2017, മാർച്ച് 26, ഞായറാഴ്‌ച

പ്രതീക്ഷ

വൻമരത്തിൽ നിന്നു
കരുണയുടെ വർണ്ണ നൂലു പേലെ
താഴെ മണ്ണിലേക്കൂർന്നിറങ്ങുന്ന
ചില സ്നേഹവേരുകളുണ്ട്.
ഉറുമ്പുകൾക്കു വേഗം ഉയരമേറാൻ.

സൂര്യനിൽ നിന്നു  ചാടി, കൃത്യം,
താഴെയില്ലിമുളം കാട്ടിലൂടെ,
മുള്ളു കൊണ്ടും കൊള്ളാതെയും
തണുത്ത ജലാശയത്തിലെത്തുന്ന
ചില വെളിച്ചക്കീറുകളുണ്ട്.
വിറക്കുന്ന പരൽമീനുകൾക്ക്
ഇളം ചൂടു പകരാൻ.

ആഢംബരാടയിൽ
അശ്വാരൂഢനെങ്കിലും,
ആ ഉയരത്തീന്നിറങ്ങി
വരുന്ന ചില മനുഷ്യരുണ്ട്.
ചതുപ്പിൽ കുടുങ്ങിയവരെ
പിടിച്ചു കയറ്റാൻ.

തീരെ ആശയറ്റിരിക്കുമ്പോഴും,
ദൈവദൂതനെപ്പോലൊരാൾ,
തേടിയെത്തുമെന്ന പ്രതീക്ഷയുണ്ട്.
സമയമെത്താതുള്ള പ്രാണൻെറ
അണയലില്ലാതെ കാക്കാൻ. 

അഭിപ്രായങ്ങളൊന്നുമില്ല: