2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ശിഹാബ്‌ തങ്ങളെന്ന ബദ്‌ര്‍

ശിഹാബ്‌ തങ്ങളെന്ന പൂര്‍ണ്ണവൃത്തം.
ഒരു പൂര്‍ണ്ണ ചന്ദ്രന്റെ വെട്ടം.
സൂര്യന്‍ പോലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്ലാര്‍ക്കും വേണ്ടി,
വരായി ഒന്നും പ്രതീക്ഷിക്കാതെ,
ഇരുട്ടില്‍ മാസം മുഴുക്കയും കൊല്ലം നിറക്കെയും സദാ തെളിഞ്ഞു പുഞ്ചിരി തൂകി നിന്ന ഒരു ചന്ദ്രിക.
നിയമവ്യവസ്ഥയുടെയും ആധുനീക വൈദ്യശാസ്ത്രത്തിന്റെയും സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഒരു ചെറു പ്രഭ പകരുന്ന അമ്പിളി ബിംബം.
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒരൊറ്റ പ്രാവശ്യമേ ഞാന്‍ പോയിട്ടുള്ളൂ. ഒരു സങ്കടം പറയാന്‍!
പക്ഷെ അവിടെ എനിക്കു മുന്‍പേ എത്തിയവരുടെ സങ്കടങ്ങള്‍ എന്റേതിനെക്കാള്‍ എത്രയോ വലുതാണെന്നും എന്റെ നിസ്സാര പരാതിക്കു സമയം ചെലവാക്കിച്ചു തങ്ങള്‍ക്കു വിഷമം ഉണ്ടാക്കണ്ട എന്നും കരുതി മാറി നിന്നു.
ആള്‍ക്കൂട്ടത്തിനുള്ളില്‍ ഓരാളായി.
ആ കൈവിരലുകളില്‍ ഒറ്റപ്രാവശ്യമേ ഒന്നു തൊടാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ. അതും 'തങ്ങള്‍' അറിയാതെ,
പലര്‍ക്കും കൊടുത്ത ഷേക്‌ക്‍ഹാന്‍ഡുകള്‍ക്കിടയില്‍ എനിക്കു വീണു കിട്ടിയ ഒന്ന്‌.
പക്ഷെ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഇട്ട്യാത്തനും അവന്റെ അച്ഛന്‍ കാളിയേപ്പനും ആ കരസ്പര്‍ശം പലവട്ടം അനുഭവിക്കാനായിട്ടുണ്ടാവും.
കാളിയേപ്പന്‍കുട്ടിക്കോ, ഓന്റെ ഓള്‌ക്കോ, ചെക്കന്‍ ഇട്ട്യാത്തനോ നെഞ്ചിലൊരു എരിച്ചില്‍ വന്നാലോ, ഉള്ളിലൊരു മന:പ്രയാസം തോന്നിയാലോ, പള്ളന്റുള്ളീലൊരു ഏനക്കേടു കണ്ടാലോ അങ്ങാടിയിലിറങ്ങി താഴെത്തെ വൈദ്യരുടെ ഒരു "കോരോസനാദി കുളിക"യോ " ലാക്കിട്ടറയമദിന്റെ ഓമിയോപ്പൊതി" മരുന്നോ എട്ടണകൊടുത്തു വാങ്ങിക്കഴിക്കുന്നതിനു പകരം
മലപ്പുറത്തര മണിക്കൂര്‍ നിര്‍ത്തിയിട്ടു മാത്രം പാണക്കാട്ടേക്കു പുനര്‍യാത്ര തിരിക്കുന്ന പ്രൈവറ്റ്‌ ബസ്സില്‍ ഇരുമ്പുഴിയില്‍ നിന്നു പതിനാറു കിലോമീറ്റര്‍ യാത്ര ചെയ്തു കൊടപ്പനക്കല്‍ തറവാട്ടിന്റെ പടിപ്പുറക്കല്‍ ഇറങ്ങി, അലവ്യാക്കാന്റെ ഒരു ചായ കുടിച്ചു, പാണക്കാട്ടെ തങ്ങളുകുട്ടിയോടു തന്റെ സങ്കടം പറഞ്ഞു പരിഹാരം നേടി, ഒരു തലോടലില്‍, ഒരു മന്ത്രിച്ചൂതലില്‍ എല്ലാം മറന്നാശ്വാസം നേടിയിരുന്നപ്പോള്‍ ആ കുടുംബത്തിനും അന്നു കിട്ടിയിരുന്ന മാനസീകാശ്വാസം ഇസ്ലാമിക ബുദ്ധിജീവിയെന്നും പുരോഗമന വാദിയെന്നും അഹങ്കരിക്കുന്ന എന്നിക്കിന്നേതു ഇംഗ്ലീഷ്‌ മരുന്നു കുടിച്ചിട്ടും കിട്ടുന്നില്ല.

ഒരാശ്വാസത്തിനായി കൊടപ്പനക്കല്‍ തറവാട്ടിലെക്കു സമയവും കാലവും നോക്കാതെ പ്രവഹിച്ചിരുന്ന പാവങ്ങള്‍ക്കു പ്രവേശനത്തിനായി അവിടെ എവിടേയും കൗണ്ടറില്‍ പണമടച്ച രശീതു കാണിച്ചു കൊടുക്കേണ്ടതില്ലായിരുന്നു. മാത്രമല്ല ഗതിയില്ലാത്തവര്‍ അവിടെ നിന്നു ക്ഷീണം മാറ്റി വയറിന്റെ കത്തലടക്കിയായിരുന്നു മടങ്ങിയിരുന്നത്‌.
അതു കൊണ്ടു തന്നെയാണ്‌ സന്തോഷ്‌ മാധവനും തോക്കുസ്വാമിയും തേര്‍വാഴ്ച്ച നടത്തിയ പ്രബുദ്ധകേരളത്തില്‍ അത്തരം ആള്‍ദൈവങ്ങളെ വേട്ടയാടുന്ന സന്ദര്‍ഭം മുതലെടുത്ത്‌ തങ്ങള്‍ക്കുടുംബത്തിന്റെ മേല്‍ ചളിവാരിയെറിഞ്ഞു ചുളുവില്‍ പ്രസിദ്ധനായി കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ മക്കള്‍ രാഷ്ട്രീയത്തിന്റെ ലോഞ്ചിംഗ്‌ ട്രിക്കിന്റെ വിത്തിറക്കാന്‍ ശ്രമിച്ചതു വിലകിട്ടാതെ പോയത്‌.
അന്നു തങ്ങള്‍ ഒരറ്റയക്ഷരം മറുപടി പറഞ്ഞില്ല. അന്നു മാത്രമല്ല എന്നും. അതാണാ പാരമ്പര്യം.
കൊടപ്പനക്കല്‍ തറവാട്ടുകാര്‍ ആര്‍ക്കും മറുപടി പറയാറില്ല.
പക്ഷെ ക്ഷണിച്ചു ഒന്നു വന്നു കാണാന്‍. !.
കണ്ടിട്ടു നിശ്ച്ചയിക്കാന്‍.
പറഞ്ഞവര്‍ വന്നില്ല. വന്നതു കെ.പി.സി.സി. തന്നെ
കൊത്തിയ പാമ്പിനെത്തന്നെ തിരിച്ചു വരുത്തി വിഷം ഇറക്കി. അതിനു നിര്‍ദ്ദേശം വന്നതു എ.ഐ.സി.സി.യില്‍ നിന്ന്.

