എവിടെയും കോവിഡ് 19 പ്രോട്ടോകോൾ..! കയ്യിലേക്കൊഴിക്കാൻ വെച്ച സാനിറ്റൈസറിന്റെ മണം അനുസരിച്ച് സ്ഥാപനത്തിന്റെ നിലവാരം അറിയാമെന്നായിരിക്കുന്നു. മാസ്ക് നോക്കി കസ്റ്റമറുടെയും.
പഴം വാങ്ങി കൗണ്ടറിനടുത്തെത്തിയപ്പോൾ ഒരു കൂടയിൽ കുറേ ചൂരൽവടി വിൽക്കാൻ വെച്ചിരിക്കുന്നു.
നല്ല ഭംഗിയുണ്ട്. വാങ്ങാൻ തോന്നി, ഒന്നെടുത്തു.
പിന്നെ ചിന്ത മാറി, ഇതുകൊണ്ട് പിള്ളേരെ അടിക്കാനേ പറ്റൂ.. പാമ്പിനെ പോലും തല്ലാൻ പാടില്ലാത്ത കാലം! പിന്നെ മക്കളെ തല്ലുന്ന കാര്യം പോലും ചിന്തിച്ചു കൂടാ.. ?
(എന്റെ മകൻ എന്നെക്കാൾ ഫിസിക്കലായി വളർന്നിരിക്കുന്നു. എന്തിനാ വടി വാങ്ങി ക്കൊടുത്തു അടി വാങ്ങുന്നത് എന്നും കൂടി പെട്ടെന്നുള്ളിൽ ചിന്ത പാഞ്ഞു.)
"ഇതെന്താ ഇവിടെ തന്നെ ഡിസ്പ്ലേ ചെയ്തിരിക്കുന്നത്?"
കൗതുകത്തോടെ ഞാൻ സെയിൽസ് ഗേളിനോടു ചോദിച്ചു.
"നല്ല ഡിമാൻഡുണ്ട്, പിന്നെ സാറിനെ പോലെ ചിലർക്ക് കണ്ടാൽ വാങ്ങാൻ ഒരു ടെംറ്റേഷനും ആവും.!"
എനിക്ക് ആ കുരുട്ട് ബുദ്ധിക്കാരിക്ക് ആ ചൂരലു കൊണ്ട് ഒരു കുത്ത് കൊടുക്കാൻ തോന്നി.
ഷട്ട് ഡൗൺ കാരണം വീട്ടിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങളെ അനുസരിപ്പിക്കാനായി ചൂരൽ കഷായ വിൽപ്പന! അതും ഒരു കച്ചവട തന്ത്രം വഴി..!
ഞാൻ എടുത്ത ചൂരൽവടി കൂടയിൽ തന്നെ തിരിച്ചു വെച്ചു.
അപ്പോഴാണ് റംബൂട്ടാൻ തൂക്കിയ ബാഗിനുമേലെ തൂക്കത്തിനും വിലക്കുമുള്ള സ്റ്റിക്കർ ഒട്ടിച്ചിട്ടില്ല എന്ന് അവൾ കണ്ടെത്തിയത്. അതുമായി അവൾ എന്തൊക്കെയോ പിറുപിറുത്ത് അകത്തേക്ക് പോയപ്പോൾ
കിട്ടിയ തക്കം നോക്കി ആ ചൂരൽ കൂട ഞാൻ കാലുകൊണ്ട് തള്ളിത്തള്ളി ഒരു സെൽഫിന്റെ പിന്നിലേക്ക് നീക്കി. ഇനി ആരും പെട്ടന്ന് അത് കാണില്ല.
എൻറെ പ്രവർത്തി ആരും കണ്ടിട്ടില്ല.
മുമ്പിൽ തെളിഞ്ഞു നിൽക്കുന്ന സിസിടിവി ക്യാമറ ഒഴികെ,
ഒറ്റ കണ്ണിറുക്കി അത് ഒരു ചെറു മന്ദഹാസം തൂകുന്നത് ഞാൻ കണ്ടു.
ഞാനും ഒറ്റക്കണ്ണടച്ച് ചുണ്ടിൽ ചൂണ്ടുവിരൽ ക്രോസ് വെച്ച് പുഞ്ചിരിച്ചു കൊണ്ടു പതിയെ പറഞ്ഞു.
"ആരോടും പറയരുത്".
1 അഭിപ്രായം:
ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