2020 ജൂലൈ 13, തിങ്കളാഴ്‌ച
ചൂരൽക്കഷായം
2019 സെപ്റ്റംബർ 25, ബുധനാഴ്‌ച
കുഞ്ഞാണി
ഇന്നു ഞാനൊരു "കഥ" പറഞ്ഞു.
"കുഞ്ഞാണി" യുടെ കഥ.
നാൽപ്പത്തെട്ടു വർഷം മുമ്പു പഠിച്ച അതേ സ്കൂളിലെ പുതു തലമുറ എൽ.പി യു.പി കുട്ടികളുടെ മുന്നിൽ.
ഇന്ന് Gmup Irumbuzhi യിൽ വായനാവാരത്തിന്റേയും സ്കൂളിന്റെ നവമിയാഘോഷത്തിന്റേയും തുടക്കമായിരുന്നു.
നീണ്ട ഔപചാരിക പ്രസംഗങ്ങൾക്കും ആശംസകൾക്കും ഇരയായി നിന്നും ഇരുന്നും ക്ഷീണിതരായിരുന്നു കുട്ടികൾ. എനിക്ക് കിട്ടിയത് അവസാന ഊഴമായിരുന്നു.
കുട്ടികളെ അധികം വിഷമിപ്പിക്കാതെയും ബോറടിപ്പിക്കാതെയും ഒരു പ്രസംഗം പെട്ടന്നു നടത്തി മടങ്ങണമെന്നായിരുന്നു മനസ്സിൽ.!
പക്ഷെ മൈക്ക് കയ്യിലെടുത്തപ്പോൾ വായനയുടെ പ്രസക്തി പറയുന്ന കൂട്ടത്തിൽ എഴുത്തിന്റെ പ്രസക്തി കൂടി പറയേണ്ടി വന്നു. എഴുതാതെ വായനയില്ല. വായിക്കാതെ എഴുതാനുമാവില്ല. രണ്ടും ഒന്നിനൊന്നു താങ്ങ്.!
ഒന്നു മുതൽ പത്തു വരെ പഠിച്ചത് ഇതേ സ്കൂളിലാണ്. വായിച്ചതും പഠിച്ചതും എഴുതിയതും എഴുതാൻ പ്രചോദനമേകിയതും ഇതേ സ്കൂളാണ്.
ആദ്യമായി രണ്ടാമതൊരാൾ കണ്ട എന്റെ "കഥ" വെളിച്ചം കണ്ടതീ സ്കൂളിലാണ്.
ആ ഒരു കഥയാണ്. "കുഞ്ഞാണി"യുടെ കഥ.
ആ കഥ തന്നെ പറയാം. കേൾക്കാനിഷ്ടമുണ്ടോ?.എന്ന ചോദ്യത്തിനു "കഥ" ക്കു കുഞ്ഞുങ്ങൾ നൽകുന്ന "വാം വെൽക്കം" മറുപടി കിട്ടി.
ഞാൻ കഥ തുടങ്ങി.
"കുഞ്ഞാണി" നിങ്ങളിലൊരാളാണ്. ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ്.
അന്ന് എല്ലാവർക്കും വീട്ടിൽ ഓരോ ഓമനപ്പേരുണ്ടാവും. "നാണി, കുഞ്ഞിപ്പ, മാനു, ചെറിപ്പ, കുഞ്ഞോള്, പെണ്ണുമ്മ".... അങ്ങനെ വിളിക്കാൻ എളുപ്പവും ഇമ്പവുമുള്ള ഓരോന്ന്.
വീട്ടിലെ വിളിപ്പേരു സ്കൂളിൽ ലീക്കായതോടെ കുഞ്ഞാണിയുടെ ശരിക്കുള്ള പേര് ഹാജർപട്ടികയിൽ മാത്രമായി...!
കുഞ്ഞാണി പാവപ്പെട്ടവനായിരുന്നു. (അന്നു നമ്മുടെ ഈ നാട്ടിലെ തൊണ്ണൂറു ശതമാനം ജനങ്ങളും പാവങ്ങളായിരുന്നു.) സർക്കാറുകളും പാവങ്ങളായിരുന്നു. അതിനാൽ ഇന്നത്തെപ്പോലെ യൂനിഫോമോ, ഉച്ചച്ചോറോ, പുസ്തകങ്ങളോ സൗജന്യമായി നൽകാൻ സർക്കാറിനാവുമായിരുന്നില്ല.
എല്ലാരും ഉച്ചഭക്ഷണം വീട്ടിൽ നിന്നു കൊണ്ടു വരണം. ഇല്ലാത്തവനില്ല. പട്ടിണി തന്നെ...!
ചിലർ കഴിച്ചു കഴിഞ്ഞുള്ള ബാക്കി ഭക്ഷണം സ്കൂൾ മതിലിനോട് ചേർന്ന റോഡ് സൈഡിലുള്ള അഴുക്കു ചാലിൽ കൊണ്ടിടലായിരുന്നു പതിവ്. (അന്ന് ചാൽ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയിട്ടില്ല).
ഉടുപ്പും ഉച്ചഭക്ഷണവും നോക്കി ഒരു കുട്ടിയുടെ വീട്ടിലെ സാമ്പത്തിക നില മനസ്സിലാക്കാം. ഉച്ചക്ക് ഊണിനൊപ്പം ഇറച്ചിയോ മീൻ പൊരിച്ചതോ ഓംലെറ്റോ കൊണ്ടു വരുന്ന അപൂർവ്വം സമ്പന്ന വീട്ടിലെ കുട്ടികൾ ഉണ്ടാവും. അവരിൽ ചിലർ ദരിദ്രവീട്ടിലെ കുട്ടികളുടെ ശുഷ്കമായ ഉച്ചഭക്ഷണത്തെ നോക്കി പരിഹസിക്കൽ പതിവായിരുന്നു. അതിനാൽ
കുഞ്ഞാണി അടക്കമുള്ള ദരിദ്ര വിദ്യാർത്ഥികൾ ഇത്തരക്കാരിൽ നിന്നും ദൂരെ മാറി ഇരുന്നാവും ഭക്ഷണം കഴിക്കുക.
