003 “അക്ഷര“ ഓര്‍മ്മയാകുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
003 “അക്ഷര“ ഓര്‍മ്മയാകുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008, ഏപ്രിൽ 16, ബുധനാഴ്‌ച

“അക്ഷര“ ഓര്‍മ്മയാകുന്നു

പഴയൊരു ചടങ്ങിന്റെ ചിത്രം
മറ്റൊരു അവാര്‍ഡുദാന ചടങ്ങില്‍ നിന്നൊരു ചിത്രം
വേദനയോടെ!
പുതുക്കിയ പാഠ്യപദ്ധതി പ്രകാരം ട്യൂഷന്‍ ക്ലാസ്സുകള്‍ക്കു പ്രസക്തി നഷ്ടപ്പെട്ടതിനാലും,
പുതിയ തലമുറ ഡോക്ടര്‍,എഞ്ചിനീയര്‍, ഐ.ടി എന്നിവയില്‍ കുറഞ്ഞ ഒരു സ്ഥാനവും കൊണ്ടു തൃപ്തരല്ലാത്തതിനാലും സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ പുതിയ തലമുറ മുന്നോട്ടു വരുന്നില്ലന്നെതിനാലും
"അക്ഷര"
ഈ വര്‍ഷം മുതല്‍ ഓര്‍മ്മകളില്‍ മാത്രമാവുകയാണ്‌.
ഒരു പാടു നല്ല സൗഹൃദനിമിഷങ്ങള്‍ സമ്മാനിച്ച,
അറിവുകള്‍ നേടുകയും നല്‍കുകയും ചെയ്യാന്‍ സഹായകമായ ആ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതാവുമ്പോള്‍
പ്രവാസകാലത്തിന്റെ ഇടവേളകളില്‍ ഞങ്ങള്‍ക്കു സമ്മേളിക്കാനുണ്ടായിരുന്ന
ഏക താവളം നഷ്ടപ്പെടുക കൂടിയാണ്‌.
അക്ഷരക്കാലത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഞാന്‍ സ്വീകരിച്ച എന്റെ തൂലികാനാമം
"കരീം മാഷ്‌"
എന്നതു മാത്രം എനിക്കു നഷ്ടപ്പെടാതിരിക്കട്ടെ എന്നൊരാശമാത്രം ബാക്കിവെക്കുന്നു
ഇതു എന്റെ അക്ഷരകൂട്ടുകാര്‍ക്കു സമര്‍പ്പിക്കുന്നു.
വീണ്ടും അക്ഷരയിലെ അധ്യാപനകാലത്തെ ഒരു ഓര്‍മ്മ
മടുപ്പിക്കുന്ന പ്രീഡിഗ്രി എക്കണോമിക്സ്‌ ക്ലാസ്സുകളോ,
ഒമ്പതാം തരത്തിലെ ഫിസിക്സോ അല്ലെങ്കില്‍ ജിയോഗ്രഫിയോ
ക്ലാസ്സ് എടുത്തു സ്റ്റാഫ്‌ റൂമില്‍ മടങ്ങിയെത്തുന്ന ഏതൊരു ടീച്ചിംഗ്‌ സ്റ്റാഫിനും
അപ്പര്‍ പ്രൈമറിയിലെ ട്യൂഷനുകള്‍ ഒരു റിഫ്രഷ്‌മന്റ്‌ കം റിലാക്സ്‌ ക്ലാസ്സായിരുന്നു.
കാരണം ഓരോ ക്ലാസ്സിലും സ്റ്റുഡന്‍സിന്റെ എണ്ണം കുറവ്‌
(കൂടിപ്പോയാല്‍ ആണും പെണ്ണുമായി പത്തുപേരുണ്ടാവും).
എല്ലാം നല്ല ബ്രൈറ്റ്‌ സ്റ്റുഡന്‍സ്‌.
സെന്‍സോഫ്‌ ഹ്യൂമര്‍ പടച്ചവനോടു പ്രത്യേകം ഓര്‍ഡര്‍ കൊടുത്തു ജന്മം ചോദിച്ചു വാങ്ങി ഭൂമിയിലിറങ്ങിയ ഇനങ്ങള്‍.
(അവരൊക്കെ ഇന്നു എല്ലാം നല്ല നിലയില്‍ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷം)