ശിഹാബ്‌ തങ്ങള്‍ ഒരു പൂര്‍ണ്ണ ചന്ദ്രനായിരുന്നു. ബദ്‌ര്‍ എന്നു അറബിയില്‍ പറയുന്ന “വട്ടം തികഞ്ഞ വൃത്ത ചന്ദ്രന്‍“.
ആ ശിഹാബ്‌ തങ്ങളായിരുന്നു ഞങ്ങളുടെ ഹിലാലിനെ (മാസപ്പിറവി) സാക്ഷ്യപ്പെടുത്തിയിരുന്നത്‌.
നോമ്പു നോല്‍ക്കാനും പെരുന്നാളാഘോഷിക്കാനും കൃത്യ കാലം പ്രവചിക്കുന്ന
അനേകം മഹല്ലുകളുടെ മുഖ്യ ഖാസി.
പാവപ്പെട്ടവരുടെ അവസാന ആശ്രയം,
പ്രതിഫലേച്ഛയില്ലാത്ത കാരുണ്യക്കടല്‍.
സ്നേഹത്തിന്റെ, സൗമ്യതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ, നിഷ്കളങ്കതയുടെ.
പൂര്‍ണ്ണ പ്രഭയുള്ള ഒരു ചന്ദ്രബിംബം.
അതിനു ഒരൊറ്റ കേന്ദ്ര ബിന്ദു.
വിട്ടു വീഴ്ച്ചയില്ലാത്ത സത്യത്തിന്റെ ഒരു സ്ഥിര ബിന്ദു.
ആ ബിന്ദുവില്‍ നിന്നു വിവിധ മതങ്ങളിലെ മനുഷ്യരിലേക്കും അവരുടെ മനസ്സുകളിലേക്കും വരക്കുന്ന രേഖക്കെല്ലാം ഒരേ നീളം.

നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ സാരമായി മുറിവേല്‍പ്പിച്ചു കടന്നു പോയി എന്നിട്ടും കെ.ടി.ജലീലിനെ ശിഹാബു തങ്ങള്‍ക്കു വളരെ പ്രിയമായിരുന്നു. തിരിച്ചു ജലീലിനു തങ്ങളെ വളരെ ബഹുമാനവും.
ജലീലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
"ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുമായി വിയോജിക്കേണ്ടി വന്നപ്പോള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത്‌ തങ്ങളുടെ സാമീപ്യം ഇടക്കിടക്കനുഭവിക്കാന്‍ കഴിയില്ലല്ലോ എന്ന ചിന്തയായിരുന്നു. പല വിമര്‍ശനങ്ങള്‍ എനിക്കു നടത്തേണ്ടി വന്നപ്പോഴും ശിഹാബ്‌ തങ്ങളേയോ പാണക്കാട്‌ കുടുംബത്തെയോ ഒരു വാക്കു പോലും പറയാതെ ഞാന്‍ നോക്കിയത്‌ അദ്ദേഹത്തോടുള്ള അത്യാദരവു കൊണ്ടായിരുന്നു. പാര്‍ട്ടിയോടുള്ള എന്റെ വേര്‍പിരിയലിനു ശേഷം മൂന്നു പൊതു പരിപാടികളിലാണു ഞാന്‍ അദ്ദേഹവുമായി കണ്ടു മുട്ടിയത്‌. ഈ മൂന്നു പ്രാവശ്യവും അദ്ദേഹം പ്രകടിപ്പിച്ച വാല്‍സല്യവും സ്നേഹമസൃണമായ പെരുമാറ്റവും എനിക്കൊരിക്കലും മറക്കാനാവാത്തതാണ്‌".
അതാണു ശിഹാബ്‌ തങ്ങള്‍.

കുബേരതയും, അധാര്‍മ്മികതയും, മതതീവ്രവാദവും, പ്രായോഗികരാഷ്ട്രീയത്തിന്റെ കാപട്യങ്ങളൂം ആ വൃത്തത്തെ അവയുടെ ഭാഗത്തേക്കു മാത്രം വലിച്ചു നീട്ടി ആ വ്യക്തിത്വത്തിന്റെ ഷേപ്പു മാറ്റാന്‍ ശ്രമിച്ചപ്പോഴൊക്കെ ശിഹാബ്‌ തങ്ങളുടെ മനസ്സു വേദനിക്കുകയുണ്ടായിട്ടുണ്ട്‌.

ശിഹാബ്‌ തങ്ങള്‍ വേദനിച്ചപ്പോഴൊക്കെ ആ വേദന ജനങ്ങളിലൂടെ പാര്‍ട്ടി അനുഭവിക്കുകയുമുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്‌ അവസാനം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ താപ്പാനകള്‍ പലരും വീണിട്ടും, അംഗീകരിച്ച ലിസ്റ്റില്‍ അവസാന നിമിഷം ശിഹാബ്‌ തങ്ങള്‍ പ്രത്യേകം എഴുതിച്ചേര്‍ത്ത സ്ഥാനാര്‍ഥികള്‍ പ്രജകള്‍ സമ്മാനിച്ച പരാജയത്തിന്റെ ചാട്ടവാറടി കൊള്ളാതെ സുന്ദരമായി ജയിച്ചു കയറിയത്‌.

ശിഹാബ്‌ തങ്ങളിലെ രാഷ്ടീയം എനിക്കു കൂടുതല്‍ പ്രചോദനം നല്‍കുന്നില്ല. തങ്ങളുടെ പ്രഭ മുസ്ലിം ലീഗിനു ഗുണമാകുകയായിരുന്നുവെന്നേ ഞാന്‍ എപ്പോഴും പറയൂ.
മുസ്ലിം ലീഗു രാഷ്ടീയമായി യോചിച്ചു പോകാത്ത പലരും ശിഹാബ്‌ തങ്ങളുടെ വ്യക്തിത്ത്വത്തെ ആദരിക്കുന്നവരാണ്‌. അന്ത്യ പ്രവാചകന്റെ പാരമ്പര്യ ശൃഖലയിലെ നാല്‍പ്പതാമത്തെ കണ്ണിയെന്ന ബഹുമാനം, അതര്‍ഹിക്കുന്ന വിധത്തില്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു.
മാസപ്പിറവി ഉറപ്പിക്കുന്നതിനും സങ്കീര്‍ണ്ണമായ ഒരു "മസ്‌അല" നിശ്ചയിക്കുന്നതിനും അദ്ദേഹത്തിന്റെ വാക്കിനോടുള്ള ഈ ബഹുമാനവും ആദരവിനും പുറമേ അദ്ദേഹത്തിന്റെ പാണ്ഡിത്യവും കാരണമായിട്ടുണ്ട്‌.
ഈജിപ്റ്റിലെ അല്‍ അസ്‌ഹര്‍, കൈറോ യൂനിവേഴ്സിറ്റികളിലെ പഠനത്തോടൊപ്പം നേടിയ സ്നേഹ സൗഹൃദങ്ങള്‍ രാജ്യാന്തരതലത്തില്‍ പടര്‍ന്നു കിടക്കുകയാണ്‌.
ഏതൊരു സങ്കീര്‍ണ്ണമായ പ്രശ്നമുണ്ടായാലും അതു പരിഹരിക്കാന്‍ കൊടപ്പനക്കല്‍ തറവാട്ടിലൊരു വാക്കുണ്ടായിരുന്നു.
ശിഹാബ്‌ തങ്ങളുടെ അവസാന വാക്ക്‌.
അതൊരിക്കലും പക്ഷപാതപരമായിരുന്നില്ല. അതു സ്വീകരിച്ച ആര്‍ക്കും പിന്നെ അതിനെക്കുറിച്ചു ഖേദിക്കേണ്ടിയും വന്നിരുന്നില്ല.
ആരെയും വാക്കുകള്‍ കൊണ്ടു വെറുപ്പിച്ചിരുന്നില്ല. കുറ്റം പറയാന്‍ ശ്രമിച്ചവര്‍ പിന്നെ കുറ്റബോധം തോന്നി പറഞ്ഞ തെറ്റിനു സ്വയം വന്നു മാപ്പു ചോദിച്ച സംഭവങ്ങള്‍ പലതാണ്‌.