കുഞ്ഞാണിയുടെ സുന്നത്തിനു ശേഷമാണ് കഥ നടക്കുന്നത്.
വെക്കേഷൻ സമയത്താണ് സുന്നത്ത് കഴിക്കുക. അതു കഴിഞ്ഞാൽ കുറച്ചു നാൾ തുണി കൊണ്ടു മച്ചിൽ നിന്നു ടെൻഡ് തൂക്കിയിട്ട് "പുണ്ണുണങ്ങുന്നതു വരെ" അതിനടിയിൽ വിശ്രമിക്കണം. ഈ സമയത്ത് ബന്ധുക്കളും കുടുംബക്കാരും അയൽക്കാരും വന്നു കാശോ പലഹാരങ്ങളോ സമ്മാനിക്കും. കുഞ്ഞാണിക്കും സുന്നത്ത് കഴിഞ്ഞ് കുറേ കാശ് കിട്ടി.
കുഞ്ഞാണിയുടെ ഉമ്മ അതു കൊണ്ട് അവനൊരു കോഴിയെ വാങ്ങിക്കൊടുത്തു. കോഴിയും ആടും പശുവും വളർത്തലായിരുന്നു അന്നത്തെ അമ്മമാരുടെ, ഉപ സാമ്പത്തിക സ്രോതസ്സ്. കുട്ടികളുടെ സ്കൂൾ സ്റ്റേഷനറികൾ വാങ്ങാൻ കോഴിമുട്ട വിൽപ്പന വീട്ടമ്മമാർ സ്വനിയന്ത്രണത്തിൽ മാനേജ് ചെയ്തിരുന്ന കാലം. കോഴിമുട്ട വാങ്ങാൻ "കോഴിമെയ്തി" വരും. ദൂരെ നിന്നേ കേൾക്കാം... "കോഴിണ്ടോ? മുട്ടണ്ടോ?" വിളി.
മുട്ട വിൽക്കുന്ന ദിവസം കുഞ്ഞാണി ഉമ്മാനോടു പറഞ്ഞു ഉമ്മാ.. എല്ലാ മുട്ടേം വിൽക്കേണ്ടാ...ഒരു മുട്ട എനിക്ക് പൊരിച്ചു തരണം. ഇന്നു സ്കൂളിലേക്കു കൊണ്ടു പോകാനാണ്.
സ്കൂളിലേക്കു പോകാൻ പാത്രത്തിൽ ചോറ് നിറച്ച് കഴിഞ്ഞിട്ടാണ് കുഞ്ഞാണി ഇത് ഉമ്മാനോട് പറയുന്നത്.
ഉമ്മാക്ക് വിഷമമായി. ഉമ്മ പറഞ്ഞു ഇനി മുട്ട പൊരിക്കാൻ നിന്നാൽ നേരം വൈകും. ഒരു കാര്യം ചെയ്യ്..., നീ സ്കൂളിലേക്ക് പോയ്ക്കോ ഞാൻ മുട്ട പൊരിച്ച് ചോറ്റു പാത്രം 'അമ്മച്ചിന്റെ ചന്തൂന്റെ' കയ്യിൽ കൊടുത്തയക്കാം.
കുഞ്ഞാണി സന്തോഷത്തോടെ സ്കൂളിലേക്കോടി.
"ഇന്നു ബെഞ്ചിലെല്ലാരുടെയും ഒപ്പമിരുന്ന് ചോറ്റു പാത്രം തുറക്കണം. എണ്ണയിൽ വറുത്ത ചെറിയുള്ളിയുടെ മണമുള്ള പൊരിച്ചമുട്ട കാട്ടി കൊതിപ്പിക്കണം.
ഉച്ചയൂണിന്നു ബെല്ലടിച്ചപ്പോൾ ഗേറ്റിനടുത്ത് ചന്തുവിനെ കാത്തു നിന്നു.
ചന്തുവിനെ കാണുന്നില്ല. കാത്തു നിന്നു കുഴങ്ങി. മറ്റു കുട്ടികൾ ഊണു കഴിച്ച് ഉച്ഛിഷ്ടം കളഞ്ഞു പാത്രം കഴുകാൻ തുടങ്ങിയിരിക്കുന്നു.
അപ്പോൾ ദൂരേന്നു കണ്ടു. ചന്തു ഓടി വരുന്നു. ഉമ്മ വാക്കു പാലിച്ചു ചന്തു കടമയും. ചോറ്റുപാത്രം വാങ്ങി തുറന്നു നോക്കി.
മുകളിൽ തന്നെയുണ്ട്. വെളിച്ചെണ്ണയിൽ ഉള്ളി മൂപ്പിച്ചു പൊരിച്ച കോഴിമുട്ട. അടച്ച് സ്കൂളിലേക്കു കയറുമ്പോൾ ഒരു കാഴ്ച കണ്ടു. കുട്ടികൾ മുകളിൽ നിന്നിട്ട ഭക്ഷണ അവശിഷിടങ്ങളിൽ നിന്നു അഴുക്കാവാത്ത വറ്റുകൾ ഒരു ഞെളുങ്ങിയ പിഞ്ഞാണത്തിലേക്ക് വാരിയെടുക്കുന്ന ഒരു ഭ്രാന്തൻ യാചകൻ.!
കുഞ്ഞാണി ആ കാഴ്ച നോക്കി നിന്നു . മുന്നോട്ടു നീങ്ങാനാവാതെ അവൻ ചലനമറ്റു നിന്നു. അയാൾ പിന്നെയും ഇത്തിരി വറ്റിനായി ആ പാറക്കല്ലുകൾക്കിടയിൽ വിരലിട്ടു പരതുകയാണ്.
കുഞ്ഞാണി ഏതോ അന്തർപ്രേരണയിലെന്ന വിധം വേഗം അയാളുടെ അടുത്തേക്കോടി ചെന്നു. ആ പിഞ്ഞാണം പിടിച്ചു വാങ്ങി, അതിലെ അഴുക്കായ ഭക്ഷണം കമഴ്ത്തിക്കളഞ്ഞു. പകരം തന്റെ ചോറ്റു പാത്രം അപ്പടി ആ പിഞ്ഞാണത്തിലേക്കു കമഴ്ത്തി.
അതയാൾക്കു നീട്ടി. അയാളുടെ കണ്ണിലൊരു തിളക്കം..!,
അയാൾ ആർത്തിയോടെ അതു വാങ്ങി തിന്നാൻ തുടങ്ങി...
കുഞ്ഞാണി അതു നോക്കി നിൽക്കവെ ബെല്ലടിച്ചു. വെറും വയറോടെ പാത്രം കഴുകി ക്ലാസ്സിലേക്കു കയറാൻ നേരം അയാളെ ഒന്നു കൂടി കാണാൻ മതിലിനു മുകളിലൂടെ കീഴോട്ടു നോക്കി. അയാൾ ഭക്ഷണം ആർത്തിയോടെ തിന്നുകയാണ്. പക്ഷെ അതിലുണ്ടായിരുന്ന പൊരിച്ച കോഴിമുട്ട അയാൾക്കിഷ്ടമില്ലാത്തതിനാലാവും അയാൾ മലിനജലം തളം കെട്ടിയ ആ അഴുക്കുചാലിലേക്ക് എറിഞ്ഞു കളയുന്നതവൻ കണ്ടു.
മൊരിഞ്ഞ ഉള്ളിയുടെ മണവും മഞ്ഞ നിറവുമുള്ള ആ വിശിഷ്ട വിഭവം അഴുക്കിന്റെ ആഴങ്ങളിലേക്കു പോകുന്നത് കുഞ്ഞാണി കണ്ണീരിന്റെ നനവിനിടയിലൂടെ അവ്യക്തമായി കണ്ടു.
കഥ കഴിഞ്ഞു.
ശ്രദ്ധിച്ച മിക്ക കുട്ടികളുടെയും കണ്ണിലെ ആർദ്രത ഞാൻ തിരിച്ചറിഞ്ഞു.
പ്രസംഗം നിർത്തും മുമ്പെ
ഞാനൊന്നു കൂടി കൂട്ടിച്ചേർത്തു. ഇപ്പഴും ഇതു വഴി പോകുമ്പോൾ ആ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ മൊരിഞ്ഞ ഉള്ളി തൂവിയ ആ പൊരിച്ച മുട്ടയുടെ മഞ്ഞനിറം കാണാനാവുമോ? എന്ന് ഞാൻ ചിന്തിക്കാറുണ്ട്. കാരണം അന്നത്തെ ആ കുഞ്ഞാണി ഞാൻ തന്നെയായിരുന്നോ എന്നിനിക്കിപ്പോഴും തോന്നാറുണ്ട്.
2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച
ഒരു സങ്കീർത്തനം പോലെ...
ഒരു സങ്കീർത്തനം പോലെ...!
പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന പുസ്തകം ഞാൻ സ്വന്തമാക്കുന്നത് കരിപ്പൂർ എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നാണ്.
അത് ആദ്യമായി വായിക്കുന്നത് ഉമ്മുൽ ഖുവൈൻ "സൽമ" യിലെ ഒരു മലയാളി കഫറ്റേരിയയിലെ ടേബിൾ ക്ലീനിംഗ് ബോയ് ആണ്. ഒരു കാസർക്കോടുകാരൻ "മനാഫ്".
വിധി വശാൽ സംഭവിച്ചു പോയതാണ്.
ഫാമിലിയെ നാട്ടിൽ വിട്ട സമയത്ത് ഒരാൾക്കു വേണ്ട ഭക്ഷണം മാത്രമുണ്ടാക്കേണ്ടിയിരുന്ന ആ നാളിൽ "സൽമ" യിലെ ഈ കഫറ്റേരിയയായിരുന്നു എന്റെ കത്തലടക്കിയിരുന്നത്.
മനാഫിനെ അതിനു മുമ്പും ഞാൻ കണ്ടിരുന്നു. പക്ഷെ ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിക്കാനുതകുന്ന ഒരു വിശേഷവും വൃത്തിയും അവനിൽ തെളിഞ്ഞു നിന്നിരുന്നില്ല. ഞാൻ തിന്നെണീറ്റു പോയതിനു ശേഷമാവും അവൻ എന്റെ ഉച്ഛിഷ്ടവും പ്ലേറ്റും അകത്തേക്കെടുക്കാനെത്തുക. ഞാൻ വരുന്നതിന്നു മുമ്പെ ടേബിൾ ക്ലീൻ ചെയ്തു പോയിരിക്കും. അതിനാൽ തമ്മിൽ മുഖാമുഖം കാണാറില്ല. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ തൊട്ടപ്പുറത്തെ മേശ തുടക്കുന്ന അവനെ ഞാൻ അറപ്പു കൊണ്ട് മനപ്പൂർവ്വം നോക്കാറുമില്ല.
ഒരു ദിവസം ഞാൻ ഓർഡർ കൊടുത്ത ഭക്ഷണം പാകമാവാൻ ഇത്തിരി സമയമെടുക്കുമെന്ന തിരിച്ചറിവിലാണ് എന്റെ ലാപ്ടോപ്പ് ബാഗിൽ നിന്നു "ഒരു സങ്കീർത്തനം പോലെ പുറത്തെടുത്ത് ഞാൻ വായിക്കാൻ തുടങ്ങിയത്.
