2009, ജൂലൈ 30, വ്യാഴാഴ്‌ച

സുഡോക്കു/sudoku

"സുഡോക്കു" എന്നു കേട്ടിട്ടുണ്ടൊ?.
പലര്‍ക്കും അറിയാമായിരിക്കും.
എനിക്കു അറിയില്ലായിരുന്നു 81 കള്ളികളുള്ള ഒരു സമചതുരത്തില്‍ അവിടവിടെ ചില സംഖ്യകള്‍ മാത്രം കാണിച്ച്‌ ബാക്കിയുള്ളവ എഴുതി ഇതു സോള്‍വു ചെയ്താല്‍ "വില്ല" സമ്മാനം "കാറു" സമ്മാനം എന്നൊക്കെ ഇന്‍റ്റര്‍നെറ്റിലെ പല വെബ്സൈറ്റുകളില്‍ കണ്ടിരുന്നുവെങ്കിലും സൗത്താഫ്രിക്കയിലെ ഭരണാധികാരിയുടെ ധനികയായ വിധവ 'മറിയം അബാച്ച' ഒരു മില്യന്‍ ഡോളര്‍ വെറുതെ കുറച്ചു കാലം നമ്മുടെ അക്കൗണ്ടിലിടാന്‍ നമ്മുടെ ബാങ്കു അക്കൗണ്ട്‌ നമ്പര്‍ ചോദിച്ചു കൊണ്ടു ദയനീയമായ അഭ്യര്‍ഥനയുള്ള ഒരു ഈ-മെയില്‍ തട്ടിപ്പിന്റെ വിലയേ ഞാന്‍ കൊടുത്തിരുന്നുള്ളൂ.

എന്നാല്‍ 'മ്മടെ ' സ്വന്തം ബ്ലോഗരമ്മാവന്‍ അവനവന്റെ ബ്ലോഗുകളില്‍ പതിക്കാന്‍ ഇതിന്റെ ഗാഡ്ജറ്റ് തയ്യാറാക്കി തന്നതോടെയാണു ഞാന്‍ ഇതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കിയത്‌. എന്നാല്‍ ഇതിന്റെ ഉത്തരം കിട്ടുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം 'റിസര്‍ച്ചി' കണ്ടു പിടിച്ചതോടെ ഞാന്‍ ഇപ്പോള്‍ ഇതിനു അഡിക്ടായിരി ക്കുകയാണ്‌. (പണ്ടു പലരും റോബി ക്യൂബിനു അഡിക്ടായിരുന്നതു പോലെ)
ഇതു രസകരമായ ഒരു കളിയാണ്‌.
അക്കങ്ങള്‍ കൊണ്ടുള്ള ഒരു ഒരു "പദപ്രശ്നം"
sudoku എന്ന ഇതിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ പലരും ഇതു ജപ്പാനിലാരംഭിച്ച പ്രശ്നോത്തരിയാണെന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ അമേരിക്കയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു കളി ജപ്പാന്‍കാര്‍ അവര്‍ക്കു മനസ്സിലാവുന്ന പേരു കൊടുത്തു സാര്‍വ്വത്രികമാക്കി എന്നു മാത്രം.(ഞാന്‍ പറഞ്ഞതല്ല ഗള്‍ഫു ന്യൂസുകാരു പറയുന്നത്‌)
su എന്നാല്‍ നമ്പര്‍ എന്നും doku എന്നാല്‍ സ്ഥലം എന്നുമാണ്‌ അര്‍ത്ഥം
നമ്പറുകള്‍ അതിന്റെ യഥാസ്ഥാനത്തു വെക്കുക എന്നാണു ഇവ കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന അര്‍ത്ഥം...!.
ജപ്പാന്‍കാര്‍ ഇതിനു അമിത പ്രാധാന്യം കൊടുക്കാന്‍ മറ്റൊരു കാരണം ഉണ്ട്‌.(അഭിമാനത്തിന്റെ പ്രശ്നം)
അമേരിക്കക്കാരന്റെയും ഇംഗ്ലീഷുകാരടെയും ജ്വരമായ വാക്കുകൊണ്ടുള്ള പദപ്രശ്ന വിനോദം അവര്‍ക്കത്രക്കു വഴങ്ങുന്നില്ല.
ഇംഗ്ലീഷ്‌ വാക്കുകള്‍ കൊണ്ടുള്ള പദപ്രശ്‌നക്കസര്‍ത്തില്‍ തോറ്റ ജപ്പാനികള്‍ അക്കങ്ങള്‍ കൊണ്ടുള്ള സുഡുകു കസര്‍ത്തിനു ഈ ഇംഗ്ലീഷ്‌ വിദ്വാന്മാരെ വെല്ലുവിളിച്ചു. അതിനവരെ പ്രേരിപ്പിച്ച വികാരം നമുക്കു മനസ്സിലാക്കാം.
(കബഡിയില്‍ തോറ്റതു ഞാന്‍ ചെസ്സില്‍ പകരം വീട്ടും എന്നു "യോദ്ധ" എന്ന സിനിമയില്‍ മോഹന്‍ലാലിനോടു വീമ്പിളക്കുന്ന ജഗതിയെ ഓര്‍ത്താല്‍ മതി)

ജപ്പാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുമായി ജപ്പാന്‍ പ്രധാനമന്ത്രിക്കു നടത്തേണ്ടി വരുന്ന ആംഗലേയ സംഭാഷണത്തിനുള്ള ഒരുക്കങ്ങളും അവസാനം യഥാര്‍ത്ഥത്തില്‍ കൂടിക്കാഴ്ച്ച നടന്നപ്പോള്‍ ജപ്പാന്‍ പ്രധാനമന്ത്രിക്കു പറ്റിയ അമളിയും ഒരു ഇ-ഫലിതമായി ഇന്റര്‍നെറ്റില്‍ ഇന്നു ചൂടുള്ള വീഡിയോ കാഴ്ച്ചാവിഷയമാണ്‌.


പക്ഷെ എന്തൊക്കെയായാലും പദപ്രശ്നത്തെക്കാളും ഈ-ഫലിതത്തെക്കാളും പ്രചാരം നേടുകയാണീ പസില്‍.
രസകരമാണു ഈ കളി.
ഒരു സുഡോക്കു പ്രശ്നത്തിനു ഉത്തരം കണ്ടെത്താന്‍ പല വഴികളുണ്ടാവും. എന്നാല്‍ എങ്ങനെ പോയാലും ഒറ്റ ശരിയുത്തരമേ കാണൂ. ഉത്തരത്തിലേക്കെത്തും മുന്‍പെ വഴിയടഞ്ഞുപോയാല്‍ നമ്മുടെ ക്രിയയിലെ തകറാറുതന്നെ എന്നു ഉറപ്പിക്കാം.

വളരെ ലളിതമാണു നിയമങ്ങള്‍.

ഞാന്‍ ഇതിന്റെ നിയമങ്ങള്‍ എഴുതാം.
9 മൈക്രോ സമചതുരകള്ളികള്‍ ഉള്ള 9 മിനി സമചതുരങ്ങള്‍ ഒരു വലിയ സമചതുരത്തിനകത്തു (ജയന്റ്‌ സ്ക്വയര്‍) 3 x 3 ല്‍ വിന്യസിച്ചിരിക്കുന്നു.

വലിയ ചതുരത്തിലെ നീളത്തിലും കുറുകെയുമുള്ള വരികളും ചെറിയ സമചതുരത്തിലെ കള്ളികളും
ഒന്നു മുതല്‍ ഒന്‍പതു കൂടിയുള്ള സംഖ്യകള്‍ കൊണ്ടൂ കോളങ്ങള്‍ നിറക്കണം.

a).ഒരു സംഖ്യ പിന്നീട്‌ അതുള്‍പ്പെടുന്ന വരിയില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.
b).ഒരു സംഖ്യ പിന്നീട്‌ ആതുള്‍പ്പെടുന്ന കുറുകെയുള്ള നിരയിലും ആവര്‍ത്തിക്കാന്‍ പാടില്ല.
c). ഒരു സംഖ്യ സംഖ്യ അതുള്‍പ്പെടുന്ന മിനി സ്ക്വയറിലും ആവര്‍ത്തിക്കാന്‍ പാടില്ല.

ചോദ്യപ്പേപ്പര്‍ കിട്ടുമ്പോള്‍ തന്നെ ചില കള്ളികളില്‍ കുറച്ചു അക്കങ്ങള്‍ ആദ്യമേ തന്നെ വിന്യസിച്ചിരിക്കും. ഇതിന്റെ എണ്ണം കളിയുടെ കാഠിന്യം കുറക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ അക്കങ്ങള്‍ വിന്യസിച്ചവ താരതമ്യേന ലളിതമായിരിക്കും.

ഇനി ഇതു സോള്‍വു ചെയ്യുന്ന വിധം.
(പലരും പല രീതിയിലൂടെയാണു ഇതിലെ ഉത്തരത്തിലേക്കെത്തുന്നത്‌. താഴെ കൊടുത്തതു എന്റെ രീതി)

എക്‍സല്‍ വര്‍ക്ക്ഷീറ്റ്‌ ഉപയോഗിച്ചാണു ഞാന്‍ ഇതു ലളിതമായി ചെയ്യുന്നത്‌. (തെരക്കു ഭാവിച്ചു മോണിറ്ററില്‍ കണ്ണും നട്ടു വളരെ കൂര്‍മ്മതയോടെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെന്ന ബഹുമതി കിട്ടാന്‍ ഇതെന്നെ സഹായിക്കുന്നു. പ്രത്യേകിച്ചു റിസഷന്‍ കാലത്തു പണിയൊന്നുമില്ലാതെയിരിക്കുമ്പോള്‍.)
കമ്പ്യൂട്ടര്‍ എപ്പോഴും കിട്ടാത്തവര്‍ക്കു റബറും പെന്‍സിലും ഉപയോഗിച്ച്‌ കടലാസില്‍ കള്ളി വരച്ചെഴുതിയും മായ്ച്ചും ചെയ്യാം.
പ്രോഗ്രാം എഴുതി ചെയ്യാം പക്ഷെ ഈ "മസ" കിട്ടില്ല

1. ചോദ്യം സംഘടിപ്പിക്കുകയാണു ആദ്യ നടപടി.
(ഇന്റര്‍നെറ്റില്‍ നിന്നോ പത്ര മാസികകളീല്‍ നിന്നോ ഇതു യഥേഷ്ടം കിട്ടും. എവിടേയും ഇല്ലെങ്കില്‍ ഈ ബ്ലോഗില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്‌)
കള്ളികളും സംഖ്യകളും തെറ്റാതെ പകര്‍ത്തുക.
2. ഇനി രണ്ടാമതായി ഒഴിവുള്ള കള്ളികളില്‍ സാധ്യതയുള്ള (പ്രോബബിലിറ്റി) അക്കങ്ങള്‍ നിറക്കുകയാണു വേണ്ടത്‌.
ഒരു കള്ളിയില്‍ ഒരു അക്കം പെന്‍സിലു കൊണ്ടു എഴുതുമ്പോള്‍ അതുള്‍ക്കൊള്ളുന്ന ജയന്റ്‌ സ്ക്വയറിലെ നിരയിലും കുറുകെയിലും മിനി സ്ക്വയറില്‍ മൊത്തത്തിലും ആ സംഖ്യ നേരത്തെ സ്തിരപ്പെടുത്തിയിട്ടില്ലെന്നു ഉറപ്പു വരുത്തുക.
അങ്ങനെ ഒഴിഞ്ഞ കള്ളികള്‍ മുഴുവന്‍ പ്രോബബിള്‍ സംഖ്യകള്‍ പെന്‍സിലുപയോഗിച്ചു ഫില്ലു ചെയ്യുക.
3. ഇനി നിരീക്ഷണമാണ്‌.
ജയന്റു സ്ക്വയറിലെ നിരകളെ ഒന്നൊന്നായി നിരീക്ഷിക്കുക.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള അക്കങ്ങളാണല്ലോ വേണ്ടത്‌. ആ നിരയില്‍ എവിടെയെങ്കിലും എതെങ്കിലും ഒരു സംഖ്യ ഒരു പ്രാവശ്യം മാത്രമേ കാണുന്നുള്ളൂവെങ്കില്‍ ആ സംഖ്യ തന്നെ ആ കോളത്തില്‍ സ്‌ഥിരപ്പെടുത്തുക. (കാരണം ആ സംഖ്യ അനിവാര്യമാണ്‌). ആ കോളത്തിലെ മറ്റു സംഖ്യകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം മായിച്ചു കളയുക. അതോടപ്പം ജയന്റ്‌ സ്ക്വയറിലെ കുറുകെയുള്ള നിരയിലെ കള്ളികളില്‍ പ്രോബബിള്‍ ആയി പ്രസ്തുത സംഖ്യ ഉണ്ടെങ്കില്‍ അതിനെയെല്ലാം മായച്ചു കളയുക. പിന്നീട്‌ മിനി സ്ക്വയറില്‍ ആ സംഖ്യ എവിടെയെങ്കിലും പ്രോബബിള്‍ ആയിട്ടുണ്ടെങ്കില്‍ അതും മായിച്ചു കളയുക.
ഇങ്ങനെ ജയന്റു സ്ക്വയറിലെ ഒരോ നിരകളെയും ഒന്നൊന്നായി നിരീക്ഷിച്ചു മായ്ക്കാനുള്ളവയെ മായ്ക്കുക.

4. ഇനി ഇതേ പോലെ ജെയന്റു സ്ക്വയറിലെ കുറുകെയുള്ള നിരകളെയും നിരീക്ഷിക്കുക. ഒറ്റപ്പെട്ടതിനെ സ്ഥിരമാക്കി ബാക്കിയുള്ളവ മായ്ച്ചു കളയുക. അതോടപ്പം നിരയിലെ സംഖ്യകളുടെ പ്രോബബിലിറ്റിയും അപ്ഡേറ്റു ചെയ്യുക.

5. മൂന്നാമതായി മിനി സ്ക്വയറിലും ഇതേ പോലെ ഒറ്റപ്പെട്ട സംഖ്യയെ സ്ഥിരമാക്കുക. അതോടപ്പം ജയന്റ്‌ സ്ക്വയറിലെ വരിയും നിരയും പ്രോബബിലിറ്റി സംഖ്യകള്‍ അപ്ഡേറ്റ്‌ ചെയ്യുക.

6. ഒരു കള്ളിയില്‍ ഒരു സംഖ്യ സ്ഥിരമാവുമ്പോള്‍ അതുള്‍ക്കൊള്ളുന്ന ജെയന്റ്‌ സ്ക്വയറിലെ വരിയിലും കുറുകെയും മിനി സ്ക്വയറില്‍ മൊത്തത്തിലും ഉള്ള അതേ സംഖ്യക്കു പ്രസക്‍തിയില്ലാതാവുന്നു. നമുക്കു അവയെല്ലാം മായിച്ചു കളയാം.
7. മിനി സ്ക്വയറിലെ അടുത്തടുത്ത കള്ളികളില്‍ ഒരേ സംഖ്യ ആവര്‍ത്തിച്ചു വരികയും മിനിസ്ക്വയറില്‍ ആ സംഖ്യ വേറൊരു കള്ളിയിലും ഇല്ലാതിരിക്കുകയും അനുഭവപ്പെട്ടാല്‍ ആ കള്ളികള്‍ക്കു സമാന്തരമായ (നെടുകയോ കുറുകെയോ) മറ്റു രണ്ടു മിനിസ്ക്വയറിലെ ആ സംഖ്യയെ പ്രോബബിലിറ്റിയില്‍ നിന്നൊഴിവാക്കി മായിച്ചു കളയാം.