ശിഹാബ്‌ തങ്ങളിലെ രാഷ്ട്രീയനേതാവിനെക്കള്‍ ഞാന്‍ ഇഷ്ടപ്പെട്ടത്‌ അദ്ദേഹത്തിലെ വിശാലമാനവീക വീക്ഷണമുള്ള ആത്മീയ നേതാവിനെയാണ്‌,
നിശബ്ദനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെയാണ്‌.
ഉജ്വലനായ ഒരു വാഗ്മിയോ ചടുലതയുള്ള ഒരു എഴുത്തുകാരനോ ആയിരുന്നില്ല അദ്ദേഹം.
പക്ഷെ അത്തരം വ്യക്തിക്കള്‍ക്കു നേടാനാവാത്ത വിധം ആദരവു നേടിയ ഒരു ലളിതന്‍.
തന്നോടു സങ്കടം പങ്കിടാനെത്തുന്നവരെ കൈവിടാത്ത അവര്‍ക്കു വേണ്ടി സമയമുണ്ടാക്കി അവരുടെ സങ്കടങ്ങള്‍ക്കു നിവര്‍ത്തിയുണ്ടാക്കിക്കൊടുക്കുന്ന പ്രശസ്തിയാഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയെയാണ്‌.
പാര്‍ലമന്റ്‌ ജനാധിപത്യത്തിന്റെ പ്രലോഭനങ്ങളും അന്താരാഷ്ട്രീയ പ്രതിധാന തൊഴില്‍ വാഗ്ദാനങ്ങളും പുഞ്ചിരിയോടെ ഏറെ തവണ നിരസിച്ചതാണാ വ്യക്‍തിത്വം. ധനസമ്പാദനത്തിനു ഒരു ഒപ്പു മതിയായിരുന്നു. അല്ലെങ്കില്‍ ഒരു വെറും ഫോണ്‍കാള്‍, അതും വേണ്ടിയിരുന്നില്ല ഒരു മൂളല്‍ മതിയായിരുന്നു.പക്ഷെ ആ വ്യക്തിത്വം അതില്‍ വീണില്ലായിരുന്നു.
ഉദ്ഘാടനങ്ങള്‍ക്കു പോകുമ്പോള്‍ സമ്മാനിച്ചിരുന്നവ തിരസ്കരിച്ചാല്‍ അവര്‍ അനുഭവിക്കുന്ന മാനസീക വിഷമം ഓര്‍ത്തു സ്വീകരിക്കുകയും അവ സ്വീകരിച്ച അതേ പോലെ സഹായമന്ന്വേഷിച്ചു വരുന്ന അഗതികള്‍ക്കും അനാ‍ഥര്‍ക്കും കൈമാറുകയും ചെയ്തിരുന്നു.
മുസ്ലിം ലീഗ്‌ കഴിഞ്ഞ മുപ്പത്തഞ്ചു കൊല്ലക്കാലമായി ആ ചന്ദ്രികയുടെ വെട്ടത്തിലായിരുന്നു. ശിഹാബ്‌ തങ്ങളുടെ മതനിരപേക്ഷതാണു മുസ്ലിംലീഗിനു പ്രസരിച്ചു കിട്ടിയത്‌.
അറിഞ്ഞു കൊണ്ടു അസത്യം പറയുന്ന രാഷ്ട്രീയക്കാരനല്ലായിരുന്നു അദ്ദേഹം.അങ്ങനെയുള്ള ഒരാളെ മുസ്ലിം ലീഗിന്റെ പ്രസിഡന്റു പദത്തില്‍ പത്തു മുപ്പത്തഞ്ചു കൊല്ലം കിട്ടിയതാണു ലീഗിന്റെ പുണ്യം.
ശിഹാബ്‌ തങ്ങള്‍ എന്ന പൂര്‍ണ്ണ വൃത്തത്തിനകത്തു മുസ്ലിംലീഗു നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശ്വഹിന്ദു പരിഷത്തിനൊക്കെയുള്ള വര്‍ഗ്ഗിയ സംഘടന എന്ന പേരേ ലീഗിനും കിട്ടുമായിരുന്നുള്ളൂ.
മുസ്ലിം ലീഗിനു മത തീവൃത പോരാ എന്നും തങ്ങളുടെ വിട്ടു വീഴ്ച്ചകള്‍ കാരണം അര്‍ഹതപ്പെട്ടവ കിട്ടാതെ പോകുന്നുവെന്നും പറഞ്ഞു കൂട്ടു വിട്ടു പോയവരൊക്കെ തെറ്റു മനസ്സിലാക്കി ആ കൊടപ്പനക്കല്‍ തറവാട്ടില്‍ തിരിച്ചു ചെന്നതു നാം പലവട്ടം കണ്ടു.
ബാബരി മസ്ജിദ്‌ പൊളിച്ച കാലഘട്ടത്തില്‍ കേരളത്തിന്റെ ഏറ്റവും പൊട്ടിത്തെറിക്കാവുന്ന ഭാഗം മലബാറായിരുന്നു. ഞങ്ങള്‍ പ്രവാസികള്‍ നാടിനെ ഓര്‍ത്തു ഏറ്റവും ഭീതിയോടെ നിമിഷങ്ങള്‍ തള്ളി നീക്കിയ കാലം.
സമരവും പ്രകടനവും ഏറ്റവും നിയമ നിയന്ത്രണത്തിലുള്ള യു.എ.ഇ യില്‍ പോലും ആദ്യമായി ഞാന്‍ ഒരു അക്രമാസക്തമായ പ്രകടനം കണ്ടു. ത്രിവേണി റസ്റ്റാറന്റും മഹാലക്ഷ്മി ഷോപ്പും തകര്‍ക്കപ്പെട്ടു.
അതു കണ്ടു അന്നു പേടിയോടെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ എന്റെ ഉപ്പാന്റെ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു.
“ഇവിടത്തെ കാര്യം ഓര്‍ത്തു ഒന്നു കൊണ്ടും ബേജാറാവാണ്ട. പാണക്കാട്ടെ തങ്ങള്‍ ഉള്ളടിത്തോളം കാലം ഇവിടെ ഒന്നും സംഭവിക്കില്ല“.
അതെത്ര ശരിയാണെന്നു പിറ്റേന്നു മുതല്‍ പത്രങ്ങളില്‍ നിന്നറിഞ്ഞു.
മലബാറിലെ എന്നല്ല കേരളത്തിലെ ഒരു ക്ഷേത്രവും ആ പ്രശ്നത്തില്‍ തകര്‍ന്നില്ല.
പാണക്കാട്ടെ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്നു വിട്ടു തീവൃവാദത്തിന്റെ ദിശയിലേക്കു തിരിഞ്ഞ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ അക്രമങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളം ഇക്കാര്യത്തിനു ഇന്ത്യക്കു സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മതേതര മാതൃകയാവുകയായിരുന്നു.
അതുപോലെ തന്നെയാണൂ രണ്ടാം മാറാടു കലാപത്തിനു ശേഷം തങ്ങള്‍ താഴെക്കിടയിലിറങ്ങിച്ചെന്നു മലബാറില്‍ രൂപപ്പെടുത്തിയെടുത്ത ഇന്നത്തെ ശാന്തതയും.
ഗാന്ധിജിയെക്കുറിച്ചു വായിക്കുകയും അറിയുകയും ചെയ്തപ്പോള്‍ പലപ്പോഴും അതിലൊക്കെയിത്തിരി അതിശയോക്തിയില്ലേ എന്നു ഞങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെ തോന്നിയിരുന്നപ്പോഴൊക്കെ, ശിഹാബ്‌ തങ്ങള്‍ ജീവിക്കുന്ന തെളിവായി തൊട്ടു മുന്നിലുള്ളപ്പോള്‍ എന്തിനു ഗാന്ധിജിയെ സംശയിക്കണം എന്നു ഞങ്ങള്‍ ഞങ്ങളെത്തന്നെയും പിന്നെ അതു വഴി മറ്റുള്ളവരേയും തിരുത്തിയിട്ടുണ്ട്‌..അതു കൊണ്ടു മഹാനായ ശിഹാബ് തങ്ങളെ “The Mahatma of Malabar“ ‍എന്നു തന്നെ വിളിക്കാനാണെനിക്കും ആഗ്രഹം. തങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ എന്നെ അതിനനുവദിക്കില്ലെങ്കിലും.

സുകുമാര്‍ അഴീക്കോടു പറഞ്ഞപോലെ ശിഹാബു തങ്ങളുടെ നിര്യാണം കൊണ്ടുള്ള ഒഴിവ്‌ ഒരു സ്വാതന്ത്യമായി എടുക്കാതെ പരോക്ഷമായ മനസാക്ഷി സാന്നിദ്ധ്യവുമായി ലീഗു മുന്നോട്ടു പോയാല്‍ ശിഹാബിന്റെ പ്രഭ ചൊരിയുന്ന ആ നല്ല പാരമ്പര്യത്തിനു മുറിവുണ്ടാവില്ല. സാധാരണ ജനം അതാണു ആഗ്രഹിക്കുന്നത്‌. അദ്ദേഹമില്ലങ്കിലും അദ്ദേഹം ബാക്കി വെച്ചിട്ടു പോയ ആ ഗുണം നില നിര്‍ത്തിയേ മതിയാവൂ. .

54038

24 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

സുകുമാര്‍ അഴീക്കോടു പറഞ്ഞപോലെ
ശിഹാബു തങ്ങളുടെ നിര്യാണം കൊണ്ടുള്ള ഒഴിവ്‌
ഒരു സ്വാതന്ത്യമായി എടുക്കാതെ
പരോക്ഷമായ മനസാക്ഷി സാന്നിദ്ധ്യവുമായി
ലീഗു മുന്നോട്ടു പോയാല്‍
ശിഹാബിന്റെ പ്രഭ ചൊരിയുന്ന ആ നല്ല പാരമ്പര്യത്തിനു മുറിവുണ്ടാവില്ല.
സാധാരണ ജനം അതാണു ആഗ്രഹിക്കുന്നത്‌.

മലയാ‍ളി പറഞ്ഞു...

സ്നേഹം പകര്‍ന്നു നല്‍കിയ സമാധാനത്തിന്റെ ദൂതന്‍ ഇനി ഓര്‍മയുടെ കൊട്ടാരത്തില്‍.
ജീവിതകാലം മുഴുവന്‍ സ്നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ദേശം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി.

പാണക്കാട് ജുമാമസ്‌ജിദ് ഖബര്‍സ്ഥാനിലെ ആറടിമണ്ണ്.
ഇവിടെയിതാ ഒരു ചരിത്രപുരുഷന്‍ കൂടി അന്ത്യവിശ്രമം കൊള്ളുന്നു...