സെൻറ്പീറ്റേർസ് ബർഗും, ദസ്തയേവിസ്കിയും അന്നയും തലച്ചോറിൽ നിന്നും ഹൃദയത്തിലേക്കിറങ്ങാൻ മടിച്ചു ചടപ്പോഴേക്കും ഭക്ഷണം വന്നു. പുസ്തകം മടക്കി മേശപ്പുറത്തു വെച്ചു ഇഷ്ടഭക്ഷണത്തെ പെട്ടെന്നു വായിലേക്കും ആമാശയത്തിലേക്കുമയക്കാൻ ഹൃദയത്തിന്റെ ഇടവാതിൽ തുറന്നു.
തീറ്റ തീർന്നിട്ടും ബാക്കി വന്ന സ്വാദിനെ കൂടി സ്വന്തമാക്കാൻ സ്വന്തം വിരൽത്തുമ്പിലെ നനവിനെപ്പോലും വലിച്ചീമ്പി സീൽക്കാരം പുറത്തു വിടുമ്പോൾ ആരും കാണുന്നും കേൾക്കുന്നുമില്ലെന്നുറപ്പു വരുത്താൻ പോലും മറന്നു. ഒപ്പം മേശപ്പുറത്തു വെച്ച സങ്കീർത്തനവും.
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് "സൽമ" യിൽ ഭോജനത്തിനെത്തുന്നത്. ക്ലീൻ ചെയ്ത മേശ നോക്കി ഒരു സൈഡിൽ ലാപ്ടോപ്പ് ബാഗ് വെച്ച് ഇരുന്നപ്പോൾ മനാഫ് ഓടി വരുന്നു. കയ്യിൽ "ഒരു സങ്കീർത്തനം പോലെ...!"
"സാറു കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ മറന്നു വെച്ചു പോയതായിരുന്നു. ഞാൻ എടുത്തു വെച്ചതാണ്, വരുമ്പോൾ തരാൻ. പിന്നേ...ഞാൻ ഇത് വായിച്ചു തീർത്തു ഒറ്റ രാത്രി കൊണ്ട്.!
സൂപ്പർ ബുക്കാണ്.
ഞാൻ അത്ഭുതപ്പെട്ടു. കഫറ്റേരിയ അടക്കാൻ രാത്രി പതിനൊന്നു മണിയാവും. അതിനു ശേഷമുള്ള ഒറ്റ ദിവസം കൊണ്ട്?, ചുമ്മാ പുളുവടിക്കുന്നതാവും!, എന്നെ ഇമ്പ്രസ് ചെയ്യാൻ.
എങ്കിലും പേരും സ്ഥലവും ചോദിച്ചറിഞ്ഞു താങ്സും പറഞ്ഞു ആ സീനങ്ങനെ മറന്നു പോയതായിരുന്നു.
പിന്നെ എപ്പഴോ നേരം പോക്കാൻ മാർഗ്ഗം തേടിയപ്പോൾ ദസ്തയേവിസ്കിയേയും അന്നയേയും ഓർമ്മ വന്നു. ആ പുസ്തകം തെരഞ്ഞു കിട്ടി. നിർത്തിയേടത്തു നിന്നും വായന തുടർന്നപ്പോൾ ചില പേജുകളിൽ കാതലായ ഭാഗങ്ങളിൽ അടി വരയിട്ടിരിക്കുന്നു. ഞാൻ പിറകിലേക്ക് മറിച്ചു, അവിടേയുമുണ്ട് ചില വരികൾക്കു കീഴേ ചില വരകൾ. വായനയുടെ മുഴുവൻ സത്ത ലഭ്യമാകുന്ന കേവല അടയാളങ്ങൾ! കഥാപാത്രങ്ങളുടെ മാനസീകാവസ്ഥ പെട്ടെന്നുൾക്കൊള്ളാൻ സഹായിക്കുന്ന രേഖാചിത്രങ്ങൾ! ഒരു സങ്കീർത്തനം(സ്തുതി) പോലെ..!!
അവയെ പിന്തുടർന്നു ഞാനും നടന്നു. അപരിചിതമായ വഴിയിലൂടെ, മുന്നെ നടന്നവന്റെ വ്യക്തമായ കാൽപ്പാടുകൾ നോക്കിയെന്ന പോലെ...!
അതെന്നെ എന്റെ വായനയും ഒരു ദിവസം കൊണ്ട് തീർക്കാൻ സഹായിച്ചു.
വായന തീർന്നു പുസ്തകം മടക്കി വെക്കുമ്പോൾ ഉള്ളു നിറച്ചും
ദസ്തയേവിസ്കിക്കും അന്നക്കും പുറമെ മനാഫും കൂടിയുണ്ടായിരുന്നു.
പിന്നീട് ചെന്നപ്പോഴൊന്നും കഫറ്റേരിയയിൽ അവനെ കണ്ടില്ല. അവനുമായി സംസാരിക്കണമെന്നു അതിയായി ആഗ്രഹിച്ചിരുന്നു. അവനു നല്ല വിദ്യാഭ്യാസമുണ്ടെന്നും ഒരു കമ്പനിയിൽ ജോലി ശരിയായി പോയെന്നും കഫറ്റീരിയക്കാരൻ പറഞ്ഞു.
കിട്ടാക്കടം പിരിച്ചെടുക്കുന്ന ടാസ്ക് ടീമിൽ എന്നെ പിടിച്ചിട്ട കാലമാണ് ഞാൻ യു.എ.ഇ. കറങ്ങാൻ പഠിച്ചത്. കോൺട്രാക്ടിന്റെ സെക്യൂരിറ്റി റീടൈൻ മണി പിരിച്ചെടുക്കുക എന്നത് ഒരു ഹെർക്കൂലിയൻ ടാസ്ക് ആണ്. ഫ്രോഡുകളിൽ നിന്നാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെ ഒരു ഫ്രോഡ് മലയാളി ഓണർ കമ്പനിയുടെ കയ്യിൽ കുടുങ്ങിയ ഞങ്ങളുടെ ഡെപ്പോസിറ്റ് തിരിച്ചു പിടിക്കാനിറങ്ങിയതായിരുന്നു. പൂർവ്വികരൊക്കെ തോറ്റു പിൻവാങ്ങിയ കേസാണ്. കോൺട്രാക്ടിന്റെ അഞ്ചു ശതമാനം ഇനിയും ബാക്കിയുണ്ട്. ശതമാനം അഞ്ചെന്നാലും തുക വലുതാണ്. കിട്ടിയാൽ ഓഫീസ് സ്റ്റാഫിനു മുഴുവൻ ആ മാസത്തെ സാലറി എടുക്കാം. ഏതു തറ വേലയും ചെയ്യാനൊരുങ്ങിയാണ് ആ ക്രെഡിറ്റ് കളക്ഷനിറങ്ങിയത്.
ഷൗട്ട് ചെയ്യാനും ത്രെട്ടൺ ചെയ്യാനും മനസ്സിനെ പാകപ്പെടുത്തി അക്കൗണ്ട്സ് ഓഫീസിന്റെ വാതിൽ തുറന്നകത്തു കയറിയപ്പോൾ ആദ്യം കണ്ട മുഖത്തെ കണ്ണുകൾക്ക് ഒരു പരിചയത്തിളക്കം.!
സൂട്ടും, കോട്ടും, ടൈയുമണിഞ്ഞു കറങ്ങുന്ന കസേരയിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകൾ ഞാൻ തിരിച്ചറിഞ്ഞു.
"മനാഫ്".
പിന്നെ കുശലങ്ങളായി... കുസൃതിയായി, സംസാരം സ്നേഹത്തിലായി.. കമ്മ്യൂണിക്കേഷൻ കാര്യത്തിലായി, കാര്യങ്ങൾ വേഗത്തിലായി..!
അവൻ ദിവസങ്ങൾക്കകം പഴയ ഫയലുകൾ പഠിച്ചു, ഫണ്ട് റിലീസ് ചെയ്തു.
ഞങ്ങൾക്കു ആ മാസം ശമ്പളം കിട്ടി, അവിടങ്ങോട്ടു അവരോടുള്ള ബ്ലാക്ക് ലിസ്റ്റിംഗും നീങ്ങി പുതിയ കോൺട്രാക്ടുകൾ പരസ്പരം ഒപ്പിട്ടു വർക്കുകൾ ഇന്നും മുറക്കു നടക്കുന്നു.
ഒരു സങ്കീർത്തനം പോലെ...!,
2017 നവംബർ 17, വെള്ളിയാഴ്‌ച
കാന്താരി
2017 സെപ്റ്റംബർ 21, വ്യാഴാഴ്‌ച
ഒന്നും അന്തിമ വിധിയല്ല.
വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്നിട്ടും കുട്ടികളുടെ അവധിക്കാല ഹോം വർക്കുകൾ തീർന്നിട്ടില്ല.
ഞാനുമ്മാനെ കാണാൻ പതിവായെത്തുന്ന നേരം നോക്കി കാത്തിരിക്കുകയാണ് ജബ്ന. സുഗതകുമാരിയെ കുറിച്ച് കിട്ടാവുന്നിടത്തോളം വിവരണം വേണമവൾക്ക്. സ്കൂളിലേക്കു ഒരു ചാർട്ടിലെഴുതാൻ.
ഇൻറെർനെറ്റിൽ വിക്കി പീഡിയയിൽ നിന്നു സുഗതകുമാരിയുടെ പേജ് തുറന്നു കൊടുത്തു.
അവൾ അതപ്പടി ചാർട്ടിൽ കോപ്പിയടിച്ച് സ്കൂളിലേക്ക് പോയി. ക്ലാസ്സിൽ മാർക്സ് സ്കോർ ചെയ്തു.
എന്നിട്ടും അന്ന് വൈകുന്നേരം വന്നപ്പോഴവളുടെ മുഖം വാടിയിരുന്നു.
കാരണമന്വേഷിച്ചു.
"മൂത്താപ്പാ...ഇനിക്ക് മൂത്താപ്പയും മൂത്താപ്പാക്ക് നെറ്റുള്ള മൊബൈലും ഉള്ളതിനാൽ സുഗതകുമാരിയമ്മയെ കുറിച്ച് എഴുതാൻ പറ്റി. എന്നാൽ എൻെറ ബെസ്റ്റ് ഫ്രൻഡ് 'സഞ്ജന' ക്ക് ഒരു മാർക്കൂല്യ.."ഗുഡ്ഗേൾ" വാക്കുല്യാ..ന്നു ആലോചിച്ചിട്ട്യാ മൂത്താപ്പാ..... എനിക്കു സങ്കടം.!"
കേട്ടപ്പോൾ അവളിലെ വിഷമം അതിൻെറ പത്തിരട്ടിയായി എന്നുള്ളിലേക്കു കുടിയേറി.
ഈ സങ്കടം ഉള്ളിൽ നിന്നിറക്കിവെക്കാനാണ് അന്നു തന്നെ അവളുടെ ക്ലാസ് ടീച്ചറെ കാണാൻ നേരിട്ടു പോയത്.
എഴുതി കൊണ്ടു വന്നവരുടെ ചാർട്ടുകൾ ടീച്ചർ ക്ലാസ്സിൽ വൃത്തിയിൽ തൂക്കിയിട്ടിരിക്കുന്നു.
"ടീച്ചറെ, ഇതിൽ ഒരു ശരികേടില്ലേ?"