8. അവസാനം 81 കള്ളികളിലും സംഖ്യകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ സമസ്യ പരിഹരിച്ചു. ഉത്തരം ശരിയാണോ എന്നുറപ്പു വരുത്താന്‍ നെടുകയും കുറുകെയുമുള്ള ഒന്‍പതു കള്ളികളിലേയും സംഖ്യകള്‍ കൂട്ടിനോക്കുമ്പോള്‍ 45 കിട്ടുന്നുവെന്നുണ്ടെങ്കില്‍ ഉത്തരം കറാ കറക്ട്‌.
എങ്ങനെയുണ്ട്‌?
അഡിക്ടായി പണി കളയല്ലേ!

ചോദ്യപേപ്പര്‍
സാധ്യതാസംഖ്യകള്‍ നിറക്കല്‍


ഉത്തരത്തിലേക്കെത്തല്‍



53582

8 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ഇംഗ്ലീഷ്‌ വാക്കുകള്‍ കൊണ്ടുള്ള പദപ്രശ്‌നക്കസര്‍ത്തില്‍ തോറ്റ ജപ്പാനികള്‍ അക്കങ്ങള്‍ കൊണ്ടുള്ള സുഡുകു കസര്‍ത്തിനു ഈ ഇംഗ്ലീഷ്‌ വിദ്വാന്മാരെ വെല്ലുവിളിച്ചു. അതിനവരെ പ്രേരിപ്പിച്ച വികാരം നമുക്കു മനസ്സിലാക്കാം.
(കബഡിയില്‍ തോറ്റതു ഞാന്‍ ചെസ്സില്‍ പകരം വീട്ടും എന്നു "യോദ്ധ" എന്ന സിനിമയില്‍ മോഹന്‍ലാലിനോടു വീമ്പിളക്കുന്ന ജഗതിയെ ഓര്‍ത്താല്‍ മതി)

വികടശിരോമണി പറഞ്ഞു...

ബോബെയിലെ ശ്വാസം മുട്ടുന്ന ട്രൈയിൻ തിരക്കിൽ,ഈ കളി കളിക്കാനായി ഞാണിന്മേൽക്കളി കളിക്കുന്ന വിദ്വാന്മാരെ കണ്ട് നോക്കിനിന്നിട്ടുണ്ട്.എല്ലാ സായാഹ്നപത്രങ്ങളിലും ഒരു സുഡുകു എങ്കിലും ഉണ്ടാകും.അതു കളിക്കാതെ പലർക്കും ഉറക്കം വരില്ല.എന്റെ ഫോണിൽ ഈ കളി ഉണ്ടായ കുറ്റത്തിന് ഞാനനുഭവിക്കേണ്ടി വന്ന പീഡനങ്ങൾക്കു കണക്കില്ല.നമ്മുടെ ഫോണിൽ നിന്നു കോൾ ചെയ്യുന്നതിലും അന്നു ഭേദം വല്ല കോയിൻ ബൂത്തും അന്വേഷിക്കുന്നതായിരുന്നു.
എന്തായാലും,ഇതിനി അറിയാത്തവരെക്കൂടി പഠിപ്പിച്ച് കൂടുതൽ ഉപദ്രവമുണ്ടാക്ക്,മാഷേ.:)

ഗൗരിനാഥന്‍ പറഞ്ഞു...

