2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

കോളാമ്പിപ്പാട്ട്

പണ്ട്...പണ്ട്.. കേരളത്തിൽ തൈക്കുടം ബ്രിഡ്ജും ദൃത ബാൻഡുമൊക്കെ പോപ്പുലറാവുന്നതിന്നും വളരെ മുമ്പ് എൻറെ നാട്ടിൽ മാപ്പിള ആൺപാട്ടുകാർക്ക് "കോളാമ്പിപ്പാട്ട്" എന്ന ഒരു ബാൻഡ് ഉണ്ടായിരുന്നു.
ഇന്നു വിക്കിയിൽ ആൺപാട്ട് എന്നു തെരഞ്ഞാൽ "ക്നാനായ ക്രിസ്ത്യാനികളുടെ ഇടയില്‍ കല്യാണത്തിനു പുരുഷന്മാര്‍ പാടുന്ന ഒരുതരം പാട്ട്" എന്നു മാത്രമെ കാണുന്നുള്ളൂ....
എന്നാൽ ക്രിസ്ത്യാനികൾക്കു തുല്യം ആൺപാട്ട് പാടി ആഘോഷിക്കുന്നവരായിരുന്നു മലബാറിലെ മുസ്ലിം മാപ്പിളമാർ.
ക്രിസ്ത്യൻ ആൺപാട്ടും ഹൈന്ദവ അക്ഷരശ്ലോക മത്സരവും സമ്മിശ്രമായി ലയിപ്പിച്ച ഒരു സംഗീതമത്സര രൂപമാണ് മാപ്പിള ആൺപാട്ട്.
മാപ്പിളാൺപാട്ടിനു ഭാഷയുടെ അതിർവരമ്പില്ലായിരുന്നു. മലയാളം, അറബി, ഹിന്ദി, ഉർദു, തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നട, ബംഗാളി തുടങ്ങി ഏതുഭാഷയിലും പാടാം.
കല്ല്യാണ ദിനത്തിൽ (രാത്രിക്കല്ല്യാണമെന്നോർക്കുക) മുറ്റത്തു പായ വിരിച്ചു, വിരിപ്പു വിരിച്ചു, മുകളിൽ പന്തലിൽ നിന്നു മേലാപ്പിൽ ഗുളോപ്പുകളും (കളർ ഗ്ലാസ്സ് ഗോളങ്ങൾ) തോരണങ്ങളും തുക്കിയതിന്നു കീഴിൽ വട്ടമിട്ടിരുന്ന്, ഒത്ത നടുക്ക് പെട്രോൾമാക്സിൻെറ വെട്ടത്തിൽ, സംഗീതോപകരണങ്ങളായ പിച്ചളക്കോളാമ്പി, കമുങ്ങുവിശറിപ്പാള, കൈമണി, ദഫ്, ചിരട്ടക്കിലുക്ക്....എന്നിവയുടെ അകമ്പടിയോടെ ഗാനാലാപനം ആരംഭിക്കും. പാടലും നരേഷനും പുട്ടിൽ തേങ്ങയിട്ടതു പോലെ തുടർച്ചയായി നടക്കും. ബോറടിച്ചുറങ്ങുന്നവരെ ഞെട്ടിച്ചുണർത്താനെന്നോണം ഇടക്കിടക്കു  "ദുനിയിടൽ" ഉണ്ടാവും.
പുത്യാപ്ല വരുന്നതു വരെ ഭക്ഷണം കഴിക്കാൻ പാടില്ലാത്ത ആ കാലത്ത് ആൺപാട്ടിലൂടെയാണ് കത്തുന്ന വിശപ്പ് നീട്ടി വെച്ചിരുന്നത്. ആൺപാട്ട് സംഘത്തിലെ ഓരോരുത്തർ വഴിക്കുവഴി (പ്രോട്ടോകാൾ അനുസരിച്ചു) അകത്തു കയറുന്നതും ഏമ്പക്കമിട്ടു തിരിച്ചു വരുന്നതും രഹസ്യം അറിയുന്നവർ "കല" ക്കു വേണ്ടി  സഹിക്കും. മൂന്നു നേരം ശാപ്പാടും ആളെണ്ണം എട്ടണയും ഗുരുവിന്നു രണ്ട് എട്ടണയുമായിരുന്നത്രേ കൂലി.
പിന്നെ പുത്യാപ്ല വന്നാൽ വട്ടത്തിലിരുത്തം വിട്ടു  വരിയിലിരുത്തമായി മാറും.
പുതുനാരിയുടെ ഗ്രൂപ്പിൻെറ ഒരു വരിയും പുതുമാരൻെറ ഗ്രൂപ്പിൻെറ ഒരു വരിയും മുഖത്തോടു മുഖം തിരിഞ്ഞിരുന്നു മത്സരം ആരംഭിക്കും. ആദ്യത്തെ ഗ്രൂപ്പ് ഒരു നരേഷൻ നൽകി, പാട്ട് പാടി ലോക്കിട്ടു പൂട്ടും. എതിർ ഗ്രൂപ്പ് അതെ ഭാഷയിൽ അക്ഷരശ്ലോക നിയമപ്രകാരം പാടി ആ പൂട്ട് തുറക്കണം.
ഗ്രൂപ്പിലെ മിനിമം രണ്ടു പേർക്കെങ്കിലും  ആ പാട്ട് ഒപ്പം പാടാൻ അറിവുണ്ടാവുക എന്നതാണ് തട്ടിക്കൂട്ടു ഗായകരെ പിടിക്കാനുള്ള തന്ത്രം.
തോൽവി സമ്മതിച്ചാൽ ജയിച്ച ടീമിലെ ഒരാൾ "ദുനി" ഇടും.
ദുനിക്കു ഒരു പരിധിയുണ്ട്. മറുപടിയില്ലാത്ത "ദുനികൾ" കൂടിയാൽ എതിർഭാഗം "പൈതങ്ങൾ" ആണെന്നു നിനച്ചു അടി സോഫ്റ്റാക്കണം.
ഭക്ഷണം വെന്തുവെന്നും വിളമ്പാൻ റെഡിയായെന്നും കുടുംബനാഥൻ സ്വകാര്യമായി അറിയിക്കുന്നതു വരെ മത്സരം മുറുകും.

(ഇരുമ്പുഴിയിലെ ആൺപാട്ട് ബാൻഡിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ചെറുപ്പക്കാരനായ ("ദുനിയിടൽ" കൈകാര്യം ചെയ്തിരുന്ന) N.K.കുഞ്ഞാലി (ഒസ്സാൻ കുഞ്ഞാലി) യുമായുള്ള ലേഖകൻെറ അഭിമുഖത്തിൽ നിന്നു പ്രസക്തഭാഗങ്ങൾ.)

അഭിപ്രായങ്ങളൊന്നുമില്ല: