ഇന്ന് മലപ്പുറത്തു നിന്നും ഇരുമ്പുഴിയിലേക്കു ബസ്സിൽ വരികയായിരുന്നു. മൂന്നാംപടി പാസ്പോർട്ട് സേവാകേന്ദ്രത്തിനടുത്ത സ്റ്റോപ്പിൽ നിന്നാണു ഞാൻ കയറിയതെന്നതിനാലാവും സീറ്റൊക്കെ ഫുൾ..!
ഒരു ന്യൂ ജൻ. പയ്യനിരിക്കുന്ന സീറ്റിൽ ഒരാൾക്കു കൂടിയുള്ള ഒഴിവുണ്ട്. പക്ഷെ അവൻ വിശാലമായ ഒറ്റയിരുപ്പിൽ രണ്ടു പേരുടെയിടം കയ്യടക്കിയിരിക്കുന്നു.
ഷോപ്പിംഗ് ബാഗും തൂക്കി ഞാൻ അതേ സീറ്റിലിരുന്നത് അവനത്ര സുഖിച്ചില്ല.
ഇല്ലാത്ത മസിൽ വല്ലാതെ പെരുപ്പിച്ചിരിപ്പാണ്.
ഞാനൊരു സെക്കൻഡ് ചിന്തിച്ചു.
എങ്ങനെ ഡീൽ ചെയ്യണം..?
(പ്യാർ സെ യ ഗുസ്സേസെ..)
അതോ ഇനി പുതിയ എന്തെങ്കിലും പരീക്ഷണമാവാമോ?
(ഓൺലൈൻ എഴുത്തുജീവിയുടെ അനുഭവാന്വേഷണ ത്വരയെന്നു കരുതിക്കൊള്ളൂ)
ഞാൻ തന്നെ ഐസുമലയുടെ ഒരറ്റത്ത് ബ്രേക്കിംഗ് ശ്രമിച്ചു .!
"ഈ ഷർട്ട് തയ്ച്ചതാണോ?, അതോ റെഡിമെയ്ഡോ?"
"ഹൂം...എന്തേ?"
ഐസ് മലയിൽ നിന്നൊരു ചില്ലു ചീൾ എൻെറ നേരെ വന്നു.
ഞാൻ ഒന്നിളകി.(അടുത്ത ഡയലോഗാണ് ട്വിസ്റ്റർ, ദൈവമേ..മിന്നിച്ചേക്കണെ..!)
"ഒന്നൂല്യ.. നല്ല പെർഫെക്ട് സ്റ്റിച്ചിംഗ്, നിനക്കു നന്നായി മാച്ചാവുന്ന കളർ, ലൗലി സെലക്ഷൻ".
ഞാനത്രേ പറഞ്ഞുള്ളൂ.. ഇരുമ്പുഴി ഞാനിറങ്ങുന്നതു വരെ ബാക്കി സംസാരിച്ചതവനായിരുന്നു.
കണ്ണൂരിൽ ജോലി ചെയ്യുന്ന ചേച്ചി കഴിഞ്ഞ വിഷുവിനു അവന്നു കൊണ്ടു വന്നു കൊടുത്ത ആ ഷർട്ടിനെ പറ്റി, ചേച്ചിക്കു വല്ല്യ ഇഷ്ടമായ കല്ലുമ്മക്കായയെ പറ്റി, അതു വാങ്ങാൻ ഇപ്പോൾ പരപ്പനങ്ങാടിയിൽ പോയതിനെ പറ്റി....
സംസാരത്തിനിടെ അവൻ മസിലുപിടുത്തം മറന്നു. പാവം മൂന്നിലൊന്നു സീറ്റിലേക്കൊരു വെറും പൂച്ചക്കുഞ്ഞായി ചുരുങ്ങി.
"എനിക്കിറങ്ങാനായി..വിഷ് മീ റ്റു സീ യു ഫ്രം സം വേർ" എന്നു ഞാൻ എന്നെ തന്നെ ആശംസിച്ചിറങ്ങുമ്പോൾ മഞ്ഞു മല മുഴുവനായുരുകി എൻെറ കവിളോരം വരെ മുഴുക്കെ ഒരു കുളിരു വന്നതായി എനിക്കു തോന്നി.
ഞാനൊന്നു ചൂടായിരുന്നേൽ...!
പിണങ്ങി മസിലു പിടിച്ചിരുന്നേൽ...!!
താണു കേണു അഭ്യർത്ഥിച്ചിരുന്നേൽ...!!! കിട്ടുമായിരുന്ന പ്രതികരണത്തിനെക്കാൾ പുതുമയുള്ള ഒരു പ്രതികരണം അനുഭവിക്കുകയും അതു നിങ്ങളുമായി പങ്കുവെക്കാൻ സാധിക്കുകയും ചെയ്തതിന്.
എൻെറ തീരുമാനത്തിൽ ഞാനെന്നെ തന്നെ ഒന്നു കുലുക്കി ഷൈക്ക്ഹാൻഡ് നൽകി. ;)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