അവരുമൊത്തുള്ള ചില നര്‍മ്മനിമിഷങ്ങള്‍ ഈ പുട്ട് അന്‍ എന്‍ഡ് റ്റു എസ്.എം.എസ് മെസ്സേജു കിട്ടിയപ്പോള്‍
ഓര്‍മ്മയില്‍ പെട്ടെന്നു മിന്നി മറയുകവഴി
അവ ഇനിയൊരിക്കലും ഓര്‍ത്തിലങ്കിലോ എന്നു ശങ്കിച്ചു ഞാനവയൊന്നിവിടെ കുറിച്ചിടട്ടെ!

ഇനി ഓര്‍മ്മ വരുന്നവ ആ മുറക്കു കുറിച്ചു വെക്കാന്‍ ഈ പോസ്റ്റു ഞാന്‍ മാറ്റി വെക്കുന്നു.

ഓര്‍മ്മ - 1

ഒരിക്കല്‍ "അക്ഷര"യുടെ മുകളിലെ വരാന്തയില്‍ നിന്നു താഴേക്കു വിരല്‍ ചൂണ്ടി സംഘമായി ഉച്ചത്തില്‍ പാടുന്ന ചെമ്മീനിലെ ഗാനം കേട്ടാണു ഞാന്‍ സ്റ്റാഫ്‌ റൂമില്‍ നിന്നു ഒറ്റക്കുതിപ്പിനു വരാന്തയിലെക്കു ചെന്നത്‌.

കണ്ടതോ!
"ഒരു നല്ല "കോരു" ദാ.. കടലമ്മേ!"
എന്ന സംഘഗാനം തെങ്ങുകയറ്റക്കാരന്‍ "കോരു" വിന്റെ നേര്‍ക്കു വിരല്‍ ചൂണ്ടി പാടുന്നതവര്‍ താളസമൃദ്ധമായ കോറസിലും.(കോരുവിന്റെ മുന്‍ശുണ്ഠിയറിയാവുന്ന എനിക്കു ആ തിരു നാവില്‍ നിന്നു തിരിച്ചു വരുന്ന തെറികള്‍ ശിഷ്യഗണത്തിനു മുന്നില്‍ വെച്ചുകേട്ടു തീര്‍ക്കാന്‍ മറ്റൊരു ജന്മം കൂടി വേണ്ടി വരുമെന്നു ഉള്‍വിളിയുണ്ടായാപ്പോള്‍ പിള്ളാരെ അടിക്കന്‍ ഓങ്ങിയ കൈകൊണ്ടു തള്ളിവന്ന ചിരി പൊത്തി ഞാന്‍ സ്റ്റാഫ്‌ റൂമിലേക്കു തിരിച്ചോടിയൊളിച്ചു.

ഓര്‍മ്മ- 2

മറ്റൊരിക്കല്‍ രാജേഷെന്ന വിദ്യാര്‍ത്ഥി ലീവായതിന്റെ കാരണം ചോദിച്ചപ്പോള്‍ പ്രമോദെന്ന വിദ്യാര്‍ത്ഥി പറഞ്ഞ മറുപടി ഒരു ഞെട്ടലെന്നിലുണ്ടാക്കിയതിന്റെ ജാള്യം ഇന്നും മറന്നിട്ടില്ല.

"അവന്‍ വരാത്തതിന്റെ കാരണം അറിയില്യ സാര്‍","

പക്ഷെ അവന്റെ അമ്മ അവിടെ ഒരു കയറില്‍ തൂങ്ങിക്കിടക്കുന്നതു ഞങ്ങള്‍ കണ്ടു".
ഒരു നിമിഷം ആകെ സ്തംഭിച്ചു പോയി.
കലക്ട്രേറ്റിലെ N.G.O. വനിത രമേഷ്‌ മിനിഞ്ഞാന്നു കൂടി ഫീസു തരാന്‍ ഓഫീസില്‍ വന്നിരുന്നു.

ഒരു മിനിട്ടു എന്നിലെ വിഢിഢിത്തം നന്നായി ആസ്വദിച്ച ശേഷം അവര്‍ തിരുത്തി

" വനിത ആ ബുക്സ്റ്റാളിന്റെ മുന്നില്‍ ഒരു കയറില്‍ തൂക്കിയിട്ടിട്ടുണ്ട്‌. അതാണ്‌ ഞങ്ങള്‍ പറഞ്ഞത്‌".

എല്ലാ അധ്യാപകരും സ്വന്തം ചമ്മലു തീര്‍ക്കാന്‍ വടി വീശാറില്ലാത്തതിനാല്‍ ഞാന്‍ എന്റെ ചിരിയും ചമ്മലും വിഴുങ്ങി തീര്‍ത്തു.

ഓര്‍മ്മ- 3 ............................

അക്ഷരയുടെ ആരംഭകാലം!
സ്വയംതൊഴില്‍ കണ്ടെത്തലിനും തൊഴിലില്ലായ്മ വേതനത്തിനു അപേക്ഷിക്കാന്‍ പോലും S.S.L.C സര്‍ട്ടിഫിക്കേറ്റു വേണമെന്ന നിബന്ധന വന്നപ്പോള്‍ പ്രായം കവിഞ്ഞ പലരും പത്താം തരമെഴുതാന്‍ നിര്‍ബന്ധിതരായി.
രാത്രിയില്‍ അവര്‍ക്കു പ്രത്യേകമായി ഒരു ക്ലാസ്സു നടത്തുമോ എന്ന ആവശ്യം അഭ്യര്‍ത്ഥനയായി പലരില്‍ നിന്നും പലവട്ടം വന്നപ്പോള്‍ ഒഴിഞ്ഞു മാറാന്‍ പിന്നെ ഞങ്ങള്‍ക്കായില്ല.
രാത്രിയിലെ ക്ലാസ്സുകള്‍ക്കു രഹസ്യസ്വഭാവമുള്ളതിനാല്‍ പകല്‍ വെട്ടത്തില്‍ പുസ്തകം ചുമന്നു നടക്കുന്നതിലെ ചമ്മലൊഴിവാക്കാമെന്നതും,നിലവിലുള്ള ജോലിയെ പഠനം ബാധിക്കില്ലന്നതും പണ്ടു കൂടെ പഠിച്ചിരുന്ന കൂട്ടുകാരാല്‍ പഠിപ്പിക്കപ്പെടുന്നതിലുള്ള സ്വാതന്ത്ര്യവും സുഖവും നല്ലതാണെന്നു ചിന്തിക്കുകയാലുമാവാം അക്ഷരയുടെ ആദ്യത്തെ നിശാ പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ S.S.L.C. ക്ലാസ്സിലേക്കു നല്ല തെരക്കായിരുന്നു.
ഒരു ക്ലാസ്സില്‍ കൊള്ളാഞ്ഞിട്ടതു പിന്നെ രണ്ടു ക്ലാസ്സാക്കി.

പഠിതാക്കളെല്ലാം (പ്രായം കവിഞ്ഞ വിദ്യാര്‍ത്ഥികളെ സംബോധന ചെയ്യാന്‍ പുതിയ വാക്കു കണ്ടുപിടിച്ച കേരള സാക്ഷരതാമിഷനു നന്ദി) സ്ഥലത്തെ ആശാരിമാര്‍, പടവുകാര്‍ കോണ്‍ക്രീറ്റുപണിക്കാര്‍, കച്ചവടക്കാര്‍ തുടങ്ങി ഇരുമ്പുഴിയിലെ അധ്വാനിക്കുന്ന ജനസമൂഹത്തിന്റെ ഒരു നല്ല ക്രോസ്‌സെക്ഷന്‍ തന്നെയായിരുന്നു.
അവര്‍ക്കു ക്ലാസ്സെടുക്കുക എന്നതിത്തിരി കഠിനം തന്നെയായിരുന്നെങ്കിലും ആ അനുഭവം ഞങ്ങളോരോരുത്തരുടേയും ഭാവി ജീവിതത്തിനും സാമൂഹിക ഇടപെടലിനും ആവശ്യമായ വീക്ഷണങ്ങളിലൊരുപാടു മാറ്റം വരുത്താന്‍ പ്രേരണ തന്നു.

നേരം പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ട്യൂഷന്‍ ക്ലാസ്സുകളില്‍ മാറി,മാറി ക്ലാസ്സെടുത്തു തളര്‍ന്ന ഞങ്ങള്‍ക്കു നിശാക്ലാസ്സില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ലങ്കിലും അതിനു വേണ്ടതൊക്കെ ഒരുക്കിയ അര്‍പ്പണബോധവും സ്നേഹവുമുള്ള പഠിതാക്കള്‍ ഞങ്ങള്‍ക്കേറെ ഊര്‍ജ്ജം പകര്‍ന്നു.
രണ്ടു അധ്യാപകര്‍ ക്ലാസ്സില്‍ കയറുമ്പോള്‍ ബാക്കിയുള്ളവര്‍ സ്റ്റാഫ്‌ റൂമില്‍ ഡിബേറ്റും ചര്‍ച്ചയും മറ്റുമായി സഹകരിച്ചിരിക്കും. രാത്രി ക്ലാസ്സു തീര്‍ന്നു എല്ലാരും ഒന്നിച്ചിറങ്ങി വീടുകളിലേക്കു പിരിഞ്ഞു പോകുന്നതു വരെ രസകരമായ നല്ല നിമിഷങ്ങള്‍.

മിക്ക ദിവസങ്ങളിലും ഇടവേളകളില്‍ ഒപ്പമിരുന്നു കഴിക്കാന്‍ എന്തെങ്കിലും കൊണ്ടേ ആരെങ്കിലുമൊക്കെ വരികയുള്ളൂ.ഇടവേളകളില്‍ തീറ്റയും സൊറപറച്ചിലുമായി ആ നിശാക്ലാസ്സ്‌ നല്ല രീതിയില്‍ നടന്നു.
അതിനിടയിലാണ്‌ ഏതോ ഒരു പഠിതാവിനൊരു ബുദ്ധിയുദിച്ചത്‌.

മേലെ അങ്ങാടിയില്‍ അന്തിക്കു "ഈച്ചയാട്ടി" ഇരിക്കുന്ന "കോട്ടിലമ്പാഴങ്ങയുടെ"ആ ഓംലറ്റു വണ്ടി നമുക്ക്‌ ഇങ്ങോട്ടു വരുത്തിയാലോ?
ക്ലാസ്സിടവേളയില്‍ വിശക്കുമ്പോള്‍ ഓംലറ്റും കാപ്പിയും കഴിക്കാലോ?
രണ്ടു ക്ലാസ്സിലുമായി പത്തു നാല്‍പ്പതു പേരുണ്ട്‌.
തൊഴിലുള്ളവരായതിനാല്‍ കയ്യിലെപ്പോഴും കാശുണ്ട്‌, ചെലവഴിക്കാന്‍ മനസ്സും.
കച്ചവടം നടന്നാല്‍ അവനും ഒരു കാര്യമായി.

പഠിതാക്കള്‍ ഞങ്ങളധ്യാപകരുമായി ആലോചിച്ചു
"കോട്ടിലമ്പഴങ്ങ" എന്നതു ഓമനപ്പേരാണ്‌.
പക്ഷെ അവന്റെ പെരുമാറ്റം അത്രക്കു ഓമനയല്ല.

കേള്‍പ്പിച്ചു ആരും അവനെ ആ പേരു വിളിക്കാറില്ല.
നീട്ടി വിളിക്കാന്‍ മടിയുള്ളവര്‍ പരിഷ്ക്കരിച്ചതു "കോട്സ്‌" എന്നു വിളിക്കും.

ചെറുപ്പത്തില്‍ മുണ്ടിനീരു വന്നതിന്റെ 'മൊമന്റോ'യായി എല്ലാക്കലത്തേക്കുമായി ദൈവം കൊടുത്തതാണ്‌ കീഴ്‌ത്താടിയില്‍ തൂങ്ങി നില്‍ക്കുന്ന അമ്പഴങ്ങ വലിപ്പത്തില്‍ ഒരു മുഴ.
അത്രയെങ്കിലും അവനു കൊടുത്തില്ലങ്കില്‍ പിന്നീട്‌ ദൈവത്തിനെ വലിച്ചിറക്കി ആ സിംഹാസനത്തില്‍ അവന്‍ കേറിയിരുന്നു കളയുമോ എന്നു ദൈവത്തിനന്നു തന്നെ സംശയം തോന്നിക്കാണും.

സ്കൂളിന്റെ പിന്നിലെ അമ്പാഴമരത്തില്‍ കയറി, അമ്പഴങ്ങ കട്ടറുത്തു തിന്നവേ പുതുതായി വന്ന മാഷാണു അവനെ കയ്യോടെ പിടികൂടിയത്‌.
തുപ്പിക്കളയാന്‍ പറഞ്ഞിട്ടും അനുസരിക്കാത്ത അവനെ പൊതിരെ തല്ലുന്നതു കണ്ട്‌ ഒരു ടീച്ചര്‍ എത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതു വരെ അവന്റെ വായിലിരിക്കുന്നതു അമ്പഴങ്ങയാണെന്നു തെറ്റിദ്ധരിച്ച മാഷ്‌ തനിക്കു പറ്റിയ തെറ്റിനു ക്ലാസ്സില്‍ പരസ്യമായി മാപ്പു പറഞ്ഞപ്പോഴാണു അവനു നാടു മുഴുവന്‍ പുകഴ്‌പെറ്റ അവന്റെ ആ ഓമനപ്പേരു സ്ഥിരമായി കിട്ടിയത്‌.
പക്ഷെ അതിനു ശേഷം ആരും ആ പേരില്‍ മാപ്പുപറയുന്നതു അവനു ഇഷ്ടമല്ലാതായി.

കയ്യിരിപ്പിന്റെ ഗുണം കൊണ്ടു തന്നെയാവണം അവനു സ്കൂളില്‍ അധികം കഷ്ടപ്പെട്ടിരിക്കേണ്ടിവന്നില്ല.
പക്ഷെ മുതിര്‍ന്നപ്പോള്‍ നാലു ചക്രമുള്ള ഉന്തുവണ്ടിയില്‍ ഓംലറ്റും കാപ്പിയും വിറ്റു അവന്‍ നാലും നാലു പതിനാറു ചക്രം ഉണ്ടാക്കാന്‍ മിടുക്കനായി.
എങ്കിലും നാട്ടില്‍ എവിടെയെങ്കിലും ഒരു കുഴപ്പമുണ്ടായാല്‍ ആദ്യം കേള്‍ക്കുന്ന പേരില്‍ ഏതു ഇബ്‌ലീസിന്റെയും കൂടെ അവന്റെയും ഉണ്ടായിരുന്നു.

ഞങ്ങള്‍ അധ്യാപകര്‍ പലവട്ടം ചിന്തിച്ചു.
"കോട്ടിലമ്പഴങ്ങ"യെ വിളിക്കണോ?
അതോ ഭസ്മാസുരനു വരം കൊടുക്കണോ?

ആലോചന കൂലങ്കശം,
തീരുമാനം വരാന്‍ കാതു കൂര്‍പ്പിച്ചു നില്‍ക്കുന്ന പുരുഷാരം.
സ്റ്റാഫ്‌ റൂമില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.

കൃത്യം അതേ നിമിഷം അവന്റെ ഉന്തുവണ്ടി അക്ഷരക്കു മുന്നിലെ റോഡിലൂടെ തുള്ളിത്തുള്ളി പോകുന്നു.
ഓംലറ്റിന്റെ മണം സകലരുടേയും മൂക്കില്‍ തുളച്ചു കയറി.

തീരുമാനവും പ്രഖ്യാപനവും ഒന്നിച്ചായിരുന്നു.
എട്ടാളും ഒരേ സ്വരത്തില്‍ റിഫ്ലക്സ്‌ ആക്ഷന്‍ പോലെ!

" വിളിക്കവനെ!"

നിര്‍ദ്ദേശം കിട്ടിയതോടെപഠിതാക്കളില്‍ ഒരു സംഘം കോട്ടിലമ്പാഴങ്ങയെ വിളിക്കാന്‍ ഗോവണി ഓടിയിറങ്ങി.

കോട്സ്‌ ഉന്തുവണ്ടി ഹാള്‍ട്ടാക്കി അക്ഷരയില്‍ ഹാജറായി.

ദിവസവും രാത്രി 9 മണിക്കു അവന്റെ "രാജധാനി എക്സ്പ്രസ്സിനു" 'അക്ഷര' യുടെ മുന്നില്‍ ഒരു സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടാന്‍ അപേക്ഷ കൊടുത്തു.
ഞങ്ങള്‍ തന്നെ മുന്‍കൈ എടുത്തു അവനു അരമണിക്കൂര്‍ കച്ചവടം നടത്താന്‍ കെട്ടിടമുടമസ്ഥനോടു അനുവാദം വാങ്ങി അക്ഷരയോടു ചേര്‍ന്ന ഒരു ഷെഡു വൃത്തിയാക്കി കൊടുത്തു.
തുടര്‍ന്നു രാത്രി ഒമ്പതു മണിക്കവന്‍ കൃത്യമായി എത്തി.നല്ല തകര്‍പ്പന്‍ കച്ചവടം.

പിന്നെ പിന്നെ അവന്‍ രാത്രി പുലരുന്നതു വരെ ആ ഷെഡില്‍ കച്ചവടം തുടര്‍ന്നു.
നാട്ടില്‍ പകല്‍വെട്ടത്തിറങ്ങാന്‍ പറ്റാത്തവരും രാത്രി വീട്ടില്‍ കിടക്കാത്തവരും അവിടെ വന്നു തിന്നാന്‍ തുടങ്ങി.
അവന്‍ ഷെഡില്‍ രണ്ടു ബെഞ്ചിട്ടു.
ആളു കൂടി. ബഹളവും.ഇതു നിശാക്ലാസ്സിനെ ബാധിച്ചു.
സൗമ്യമായി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

അവന്‍ തനിസ്വരൂപം കാട്ടി.
ഇല്ലാത്ത മസിലും കീഴ്‌ത്താടിയിലെ അമ്പഴങ്ങയും വിറപ്പിച്ചു പോരിനു വിളിച്ചു.

ഞങ്ങളെ വെട്ടിച്ചു അവന്‍ ബില്‍ഡിംഗ്‌ഓണര്‍ക്ക്‌ വാടകയെന്ന രൂപത്തില്‍ ഇടക്കൊക്കെ ഒരു ക്വാര്‍ട്ടര്‍ ബോട്ടിലും തറാമുട്ടയുടെ ഓംലറ്റും കൊടുക്കാന്‍ തുടങ്ങിയതോടെ കാര്യം ഞങ്ങളുടെ കയ്യില്‍ നിന്നു പോയി.

രാത്രിയിലെ കച്ചവടത്തിനു പുറമേ പകലും കച്ചവടം തുടര്‍ന്നപ്പോള്‍ അക്ഷരയിലെ എല്ലാ ക്ലാസ്സുകളേയും അതു ബാധിച്ചു.
അങ്കവും കാണാം താളിയും ഒടിക്കാമെന്ന അത്യാഗ്രഹത്തില്‍ കടയില്‍ വന്നിരിക്കുന്ന വായിനോക്കികളുടേ ശല്യത്തെക്കുറിച്ചു പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും പരാതി പറയാന്‍ തുടങ്ങി.

കാര്യം കയ്യാംകളിയേ അവസാനിക്കൂ എന്നു ഞങ്ങള്‍ക്കു തോന്നിത്തുടങ്ങി.
പക്ഷെ അതിനു മുമ്പെ ദൈവം ഞങ്ങള്‍ക്കു ഒരു വഴി കാണിച്ചു തന്നു.

ഒരു നാള്‍ രാത്രി ബാച്ചിനു കെമിസ്ട്രി ക്ലാസ്സായിരുന്നു.
താഴെ കോട്ടിലമ്പാഴങ്ങയുടെ തകര്‍ത്തു പിടിച്ച ഓംലറ്റു കച്ചവടം.
ഒച്ചയും ബഹളവും കാരണം ക്ലാസ്സു ശ്രദ്ധിക്കാന്‍ കഴിയില്ലന്നു പഠിതാക്കള്‍.
പലരും വീതുളിയുമായി ഒരു പോരിനു ഇറങ്ങാന്‍ വരെ തയ്യാര്‍.

ശബ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ കെമിസ്ട്രി മാഷു ലക്‍ചര്‍ ക്ലാസ്സു നിര്‍ത്തി, പ്രാക്ടിക്കല്‍ ക്ലാസ്സു തുടങ്ങി.
ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ നിര്‍മ്മാണം ആയിരുന്നു വിഷയം.

ടെസ്റ്റ്‌റ്റ്യൂബും കെമിക്കലുകളുമായി വന്നു മാഷു ക്ലാസ്സു ഒരു ലാബാക്കി.
പരീക്ഷണം വളരെ വിജയം.
മിനിട്ടുകള്‍ക്കകം അക്ഷരയിലും പരിസരത്തും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം പരന്നു.
കെട്ടമണം കട്ടകുത്തി താഴെ ശബ്ദമയമായ തട്ടുകടയിലെത്തിയ വിവരം പെട്ടന്നറിഞ്ഞു.

കോട്ടിലമ്പാഴങ്ങയുടെ ഓംലറ്റു തിന്നുകൊണ്ടിരുന്ന തെങ്ങുകയറ്റക്കാരന്‍ "ചാരു മകന്‍ ചോയി" യുടെ ഉച്ചത്തിലുള്ള ഒരു ഓക്കാനവും പിറകെ അവന്റെ തഴമ്പുള്ള കൈ കൊണ്ടു കോട്ടിലമ്പാഴങ്ങയുടെ തൂങ്ങിയ കീഴ്‌ത്താടിയില്‍ വാസിം അക്രത്തിന്റെ ബൗളിംഗ്‌ സ്പീഡില്‍ ഒരു അലക്കലും ഒപ്പം ഒരലറലും

"ചീഞ്ഞ മുട്ടോണ്ടടാ നായിന്റെ മോനെ ഓംലറ്റുണ്ടാക്കി വില്‍ക്കുന്നത്‌?
&%$#*%@! &%$#*%@!

ആ ഒറ്റക്കിറലു കാരണം കോട്ടിലമ്പാഴങ്ങ നാലാഴ്ച്ച മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ കിടന്നു.

ഒറ്റപൂശലേ നടത്തിയുള്ളൂ എന്നു ചോയി പറഞ്ഞതു കേസ്സു ചാര്‍ജുഷീറ്റെഴുതാന്‍ വന്ന ആ പോലീസുകാരനത്രക്കു വിശ്വാസം വന്നില്ല. മുഖത്തിന്റെ സ്ട്രക്ചര്‍ അത്രക്കും മാറിപ്പോയിരുന്നു.

പക്ഷെ ഡിസ്ചാര്‍ജു ചെയ്യുന്നതിന്നു മുമ്പെ, കീഴ്‌ത്താടിയിലെ ആ പുകഴ്‌പെറ്റ മുഴ ആ ഡോക്ടര്‍ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി നീക്കി അവനെ സുന്ദരനാക്കി.
ഉര്‍വശി ശാപം ഉപകാരമെന്നു അവനും ഞങ്ങളും ഒരേസമയം പഠിച്ചു.

ബില്‍ഡിംഗ്‌ ഓണര്‍ക്കു കേസന്വേഷണവുമായി ബന്ധപ്പെട്ടു സാക്ഷിപറയാന്‍ രണ്ടുമൂന്നു പ്രാവശ്യം പോലീസുസ്റ്റേഷന്‍ പോകേണ്ടിവന്നപ്പോള്‍ അക്ഷരയുടെ താഴത്തെ ഷെഡ്‌ അദ്ദേഹം തന്നെ പൊളിച്ചു നീക്കി.

"കോട്ടിലമ്പാഴങ്ങ" ആളു പിന്നെ വളരെ ഡീസന്റായതിനാല്‍ ചീഞ്ഞമുട്ടയുടെ മണമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ്‌ വ്യവസായിക അടിസ്ഥാനത്തില്‍ പിന്നെ ഞങ്ങളുടെ ലാബില്‍ ഉണ്ടാക്കേണ്ടി വന്നില്ല.