ചരിത്രം ശിഹാബ് തങ്ങള്‍ക്ക് പിറകിലൂടെയാണ് സഞ്ചരിച്ചത്.
രാഷ്ട്രീയത്തില്‍ വേറിട്ടവഴി തീര്‍ത്ത ശിഹാബ് തങ്ങളുടെ ഓരോ‍ വാക്കും നോട്ടവും ചരിത്രം രേഖപ്പെടുത്തി.

ഏത് മരണവും ഞെട്ടലുണ്ടാക്കുന്നതാണ്.
ഏത് വേര്‍പാടും സൃഷ്ടിക്കുന്നത് ശൂന്യതയാണ്. എന്നാല്‍ ശിഹാബ് തങ്ങളുടെ വേര്‍പാട്ട് സൃഷ്ടിക്കുന്ന ശൂന്യത അത് നികത്തപ്പെടാതെ കിടക്കും....

പ്രാര്‍ഥനകളോടെ...

കണ്ണനുണ്ണി പറഞ്ഞു...

ആ നല്ല മനുഷ്യന്റെ വേര്‍പാടില്‍ വേദനിക്കുന്നു...അദേഹത്തെ കുറുച്ചുള്ള ഓര്‍മ്മകളില്‍ പങ്കു ചേരുന്നു..
എല്ലാവര്ക്കും നല്ലത് വരാനായി പ്രാര്തിക്കം

കാസിം തങ്ങള്‍ പറഞ്ഞു...

കണ്‍‌മറഞ്ഞ ആ മഹാനുഭാവന്റെ പദവികള്‍ ജഗന്നിയന്താവ് ഇനിയുമിനിയും ഉയര്‍ത്തുമാറാകട്ടെ.ആമീന്‍

ഇത്തിരിവെട്ടം പറഞ്ഞു...

ഒരു കൂട്ടം സാധാരണക്കാരുടെ ദൈനദിന ജീവിതതത്തിന്റെ ഭാഗമായിരുന്നു തങ്ങളും ആ തറവാടും... ആര്‍ക്കും ഏത് സമയത്തും ഏത് പ്രശങ്ങളുമായും അവിടെ ചെല്ലാം... അത് ക്ഷമയോടെ കേട്ടിരിക്കാനും കുറഞ്ഞ വാക്കുകളില്‍ പരിഹാരവും, അതിനപ്പുറം മനസ്സ് നിറയുന്ന സാന്ത്വനവുമായി അവിടെ എന്നും ഒരാള്‍ ഉണ്ടായിരുന്നു. പറയുന്ന കാര്യത്തിന്റെയോ പറയുന്ന ആളുടെയോ വലുപ്പച്ചെറുപ്പം ശ്രദ്ധിക്കാതെ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു സൌമ്യന്‍...

കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് വിളിച്ചവരില്‍ അധികപേരും പറഞ്ഞത് ‘അതും നഷ്ടമായി...” എന്നായിരുന്നു. അത് അത്താണി നഷ്ടപ്പെട്ട സാധാരണക്കാരന്റെ തേങ്ങലായിരുന്നു.

കാരണം സാധാരണ ജനങ്ങളെ ഇത്രയധികം സഹാനുഭൂതിയോടെ സ്വീകരിച്ച... അവരുടെ പ്രശ്നങ്ങളില്‍ ഇത്രമാത്രം താല്പര്യത്തോടെ ഇടപെട്ട ഒരാള്‍ അത്യപൂര്‍വ്വം തന്നെ. അത് തന്നെയാണ് പ്രിയപ്പെട്ട ആ മനുഷ്യ സ്നേഹിയെ മറ്റുള്ളവരില്‍ നിന്ന് വേര്‍ത്തിരിക്കുന്നതും.

ഇനിയും മുന്നോട്ടുള്ള ഗമനത്തിന് വേണ്ട കരുത്ത് ആ വ്യക്തിത്വം പരത്തിയ പ്രകാശം തന്നെയാവട്ടേ.

പ്രാര്‍ത്ഥനകളോടെ...

ബഷീര്‍ Vallikkunnu പറഞ്ഞു...

Touching Lines..

കോര്‍‍‍ഡോബ പറഞ്ഞു...

അറിഞ്ഞു കൊണ്ടു അസത്യം പറയുന്ന രാഷ്ട്രീയക്കാരനല്ലായിരുന്നു അദ്ദേഹം

എതെങ്കിലും രാഷ്ട്രീയക്കാരന് ഇന്ന് അവകാശപ്പെടാന്‍‍ സാധിക്കുമോ.

പ്രാര്‍ത്ഥനകളോടെ..

ജുനൈദ് ഇരു‌മ്പുഴി പറഞ്ഞു...

പാണക്കാട് കൊടപ്പനക്കൽ തറവാട് കേരള മുസ്ലിംകളുടെ മാത്രമല്ല ഒരു സമൂഹത്തിന്റെ മുഴുവൻ തറവാടായിരുന്നു.. അവിടുത്തെ കാരണവർ ഈ സമൂഹത്തിന്റേയും കാരണവർ തന്നെ. മാഷ് പറഞപോലെ ഞാനും ആമുറ്റത്ത് പോയിട്ടുണ്ട്. സ്നേഹനിധിയായ ഒരു ബാപ്പയുടെ സാനിദ്ധ്യം അനുഭവിച്ചിട്ടുമുണ്ട്.
അദ്ധേഹത്തിന്റെ അനേകം പ്രസംഗങ്ങൽ, ഒരു ജീവിത ക്രമമെന്നപോലെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അദ്ധേഹംഒരിക്കൾ പോലും ഒരു വ്യെക്തിയെ പേരെടുത്ത് വിമർഷികുന്നത് ഞാൻ കേട്ടിട്ടില്ല. ഏതൊരു നേതാവാൺ ഈ വിടവു നികത്തുക...
ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു മഹാത്ഭുതം തന്നെയായിരുന്നു തങ്ങൾ
പ്രാർഥനയോടെ...

‍ശരീഫ് സാഗര്‍ പറഞ്ഞു...

ശിഹാബ്‌തങ്ങള്‍ ഒരു വ്യക്തിയായിരുന്നില്ല; കാലമായിരുന്നു. കേരളത്തിന്‌ മറക്കാനോ മണ്ണിട്ടുമൂടാനോ ആവാത്ത കാലം. ഇനിയെന്താവും എന്ന ആശങ്കകള്‍ തോന്നുന്നതും ആ കാലത്തിന്റെ ചൂടിലും ചൂരിലും പേടിയില്ലാതെ കഴിഞ്ഞതുകൊണ്ടാണ്‌.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

കുടപ്പനയ്ക്കല്‍ ഒരുപാടു തവണ പോയി. ആ എട്ടുവശമുള്ള വട്ടമേശയുടെ കോണില്‍ ശിഹാബ്തങ്ങളില്ലാതിരിയ്ക്കുന്നത് സങ്കല്‍പ്പിയ്ക്കാന്‍ കഴിയുന്നില്ല. എനിയ്ക്കെന്നെല്ല, ആസ്നേഹം അനുഭവിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ള ആര്‍ക്കും അതിനു കഴിയില്ല.

പുഞ്ചിരി പറഞ്ഞു...

തങ്ങളെ പറ്റി വിമര്‍ശനങ്ങള്‍ക്കതീതന്‍ എന്ന് പറയാവുന്നതിന് ഉപോല്‍ബലമായി ഒരു സംഭവം കേട്ടറിഞ്ഞത് ഇപ്രകാരം:

ഒരു ജൂവലറി ഉത്ഘാടനത്തിന് പോയ തങ്ങള്‍ക്ക് ജൂവലറി ഉടമ ഉപഹാരമായി ഒരു പൊതി സമ്മാനിച്ചു - ഇതില്‍ അല്പം സ്വര്‍ണ്ണം ഉണ്ടെന്ന സൂചനയോടെ. തങ്ങളുടെ കൂടെ തന്നെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്ന ഒരു സാമുദായിക പ്രമുഖന്‍ ജൂവലറി വൃത്തങ്ങള്‍ മുഖേനെ അത് ഒരു ഇരുപത്തഞ്ച് പവനോളം വരുന്ന ഉപഹാരമാണെന്നറിഞ്ഞു.

“ഹോ, ഈ തങ്ങളെ പറ്റി ആളുകള്‍ നല്ലത് മാത്രമേ പറയുന്നുള്ളൂ. ഇപ്രകാരം എത്ര മൂപ്പര് സമ്പാദിച്ചു കൂട്ടുന്നു. ഇതൊന്നും ലോകത്താരും അറിയുന്നില്ലല്ലോ” എന്ന കൂലങ്കശമായ ചിന്തകളാല്‍ ഇരിക്കപ്പൊറുതി മുട്ടി, എന്നാലെങ്ങനെ ഇക്കാര്യം തങ്ങളോട് പറയും എന്ന് എത്തും പിടിയും കിട്ടാതെ, അദ്ദേഹം തങ്ങളുടെ കൂടെ അതേ കാറില്‍ തിരി‍ച്ചു യാത്ര തുടര്‍ന്നു.

വഴിയില്‍ വെച്ച് ഒരു മരണഗൃഹത്തിലെ ചടങ്ങില്‍ സന്ദര്‍ശിക്കാനുണ്ടെന്ന് കൂടെയുള്ള മറ്റൊരാള്‍ സൂചിപ്പിച്ചു. കൂടെയുള്ള പൌരപ്രമുഖന് തന്നോടൊപ്പം അവിടം സന്ദര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ ആശയപ്രകാരം വിഷമമായേക്കുമെന്ന് മനസ്സിലാക്കി, “താങ്കള്‍ക്ക് ഇവിടെ കാറില്‍ ഒരു പത്തു മിനിറ്റിരിക്കാമോ, ഞാനൊന്നവിടെ കയറി വരട്ടെ” എന്ന് അനുവാദം ചോദിച്ച തങ്ങളോട്, “തങ്ങളെ പറഞ്ഞയച്ച് ഞാനിവിടെ ഇരിക്കുന്നത് തങ്ങളോടുള്ള അനാദരവാകുമോ” എന്ന് ചിന്തിച്ച് “താനും കൂടെ വരാം” എന്ന് പറഞ്ഞ് പോവാനിഷ്ടമില്ലാഞ്ഞിട്ടും അദ്ദേഹം പോയി.

സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു വാഹനത്തിലേക്ക് നടക്കവേ ഒരു വിധവയായ സാധു സ്ത്രീ മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണെന്നും 25 പവനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്നും തങ്ങള്‍ പ്രത്യേകം ദുഃആ ചെയ്യണമെന്നും തങ്ങളെ കണ്ട് ആവശ്യപ്പെട്ടു. ആവശ്യപ്രകാരം തങ്ങള്‍ ഉടന്‍ തന്നെ അവിടെ വെച്ച് ദുഃആ ചെയ്തു.

പിന്നിട് സംഭവിച്ചത് മേല്‍ സൂ‍ചിപ്പിച്ച പൌരപ്രമുഖന് തന്റെ കണ്ണുകളെ വിശ്വസിക്കാനാവാത്ത കാഴ്ചയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കാറിന്റെ ഡിക്കിയില്‍ നിന്നും മേല്‍ ജൂവലറിക്കാരുടെ ഉപഹാരമായി കിട്ടിയ പൊതി ആ സ്ത്രീക്ക് കൊടുക്കാന്‍ ഡ്രൈവറെ ഏല്‍‌പ്പിച്ചു. കൂടാതെ, തങ്ങള്‍ ആ സ്ത്രീയോട് ഇപ്രകാരം പറയുന്നതും അദ്ദേഹം കേട്ടുവത്രേ: “ഒരു പൊതി കൊടുത്തയക്കാം, അത്യാവശ്യത്തിനു തികയില്ലെങ്കില്‍ നാളെ വീട്ടില്‍ വരീം” എന്ന്.

നമ്മുടെ പ്രമുഖന്‍ പറയുകയാ: “പ്രസ്തുത മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ മനസ്സിലാതെ തന്നെ ഞാന്‍ തങ്ങളുടെ കൂടെ പോയത് ഒരു പക്ഷേ തങ്ങളെ പറ്റിയുള്ള എന്റെ വിമര്‍ശനാത്മകമായ ചിന്താഗതി മാറ്റാന്‍ പടച്ചവന്‍ തന്നെ പറഞ്ഞയച്ചതാവാം” എന്നാണ്.

അല്ലാഹു ശിഹാബ് തങ്ങള്‍ക്ക് മഗ്‌ഫിറത്തും മര്‍ഹമത്തും ശാന്തിയും സമാധാനവും നല്‍കുമാറാകട്ടെ - ആമീന്‍. നാമേവരേയും അല്ലാഹു അവന്റെ മുത്തഖീങ്ങളായ അടിമകളില്‍ പെടുത്തി അനുഗ്രഹിച്ച് ജന്നാത്തുന്ന‌ഈമില്‍ നമ്മെ ഒരുമിപ്പിച്ച് കൂട്ടുമാറാകട്ടെ - ആമീന്‍.

