2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

കളറിളകലോടിളകൽ

"നിനക്ക് ഡാർക്ക് കളറല്ലാത്ത ഒരു ഷർട്ട് ഇട്ടു കൂടേ?
വാങ്ങണേൽ ഞാൻ കാശു തരാം."

ഉമ്മ കളിയാക്കിയപ്പോഴാണ്  ലൈറ്റ് ബ്ലൂവിൽ സ്പൺ & കോട്ടൺ മിക്സഡ് ഷർട്ടുശീല പൊന്നും വിലക്കു വാങ്ങിയത്.
ടി.ഷർട്ട് ഡിസൈനിൽ തന്നെ തയ്ക്കാൻ 'സംഗീത' ടൈലേർസിലെ ബാബൂന്ന്  സമയവും രൂപയും അധികം കൊടുത്തു.
പക്ഷെ ഷർട്ട് തയ്ച്ചിട്ടപ്പോൾ ബീടർക്ക് തീരേ ബോധിച്ചില്ല.
(അല്ലേലും ഒരു ടൈലർക്കൊരു ടൈഗറെ കണ്ടൂടല്ലോ!) ;)
അവൾ അത് ആകെ തുന്നഴിച്ച് അതിലൊരു കുത്തബ്മിനാർ പണിതു.
ങ് ഹാ..കൊള്ളാമെന്നെനിക്കും തോന്നി...!
ഊട്ടിയിലേക്കുള്ള കുടുംബ പിക്നിക്ക് ദിവസമാണത് ആദ്യമായണിഞ്ഞത്.
ഊട്ടിയിലെ തണുപ്പിൽ സ്വറ്ററിനകത്തു കയറി അവൻ പുറം ലോകം കണ്ടില്ല. പക്ഷെ അലക്കാൻ വാഷിംഗ് മെഷീനിൽ കിടന്നപ്പോൾ ഫെബ്രവരി 14.
ഡിറ്റർജൻറ് ലായനിയിലെ മഞ്ഞച്ചുരിദാറുമായി അതിനു പ്രണയം.
രണ്ടും പരമാവധി വേഗതയിൽ  ഒന്നിച്ചു കറങ്ങി.
അലക്കു കഴിഞ്ഞെത്തിയപ്പോൾ ചുരിദാറിലെ മധുരപ്രണയത്തിൻെറ മഞ്ഞ നിറം ഷർട്ടിൻെറ മാറത്തും കോളറിലും.
പഠിച്ച പണി പതിനെട്ടും കോപ്പിയടിച്ച ബാക്കി ഒന്നും  ചേർന്ന സകല അടവും പയറ്റിയിട്ടും കറ പോയില്ല.
ബീടരിൽ ഒളിഞ്ഞിരുന്ന കുറ്റബോധം റമഡിയന്വേഷിച്ചു ഹിമാലയസാനുക്കളിൽ അലഞ്ഞിരിക്കണം.
യുറേക്കാ...!
(ചെവിയിൽ വെള്ളം തങ്ങി നിന്നാലെന്തു ചെയ്യും?
കൂടുതൽ വെള്ളമൊഴിക്കുക. എന്നാൽ സകല വെള്ളവും അതോടപ്പം ഒലിച്ച് പോരും. അതു തന്നെ).
ആർക്കിമിഡിസിനെപ്പോലെ ബാത്ത്ടബ്ബിൽ നിന്നെണീറ്റവൾ ടെക്റ്റയിൽ/സ്വൂയിംഗ് മെറ്റീരിയൽ കടയിലേക്കോടി.
പോണ സ്പീഡ് കണ്ടു കാര്യമെന്താണെന്നു ചോദിച്ചപ്പോൾ ഒരു ബിഗ് തിയറി പറഞ്ഞു. "മുള്ളിനെ മുള്ളു കൊണ്ടെടുക്കുക"

തിരിച്ചു വരുമ്പോൾ കണ്ടു, ഫേബ്രിക് കളറിൻെറ ഒരു പാക്കറ്റും കൂടെ കളർ ഗ്വാഡിൻെറ ബോട്ടിലും.

അവിടവിടെ കളർ പിടിച്ച ഷർട്ടിൽ പൂർണ്ണമായി കളർ മുക്കുക. അതോടെ പുതിയ നിറത്തിൽ പുതിയ ഷർട്ട്..(എങ്ങനെയുണ്ട് എൻെറ പുദ്ധി? )
സംഗതി വിജയിച്ചു.
പക്ഷെ മുക്കിയ കളർ ഇളകി ഇനി  മറ്റു വസ്ത്രത്തിൽ പിടിക്കുമോ എന്ന ആശങ്കയില്ലേ?  എന്ന ചോദ്യത്തിനുത്തരമായി  കളർഗ്വാർഡിൻെറ ഒരു  ബോട്ടിൽ നീട്ടി.
എന്നിട്ടും എന്നിലെ ഉപഭോക്താവ് അടങ്ങിയില്ല.
ഷർട്ട്ശീല വാങ്ങിയ ബില്ലിൽ നിന്നു ഫോൺ നമ്പർ തപ്പി ഞാൻ തുണിക്കടക്കാരനെ വിളിച്ചു.
"ചേട്ടാ..കളറിളകുമോന്നു വീണ്ടും....  വീണ്ടും ചോദിച്ചല്ലേ ഞാൻ ഷർട്ടിനു മുറിച്ചത്?
എന്നിട്ടതിൽ കളർ പിടിച്ചല്ലോ?"

"അതേയ്..ഈ തുണി കളറിളകില്ലന്നല്ലേ..!
ഞാൻ ഗ്യാരണ്ടി തന്നത്. ഇതിൽ മറ്റു കളർ പിടിക്കുന്നതിനു ഞാനെന്തു ചെയ്യാനാ ..!
നിങ്ങൾ കളർഗ്വാർഡ് വാങ്ങി ഒറ്റത്തവണ മുക്കേണ്ടിയിരുന്നു."

ഞാനൊരു വിദ്യാർത്ഥി സമരം നയിക്കാനാവതില്ലാത്തവനായതിനാൽ ഒരു ലക്ഷം നഷ്ടപരിഹാരം ചോദിക്കുന്നില്ല.

#കല്യാൺസിൽക്സ്

അഭിപ്രായങ്ങളൊന്നുമില്ല: