ഉദ്ഘാടനങ്ങള്‍ക്കു പോകുമ്പോള്‍ സമ്മാനിച്ചിരുന്നവ തിരസ്കരിച്ചാല്‍ അവര്‍ അനുഭവിക്കുന്ന മാനസീക വിഷമം ഓര്‍ത്തു സ്വീകരിക്കുകയും അവ സ്വീകരിച്ച അതേ പോലെ സഹായമന്ന്വേഷിച്ചു വരുന്ന അഗതികള്‍ക്കും അനാ‍ഥര്‍ക്കും കൈമാറുകയും ചെയ്തിരുന്നു.
മുസ്ലിം ലീഗ്‌ കഴിഞ്ഞ മുപ്പത്തഞ്ചു കൊല്ലക്കാലമായി ആ ചന്ദ്രികയുടെ വെട്ടത്തിലായിരുന്നു. ശിഹാബ്‌ തങ്ങളുടെ മതനിരപേക്ഷതാണു മുസ്ലിംലീഗിനു പ്രസരിച്ചു കിട്ടിയത്‌.
അറിഞ്ഞു കൊണ്ടു അസത്യം പറയുന്ന രാഷ്ട്രീയക്കാരനല്ലായിരുന്നു അദ്ദേഹം.അങ്ങനെയുള്ള ഒരാളെ മുസ്ലിം ലീഗിന്റെ പ്രസിഡന്റു പദത്തില്‍ പത്തു മുപ്പത്തഞ്ചു കൊല്ലം കിട്ടിയതാണു ലീഗിന്റെ പുണ്യം.
ശിഹാബ്‌ തങ്ങള്‍ എന്ന പൂര്‍ണ്ണ വൃത്തത്തിനകത്തു മുസ്ലിംലീഗു നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശ്വഹിന്ദു പരിഷത്തിനൊക്കെയുള്ള വര്‍ഗ്ഗിയ സംഘടന എന്ന പേരേ ലീഗിനും കിട്ടുമായിരുന്നുള്ളൂ.
മുസ്ലിം ലീഗിനു മത തീവൃത പോരാ എന്നും തങ്ങളുടെ വിട്ടു വീഴ്ച്ചകള്‍ കാരണം അര്‍ഹതപ്പെട്ടവ കിട്ടാതെ പോകുന്നുവെന്നും പറഞ്ഞു കൂട്ടു വിട്ടു പോയവരൊക്കെ തെറ്റു മനസ്സിലാക്കി ആ കൊടപ്പനക്കല്‍ തറവാട്ടില്‍ തിരിച്ചു ചെന്നതു നാം പലവട്ടം കണ്ടു.
ബാബരി മസ്ജിദ്‌ പൊളിച്ച കാലഘട്ടത്തില്‍ കേരളത്തിന്റെ ഏറ്റവും പൊട്ടിത്തെറിക്കാവുന്ന ഭാഗം മലബാറായിരുന്നു. ഞങ്ങള്‍ പ്രവാസികള്‍ നാടിനെ ഓര്‍ത്തു ഏറ്റവും ഭീതിയോടെ നിമിഷങ്ങള്‍ തള്ളി നീക്കിയ കാലം.
സമരവും പ്രകടനവും ഏറ്റവും നിയമ നിയന്ത്രണത്തിലുള്ള യു.എ.ഇ യില്‍ പോലും ആദ്യമായി ഞാന്‍ ഒരു അക്രമാസക്തമായ പ്രകടനം കണ്ടു. ത്രിവേണി റസ്റ്റാറന്റും മഹാലക്ഷ്മി ഷോപ്പും തകര്‍ക്കപ്പെട്ടു.
അതു കണ്ടു അന്നു പേടിയോടെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ എന്റെ ഉപ്പാന്റെ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു.
“ഇവിടത്തെ കാര്യം ഓര്‍ത്തു ഒന്നു കൊണ്ടും ബേജാറാവാണ്ട. പാണക്കാട്ടെ തങ്ങള്‍ ഉള്ളടിത്തോളം കാലം ഇവിടെ ഒന്നും സംഭവിക്കില്ല“.
അതെത്ര ശരിയാണെന്നു പിറ്റേന്നു മുതല്‍ പത്രങ്ങളില്‍ നിന്നറിഞ്ഞു.
മലബാറിലെ എന്നല്ല കേരളത്തിലെ ഒരു ക്ഷേത്രവും ആ പ്രശ്നത്തില്‍ തകര്‍ന്നില്ല.
പാണക്കാട്ടെ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്നു വിട്ടു തീവൃവാദത്തിന്റെ ദിശയിലേക്കു തിരിഞ്ഞ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ അക്രമങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളം ഇക്കാര്യത്തിനു ഇന്ത്യക്കു സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മതേതര മാതൃകയാവുകയായിരുന്നു.
അതുപോലെ തന്നെയാണൂ രണ്ടാം മാറാടു കലാപത്തിനു ശേഷം തങ്ങള്‍ താഴെക്കിടയിലിറങ്ങിച്ചെന്നു മലബാറില്‍ രൂപപ്പെടുത്തിയെടുത്ത ഇന്നത്തെ ശാന്തതയും.
ഗാന്ധിജിയെക്കുറിച്ചു വായിക്കുകയും അറിയുകയും ചെയ്തപ്പോള്‍ പലപ്പോഴും അതിലൊക്കെയിത്തിരി അതിശയോക്തിയില്ലേ എന്നു ഞങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെ തോന്നിയിരുന്നപ്പോഴൊക്കെ, ശിഹാബ്‌ തങ്ങള്‍ ജീവിക്കുന്ന തെളിവായി തൊട്ടു മുന്നിലുള്ളപ്പോള്‍ എന്തിനു ഗാന്ധിജിയെ സംശയിക്കണം എന്നു ഞങ്ങള്‍ ഞങ്ങളെത്തന്നെയും പിന്നെ അതു വഴി മറ്റുള്ളവരേയും തിരുത്തിയിട്ടുണ്ട്‌..അതു കൊണ്ടു മഹാനായ ശിഹാബ് തങ്ങളെ “The Mahatma of Malabar“ ‍എന്നു തന്നെ വിളിക്കാനാണെനിക്കും ആഗ്രഹം. തങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ എന്നെ അതിനനുവദിക്കില്ലെങ്കിലും.

സുകുമാര്‍ അഴീക്കോടു പറഞ്ഞപോലെ ശിഹാബു തങ്ങളുടെ നിര്യാണം കൊണ്ടുള്ള ഒഴിവ്‌ ഒരു സ്വാതന്ത്യമായി എടുക്കാതെ പരോക്ഷമായ മനസാക്ഷി സാന്നിദ്ധ്യവുമായി ലീഗു മുന്നോട്ടു പോയാല്‍ ശിഹാബിന്റെ പ്രഭ ചൊരിയുന്ന ആ നല്ല പാരമ്പര്യത്തിനു മുറിവുണ്ടാവില്ല. സാധാരണ ജനം അതാണു ആഗ്രഹിക്കുന്നത്‌. അദ്ദേഹമില്ലങ്കിലും അദ്ദേഹം ബാക്കി വെച്ചിട്ടു പോയ ആ ഗുണം നില നിര്‍ത്തിയേ മതിയാവൂ. .

54038