കരീം മാഷേ, രചന നന്നായിരിക്കുന്നു. ആശംസകള്‍. സസ്നേഹം സയ്യിദ് ഹുസ്‌നി ജിഫ്‌രി.

ശ്രീ പറഞ്ഞു...

നന്നായി, മാഷേ

ഗുരുജി പറഞ്ഞു...

തങ്ങൾ നിലകൊണ്ട
ആദർശത്തിനായി
എത്ര പേരെ കിട്ടും

രഘുനാഥന്‍ പറഞ്ഞു...

പ്രിയ കരിം മാഷ്‌

തങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു എന്നതിന് യാതൊരു സംശയവുമില്ല. ഞാന്‍ സൂചിപ്പിച്ചത് ഇന്നത്തെ കപട രാഷ്ട്രീയക്കാരുടെ പൊയ് മുഖങ്ങളെക്കുറിച്ച് മാത്രമാണ്....ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം എത്ര വലിയ മഹാനായാലും ആരും തിരിഞ്ഞു നോക്കാറില്ലല്ലോ? മണ്മറഞ്ഞു കഴിയുമ്പോള്‍ അദ്ദേഹത്തെ പൊക്കിപ്പിടിച്ചിട്ടു എന്ത് കാര്യം എന്നെ ഉദ്ദേശിച്ചുള്ളൂ..

തെറ്റിദ്ധരിക്കാതിരിക്കാന്‍ അപേക്ഷ
ആശംസകള്‍

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

നന്നായി ഈ സമർപ്പണം..

അല്ലാഹു അദ്ധേഹത്തിന്റെ ആഖിറം പ്രകാശ പൂരിതമാക്കട്ടെ ..

ജിപ്പൂസ് പറഞ്ഞു...

സര്‍‌വ്വശക്തന്‍ അദ്ധേഹത്തിന്‍റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കട്ടെ.നാളെ അവന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരിടം നല്‍കി നാമേവരേയും അവന്‍ അനുഗ്രഹിക്കട്ടെ...

മുനവര്‍ ഹുസൈന്‍ പറഞ്ഞു...

ആര്യാടന്‍ ഷൌക്കത്തിനു താക്കീത് കെ.പി,സി,സി,

SAMAD IRUMBUZHI പറഞ്ഞു...

ആ വലിയ മനസ്സിന്റെ മുന്നില്‍ ആതരാഞ്ഞലികള്‍ അര്‍പിച്ചുകൊണ്ട്....

awas പറഞ്ഞു...

ഈ കാലഘട്ടത്തില്‍ അവിശ്വാസനീയമായി തോന്നാം .

ഞങളുടെ നാട്ടില്‍ ഒരു അടക്കാ കച്ചവടക്കാരന്‍റെ പൊളിച്ച് വച്ച രണ്ട് ചാക്ക് അടക്ക കളവു പോയി.
തലേന്ന് ചാക്കിലാക്കി തുന്നിവെക്കാന്‍ സഹയിച്ച അടുത്തുള്ള വീട്ടുകാരനെ ബലമായി സംശയിച്ച കച്ചവടക്കാരന്‍ അതുമിതും പറഞ്ഞ് രണ്ടു കൂട്ടരും തര്‍ക്കമായി, കുഴപ്പമായി.
അവസാനം തങ്ങളുടെ അടുക്കല്‍ വച്ച് തീരുമാനിക്കാമെന്നായി.
തങ്ങള്‍ രണ്ടു പേരോടും കാര്യങ്ങള്‍ അന്വേഷിച്ചു.
പക്ഷെ ജോലിക്കരന്‍ വിഷമത്തോടെ താന്‍ എടുത്തിട്ടില്ലെന്ന് തങ്ങളോട് പറഞ്ഞു.

അവസനം തങ്ങള്‍ കച്ചവടക്കാരനോട്, നീ അത് വിട്ടു കളയണമെന്നും നിങ്ങള്‍ തമ്മില്‍ ഇനി വഴക്കുണ്ടാക്കരുതെന്നും 'നിനക്ക് പടച്ചവന്‍ കൂടുതല്‍ ഗുണം തരും ' എന്നും പറഞ്ഞു.
കച്ചവടക്കാരന്‍ എനിക്ക് തങ്ങളുടെ വാക്ക് മതി എന്നു പറഞ്ഞ് എല്ലാവരും നല്ലനിലയില്‍ പിരിഞ്ഞു.

പിന്നീട് ഭാക്കിയുള്ള അടക്കകള്‍ എല്ലാം കൂടെ ചാക്കിലാക്കി അദ്ദേഹം കുന്ദം കുളത്തു കൊണ്ടു പോയെങ്കിലും ബില്ലാക്കന്‍ കഴിയതെ അവിടെ ഏല്‍ പ്പിച്ച് തിരിച്ച് വന്നു.(കച്ചവടക്കാര്‍ അങിനെയാണ്.പിന്നീടെപ്പോഴെങ്കിലും പോയി വില ഉറപ്പിച്ചു ബില്ലാക്കിയാല്‍ മതി)
പിറ്റേന്നു പത്രം നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി.
"അടക്കക്ക് വന്‍ വില വര്‍ദ്ദനവ്" കിലോക്ക് അറുപത് രൂപയുണ്ടയിരുന്ന അടക്ക അദ്ധേഹം പിന്നീട് നൂറിനു മീതെ വിലക്കാണ്, വിറ്റത്.

ഇത് എന്‍റെ അയല്‍ പക്കത്ത് ഞാന്‍ നേരിട്ടറിയുന്ന കേസ്.അങനെ എത്ര...വേണമെങ്കില്‍ വിശ്വസിക്കാം .
അല്ലെങ്കില്‍ അങിനെ ഒക്കെ ആയിവരുന്നതാവാം

മറ്റൊന്ന്,..എന്‍റെ നാട്ടില്‍ രണ്ടു സ്നേഹിതരെ ദുരൂഹ സാഹചര്യത്തില്‍ കാണനില്ലതായി. ഒരാള്‍ മാത്രം തിരിച്ച് വരികയും വിശ്വാസയോഗ്യമല്ലാത്ത കാരണം പറയുകയും ചെയ്തു. ഇവര്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്നും മറ്റവനെ കൊന്നതാണെന്നും നാട്ടില്‍ സംസാരമായി, വീട്ടുകാരും വിശ്വസിച്ചു, നാട്ടില്‍ ആക്ഷന്‍ കമ്മിറ്റിയും .
ശേഷക്രിയ നടത്താന്‍ ആരോ പറയുകയും ആ വീട്ടുകാര്‍ തുടങ്ങുകയും ചെയ്തു.

ഇതിനിടയില്‍ പയ്യന്‍റെ അച്ചന്‍ തങ്ങളുടെ അടുക്കാല്‍ പോയി സങ്കടം പറഞ്ഞു.
മോന്‍ തിരിച്ച് വരുമെന്നു പറഞ്ഞ് തങ്ങള്‍ സമധാനിപ്പിച്ച് വിട്ടു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പയ്യന്‍ ബസ്സില്‍ വന്നിറങ്ങി, നാട്ടു കാര്‍ ഞ്ഞെട്ടി.

ASRU പറഞ്ഞു...

സ്നേഹ സാഗരമായ് ..
ശാന്തി ദൂതനായ് ...
വിശ്വ്പ്രഭയായ്...
സ്മ്ര്തിയായ് ..
ദീപ്തമായ് ; ആ
വിളകകണഞു

മാണിക്യം പറഞ്ഞു...

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൗമ്യഭാവം. പതിഞ്ഞ ശബ്ദം.
ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും.
ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍.
ഏതു സാധാരണക്കാരനു വേണ്ടിയും
സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ -
ഇതായിരുന്നു
പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിനുപരി
അദ്ദേഹത്തെ ബഹുജനങ്ങള്‍ ബഹുമാനിച്ചിരുന്നു.

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍
അനശ്വരതയിലേക്ക്...ആദരാഞ്ജലികള്‍..

തറവാടി പറഞ്ഞു...

:)

കരീം മാഷ്‌ പറഞ്ഞു...

http://jokercircus.blogspot.com/2009/08/blog-post_24.html
ഈ ബ്ലോഗില്‍ ഓഫ് കമന്റുകള്‍ വഴി ചര്‍ച്ച വഴിതിരിയുമ്പോള്‍ ഞാനിട്ട കമന്റു ചവറ്റുകൊട്ടയിലേക്കു പോകുമെന്ന തിരിച്ചറിവില്‍ അതിന്റെ തനതു രൂപം ഇവിടെ കോപ്പി ചെയ്യുന്നു.

കരീം മാഷ്‌ said...
"കേരള മുസ്ലിംകള്‍ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴൊക്കെ നിസ്സംഗത പാലിച്ച നേതാവ്‌ ശിഹാബ്‌ തങ്ങള്‍"
എന്ന അഭിപ്രായം താങ്കളുടേതോ അതോ ലേഖനമെഴുതിയ നുഐമാന്റെതോ?
എതായാലും അതിനോടു വിയോചിക്കുന്നു.
തങ്ങളുടെ ആത്മസംയമനം എന്ന ആഹ്വാനത്തെ ആയിരം വട്ടം ഞാനും കളിയാക്കിയിട്ടുണ്ട്‌.
ആദ്യം മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു ഇബ്രാഹീം സുലൈമാന്‍ സേട്ടുവും, മദനിയും, എന്‍.ഡി. എഫും, സിമിയും എല്ലാം ഈ നിസ്സംഗത ഭേദിച്ചിറങ്ങിയവരാണ്‌.
എന്താണവര്‍ മുസ്ലിം സമുദായത്തിനു പകരം നേടിക്കൊടുത്തത്‌.
ബോംബുണ്ടാക്കാനുള്ള ഫോര്‍മുലയോ?
അല്‍ക്കയ്ദയുമായുള്ള ടൈ അപ്പോ?
പാവപ്പെട്ട യാത്രക്കാര്‍ കയറിയ ബസ്സു നിര്‍ത്തി കത്തിക്കലോ?
ലഘു ലേഖകളിലൂടെ നഗരങ്ങളില്‍ ബോംബു സ്ഫോടനങ്ങള്‍ നടത്താനുള്ള ആഹ്വാനമോ?

മത നാമത്തില്‍ പണിത ഒരു രാഷ്ടീയപ്പാര്‍ട്ടിയെ രാഷ്ട്രീയവശ്യങ്ങള്‍ക്കായി വൈകാരികമായി ചൂഷണം ചെയ്യുന്നതില്‍ നിന്നു തടഞ്ഞു നിര്‍ത്തുക എന്നതു ചില്ലറ കാര്യമല്ല.അതാണു തങ്ങള്‍ ഇന്നലെ വരെ ചെയ്തിരുന്നത്‌.
( കളരിയും കരാട്ടെയും പയറ്റിത്തെളിഞ്ഞ ഒരു പോരാളിയെ ചാട്ടവാറടിക്കു മുന്‍പില്‍ സഹനത്തിനു പ്രേരിപ്പിച്ചിരുന്നവിധം ആത്മസംയമനം)
ഒരു പാഠപുസ്തകത്തിലെ ഒരധ്യായത്തിന്റെ പേരില്‍ ഒരു ജീവന്‍ എടുക്കാന്‍ മതത്തിന്റെ പേരില്‍ രാഷ്ടീയം കളിക്കുന്നവര്‍ക്കു ഒരു നിമിഷം മതിയെന്ന സത്യം മറക്കാന്‍ കഴിയുമോ? മതത്തിന്റെ പേരില്‍ മോബിനെ ഇറക്കി വിട്ടത്‌ രാഷ്ട്രീയ കക്ഷികള്‍ ഒട്ടാകെയാണ്‌. മതത്തെ രാഷ്ടീയം ഉപയോഗിക്കുന്നതിന്റെ ചെറിയ തെളിവു മാത്രം.
മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ഇന്നു സാധ്യമല്ല. എന്നാല്‍ ആ പാര്‍ട്ടികളെ വൈകാരികമായ അന്ധതയിലേക്കു പോകാതെ തടഞ്ഞു നിര്‍ത്തുന്നവരെ നിസ്സംഗതര്‍ എന്നു മുദകുത്താതിരിക്കുക.
നുഐമാന്റെ പ്രസ്തുത ലേഖനത്തില്‍ സമാധാനശ്രമങ്ങളെ സിസ്സംഗത എന്നു തെറ്റിവായിക്കുമ്പോള്‍ ലേഖകന്‍ ആവശ്യപ്പെടുന്നതു ആയുധമെടുക്കലും പ്രതിരോധിക്കലുമാണെന്ന ശരി വായന വരുമ്പോള്‍ തീവ്രവാദപ്രേരണ എന്നെ ആ ലേഖനത്തെ വിളിക്കാനാവൂ...

AUGUST 24, 2009 9:12 AM

SAMAD IRUMBUZHI പറഞ്ഞു...

വിശുദ്ധിയുടെ നക്ഷത്രത്തിന് യാത്രാമൊഴി