007 ന്യായവാക്കുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
007 ന്യായവാക്കുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2007 ജൂലൈ 26, വ്യാഴാഴ്‌ച

ന്യായവാക്കുകള്‍

മറക്കാന്‍ പറ്റാത്ത ഒരു കാഴ്ച

തിരുവനന്തപുരം R.C.C.യുടെ റേഡിയേഷന്‍ വിഭാഗം.
ബ്രെയിന്‍ട്യൂമര്‍ ബാധിച്ചു അന്ത്യനിമിഷങ്ങള്‍ എണ്ണിക്കഴിയുകയായിരുന്ന എന്റെ അമ്മായിയുടെ വ്യര്‍ത്ഥമായ ചികില്‍സയുടെ അവസാന നാളുകള്‍.

ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്‍റരില്‍ നിന്നും ഓപ്പറേഷന്‍ കഴിഞ്ഞു ഫലം കാണാതെ റേഡിയേഷന്‍ ചികില്‍സക്കായി മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്ത സമയം.

ജീവനില്‍ പ്രതീക്ഷ തീരെ ഇല്ലാഞ്ഞിട്ടു പോലും അവസാനത്തെ ആശ്വാസ ചികില്‍സയെന്ന നിലക്കു റേഡിയേഷന്‍ നടത്താന്‍ തയ്യാറായ അമ്മായിയേയും കൊണ്ടു ഞാന്‍ ക്യൂവില്‍ ഏറ്റവും പിന്നില്‍ കാത്തിരിക്കുന്നു.
കൂടുതല്‍ കാശു കൊടുക്കുന്നവരെ ആദ്യമാദ്യം തെരഞ്ഞടുത്തു റേഡിയേഷന്‍ നടത്തി പറഞ്ഞയക്കുന്ന രീതി ഞാനവിടെ കണ്ടു.
ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൈകൂലിക്കശാപ്പു ശാലയായിരുന്നു അന്നു ആ വിഭാഗം.

വളരെ നേരത്തെ വന്ന ഒരു വൃദ്ധന്‍ ഇനിയും ഊഴമാവാതെ ഒരു ബെഞ്ചില്‍ അവസരം കാത്തിരിക്കുന്നതു അതിനു തെളിവു തരുന്നുണ്ടായിരുന്നു.

ഞാന്‍ ഊഹിച്ചു, അയാള്‍ കൈക്കൂലി കൊടുത്തു കാണില്ല.

അമ്മായിയെ റേഡിയേഷന്‍ റൂമിലേക്കു കൊണ്ടു പോയപ്പോള്‍ ഞാന്‍ ഫ്രീയായി.
അതിനാല്‍ ഞാന്‍ ആ വൃദ്ധന്റെ അടുത്തു പോയിരുന്നു.
അയാളുടെ കവിളിലാണു കാന്‍സര്‍.
വലത്തെ കവിളില്‍ ക്യാന്‍സര്‍ ബാധിച്ചു ഒരു ദ്വാരമുണ്ടായിരിക്കുന്നു.
ആ ദ്വാരത്തിനുള്ളിലൂടെ ബീഡിക്കറയുള്ള ബാക്കിയായ ചില പല്ലുകള്‍ കാണാം.
അതു കണ്ടാല്‍ ആരും ഞെട്ടിപ്പോവും.

ഞാന്‍ പറഞ്ഞു " എന്തെങ്കിലും ആ അറ്റന്‍ഡര്‍ക്കു കൊടുത്തില്ലങ്കില്‍ ഈ ഇരിപ്പു തന്നെ ബാക്കിയുണ്ടാവൂ.
വ്യക്തമായി മനസ്സിലാകാന്‍ പ്രയാസമുള്ള ഉച്ചാരണത്തോടെ അയാള്‍ പറഞ്ഞു.
"അതെനിക്കറിയാം, ഞാന്‍ രണ്ടു മാസമായി ഇവിടെ കിടന്നുചികില്‍സയിലാണ്‌ എനിക്കു പോകാന്‍ ധൃതിയില്ല".

ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല.
സംസാരിക്കാന്‍ അയാള്‍ക്കു വിഷമം കാണും.

ഇതിനിടക്കു ആ അറ്റന്‍ഡര്‍ അടുത്തൂടെ പോയപ്പോള്‍ വൃദ്ധന്‍ അവനെന്തോ കൊടുക്കുന്നതും ആരും ശ്രദ്ധിക്കുന്നില്ലന്നുറപ്പു വരുത്തി അറ്റന്‍ഡര്‍, അവന്റെ വെളുത്ത ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ നിന്ന് എന്തോ എടുത്തു സ്വകാര്യമായി അയാള്‍ക്കു തിരിച്ചു കൊടുക്കുന്നതും ഞാന്‍ രഹസ്യമായി വീക്ഷിച്ചു.

വൃദ്ധന്‍ അതുമായി ടോയ്‌ലറ്റിന്റെ പിറകു വശത്തെ വൃത്തികെട്ട ഇടനാഴിയില്‍ ചെന്നു നിന്നു.
ആരും കാണുന്നില്ലന്നുറപ്പു വരുത്തി അയാള്‍ അറ്റന്‍ഡര്‍ കൊടുത്ത സാധനം വെളിയിലെടുത്തു.
അതൊരു പാക്കറ്റു ബീഡിയായിരുന്നു.
അതില്‍ നിന്നൊരു ബീഡിയെടുത്തു തീപ്പെട്ടിയുരച്ചു കത്തിക്കുന്നതു ഞാന്‍ ഒളിഞ്ഞു കണ്ടു.
ആ ബീഡിയുടെ പുക ഉള്ളിലേക്കെടുക്കാന്‍ അയാള്‍ വലതു വശത്തെ കവിളിലെ ദ്വാരം ഇടതു കൈ കൊണ്ടു അടച്ചു പിടിച്ചു വളരെ പ്രയാസപ്പെടുന്നു.
ദ്വാരം അടച്ചു പിടിച്ച ശുഷ്കിച്ച വിരലിനിടയിലൂടെ പുക പുറത്തേക്കു പോകുമ്പോള്‍ അയാള്‍ അതു ഒഴിവാക്കാന്‍ കഴിയാതെ നിരാശപ്പെടുന്നു.

രംഗം കണ്ടപ്പോള്‍ ഞാന്‍ സിഗരറ്റു വലിക്കുമ്പോള്‍ പറഞ്ഞിരുന്ന ന്യായവാക്കുകള്‍ ഓര്‍മ്മ വന്നു.
" it is not an habit to me, at any time I can stop it!"

ഇതോര്‍ക്കാന്‍ ഇടയായ ഒരു സംഭവം.

ഹെവിഡ്യൂട്ടി ഡ്രൈവര്‍ നസീം ഖാന്‍ ഇന്നലെ അനുവാദമില്ലാതെ ലീവെടുത്തിരിക്കയാണ്‌.
ക്രഷറില്‍ പോയി റോഡ്ബേസിന്റെ 4 ടിപ്പര്‍ ട്രിപ്പെടുക്കുന്നതു മുടങ്ങിയിരിക്കുന്നു.
വര്‍ക്കില്‍ ഒരു ദിവസത്തെ താമസം വന്നാല്‍ മിനിസ്റ്റ്രിയുടെ പിഴ ദിവസത്തിനു ഇരുപത്തയ്യായിരം ദിര്‍ഹം.

പ്രൊജക്ട്‌ എന്‍ജിനീയരുടെ SMS വന്നു.
"impose him reasonable penalty and give him warning 'C'"

ശതമാനം കണക്കാക്കി Dhs.2500 ന്റെ ഒരു പെനാല്‍റ്റി ഡബിറ്റുമെമ്മോ റ്റൈപ്പു ചെയ്തു നസീമിനെ വിളിച്ചു ഒപ്പു വാങ്ങിക്കുമ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു.
ചോദിക്കാതിരിക്കാനായില്ല.

