അസഹിഷ്ണുതയും വിഭാഗീയതയും കൂർത്ത ദ്രംഷ്ടങ്ങളുമായി എത്രമാത്രം നമ്മുടെ അടുത്തെത്തി എന്നറിയാൻ നാം വല്ലപ്പോഴും നമ്മുടെ ഗ്രാമവും സംസ്ഥാനവും വിട്ട് യാത്ര ചെയ്യേണ്ടതുണ്ട്.
കാശ്മീരിലെ "പഹൽഗാം" ഭീകരാക്രമണ ത്തിനടുത്ത ദിവസമായിരുന്നു ഞങ്ങളുടെ ഒരു രാമേശ്വരം ട്രിപ്പ്...!
പുനർ നവീകരിച്ച പാമ്പൻ പാലവും,
1964 ലെ പ്രളയത്തിനാലും കൊടുങ്കാറ്റിനാലും "ഉപേക്ഷിക്കപ്പെട്ട പട്ടണം" എന്നും "പ്രേത നഗരം" എന്ന് വിളിക്കപ്പെടുന്ന ധനുഷ്കോടിയും,
ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരിൽ പ്രസിദ്ധമായതും, ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കുന്നതുമായ ( ചാരോംധാം) രാമേശ്വരം രാമസ്വാമി ക്ഷേത്രം,
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം സാറിന്റെ ബാല്യകാല വസതിയും സമാധി സ്ഥലവും സന്ദർശിക്കാൻ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങൾ എന്നാൽ എട്ടുപേർ...! ആരും ചില്ലറക്കാരല്ല. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഒറ്റക്കും ഒന്നിച്ചും ധാരാളം യാത്ര ചെയ്തവർ.
ഞങ്ങളുടെ യാത്രകൾ നാലു തരത്തിലാണ്. തനിച്ചു പോകുന്നവ, കൂട്ടുകാർ ഒന്നിച്ചു പോകുന്നവ, ഓരോരുത്തർ മാത്രം ഫാമിലിയായി പോകുന്നവ, പിന്നെ ഫാമിലിയായി എല്ലാവരും ഒന്നിച്ചു പോകുന്നവ.
ഒന്നാമത്തെത് കൂടെക്കൂടെ സംഭവിക്കും. സാഹചര്യങ്ങളും മനസ്സും ഒരാളുടേത് മാത്രം അനുകൂലമായാൽ മതിയല്ലോ...!
രണ്ടാമത്തേതാണ് ആവർത്തിച്ചു സംഭവിക്കുന്നത്. നീണ്ട പ്ലാനിങ് ഉണ്ടായാൽ ഒന്നും നടക്കില്ല. ഒരു രണ്ടുമൂന്നു ദിവസത്തെ ഗ്യാപ്പിൽ ഗ്രൂപ്പ് ലീഡർ ഒരു പ്രഖ്യാപനം ആണ്. "മറ്റന്നാൾ നമ്മൾ ഡൽഹിയിൽ പോകുന്നു".
അത് നടക്കും. വളരെ അത്യാവശ്യമുള്ള ഒന്നോ രണ്ടോ പേർ മാത്രം വിഷമത്തോടെ വിസമ്മതം അറിയിക്കും. അവർക്ക് ടാറ്റാ കൊടുത്ത് സംഘം യാത്രയാകും.
പിന്നെയുള്ളത് തനിച്ചുള്ള ഫാമിലി യാത്രകളാണ്. അതാരും അറിയുകയുമില്ല അതങ്ങ് മുറക്ക് നടക്കുകയും ചെയ്യും.
നാലാമത്തെ യാത്രയാണ് വിരളമായ യാത്ര. അത് സെറ്റപ്പ് ആക്കാനും സംഭവിക്കാനും ഉള്ള വിദൂര സാധ്യതണ് എണ്ണം ചുരുങ്ങാൻ കാരണം. ചിലപ്പോൾ വർഷത്തിൽ ഒന്ന്. അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒന്ന്.
അങ്ങനെ മൂന്നുദിവസത്തിന്റെ ഷോർട്ട് നോട്ടീസിന്റെ പിൻബലത്തിൽ എട്ടു കൂട്ടുകാർ മാത്രം പുറപ്പെട്ട യാത്രയായിരുന്നു ഈ പ്രാവശ്യത്തെ രാമേശ്വരം യാത്ര.
മലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് കെ.എസ്.ആർ.ടി.സി. അവിടെനിന്ന് കോയമ്പത്തൂരിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്, കോയമ്പത്തൂരിൽ നിന്ന് രാമേശ്വരത്തേക്ക് സ്ലീപ്പർ ട്രെയിൻ..!
കിട്ടുന്ന ബസ്സിന് കയറിയാൽ മതിയെങ്കിലും സ്ലീപ്പർ ട്രെയിനിന് ഒരു ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യണമല്ലോ..!
അങ്ങനെ സീറ്റ് കിട്ടിയെങ്കിലും ചിലർക്കൊന്നും ബർത്ത് ശരിയായില്ല. ആറു പേർ ഒരു കമ്പാർട്ട്മെന്റിലും രണ്ടുപേർ മാത്രം മറ്റൊരു കമ്പാർട്ട്മെൻറിലും. അകൽച്ച യാത്രയുടെ രസംകെടുത്തും എന്ന് തോന്നി.
എനിക്കാവട്ടെ ഒറ്റക്ക് ഒരു ക്യാബിനിൽ സൈഡ് സീറ്റിൽ. ബർത്ത് RAC (റിസർവേഷൻ എഗൈൻസ്റ് ക്യാൻസലേഷൻ) അതായത് ബർത്ത് താഴെ മുഖാമുഖം ഇരിക്കുന്ന പരിചയമില്ലാത്ത രണ്ടുപേർ തമ്മിൽ ഷെയർ ചെയ്യണമെന്ന്...! എനിക്ക് ബർത്ത് ഷെയർ ചെയ്യേണ്ടതാകട്ടെ..! സാമാന്യം തടിയുള്ള ഒരു എജുക്കേറ്റഡ് തമിഴ് യുവതിയും. 😳 പിന്നെ ആ ക്യാബിനിൽ വയസ്സായ ഒരാണും, പെണ്ണും, ഒരു ഉത്തരേന്ത്യൻ ഫാമിലി ( പിതാ,മാതാ,ബേട്ടി, ചോട്ടാ ബേട്ടാ)
പെൺകുട്ടി കോളേജ് സ്റ്റുഡൻറ് ആണെന്ന് തോന്നുന്നു, ബാലൻ യു.പി സ്കൂളും.
പെൺകുട്ടിയുടെ കയ്യിൽ കോമ്പറ്റിവ് എക്സാമിന്റെ ഒരു ഗൈഡ് ഉണ്ട്. അവൾ അതിൽ നിന്ന് ഉറക്കെ വായിക്കുകയാണ്.
സ്റ്റാറ്റിറ്റിക്സ് എന്ന് വായിക്കുന്നതിനിടയിൽ പിതാവിന്റെ ഒരിടപെടൽ..!
"സ്റ്റാറ്റിറ്റിക്സ്" നഹീ ബേട്ടീ.. സ്റ്റാറ്റിസ്റ്റിക്സ്..!
എന്നിട്ട് എന്നെ നോക്കി ഒരു ചോദ്യം...!
" ഐസ ഹേ നാ...?"
ചോദ്യം ഒരു അംഗീകാരമായി കിട്ടിയ ഗർവിൽ ഞാൻ സ്റ്റാറ്റിസ്റ്റിക്സിനെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ വിളമ്പി...!
ബികോം ക്ലാസിൽ വച്ച് ബൈഹാർട്ട് ചെയ്ത സ്റ്റാറ്റിസ്റ്റിക്സിന്റെ നിർവചനം ഭാഗ്യത്തിന് ഒരു തെറ്റുമില്ലാതെ നാവിൽ നിന്നൊഴുകി. ...!
(ഇമ്പോസിഷൻ എഴുതിച്ച ചെറൂട്ടി സാറിന് നന്ദി...🙂)
പിതാശ്രീയും മോളും അത്ഭുതത്തോടെ എന്നെ നോക്കി. ഉറങ്ങാനുള്ള ബെല്ലടിക്കുന്നത് വരെ ഹിന്ദിയിലും ഇംഗ്ലീഷിലും ഞങ്ങളുടെ സംഭാഷണങ്ങൾ രസം പിടിച്ചു.
അവർ ചാരുപടി ചങ്ങലയിൽ കൊളുത്തി ആട്ടുകട്ടിലു കെട്ടുന്നേരം എന്റെ കിടപ്പാടത്തിന്റെ ആശങ്ക ഉണർന്നു. ഞാനും തമിഴ് യുവതിയും സൈഡ് ലോവർ ബർത്തിൽ എങ്ങനെ ഒന്നിച്ച് ഉറങ്ങും..?
ആൺ പങ്കാളി ആണെങ്കിൽ എങ്ങനെയും സഹശയനം ഒപ്പിക്കാമായിരുന്നു. ഇതൊരു യുവതി എന്നു മാത്രമല്ല അത്യാവശ്യം തടിയും ഉണ്ട്.
അപ്പോഴാണ് തൊട്ടപ്പുറത്തെ ക്യാബിനിൽ നിന്ന് എന്റെ സഹസഞ്ചാരി വന്നത്. ആള് പോളി ടെക്നിക്കിലെ റിട്ടയേർഡ് അദ്ധ്യാപകൻ...!
അദ്ദേഹത്തിൻറെ ബർത്ത് കൺഫോം ആണ്. സെൻട്രൽ ഹാങ്ങിങ് ബർത്താണ്.
തമിഴ് യുവതിക്ക് ആ ബർത്ത് നൽകി ഞങ്ങൾ രണ്ടുപേരും ഇവിടെ ഷെയർ ചെയ്തോളാം എന്ന ഓഫർ വെച്ചു. പക്ഷേ കേട്ട മാത്രയിൽ അവർ ആ ഓഫർ നിരസിച്ചു.
*"നോ ഐ ആം കംഫർട്ട് ഹിയർ"*
അവരുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞങ്ങൾക്ക് ദേഷ്യം വന്നു. എന്നാപ്പിന്നെ രണ്ടാളും ഇവിടെ ഇരുന്ന് നേരം വെളുപ്പിക്കാം..! ഒരു വാശി മനസ്സിൽ മുളച്ചു വന്നു.
സുഹൃത്ത് അവന്റെ ഹാങ്ങിങ് സ്ലീപ്പറിലേക്ക് മടങ്ങി.
ഹിന്ദിക്കാരനും ഫാമിലിയും ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്.
അയാൾ എന്നോട് ചോദിച്ചു.
"ആപ്പ് ഭീ മുസൽമാൻ ഹെ..?"
(യുവതിക്ക് തന്റെ ബർത്ത് ഓഫർ ചെയ്ത എന്റെ സുഹൃത്ത് താടിക്കാരൻ റിട്ടയേർഡ് പ്രൊഫസർക്കുള്ള പോലെ മതചിഹ്നങ്ങൾ ഒന്നും ശരീരത്തിൽ ഇല്ലാത്തതിനാലാവണം അയാൾ അത് ചോദിച്ചു ഉറപ്പുവരുത്തിയത്...!
ഞാൻ അഭിമാനത്തോടെ പറഞ്ഞു.
" എസ്. ഐ ആം മുസ്ലിം..! " (അതുവരെയുള്ള സരസ സംഭാഷണങ്ങളിലൊന്നും ഞങ്ങളുടെ മതം ചർച്ചയിൽ വരാത്തതിനാൽ ആ ചോദ്യത്തിൽ എനിക്ക് അല്പം നീരസം ഉണ്ടായിരുന്നു. മറുപടിയിൽ ഞാനത് വ്യക്തമാക്കുകയും ചെയ്തു).
ശേഷം ഉറക്കം കലശൽ ആയപ്പോൾ സൈഡ് സീറ്റിൽ ഇരുവശത്തായി "ഉ" എന്ന് എഴുതിയത് പോലെ... യുവതിയും ഞാനും തൂങ്ങിയിരുന്നുറക്കമായി...!
അത് കണ്ടിട്ടാവും ആ ഹിന്ദിക്കാരനു ഇത്തിരി അലിവ് തോന്നി. അയാൾ ഏറ്റവും മുകളിലെ ബർത്തിൽ നിന്നും കൊച്ചു മകനെ തന്റെ കൂടെ ഹാങ്ങിങ് ബർത്തിലേക്ക് കിടത്തി. മുകളിലെ ഒഴിഞ്ഞ ബർത്ത് തമിഴ് യുവതിക്ക് ഓഫർ ചെയ്തു.
ആ ഓഫർ കിട്ടിയിട്ടും തമിഴ് യുവതിക്ക് അതു സ്വീകരിക്കാനുള്ള ഭാവമില്ല..! അവൾ പറഞ്ഞു
" നോ, ഐ പ്രിഫർ ഹിയർ"
എനിക്ക് അരിശം മൂക്കിൻതുമ്പിലേക്കു ചാടി.
എന്ത് ചെയ്യാം അന്യ നാടല്ലേ! ക്ഷമിച്ചു.
അത് കണ്ടിട്ടാവാം യുവതി പറഞ്ഞു.
"യു ക്യാൻ യൂസ് ദാറ്റ്.."
എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. മുകളിലെങ്കിൽ മുകൾ...! ഒന്ന് ഊര നിവർത്തി ഉറങ്ങാമല്ലോ...! ഉറക്കമാണ് മനുഷ്യന്റെ ഏറ്റവും വലിയ ആശ്വാസം..!
ഞാൻ ബാഗ് എടുത്തു ബർത്തിലേക്കുള്ള കോണി കയറാൻ തുടങ്ങുമ്പോൾ തൊട്ടപ്പുറത്ത് മുകളിലെ ബർത്തിൽ കിടക്കുകയായിരുന്ന കോളേജ് കുമാരി താഴെയുള്ള തമിഴ് യുവതിയെ കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു.
ഉടനെ ഗോവണി കയറിക്കൊണ്ടിരിക്കുന്ന എന്നെ ഷട്ടിൽ പിടിച്ച് തമിഴ് യുവതി
"'സോറി, ഷീ ഡോണ്ട് ലൈക് ഇറ്റ്...!"
വല്ലാത്ത അപമാന ഭാരത്താൽ ഞാൻ കോണിയിൽ നിന്നു. നിയമപരമായി ബർത്ത് ഇപ്പോഴും അവരുടേതാണ്. അല്ലെങ്കിൽ അത് നിഷേധിക്കാൻ അവർക്ക് ഒരു അവകാശവുമില്ല. ഞാൻ താഴെയിറങ്ങി. പൂർവ്വ സ്ഥാനത്ത് വന്നിരുന്നു. സീറ്റിന്റെ നീളമുള്ള ചാരുന്നയിടം താഴ്ത്തി അതിൽ C പോലെ വലത്തോട്ട് ചുരുണ്ട് കിടന്നു...!
ഇനിയൊരു മാർഗവും ഇല്ലെന്നു മനസ്സിലാക്കി തമിഴ് യുവതിയും അതേപടി C എന്നെഴുതിയ പോലെ ഇടത്തോട്ടും ചുരുണ്ട് കടന്നു. മുകളിലെ ബർത്തിൽ കിടക്കുന്നവർക്ക് മങ്ങിയ വെളിച്ചത്തിൽ അത് ഇംഗ്ലീഷിലെ S എന്ന് വായിക്കാം..!
അത്യാവശ്യഘട്ടത്തിൽ ഒരു ടീപോയ് സ്ഥലത്തും സുഖമായി ഉറങ്ങാം എന്ന് പഠിപ്പിച്ചു തന്ന ദൈവത്തിന് നന്ദി.
(എനിക്ക് റിലാക്സ് ആയി കിടക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു ബീടരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന കിംഗ് സൈസ് ഡബിൾ കോട്ടിൽ നിന്ന് അവളെ തള്ളി അടുത്ത മുറിയിലേക്ക് മാറ്റിയ എനിക്ക് പടച്ചവൻ തന്ന ശിക്ഷ..! )
അർദ്ധമയക്കത്തിലും അടുത്തിരിക്കുന്ന യുവതി അടുത്തവരിൽ ആരോ ഒരാളുമായി ഫോണിലെ തമിഴ് കുറുകലുകൾ കേൾക്കാം. മനസ്സിലാക്കാം..! പ്രവാസ ലോകത്തെ സഹമുറിയൻ മുരുകേശനിൽ നിന്ന് നേടിയത്.
(യുവതിക്ക് കോണി കയറാൻ വയ്യ..! അതുകൊണ്ടാണ് അവർക്ക് ബോട്ടം ബെർത്ത് കൺഫർട്ട് ആയത്.)
അവൾക്ക് അത് എന്നോട് പറയാമായിരുന്നു. അല്ലെങ്കിലും അവനവന്റെ അനാരോഗ്യത്തെക്കുറിച്ച് മറ്റൊരാൾ അറിയുന്നത് ന്യൂ ജന് ഒരു കുറച്ചിൽ ആണല്ലോ..!
അവളോട് സഹതാപവും എന്നിൽ ഇത്തിരി കുറ്റബോധവുമൊക്കെ തോന്നിത്തുടങ്ങി. അതിനെ ഇരട്ടിയാക്കുന്ന രീതിയിലായിരുന്നു പിന്നെ അവളുടെ അടുത്ത നടപടി.
സർവീസ് ബോയിയോട് രണ്ട് കരിമ്പടം ചോദിച്ചു വാങ്ങി, അതിലൊന്ന് നിവർത്തി, കണ്ണടച്ചു കിടക്കുന്ന എന്നെ പുതപ്പിച്ചു തരുമ്പോൾ എന്റെ മനസ്സ് അറിയാതെ വിളിച്ചു.
" അനിയത്തീ..."
എ.സിയുടെ തണുപ്പിൽ ചുണ്ട് വിറച്ചതിനാലോ ഉറക്കം പൂർണ്ണമായി എന്നെ കീഴ്പ്പെടുത്തിയതിനാലോ ആ ശബ്ദം പുറത്തു വന്നില്ല, അതിനാൽ അവൾ കേട്ടതു പോലുമുണ്ടാവില്ല. പിന്നെ ഞാൻ സുഖമായി ഉറങ്ങി.
ഇടക്കെപ്പോഴോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ വെളിച്ചവും ബഹളവും...! ഉണർന്നു നോക്കുമ്പോൾ ഞാൻ കാലൊക്കെ നിർത്തി വിശാലമായി നീണ്ട ഉടൽ കൊണ്ട്, I എന്നെഴുതി ആർഭാടത്തോടെ ഉറങ്ങുകയാണ്.
അവളുടെ സീറ്റിലാണ് എന്റെ കാലുകൾ..!
അവൾ അവിടെയില്ല, പകരം ബാഗ് മാത്രം!. ഇറങ്ങാനിടമെത്തി എന്നറിഞ്ഞ അവൾ
ടോയ്‌ലറ്റിൽ നിന്ന് ധൃതിയിലിറങ്ങി ബാഗെടുത്ത്, കണ്ണുതുറന്ന് കിടക്കുകയായിരുന്ന എന്നെ നോക്കി ഒരു നിഷ്കളങ്കമായ പുഞ്ചിരിയോടെ...!
*"സോറി"*
ഞാൻ അത്ഭുതപ്പെട്ടു!. ഞാനല്ലേ ശരിക്കും സോറി പറയേണ്ടത്..?
തിരുത്താൻ എഴുന്നേറ്റപ്പോഴേക്കും അവൾ ട്രെയിനിൽ നിന്ന് ഇറങ്ങുകയും പിന്നോട്ടു നടക്കുകയും ഇനിയൊരിക്കലും കാണാനാവാത്ത വിധം തീവണ്ടി പാളത്തിലൂടെ മുന്നോട്ട് ഉരുളാനും തുടങ്ങി.
കുറ്റബോധത്താൽ ഞാനൊരുപാട് പ്രാവശ്യം ഉരുവിട്ടു
*"സോറി,...സോറി....സോറി"*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