നെറ്റും ലൈബ്രറിയും വകയുള്ളവരുടെ മക്കൾ അവിടന്നും ഇവടന്നും പകർത്തിയെഴുതുന്നു, അംഗീകാരം ലഭിക്കുന്നു, ഇതിനൊന്നും വകയില്ലാത്തവർ ഒന്നുമാകാതെ പോകുന്നു"
ടീച്ചർക്കും പറയാനൊന്നുമുണ്ടായിരുന്നില്ല. മൗനം നീളവെ വിട ചൊല്ലി ഞാൻ പടിയിറങ്ങി.
ഞാനെൻെറ വിഷമം ടീച്ചറുടെ ചങ്കിലിട്ടു എൻെറ ഭാരം പകുതിയാക്കി.
പക്ഷെ ഇന്നു വൈകീട്ട് ടീച്ചർ വിളിക്കുന്നു.
"മാഷേ.. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു സ്കൂളു വരെ വരാമോ?"
"ബുദ്ധിമുട്ടീറ്റാണേലും വരൂല്യോ... ടീച്ചറേ.......!"
ന്നു പറഞ്ഞു ഞാനവിടെയെത്തി.
സ്കൂൾ വിട്ടിരിക്കുന്നു. ടീച്ചർ മലയാളത്തിളക്കത്തിനിരിക്കയാണ്.
തലേന്നു തൂക്കിയ ചാർട്ടുകൾക്കു പകരം പുതിയ ചാർട്ടുകളാണ്.
ടീച്ചർ ഒരു ആൻസർ പേപ്പർ നീട്ടി.
പേര് : സഞ്ജന.
വിഷയം: സുഗതകുമാരി.
മാർക്ക്: പത്തിൽ പത്ത്.
എനിക്കു പറയാനൊന്നുമുണ്ടായിരുന്നില്ല.
(അനുഭവി ഗുരു സബ്കുച്ച് സമച്ഛ് ഗയാ....!) പുഞ്ചിരികൊണ്ടു ക്ഷമ ചോദിച്ച് ഞാൻ പടിയിറങ്ങി.
ടീച്ചറുടെ മുഖത്തൂന്ന് വിഷമം പോയവിടെ സന്തോഷം നിറഞ്ഞ് അലതല്ലി.
വീട്ടിലെത്തി ജബ്നയോടു മാർക്ക് ചോദിച്ചു പത്തിൽ ഒമ്പത്.
എന്നിട്ടും അവളുടെ മുഖം വാടിയിരുന്നു. കാരണമന്വേഷിച്ചപ്പോഴാണ് പറഞ്ഞത് മാളവികക്ക് പത്തിൽ പത്തു മാർക്ക് കിട്ടിയിരുന്നു എന്നിട്ടും ടീച്ചർ അവളുടെ മാത്രം ആൻസ്വർ പേപ്പർ തിരിച്ചു വാങ്ങി...!
പാവം. !
--------------------------------------------------------
വിദ്യാഭ്യാസം = വിദ്യാസമ്പാദനം + വിദ്യപങ്കുവെക്കൽ + വിദ്യ ഉപയോഗപ്പെടുത്തൽ..
2017 ജൂൺ 7, ബുധനാഴ്‌ച
ഗർവ്വു മലയുരുകിയ വിധം.
ഇന്ന് മലപ്പുറത്തു നിന്നും ഇരുമ്പുഴിയിലേക്കു ബസ്സിൽ വരികയായിരുന്നു. മൂന്നാംപടി പാസ്പോർട്ട് സേവാകേന്ദ്രത്തിനടുത്ത സ്റ്റോപ്പിൽ നിന്നാണു ഞാൻ കയറിയതെന്നതിനാലാവും സീറ്റൊക്കെ ഫുൾ..!
ഒരു ന്യൂ ജൻ. പയ്യനിരിക്കുന്ന സീറ്റിൽ ഒരാൾക്കു കൂടിയുള്ള ഒഴിവുണ്ട്. പക്ഷെ അവൻ വിശാലമായ ഒറ്റയിരുപ്പിൽ രണ്ടു പേരുടെയിടം കയ്യടക്കിയിരിക്കുന്നു.
ഷോപ്പിംഗ് ബാഗും തൂക്കി ഞാൻ അതേ സീറ്റിലിരുന്നത് അവനത്ര സുഖിച്ചില്ല.
ഇല്ലാത്ത മസിൽ വല്ലാതെ പെരുപ്പിച്ചിരിപ്പാണ്.
ഞാനൊരു സെക്കൻഡ് ചിന്തിച്ചു.
എങ്ങനെ ഡീൽ ചെയ്യണം..?
(പ്യാർ സെ യ ഗുസ്സേസെ..)
അതോ ഇനി പുതിയ എന്തെങ്കിലും പരീക്ഷണമാവാമോ?
(ഓൺലൈൻ എഴുത്തുജീവിയുടെ അനുഭവാന്വേഷണ ത്വരയെന്നു കരുതിക്കൊള്ളൂ)
ഞാൻ തന്നെ ഐസുമലയുടെ ഒരറ്റത്ത് ബ്രേക്കിംഗ് ശ്രമിച്ചു .!
"ഈ ഷർട്ട് തയ്ച്ചതാണോ?, അതോ റെഡിമെയ്ഡോ?"
"ഹൂം...എന്തേ?"
ഐസ് മലയിൽ നിന്നൊരു ചില്ലു ചീൾ എൻെറ നേരെ വന്നു.
ഞാൻ ഒന്നിളകി.(അടുത്ത ഡയലോഗാണ് ട്വിസ്റ്റർ, ദൈവമേ..മിന്നിച്ചേക്കണെ..!)
"ഒന്നൂല്യ.. നല്ല പെർഫെക്ട് സ്റ്റിച്ചിംഗ്, നിനക്കു നന്നായി മാച്ചാവുന്ന കളർ, ലൗലി സെലക്ഷൻ".
