2017, ജൂൺ 4, ഞായറാഴ്‌ച

മുല്ലപ്പൂ

വാപ്പു (എൻെറ ഉപ്പ) പരുക്കനായി നടിച്ചപ്പോഴും  ജീവതത്തെ നന്നായ് സ്നേഹിച്ചിരുന്നു. അതിനാൽ മറ്റുള്ളവരുടെ ജീവനെയും വല്ലാതെ സംരക്ഷിച്ചിരുന്നു. കുഞ്ഞുങ്ങളുടെ അരികത്ത് തീയോ, കത്തിയോ, കൂർത്ത എന്തെങ്കിലും വസ്തുവോ കണ്ടാൽ വല്ലാതെ ടെൻഷനാവുമായിരുന്നു.
വാപ്പു റൊമാൻറിക് ആയിരുന്നതു പലർക്കുമറിയില്ല.
റൊമാൻറിക്കാവുന്നത് വാപ്പുവിൻെറ സ്വകാര്യതയായിരുന്നു. മുഹമ്മദ് റാഫിയുടെ ഗാനങ്ങളും, S.P.പിള്ളയുടെ കോമഡികളും വാപ്പു സ്വകാര്യമായി ആസ്വദിച്ചിരുന്നു.
വാപ്പുവിൻെറ ചില റൊമാൻറിക് സങ്കൽപ്പങ്ങളും ശീലങ്ങളും  വളരെയടുത്തവർക്കു മുന്നിൽ അപൂർവ്വമായി, അപ്രതീക്ഷിതമായി, അനാവൃതമാവാറുണ്ട്.

ഒളിച്ചിട്ടും പരക്കുന്ന പൂമണമായോ,
ഒതുക്കീട്ടും പുറത്തു ചാടുന്ന പുഞ്ചിരിയായോ,
ഓർക്കാതെവിടെയോ താളം പിടിക്കുന്ന വിരലായോ,
അതുമല്ലെങ്കിൽ വെറുതെയൊരു മൂളിപ്പാട്ടായോ....
അല്പമെങ്കിലുമായി ജീവിതത്തിലുടനീളം ആ കാൽപ്പനികത ഒളിച്ചു വസിച്ചു.

ഒളിപ്പിച്ചിട്ടും പുറത്തു ചാടുന്ന  സുഗന്ധം കാരണം ഞങ്ങൾക്കൊക്കെ വെളിപ്പെട്ട വാപ്പുവിൻെറ  റൊമാൻറിക് ശീലങ്ങളിൽ ഒന്നാണ്  മുല്ലപ്പൂവിനോടുള്ള ഇഷ്ടം.
മുല്ല പൂക്കാൻ തുടങ്ങിയാൽ വാപ്പുവിൻെറ പോക്കറ്റിൽ നിന്നതറിയാം.
സന്ധ്യക്കു പറിച്ചു പോക്കറ്റിലിടുന്ന മുല്ല മൊട്ടുകൾ രാത്രി മുഴുവനെടുത്തു വിരിഞ്ഞുയരുയുന്ന സുഗന്ധം ആരെയും ഇത്തിരി നേരത്തേക്കെങ്കിലും റൊമാൻറിക്കാക്കും.
"വാപ്പ്വോ ..ഇങ്ങളെ കീശീലെന്താണ്? നല്ല മണം."
എന്നു ചോദിച്ചാൽ, വാപ്പു  കയ്യിട്ടു വാരിത്തരും.
ഒരു നുള്ള് വിരിഞ്ഞു തുടങ്ങുന്ന മുല്ലമൊട്ടുകൾ..!
----------------------------------------------------------------------

വെള്ളിയാഴ്ച 'ജുമുഅ' ക്കിറങ്ങുമ്പോൾ 'നിഹിദ' യും 'നിഷിദ'യും കുറച്ചു മുല്ലപ്പൂ തന്നു.
വാപ്പുവിന്നു മുല്ലമൊട്ടു പറിച്ചു കൊടുത്തിരുന്നതിൻെറ ഓർമ്മ കാക്കുകയാണവർ.
പള്ളിയിൽ ജുമുഅയും 'ദുആ' യും കഴിഞ്ഞ് പള്ളിപ്പറമ്പിലുറങ്ങുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പ്രവഹിക്കുന്നവരുടെ നിരയിൽ ഒരാളായി ഖബറിസ്ഥാനിൻെറ അങ്ങേത്തലക്കലെത്തി, നിന്നു.
അവിടെയാണ് ഖബർ.
വാപ്പുവും വല്യുമ്മയും  അടുത്തടുത്താണ്.
കണ്ണു കാണാതായിട്ടും വാപ്പൂൻെറ കൈ മാത്രം മുത്തി "വാപ്പോ" ന്നു തിരിച്ചറിഞ്ഞു വിളിച്ച ഉമ്മായുടെ ഖബറിനു തൊട്ടടുത്ത്.

അസ്സലാമു അലൈക്കും യാ വാപ്പൂ..യാ വല്യുമ്മാ.."
പ്രാർത്ഥനകൾ അല്ലാഹുവിനോടാണ്. മരിച്ചവരുടെ  പാപങ്ങൾ പൊറുത്തു കൊടുക്കണമെന്നും, മരിച്ചിട്ടില്ലാത്തവരെ പാപങ്ങളിൽ നിന്നു കാക്കണമെന്നും.
വിട പറഞ്ഞു സലാം പറഞ്ഞു പേരുമ്പോൾ പിറകിൽ നിന്നൊരു വിളി പേലെ..!
"കെര്യേ...നിൻെറ പോക്കറ്റിലെന്താണ്? നല്ല മണം."
ഞാൻ കീശയിൽ കയ്യിട്ടു.
ഒരു പിടി തൂവെള്ള മുല്ലപ്പൂക്കൾ..!
വാപ്പുവിൻെറ പേരെഴുതിയ ഗ്രാനൈറ്റ് മീസാൻ കല്ലിനു ചാരെ, അതവിടെ വെക്കുമ്പോൾ മനസ്സു പറഞ്ഞു.
"വാപ്പ്വോ..ഈ സുഗന്ധമവിടെയെത്തും, ഞങ്ങളുടെ സത്കർമ്മമായി...
സ്നേഹമായി...!!

അഭിപ്രായങ്ങളൊന്നുമില്ല: