035 ഒബാമയും ഞങ്ങളുടെ കുഞ്ഞിപ്പയും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
035 ഒബാമയും ഞങ്ങളുടെ കുഞ്ഞിപ്പയും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജനുവരി 20, ചൊവ്വാഴ്ച

"ഒബാമയും ഞങ്ങളുടെ കുഞ്ഞിപ്പയും"




കോട്ടക്കലങ്ങാടിയില്‍ നിന്നു വയനാട്ടിലെ കല്‍പ്പറ്റ ചന്തയിലെക്കു വെറ്റില കയറ്റി പോകുന്ന ഒരു ലോറിയില്‍ പ്രായം ചെന്ന ഒരു ഹാജ്യാര്‌.
പോകുന്ന വഴിക്കു ചാത്തമംഗലത്തെ റീജിനല്‍ എഞ്ചിനീയറിംഗ്‌ കോളേജിലേക്കു തിരിയുന്നിടത്തു വണ്ടി നിര്‍ത്തിച്ചു.
"ജ്ജ്‌ ആ മക്കാനി കേറി ഒരു ചായ കുടിച്ചോ മമ്മതേ! ഞാന്‍ ന്റെ പേരക്കുട്ടിക്കീ പൈസ കൊടുത്തിപ്പോ വരാട്ടോ!"
നീണ്ട വളഞ്ഞ കാലുള്ള നരച്ച കുടയെടുത്തു കക്ഷത്തു വെച്ചു, എഞ്ചിനീയറിംഗ്‌ കോളേജിന്റെ അപരിചിതമായ വഴിയിലൂടെ അദ്ദേഹം വലിഞ്ഞു നടന്നു.
കോളേജിന്റെ ഗേറ്റില്‍ കണ്ട ഒരു പത്രാസുകാരനോടു ചോദിച്ചു.
"ന്റെ കുഞ്ഞിപ്പാന്റെ ക്ലാസ്സേതാ..?"
പത്രാസ്സുകാരന്‍ പരിഹാസത്തോടേ!
കുഞ്ഞിപ്പയോ?
അങ്ങനെ ഒരാളില്ലല്ലോ ഇവിടെ!.
"ശരിക്കുള്ള പേരെന്താ?"
പേരു "മൊയ്തീന്‍ കുട്ടി"
"അങ്ങനെ പേരുള്ള ഒരാളും ഇവിടെ പഠിക്കുന്നില്ലട്ടോ!"
ഹാജ്യാരു നിരാശനായി. എങ്കിലും പ്രതീക്ഷ വിടാതെ പറഞ്ഞു.
" അല്ല! ഓന്‍ ഇവിടെ തന്നെയാണു പഠിക്കുന്നത്‌."
"ഓനു ഇത്തി കായി കൊടുക്കാനാ.."
ഇന്നലെ ഓനു പഠിക്കാന്‍ എന്തോ കുന്ത്രാണ്ടം വാങ്ങണം ന്നും പറഞ്ഞു ഓന്റെ ഉമ്മാനോടു ചോയിച്ചപ്പോള്‍ ഓളടുത്ത്‌ ഇല്ലാത്തതോണ്ട്‌ ഓന്‍ നെലോളിച്ചാ പെരീന്ന് പോന്നത്‌.
ഇന്നലെ ഓന്റെ ഉമ്മ അത്‌ എന്നോടു പറഞ്ഞപ്പോ ഞാന്‍ ചന്തേക്ക്‌ പോണ വഴി ആ പൈസീം കൊണ്ട്‌ വന്നതാ..!

ഈ കാക്കക്കൂട്ടത്തിനെടെയീന്ന് ന്റെ കുട്ടിനെ ഒന്നു കണ്ടുപിടിക്കാന്‍ നിങ്ങളാരെങ്കിലും ഒന്ന് സഹായിക്കിന്‍!"

കരളലിവു തോന്നിയ ചില കുട്ടികളാണു പിന്നെ ആ ഹാജ്യാരെ സഹായിച്ചത്‌.
" പേരക്കുട്ടീന്റെ ഇനീഷ്യല്‍ പറയാമോ ഹാജ്യാരേ?"
" ഇനീസലെന്താണെന്നൊന്നും ഇനിക്കറീല്ല" .

"ഉല്‍പ്പം" മതാരി ന്നാ..!"
"ഓന്റെ ബാപ്പാന്റെ വീട്ടു പേരാ..ബാപ്പ പട്ടാളക്കാരനാ..."
"മതാരി" എന്ന ആ ഒറ്റ വാക്കു മതിയായിരുന്നു.
എം.കെ. മതാരിയെന്നു പറഞ്ഞാലേ ആ കോളേജില്‍ തന്റെ പേരക്കുട്ടിയെ അറിയൂ എന്നു ആ പാവം ഹാജ്യാര്‍ക്കു അറിയാമായിരുന്നില്ല.
പക്ഷെ എം.കെ. മതാരി എന്നു പറഞ്ഞാല്‍ തന്റെ പേരക്കുട്ടി അന്നു ആ കോളേജു മുഴുവനും പിന്നെ ഇന്നു കേരളം മുഴുവനും.
നാളെ അമേരിക്കയിലെ 44 മത്തെ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനു ക്ഷണിക്കപ്പെടാന്‍ മാത്രം പ്രാധാന്യമുള്ള ഒരു മലപ്പുറത്തുകാരന്‍ ആയി മാറുമെന്നും ആ ഹാജിയാര്‍ക്കു അന്നറിയാമായിരുന്നില്ല.
ആര്‍. ഇ.സി യില്‍ നിന്നു ബി. എസ്‌.സി. സിവില്‍ എഞ്ചിനീയറിംഗില്‍ റാങ്കോടെ പുറത്തിറങ്ങിയ മൊയ്തീന്‍ കുട്ടി മതാരിയുടെ അന്നത്തെ മാര്‍ക്കിന്റെ റിക്കാര്‍ഡു വര്‍ഷങ്ങളോളം ആര്‍ക്കും തകര്‍ക്കാനാവാതെ കിടന്നു.
ആര്‍. ഇ.സിയില്‍ ഈച്ചരവാര്യരുടെ മകന്‍ "രാജന്റെ" സമകാലീനനായിരുന്നു.

യൂണിവേര്‍സിറ്റി ഓഫ്‌ മിഷിഗണില്‍ നിന്നു കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗില്‍ എം. എസ്‌.സി.യും മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേര്‍സിറ്റിയില്‍ നിന്നു സിവില്‍ എഞ്ചിനീയറിംഗില്‍ എം.എസും നേടിയ എം.കെ മതാരി 15 വര്‍ഷമായി അമേരിക്കന്‍ പൗരത്വത്തോടെ മിഷിഗണിലാണു താമസം.
ഇടക്കു കുറച്ചു വര്‍ഷം റിയാദിനും ദമാമിലുമായി സൗദി അറേബ്യന്‍ പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്‌.
മദ്രസാ പഠന കാലത്തു സമസ്തകേരള ജംഇയത്തുല്‍ ഉലമയുടെ പൊതു പരീക്ഷയില്‍ നേടിയ ആദ്യ റാങ്കു നിലവാരം പിന്നെ മിഷിഗണ്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു എം,എസു നേടുമ്പോള്‍ വരെ നിലനിര്‍ത്താനായി എന്നതാണിദ്ദേഹത്തിന്റെ അക്കാഡമിക്‌ ഗ്രാഫിലെ പ്രത്യേകത.

വെറ്റില കയറ്റിയ ലോറി വഴിയോരത്തു നിര്‍ത്തി,
കഞ്ഞി മുക്കി ഇസ്തിരിയിട്ട കഞ്ചിപ്രാക്കിന്റെ ഉള്‍കീശയില്‍ ഭദ്രമായി മടക്കിയ ഉറുപ്പികയും വെച്ചു എഞ്ചിനീയറിംഗ്‌ കോളേജിന്റെ കവാടത്തില്‍ കാത്തു നിന്നു പേരക്കുട്ടിയെ തെരഞ്ഞ ആ ഹാജ്യാരു എന്റെ കൂടി വല്യുപ്പയാണെന്നതും എം.കെ മതാരിയെന്ന ഈ മറുനാടന്‍ മലയാളി എന്റെ "കസിനാ"ണെന്നതും ഈ സുദിനം എനിക്കു കൂടി ആഹ്ലാദിക്കാനുള്ളതാണെന്ന തിരിച്ചറിവില്‍ ഈ പോസ്റ്റ്‌ ഞാന്‍ കുഞ്ഞിപ്പാക്കു അഭിനന്ദനപത്രമായി അര്‍പ്പിക്കുന്നു.
എന്റെ ഉമ്മ ക്ഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന എന്റെ വല്യമ്മായിയുടെ മൂത്ത പുത്രന്റെ ഉടമസ്ഥതയിലുള്ള "മിറാക്കിള്‍ ഗ്രൂപ്‌ ഓഫ്‌ കമ്പനിയില്‍ നിന്നു ആദ്യമായി ശമ്പളം പറ്റിയ ഒരു കണക്കപ്പിള്ളയുടെ നന്ദിയോടെ..!
ഒരിക്കല്‍ കൂടി ......!
അഭിമാനത്തോടെ ഉറക്കെ പറയട്ടെ!....!
"We are proud of you Kunhippa"



42490