അതു ശരി , അപ്പൊ എന്റെ ആപ്പീസിലും ഈ അഭ്യാസം ഉണ്ടാവൂലോ, ,ശരിയാക്കി തരാം എല്ലാത്തിനെം..എന്തായാലും മാഷെ ഇങ്ങള് കുറെ ആള്‍ക്കാരുടെ പണി കളയണ പണിയല്ലേ ഈ രഹസ്യം പുറത്ത് വിട്ടതിലൂടെ നടത്തിയത്

പാവത്താൻ പറഞ്ഞു...

Its such an interesting game..
Gives exercise to the brain, prevents alsheimers...
An incorrigible addict...

അലിഫ് /alif പറഞ്ഞു...

എന്റെ എട്ട് വയസുകാരി ഇതിന്റെ അഡിക്റ്റാണ്;യാത്രകൾക്കിടയിലൊക്കെ ഒരു സുഡോക്കു തുണ്ട് പേപ്പറിൽ കിട്ടിയാൽ ആള് ഹാപ്പിയാകും.അവളുടെ പ്രാന്ത് കണ്ട് എൽ.സി.ഡി ഡിസ്പ്ലേയുള്ള ഒരെണ്ണം പുന്നാരത്തിൽ വാങ്ങികൊടുത്തപ്പോൾ അവളുടെ കമന്റ് “ഇത് പെട്ടന്ന് മടുക്കും, പേപ്പറിൽ മായ്ച്ച് മായ്ച്ച് എഴുതി കണ്ടുപിടിക്കുന്നതാണ് അതിന്റെ ഒരു രസം” ക്ഷമയില്ലാത്തതിനാലാവും എനിക്കീ സുനാപ്പി അത്ര വഴങ്ങുന്നില്ല; എങ്കിലും അവസാന ഉത്തരങ്ങൾ ചെക്ക് ചെയ്യുമ്പോൾ ഭയങ്കര സന്തോഷവും.
സുഡോക്കു ബൂലോകത്തിനു പരിചയപ്പെടുത്തിയതിനു ആശംസകൾ.

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

Hi Mashe,

www.websudoku.com enna site nokkoo. Downlodum cheyyaaam.

കരീം മാഷ്‌ പറഞ്ഞു...

വികട ശിരോമണി :- അഭിപ്രായത്തിനു നന്ദി. ഇതു എല്ലായിടത്തും അഡിക്ടായല്ലേ? പണ്ടു റോബിക് ക്യൂബും ഇങ്ങനെ ത്തന്നെയായിരുന്നു.
ഗൌരി നാഥന്‍:- ഇതും കളിച്ചു ബ്ലോഗില്‍ നല്ല പോസ്റ്റിടാന്‍ മറക്കല്ലെ!
ഞാന്‍ എല്ലാ പോസ്റ്റും വായിച്ചൂട്ടോ! കലക്കന്‍ അനുഭവങ്ങള്‍.:)
പാവത്താന്‍ :- നന്ദി. അള്‍ഷിമേഴ്സു തടയുമെങ്കില്‍ ഞാന്‍ ഇനി ഇതു ഇനിയും തുടരും.
അലിഫ്, :- ശരിയാണു കുട്ടികള്‍ക്കാണു കൂടുതല്‍ താല്പര്യം. ഇതു വെച്ചൊരു മത്സരം നടത്താന്‍ പരിപാടിയുണ്ട്.
തൃശൂര്‍ക്കാരന്‍:- ആഹാ ഇതു കൊള്ളാമല്ലോ! നന്ദി ഇനി ഞാ‍ന്‍ ആ ലിങ്കില്‍ ഓഫ് ലൈനില്‍ തന്നെയായിരിക്കും.

Hari | (Maths) പറഞ്ഞു...

കൊള്ളാല്ലോ കരീം മാഷേ,
സുഡോക്കു പൂരിപ്പിക്കാന്‍ എക്സെലും ഉപയോഗിക്കാമെന്ന ഈ കണ്ടെത്തല്‍ അസ്സലായി. ഇനിയും ഇത്തരത്തിലുള്ള അറിവുകള്‍ പങ്കുവെക്കാന്‍ എത്തണം.