2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

കുഞ്ഞാണി

ഇന്നു ഞാനൊരു "കഥ" പറഞ്ഞു.
"കുഞ്ഞാണി" യുടെ കഥ.
നാൽപ്പത്തെട്ടു വർഷം മുമ്പു പഠിച്ച അതേ സ്കൂളിലെ പുതു തലമുറ എൽ.പി യു.പി കുട്ടികളുടെ മുന്നിൽ.
ഇന്ന് Gmup Irumbuzhi യിൽ  വായനാവാരത്തിന്റേയും  സ്കൂളിന്റെ നവമിയാഘോഷത്തിന്റേയും തുടക്കമായിരുന്നു.
നീണ്ട ഔപചാരിക പ്രസംഗങ്ങൾക്കും ആശംസകൾക്കും ഇരയായി നിന്നും ഇരുന്നും ക്ഷീണിതരായിരുന്നു കുട്ടികൾ. എനിക്ക് കിട്ടിയത് അവസാന ഊഴമായിരുന്നു.
കുട്ടികളെ അധികം വിഷമിപ്പിക്കാതെയും ബോറടിപ്പിക്കാതെയും  ഒരു പ്രസംഗം പെട്ടന്നു നടത്തി മടങ്ങണമെന്നായിരുന്നു മനസ്സിൽ.!
പക്ഷെ മൈക്ക് കയ്യിലെടുത്തപ്പോൾ വായനയുടെ പ്രസക്തി പറയുന്ന കൂട്ടത്തിൽ എഴുത്തിന്റെ പ്രസക്തി കൂടി പറയേണ്ടി വന്നു. എഴുതാതെ വായനയില്ല. വായിക്കാതെ എഴുതാനുമാവില്ല. രണ്ടും ഒന്നിനൊന്നു താങ്ങ്.!

ഒന്നു മുതൽ പത്തു വരെ പഠിച്ചത് ഇതേ സ്കൂളിലാണ്. വായിച്ചതും പഠിച്ചതും എഴുതിയതും എഴുതാൻ പ്രചോദനമേകിയതും ഇതേ സ്കൂളാണ്.
ആദ്യമായി രണ്ടാമതൊരാൾ കണ്ട എന്റെ "കഥ" വെളിച്ചം കണ്ടതീ സ്കൂളിലാണ്.

ആ ഒരു കഥയാണ്. "കുഞ്ഞാണി"യുടെ കഥ.
ആ കഥ തന്നെ പറയാം. കേൾക്കാനിഷ്ടമുണ്ടോ?.എന്ന ചോദ്യത്തിനു "കഥ" ക്കു കുഞ്ഞുങ്ങൾ നൽകുന്ന "വാം വെൽക്കം" മറുപടി കിട്ടി.
ഞാൻ കഥ തുടങ്ങി.
"കുഞ്ഞാണി" നിങ്ങളിലൊരാളാണ്. ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ്.
അന്ന് എല്ലാവർക്കും വീട്ടിൽ ഓരോ ഓമനപ്പേരുണ്ടാവും. "നാണി, കുഞ്ഞിപ്പ, മാനു, ചെറിപ്പ, കുഞ്ഞോള്, പെണ്ണുമ്മ".... അങ്ങനെ വിളിക്കാൻ എളുപ്പവും ഇമ്പവുമുള്ള  ഓരോന്ന്.
വീട്ടിലെ വിളിപ്പേരു സ്കൂളിൽ ലീക്കായതോടെ കുഞ്ഞാണിയുടെ ശരിക്കുള്ള പേര് ഹാജർപട്ടികയിൽ മാത്രമായി...!
കുഞ്ഞാണി പാവപ്പെട്ടവനായിരുന്നു. (അന്നു നമ്മുടെ ഈ നാട്ടിലെ തൊണ്ണൂറു ശതമാനം ജനങ്ങളും  പാവങ്ങളായിരുന്നു.) സർക്കാറുകളും പാവങ്ങളായിരുന്നു. അതിനാൽ ഇന്നത്തെപ്പോലെ യൂനിഫോമോ, ഉച്ചച്ചോറോ, പുസ്തകങ്ങളോ സൗജന്യമായി നൽകാൻ സർക്കാറിനാവുമായിരുന്നില്ല.
എല്ലാരും ഉച്ചഭക്ഷണം വീട്ടിൽ നിന്നു കൊണ്ടു വരണം. ഇല്ലാത്തവനില്ല. പട്ടിണി തന്നെ...! 
ചിലർ കഴിച്ചു കഴിഞ്ഞുള്ള ബാക്കി ഭക്ഷണം സ്കൂൾ മതിലിനോട് ചേർന്ന റോഡ് സൈഡിലുള്ള അഴുക്കു ചാലിൽ കൊണ്ടിടലായിരുന്നു പതിവ്. (അന്ന് ചാൽ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയിട്ടില്ല).
ഉടുപ്പും ഉച്ചഭക്ഷണവും നോക്കി ഒരു കുട്ടിയുടെ വീട്ടിലെ സാമ്പത്തിക നില മനസ്സിലാക്കാം. ഉച്ചക്ക് ഊണിനൊപ്പം ഇറച്ചിയോ മീൻ പൊരിച്ചതോ ഓംലെറ്റോ കൊണ്ടു വരുന്ന അപൂർവ്വം സമ്പന്ന വീട്ടിലെ കുട്ടികൾ ഉണ്ടാവും. അവരിൽ ചിലർ ദരിദ്രവീട്ടിലെ കുട്ടികളുടെ ശുഷ്കമായ ഉച്ചഭക്ഷണത്തെ നോക്കി പരിഹസിക്കൽ പതിവായിരുന്നു. അതിനാൽ
കുഞ്ഞാണി അടക്കമുള്ള ദരിദ്ര വിദ്യാർത്ഥികൾ ഇത്തരക്കാരിൽ നിന്നും  ദൂരെ മാറി ഇരുന്നാവും ഭക്ഷണം കഴിക്കുക.

കുഞ്ഞാണിയുടെ സുന്നത്തിനു ശേഷമാണ് കഥ നടക്കുന്നത്.
വെക്കേഷൻ സമയത്താണ് സുന്നത്ത് കഴിക്കുക. അതു കഴിഞ്ഞാൽ കുറച്ചു നാൾ തുണി കൊണ്ടു മച്ചിൽ നിന്നു ടെൻഡ് തൂക്കിയിട്ട് "പുണ്ണുണങ്ങുന്നതു വരെ" അതിനടിയിൽ വിശ്രമിക്കണം. ഈ സമയത്ത് ബന്ധുക്കളും കുടുംബക്കാരും അയൽക്കാരും വന്നു കാശോ പലഹാരങ്ങളോ സമ്മാനിക്കും. കുഞ്ഞാണിക്കും സുന്നത്ത് കഴിഞ്ഞ് കുറേ കാശ് കിട്ടി.
കുഞ്ഞാണിയുടെ ഉമ്മ അതു കൊണ്ട് അവനൊരു കോഴിയെ വാങ്ങിക്കൊടുത്തു. കോഴിയും ആടും പശുവും വളർത്തലായിരുന്നു അന്നത്തെ അമ്മമാരുടെ, ഉപ സാമ്പത്തിക സ്രോതസ്സ്. കുട്ടികളുടെ സ്കൂൾ സ്റ്റേഷനറികൾ വാങ്ങാൻ കോഴിമുട്ട വിൽപ്പന വീട്ടമ്മമാർ സ്വനിയന്ത്രണത്തിൽ മാനേജ് ചെയ്തിരുന്ന കാലം. കോഴിമുട്ട വാങ്ങാൻ "കോഴിമെയ്തി" വരും. ദൂരെ നിന്നേ കേൾക്കാം...   "കോഴിണ്ടോ? മുട്ടണ്ടോ?" വിളി.
മുട്ട വിൽക്കുന്ന ദിവസം കുഞ്ഞാണി ഉമ്മാനോടു പറഞ്ഞു ഉമ്മാ..  എല്ലാ മുട്ടേം വിൽക്കേണ്ടാ...ഒരു മുട്ട എനിക്ക് പൊരിച്ചു തരണം. ഇന്നു സ്കൂളിലേക്കു കൊണ്ടു പോകാനാണ്.
സ്കൂളിലേക്കു പോകാൻ പാത്രത്തിൽ ചോറ് നിറച്ച് കഴിഞ്ഞിട്ടാണ് കുഞ്ഞാണി ഇത് ഉമ്മാനോട് പറയുന്നത്.
ഉമ്മാക്ക് വിഷമമായി. ഉമ്മ പറഞ്ഞു ഇനി മുട്ട പൊരിക്കാൻ നിന്നാൽ നേരം വൈകും.  ഒരു കാര്യം ചെയ്യ്..., നീ സ്കൂളിലേക്ക് പോയ്ക്കോ ഞാൻ മുട്ട പൊരിച്ച് ചോറ്റു പാത്രം 'അമ്മച്ചിന്റെ ചന്തൂന്റെ' കയ്യിൽ കൊടുത്തയക്കാം.
കുഞ്ഞാണി സന്തോഷത്തോടെ സ്കൂളിലേക്കോടി.
"ഇന്നു ബെഞ്ചിലെല്ലാരുടെയും  ഒപ്പമിരുന്ന് ചോറ്റു പാത്രം തുറക്കണം. എണ്ണയിൽ വറുത്ത ചെറിയുള്ളിയുടെ മണമുള്ള പൊരിച്ചമുട്ട കാട്ടി കൊതിപ്പിക്കണം.

ഉച്ചയൂണിന്നു ബെല്ലടിച്ചപ്പോൾ ഗേറ്റിനടുത്ത് ചന്തുവിനെ കാത്തു നിന്നു.
ചന്തുവിനെ കാണുന്നില്ല. കാത്തു നിന്നു കുഴങ്ങി. മറ്റു കുട്ടികൾ ഊണു കഴിച്ച് ഉച്ഛിഷ്ടം കളഞ്ഞു പാത്രം കഴുകാൻ തുടങ്ങിയിരിക്കുന്നു.
അപ്പോൾ ദൂരേന്നു കണ്ടു. ചന്തു ഓടി വരുന്നു.  ഉമ്മ വാക്കു പാലിച്ചു ചന്തു കടമയും. ചോറ്റുപാത്രം വാങ്ങി തുറന്നു നോക്കി.
മുകളിൽ തന്നെയുണ്ട്. വെളിച്ചെണ്ണയിൽ ഉള്ളി മൂപ്പിച്ചു പൊരിച്ച കോഴിമുട്ട. അടച്ച് സ്കൂളിലേക്കു കയറുമ്പോൾ ഒരു കാഴ്ച കണ്ടു. കുട്ടികൾ മുകളിൽ നിന്നിട്ട ഭക്ഷണ അവശിഷിടങ്ങളിൽ നിന്നു അഴുക്കാവാത്ത വറ്റുകൾ ഒരു ഞെളുങ്ങിയ പിഞ്ഞാണത്തിലേക്ക് വാരിയെടുക്കുന്ന ഒരു ഭ്രാന്തൻ യാചകൻ.!
കുഞ്ഞാണി ആ കാഴ്ച നോക്കി നിന്നു . മുന്നോട്ടു നീങ്ങാനാവാതെ അവൻ ചലനമറ്റു നിന്നു. അയാൾ പിന്നെയും ഇത്തിരി വറ്റിനായി ആ പാറക്കല്ലുകൾക്കിടയിൽ വിരലിട്ടു പരതുകയാണ്.
കുഞ്ഞാണി ഏതോ അന്തർപ്രേരണയിലെന്ന വിധം വേഗം അയാളുടെ അടുത്തേക്കോടി ചെന്നു. ആ പിഞ്ഞാണം പിടിച്ചു വാങ്ങി, അതിലെ അഴുക്കായ ഭക്ഷണം കമഴ്ത്തിക്കളഞ്ഞു. പകരം തന്റെ ചോറ്റു പാത്രം അപ്പടി ആ പിഞ്ഞാണത്തിലേക്കു കമഴ്ത്തി.
അതയാൾക്കു നീട്ടി. അയാളുടെ കണ്ണിലൊരു തിളക്കം..!,
അയാൾ ആർത്തിയോടെ അതു വാങ്ങി തിന്നാൻ തുടങ്ങി...
കുഞ്ഞാണി അതു നോക്കി നിൽക്കവെ ബെല്ലടിച്ചു. വെറും വയറോടെ പാത്രം കഴുകി ക്ലാസ്സിലേക്കു കയറാൻ നേരം അയാളെ ഒന്നു കൂടി കാണാൻ മതിലിനു മുകളിലൂടെ കീഴോട്ടു നോക്കി. അയാൾ ഭക്ഷണം ആർത്തിയോടെ തിന്നുകയാണ്.  പക്ഷെ അതിലുണ്ടായിരുന്ന പൊരിച്ച കോഴിമുട്ട അയാൾക്കിഷ്ടമില്ലാത്തതിനാലാവും  അയാൾ മലിനജലം തളം കെട്ടിയ ആ  അഴുക്കുചാലിലേക്ക് എറിഞ്ഞു കളയുന്നതവൻ കണ്ടു.
മൊരിഞ്ഞ ഉള്ളിയുടെ മണവും മഞ്ഞ നിറവുമുള്ള ആ വിശിഷ്ട വിഭവം അഴുക്കിന്റെ ആഴങ്ങളിലേക്കു പോകുന്നത് കുഞ്ഞാണി കണ്ണീരിന്റെ നനവിനിടയിലൂടെ അവ്യക്തമായി കണ്ടു.

കഥ കഴിഞ്ഞു.
ശ്രദ്ധിച്ച മിക്ക കുട്ടികളുടെയും  കണ്ണിലെ ആർദ്രത ഞാൻ  തിരിച്ചറിഞ്ഞു.
പ്രസംഗം നിർത്തും മുമ്പെ
ഞാനൊന്നു കൂടി കൂട്ടിച്ചേർത്തു. ഇപ്പഴും ഇതു വഴി പോകുമ്പോൾ ആ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ  മൊരിഞ്ഞ ഉള്ളി തൂവിയ ആ  പൊരിച്ച മുട്ടയുടെ  മഞ്ഞനിറം കാണാനാവുമോ? എന്ന് ഞാൻ ചിന്തിക്കാറുണ്ട്. കാരണം അന്നത്തെ ആ കുഞ്ഞാണി ഞാൻ തന്നെയായിരുന്നോ എന്നിനിക്കിപ്പോഴും തോന്നാറുണ്ട്.