" എന്തിനാ മുന്‍ അനുവാദമില്ലാതെ ലീവെടുത്തത്‌?. അസുഖം വല്ലതു മായിരുന്നങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടു കാണിച്ചാല്‍ മതിയായിരുന്നില്ലെ!"

അവന്‍ സത്യം പറഞ്ഞു. നാട്ടില്‍ നിന്നു വന്ന അവന്റെ സുഹൃത്തു രഹസ്യമായി കൊണ്ടു വന്ന പാക്കറ്റിലെ പാന്‍ വാങ്ങാന്‍ ലീവാക്കിയതായിരുന്നു.

അവന്‍ കൂടെകൂടെ പോക്കറ്റില്‍ നിന്നൊരു പാക്കേറ്റ്ടുത്ത്‌ കൈവെള്ളയില്‍ കുടഞ്ഞെടുത്തു മോണക്കും ചുണ്ടിനുമിടയില്‍ വെക്കുന്നതു കണ്ടു.
പാന്‍ പരാഗോ, ഹാന്‍സോ പോലെയുള്ള ഒരു പുതിയ തരം പാക്കറ്റ്‌.
ചുണ്ടിന്റെ അകഭാഗം മുറിവായി വെള്ളയും ചുകപ്പും ഇടകലര്‍ന്ന നിറം.
ചുണ്ടു പുറത്തേക്കു വലിച്ചു അതിന്റെ ഉള്‍ഭാഗത്തു അതു വെച്ചപ്പോള്‍ അവന്‍ പിടയുന്നതു പോലെ ഒന്നു വിറച്ചു.
എങ്കിലും കടിച്ചു പിടിച്ചു അതവിടെ തന്നെ അമര്‍ത്തി വെച്ചു.

പുകയില ലഹരികള്‍ നേരിട്ടു രക്തത്തിലേക്കു കലരാന്‍ രക്തകുഴലുകളെയും നേരിയ തൊലിയേയും മുറിവാക്കാന്‍ അതില്‍ ചില്ലുപൊടി ചേര്‍ക്കാറുണ്ടെന്നു ഞാന്‍ എവിടെയോ വായിച്ചതോര്‍ത്തു.

ഞാന്‍ നസീം ഖാനോടു ചോദിച്ചു.
" നസീം, ക്യോം യ ചീസ്‌ ഇസ്തിഹ്‌മാല്‍ കര്‍ത്താ ഹെ? യ ബഹുത്‌ ഖത്തറാ ഹെ!"

അവന്‍ പറഞ്ഞതും മറ്റൊന്നായിരുന്നില്ല
" സാബ്‌ യ ഇത്‌നാ ബുരാ.. നഹി ഹെ! മൈം കബീ ബീ ചോഡ്‌ സക്തേ"

രണ്ടായിരത്തി അഞ്ഞൂറു ദിര്‍ഹം പിഴയിട്ടിട്ടും,
വായ മുഴുവന്‍ മുറിവായിട്ടും,
ഡ്യൂട്ടി സമയത്തു ഉമ്മുല്‍ ഖുവൈനില്‍ നിന്നു അബൂദാബി വരെ ഒരു ബാഗു പാന്‍പരാഗു ലഹരിക്കു വേണ്ടി പോകാന്‍ അവനെ പ്രേരിപ്പിച്ച അടിമത്തത്തിനെ മനസ്സിലാക്കാന്‍ അവനു കഴിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ശരിക്കും എനിക്കു വിഷമം വന്നു.

എനിക്കു പുകവലി-ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പ്രേരണ നല്‍കിയ ഒരുപാടു പ്രചോദനഘടകങ്ങള്‍ ഉണ്ടായിരുന്നു.
ഈ കഴിഞ്ഞ ജൂലൈ 7 കടന്നു പോയപ്പോള്‍ അവയൊന്നും തീരെ ഉപയോഗിക്കാത്ത 10 വര്‍ഷം ഞാന്‍ പിന്നിട്ടതോര്‍ത്തു അഭിമാനം കൊള്ളുന്നു. പക്ഷെ ഇന്നു ഞാന്‍ പറയുന്നു.
It was a worse habit in me, and I overcome it with willpower and the Promise given