2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ഒന്നും അന്തിമ വിധിയല്ല.

വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്നിട്ടും കുട്ടികളുടെ അവധിക്കാല ഹോം വർക്കുകൾ തീർന്നിട്ടില്ല.
ഞാനുമ്മാനെ കാണാൻ പതിവായെത്തുന്ന നേരം നോക്കി കാത്തിരിക്കുകയാണ്  ജബ്ന. സുഗതകുമാരിയെ കുറിച്ച് കിട്ടാവുന്നിടത്തോളം വിവരണം വേണമവൾക്ക്. സ്കൂളിലേക്കു ഒരു  ചാർട്ടിലെഴുതാൻ.
ഇൻറെർനെറ്റിൽ വിക്കി പീഡിയയിൽ നിന്നു സുഗതകുമാരിയുടെ പേജ് തുറന്നു കൊടുത്തു.
അവൾ അതപ്പടി ചാർട്ടിൽ കോപ്പിയടിച്ച് സ്കൂളിലേക്ക് പോയി. ക്ലാസ്സിൽ മാർക്സ് സ്കോർ ചെയ്തു.
എന്നിട്ടും അന്ന് വൈകുന്നേരം വന്നപ്പോഴവളുടെ മുഖം വാടിയിരുന്നു.
കാരണമന്വേഷിച്ചു.  
"മൂത്താപ്പാ...ഇനിക്ക് മൂത്താപ്പയും മൂത്താപ്പാക്ക് നെറ്റുള്ള മൊബൈലും ഉള്ളതിനാൽ സുഗതകുമാരിയമ്മയെ കുറിച്ച് എഴുതാൻ പറ്റി. എന്നാൽ എൻെറ ബെസ്റ്റ് ഫ്രൻഡ് 'സഞ്ജന' ക്ക്  ഒരു മാർക്കൂല്യ.."ഗുഡ്ഗേൾ" വാക്കുല്യാ..ന്നു ആലോചിച്ചിട്ട്യാ മൂത്താപ്പാ.....  എനിക്കു സങ്കടം.!"
കേട്ടപ്പോൾ അവളിലെ വിഷമം അതിൻെറ പത്തിരട്ടിയായി എന്നുള്ളിലേക്കു കുടിയേറി.
ഈ സങ്കടം ഉള്ളിൽ നിന്നിറക്കിവെക്കാനാണ് അന്നു തന്നെ അവളുടെ ക്ലാസ് ടീച്ചറെ കാണാൻ നേരിട്ടു പോയത്.
എഴുതി കൊണ്ടു വന്നവരുടെ ചാർട്ടുകൾ ടീച്ചർ ക്ലാസ്സിൽ വൃത്തിയിൽ തൂക്കിയിട്ടിരിക്കുന്നു.
"ടീച്ചറെ, ഇതിൽ ഒരു ശരികേടില്ലേ?"
നെറ്റും ലൈബ്രറിയും വകയുള്ളവരുടെ മക്കൾ അവിടന്നും ഇവടന്നും പകർത്തിയെഴുതുന്നു, അംഗീകാരം ലഭിക്കുന്നു, ഇതിനൊന്നും വകയില്ലാത്തവർ ഒന്നുമാകാതെ പോകുന്നു"

ടീച്ചർക്കും പറയാനൊന്നുമുണ്ടായിരുന്നില്ല. മൗനം നീളവെ വിട ചൊല്ലി ഞാൻ പടിയിറങ്ങി.
ഞാനെൻെറ വിഷമം ടീച്ചറുടെ ചങ്കിലിട്ടു എൻെറ ഭാരം പകുതിയാക്കി.
പക്ഷെ ഇന്നു വൈകീട്ട് ടീച്ചർ വിളിക്കുന്നു.
"മാഷേ.. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു സ്കൂളു വരെ വരാമോ?"
"ബുദ്ധിമുട്ടീറ്റാണേലും വരൂല്യോ... ടീച്ചറേ.......!"
ന്നു പറഞ്ഞു ഞാനവിടെയെത്തി.
സ്കൂൾ വിട്ടിരിക്കുന്നു. ടീച്ചർ മലയാളത്തിളക്കത്തിനിരിക്കയാണ്.
തലേന്നു തൂക്കിയ ചാർട്ടുകൾക്കു പകരം പുതിയ ചാർട്ടുകളാണ്.
ടീച്ചർ ഒരു ആൻസർ പേപ്പർ നീട്ടി.
പേര് : സഞ്ജന.
വിഷയം:  സുഗതകുമാരി.
മാർക്ക്:  പത്തിൽ പത്ത്.

എനിക്കു പറയാനൊന്നുമുണ്ടായിരുന്നില്ല.
(അനുഭവി ഗുരു സബ്കുച്ച് സമച്ഛ് ഗയാ....!) പുഞ്ചിരികൊണ്ടു ക്ഷമ ചോദിച്ച് ഞാൻ പടിയിറങ്ങി.
ടീച്ചറുടെ മുഖത്തൂന്ന് വിഷമം പോയവിടെ സന്തോഷം നിറഞ്ഞ് അലതല്ലി.
വീട്ടിലെത്തി ജബ്നയോടു മാർക്ക് ചോദിച്ചു പത്തിൽ ഒമ്പത്.
എന്നിട്ടും അവളുടെ മുഖം വാടിയിരുന്നു. കാരണമന്വേഷിച്ചപ്പോഴാണ് പറഞ്ഞത് മാളവികക്ക് പത്തിൽ പത്തു മാർക്ക് കിട്ടിയിരുന്നു എന്നിട്ടും ടീച്ചർ അവളുടെ മാത്രം ആൻസ്വർ പേപ്പർ തിരിച്ചു വാങ്ങി...!
പാവം.   !
--------------------------------------------------------
വിദ്യാഭ്യാസം = വിദ്യാസമ്പാദനം + വിദ്യപങ്കുവെക്കൽ + വിദ്യ ഉപയോഗപ്പെടുത്തൽ..

അഭിപ്രായങ്ങളൊന്നുമില്ല: