ഓര്‍മ്മയില്‍ നിന്നൊരു നര്‍മ്മം.
അറബി-മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യദ്ദീന്‍ മാല പ്രസിദ്ധീകരിച്ചിരുന്നത് പ്രധാനമായും ഖുര്‍ആന്‍ പ്രിന്റു ചെയ്യാന്‍ സ്ഥാപിച്ച അച്ചുകൂടങ്ങളിലായിരുന്നു.
ഖുര്‍ആനിലോ അറബിയിലോ "പ" എന്ന അക്ഷരം അന്നും ഇന്നുമില്ല.
(അറബികള്‍ക്കു "പാ"യില്ല പകരം "ഫറവതാനി, അല്ലെങ്കിൽ ബറവതാനി " യാണുള്ളത് എന്നു ഞങ്ങള്‍ തമാശക്കു പറയും).
അതിനാല്‍ മുഹ്‌യദ്ദീന്‍ മാലയിലെ "പ" എന്ന അക്ഷരം വരുന്ന ഭാഗത്തൊക്കെ "ഫ" എന്ന അക്ഷരമാണു പ്രസ്സുകാര്‍ ഉപയോഗിച്ചിരുന്നത്.
യാരിദ് വരമൊഴിയില്‍ കുറിച്ച താഴെപ്പറയുന്ന വരികള്‍
ഗസലുകളുടെ ലോകം: മുഹ്‌യദ്ദീന്‍ മാല. ചരിത്രവും കാലവും..
"പിഴയേറെ ചെയ്തു നടന്നോരടിയാന്റെ
പിഴയും പൊറുത്ത് നീ രഹ്മത്തില്‍ കൂട്ടള്ളാ..!"
"എല്ലാ പിഴയും പൊറുക്കുന്ന നായനെ
ഏറ്റം പൊറുത്തു നീ ക്രിപാ ചെയ് യാ അള്ളാ!"
ബയാനിയ പ്രസ്സ് പരപ്പനങ്ങാടിയില്‍ മുദ്രണം ചെയ്ത മുഹ്‌യദ്ദീന്‍ മാലയില്‍ ഇങ്ങനെയാണു കാണുക.
(അന്നത്തെ ഖുര്‍ആന്‍ പ്രിന്റു ചെയ്യുന്ന (പ) എന്ന അക്ഷരമില്ലാത്ത പ്രസ്സില്‍ അടിച്ചിരുന്നത് ഇങ്ങനെയായിരുന്നു).
"ഫിഴയേറെ ചെയ്തു നടന്നോരടിയാന്റെ
ഫിഴയും ഫൊറുത്ത് നീ റഹ്‌മത്തില്‍ കൂട്ടള്ളാ..
എല്ലാ ഫിഴയും ഫൊറുക്കുന്ന നായനെ
ഏറ്റം ഫൊറുത്തു നീ കിറിഫാ ചെയ്, യാ അള്ളാ.!"
പ്രിന്റിംഗ് "പ"ക്കു പകരം "ഫ" ആണെങ്കിലും വായിക്കേണ്ടതു "പ"യായിട്ടു തന്നെയാവണം.
നിത്യപരിചയമുള്ളവര്‍ പ്രസ്സിന്റെ ആ അപര്യാപ്തതയെ ഉള്‍ക്കൊണ്ടു വായനയില്‍ സഹിഷ്ണുത കാണിക്കുമായിരുന്നു.
പുതുതായി വീട്ടിലെത്തുന്ന വധുക്കള്‍ "പഠിച്ചതോത്തിലും, ഖുര്‍ആന്‍ പാരായണം, മൗലൂദ് ചൊല്ലല്‍, മുഹ്‌യദ്ദീന്‍ മാലാലാപനം എന്നിവയിലൊക്കെ നിപുണരാണോ എന്നു പരിശോധിക്കാന്‍ വന്നതിന്നു പിറ്റേന്നു നാത്തൂന്മാര്‍ക്കും അമ്മായുമ്മക്കും ഒക്കെ ഒരു റാഗിംഗ് ഉണ്ട്.
ബയാനിയ പ്രസ്സില്‍ അടിച്ച ഒരു മുഹ്‌യദ്ദീന്‍ മാലയെടുത്തു ചൊല്ലാന്‍ കൊടുക്കും.
"പ"ക്കു പകരം "ഫ"യാണു ഉച്ചരിക്കുന്നതെങ്കില്‍ അവളുടെ കട്ടപ്പൊക!.
അന്നു കളിയാക്കലിന്റെ മറ്റൊരു കല്യാണമായിരിക്കും.
മോഡേൺ ആയി ജീവിച്ച ഒരു പെണ്‍കുട്ടി, പുരാതന തറവാട്ടിലേക്കു വധുവായി വന്നപ്പോള്‍ ഇതുപോലെ റാഗിംഗിനു വിധേയയായി.
മുഹ്‌യദ്ദീന്‍ മാല മുഴുവന്‍ "ഫ" ചേര്‍ത്തു വായിച്ചപ്പോള്‍ കേട്ടു നിന്നവര്‍ക്കും "പ"യെല്ലാം "ഫ"യായി മാറി.
വായന തീര്‍ന്നിട്ടും വാചകങ്ങളില്‍ അതു ബാക്കി നിന്നു.
എണ്ണ വാങ്ങാന്‍ കടയിലേക്കു ഇറങ്ങുന്ന ഉപ്പ, അടുക്കള ഭാഗത്തേക്കു നോക്കി.
"മോളേ ആ കുഫ്ഫി ഇങ്ങെടുത്താ..?"
കുപ്പിയുമായി വന്ന മരുമകള്‍
"ഇതാഫ്ഫാ... കുഫ്ഫി"
ഇതു കേട്ടു ക്ഷമകെട്ട ഉമ്മ.
“ഫണ്ടാറടക്കാതെ ഫോണുണ്ടോ രണ്ടും?”
ഒ.ടോ: മാഫ്ഫുമ്മാ...!
36865
026 ഇതാഫ്ഫാ... കുഫ്ഫി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
026 ഇതാഫ്ഫാ... കുഫ്ഫി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