ഞാനത്രേ പറഞ്ഞുള്ളൂ.. ഇരുമ്പുഴി ഞാനിറങ്ങുന്നതു വരെ ബാക്കി സംസാരിച്ചതവനായിരുന്നു.
കണ്ണൂരിൽ ജോലി ചെയ്യുന്ന ചേച്ചി കഴിഞ്ഞ വിഷുവിനു അവന്നു കൊണ്ടു വന്നു കൊടുത്ത ആ ഷർട്ടിനെ പറ്റി, ചേച്ചിക്കു വല്ല്യ ഇഷ്ടമായ കല്ലുമ്മക്കായയെ പറ്റി, അതു വാങ്ങാൻ ഇപ്പോൾ പരപ്പനങ്ങാടിയിൽ പോയതിനെ പറ്റി....
സംസാരത്തിനിടെ അവൻ മസിലുപിടുത്തം മറന്നു. പാവം മൂന്നിലൊന്നു സീറ്റിലേക്കൊരു വെറും പൂച്ചക്കുഞ്ഞായി ചുരുങ്ങി.
"എനിക്കിറങ്ങാനായി..വിഷ് മീ റ്റു സീ യു ഫ്രം സം വേർ" എന്നു ഞാൻ എന്നെ തന്നെ ആശംസിച്ചിറങ്ങുമ്പോൾ മഞ്ഞു മല മുഴുവനായുരുകി എൻെറ കവിളോരം വരെ മുഴുക്കെ ഒരു കുളിരു വന്നതായി എനിക്കു തോന്നി.
ഞാനൊന്നു ചൂടായിരുന്നേൽ...!
പിണങ്ങി മസിലു പിടിച്ചിരുന്നേൽ...!!
താണു കേണു അഭ്യർത്ഥിച്ചിരുന്നേൽ...!!! കിട്ടുമായിരുന്ന പ്രതികരണത്തിനെക്കാൾ പുതുമയുള്ള ഒരു പ്രതികരണം അനുഭവിക്കുകയും അതു നിങ്ങളുമായി പങ്കുവെക്കാൻ സാധിക്കുകയും ചെയ്തതിന്.
എൻെറ തീരുമാനത്തിൽ ഞാനെന്നെ തന്നെ ഒന്നു കുലുക്കി ഷൈക്ക്ഹാൻഡ് നൽകി. ;)
2017 മാർച്ച് 15, ബുധനാഴ്‌ച
ഉടായിപ്പ് ഉസ്മാൻ.
True caller ചിലപ്പോൾ ഒരു മുട്ടൻ പണി തരും. നമ്മുടെ ഫോൺ നമ്പർ ഉറ്റ കൂട്ടുകാർക്കോ കൂട്ടുകാരിക്കോ നൽകി, അവർ അത് വല്ല നിക്ക്നേമിലോ, രഹസ്യപ്പേരിലോ അവരുടെ ഫോണിൽ സേവ് ചെയ്തു വെച്ച്, ട്രൂകാളറിലേക്കു ഫോൺ കോൺടാക്റ്റ് ഡാറ്റ അപ്ലോഡ് ചെയ്താൽ ആ പേരിലാവും പിന്നെ ആ നമ്പർ ട്രൂകാളറിൽ സേവ് ചെയ്യുക.
പിന്നെ ആര് ആ നമ്പർ ട്രൂകാളറിൽ സേർച്ച് ചെയ്താലും, അല്ലെങ്കിൽ ട്രൂകാളർ ഉള്ളവർക്ക് നാം ആ നമ്പർ കൊടുത്താലും ആ വട്ടപ്പേര് (രഹസ്യപ്പേര് ) പുറത്താവും.
ഇപ്രാവശ്യം ദുബൈയിലേക്കു തിരിക്കുമ്പോൾ ഇത്തിരി നേരത്തെയിറങ്ങി. (കഴിഞ്ഞ പ്രാവശ്യത്തെ അബദ്ധം ഒഴിവാക്കാൻ) ഡിപ്പാർച്ചർ ഗേറ്റിനു പുറത്ത് ഊഴം കാത്തു നിന്നപ്പോൾ ദിർഹം വേണോ, വിക്കണോന്നു ചോദിച്ചൊരു വീരൻ വന്നു. ദിർഹം വിക്കാനും വാങ്ങാനുമില്ലന്നു പറഞ്ഞപ്പോൾ നമ്പർ തരാം സേവ് ചെയ്തോളൂ, ഉണ്ടാവുമ്പോൾ വിളിക്കണമെന്നും ഉസ്മാൻ എന്നാണു പേരെന്നും പറഞ്ഞു പഹയനൊരു നമ്പർ തന്നു.
ചുമ്മാ കിടക്കട്ടേന്നു കരുതി നമ്പർ അടിച്ചു സേവ് ചെയ്യാൻ നേരം ട്രൂ കാളർ അതാ അവൻറെ തനി നിറം എഴുതിക്കാട്ടുന്നു.
"ഉടായിപ്പ് ഉസ്മാൻ"
ആരോ മുട്ടൺ പണി കൊടുത്തതാണ്, അല്ലേൽ നമുക്ക് പണി കിട്ടാതിരിക്കാൻ പടച്ചോൻെറ വാണിംഗാണ് എന്നു തിരിച്ചറിഞ്ഞു, തന്ന നമ്പർ സേവാക്കാതെ വിട്ടു.
2017 ഫെബ്രുവരി 17, വെള്ളിയാഴ്‌ച
കളറിളകലോടിളകൽ
"നിനക്ക് ഡാർക്ക് കളറല്ലാത്ത ഒരു ഷർട്ട് ഇട്ടു കൂടേ?
വാങ്ങണേൽ ഞാൻ കാശു തരാം."
ഉമ്മ കളിയാക്കിയപ്പോഴാണ് ലൈറ്റ് ബ്ലൂവിൽ സ്പൺ & കോട്ടൺ മിക്സഡ് ഷർട്ടുശീല പൊന്നും വിലക്കു വാങ്ങിയത്.
ടി.ഷർട്ട് ഡിസൈനിൽ തന്നെ തയ്ക്കാൻ 'സംഗീത' ടൈലേർസിലെ ബാബൂന്ന് സമയവും രൂപയും അധികം കൊടുത്തു.
പക്ഷെ ഷർട്ട് തയ്ച്ചിട്ടപ്പോൾ ബീടർക്ക് തീരേ ബോധിച്ചില്ല.
(അല്ലേലും ഒരു ടൈലർക്കൊരു ടൈഗറെ കണ്ടൂടല്ലോ!) ;)
അവൾ അത് ആകെ തുന്നഴിച്ച് അതിലൊരു കുത്തബ്മിനാർ പണിതു.
ങ് ഹാ..കൊള്ളാമെന്നെനിക്കും തോന്നി...!
ഊട്ടിയിലേക്കുള്ള കുടുംബ പിക്നിക്ക് ദിവസമാണത് ആദ്യമായണിഞ്ഞത്.
ഊട്ടിയിലെ തണുപ്പിൽ സ്വറ്ററിനകത്തു കയറി അവൻ പുറം ലോകം കണ്ടില്ല. പക്ഷെ അലക്കാൻ വാഷിംഗ് മെഷീനിൽ കിടന്നപ്പോൾ ഫെബ്രവരി 14.
ഡിറ്റർജൻറ് ലായനിയിലെ മഞ്ഞച്ചുരിദാറുമായി അതിനു പ്രണയം.
രണ്ടും പരമാവധി വേഗതയിൽ ഒന്നിച്ചു കറങ്ങി.
അലക്കു കഴിഞ്ഞെത്തിയപ്പോൾ ചുരിദാറിലെ മധുരപ്രണയത്തിൻെറ മഞ്ഞ നിറം ഷർട്ടിൻെറ മാറത്തും കോളറിലും.
പഠിച്ച പണി പതിനെട്ടും കോപ്പിയടിച്ച ബാക്കി ഒന്നും ചേർന്ന സകല അടവും പയറ്റിയിട്ടും കറ പോയില്ല.
ബീടരിൽ ഒളിഞ്ഞിരുന്ന കുറ്റബോധം റമഡിയന്വേഷിച്ചു ഹിമാലയസാനുക്കളിൽ അലഞ്ഞിരിക്കണം.
യുറേക്കാ...!
(ചെവിയിൽ വെള്ളം തങ്ങി നിന്നാലെന്തു ചെയ്യും?
കൂടുതൽ വെള്ളമൊഴിക്കുക. എന്നാൽ സകല വെള്ളവും അതോടപ്പം ഒലിച്ച് പോരും. അതു തന്നെ).
ആർക്കിമിഡിസിനെപ്പോലെ ബാത്ത്ടബ്ബിൽ നിന്നെണീറ്റവൾ ടെക്റ്റയിൽ/സ്വൂയിംഗ് മെറ്റീരിയൽ കടയിലേക്കോടി.
പോണ സ്പീഡ് കണ്ടു കാര്യമെന്താണെന്നു ചോദിച്ചപ്പോൾ ഒരു ബിഗ് തിയറി പറഞ്ഞു. "മുള്ളിനെ മുള്ളു കൊണ്ടെടുക്കുക"
തിരിച്ചു വരുമ്പോൾ കണ്ടു, ഫേബ്രിക് കളറിൻെറ ഒരു പാക്കറ്റും കൂടെ കളർ ഗ്വാഡിൻെറ ബോട്ടിലും.
അവിടവിടെ കളർ പിടിച്ച ഷർട്ടിൽ പൂർണ്ണമായി കളർ മുക്കുക. അതോടെ പുതിയ നിറത്തിൽ പുതിയ ഷർട്ട്..(എങ്ങനെയുണ്ട് എൻെറ പുദ്ധി? )
സംഗതി വിജയിച്ചു.
പക്ഷെ മുക്കിയ കളർ ഇളകി ഇനി മറ്റു വസ്ത്രത്തിൽ പിടിക്കുമോ എന്ന ആശങ്കയില്ലേ? എന്ന ചോദ്യത്തിനുത്തരമായി കളർഗ്വാർഡിൻെറ ഒരു ബോട്ടിൽ നീട്ടി.
എന്നിട്ടും എന്നിലെ ഉപഭോക്താവ് അടങ്ങിയില്ല.
ഷർട്ട്ശീല വാങ്ങിയ ബില്ലിൽ നിന്നു ഫോൺ നമ്പർ തപ്പി ഞാൻ തുണിക്കടക്കാരനെ വിളിച്ചു.
"ചേട്ടാ..കളറിളകുമോന്നു വീണ്ടും.... വീണ്ടും ചോദിച്ചല്ലേ ഞാൻ ഷർട്ടിനു മുറിച്ചത്?
എന്നിട്ടതിൽ കളർ പിടിച്ചല്ലോ?"
"അതേയ്..ഈ തുണി കളറിളകില്ലന്നല്ലേ..!
ഞാൻ ഗ്യാരണ്ടി തന്നത്. ഇതിൽ മറ്റു കളർ പിടിക്കുന്നതിനു ഞാനെന്തു ചെയ്യാനാ ..!
നിങ്ങൾ കളർഗ്വാർഡ് വാങ്ങി ഒറ്റത്തവണ മുക്കേണ്ടിയിരുന്നു."
ഞാനൊരു വിദ്യാർത്ഥി സമരം നയിക്കാനാവതില്ലാത്തവനായതിനാൽ ഒരു ലക്ഷം നഷ്ടപരിഹാരം ചോദിക്കുന്നില്ല.
#കല്യാൺസിൽക്സ്
