2014, ജൂലൈ 23, ബുധനാഴ്‌ച

കഥയല്ലിതു ജീവിതം.

ഉമ്മുൽ ഖുവൈൻ സലാമയിലെ സ്ഥിരം ഈദ്ഗാഹ്.
ഈദ് നമസ്ക്കാരവും ഖുത്ബയും അവസാനത്തെ തക്ബീറും ദു ആയും കഴിഞ്ഞെണീറ്റു, മരുഭൂമിയിലെ   മതിൽ കെട്ടിനകത്തെ മണൽ നിരത്തിയ ഈദ് ഗാഹിൽ നിന്നു മുസല്ല കുടെഞ്ഞെടുത്തു  നടക്കുമ്പോൾ ഗേറ്റിനു പുറത്തു  ഒരു സർവ്വരാജ്യ സമ്മേളന പ്രതീതി.

സ്വിച്ച് ഓഫാക്കി വെച്ചിരുന്ന മൊബൈൽ ഫോണുകൾ ഒരേ സമയം ഓൺ ചെയ്തതിന്റെ മ്യൂസിക്കുകളാണെവിടെയും.....!
വിവിധ ദേശക്കാരും ഭാഷക്കാരും തങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ടവരെ ഈദ് ആശംസിക്കുന്നതിന്റെ ആരവവും മർമ്മരവും പിന്നെ കേട്ടു.
ബംഗ്ലയിൽ, തഗലോഗിൽ, ഉർദുവിൽ, മലയാളത്തിൽ, ഹിന്ദിയിൽ, തമിഴിൽ, കന്നടയിൽ അറബിയിൽ, പിന്നെ തിരിച്ചറിയാത്ത പലതരം ഭാഷയിൽ, പലതരം സ്ലാംഗിൽ...!
കേൾക്കാനിമ്പമുള്ള ആശംസാവചനങ്ങൾ...!
കുറച്ചു നേരം അതിനു കാതോർത്തു നിന്നു.

ഇതാവും പ്രവാസലോകത്തെ നാനാത്വത്തിൽ ഏകത്വം..!!
ഒരു ഗാനമേളയിൽ വിവിധ കോണുകളിൽ നിന്നു വിവിധ സംഗീതോപകരണങ്ങൾ പുറപ്പെടുവിക്കുന്ന വ്യത്യസ്ഥ സംഗീതം സമന്വയിപ്പിച്ചു ആസ്വാദ്യമാക്കുന്ന സ്റ്റീരിയോഫോണിക് ഉപകരണം പോലെ ഈദ് ആശംസാഭിവാദ്യങ്ങൾ. അതിൽ ഇടക്കിടക്കു ഭക്തിയോടെയും ബഹുമാനത്തോടെയും പുറത്തു വരുന്ന “അല്ലാഹ്” എന്ന വാക്ക്.

“ഈദ് മുബാറക്”

മുന്നിൽ വന്നു കൈക്കു പിടിച്ചയാളെ മുഖത്തേക്കു നോക്കാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു. പണിയെടുത്തു തഴമ്പിച്ച പരുപരുത്ത ഉള്ളൻ കൈ.
ബാവാക്ക.
ഞാൻ ഉൾപ്പെടെയുള്ള നിരവധി മലയാളികൾ താമസിക്കുന്ന ബിൽഡിംഗിലെ “പാക്കിസ്ഥാനി” നടത്തുന്ന ഗ്രോസറിയിൽ കച്ചവടം കൂടുതൽ കിട്ടാൻ മുതലാളിയായ ആ “പച്ച” ബിസ്നസ്സ് കണ്ണോടെ നിയമിച്ച പാവം മലയാളി തൊഴിലാളി. എന്റെ ജില്ലക്കാരൻ.

“ജ്ജ്...ന്നു രാത്രി നാട്ടില്ക്ക് പോവാല്ലേ?
നസീബുള്ളോൻ..!                                          
അനക്കു ഇന്ന് ഇവടീം നാളെ നാട്ടിലും പെരുന്നാളു കൂടാലോ?”

ബാവാക്ക കുശലം തുടങ്ങി,

 ഓൺ ചെയ്താൽ ഓഫാക്കാൻ പറ്റാത്ത തൊള്ളയാണെന്നു “പച്ച” ഇടക്കിടക്കു ബാവാക്കാനെ  ഉർദുവിൽ ശകാരിക്കുന്നതു കേൾക്കാം. മലയാളി കസ്റ്റമേർസിനെ കിട്ടിയാൽ അവരുമായി അങ്ങനെ സംസാരിച്ചു നില്ക്കുന്നതു ‘പച്ച“ക്കിഷ്ടമില്ലെന്നറിയാവുന്നതിനാൽ കടക്കു പുറത്തു വെച്ചു കിട്ടുന്ന ഏതു മലയാളിയേയും ബാവാക്ക വെറുതെ വിടാറില്ല,

” ഇങ്ങക്കു പിന്നെ നാട്ടിൽ പോക്കൊന്നുമില്ലല്ലോ..!
കിട്ടുന്ന കാശു മുഴുവൻ ജബൽ ഹഫീസിന്റെ ഉയരത്തിൽ കെട്ടിപ്പൊക്കുകയല്ലേ?“
ഞാൻ സത്യമെനിക്കറിഞ്ഞിട്ടും കളിയാക്കി.

”കെര്യേ...അനക്കു കാര്യെന്ത്യാന്നറിഞ്ഞിട്ടും ന്നെ.. കളിയാക്കിയാലേ തോല്പ്പിക്കാനാവൂ……ലേ?“
ബാവാക്ക സങ്കടപ്പെട്ടു.
”എനിക്കു നാലാണു പെണ്മക്കൾ,…!
മണ്ടി മണ്ടി വലുതാവുന്ന നാലെണ്ണം...!
അതും ഈരണ്ടു കൊല്ലത്തിന്റെ മൂപ്പെളമയിൽ.“

”അതിനു ബാവാക്കാ നിങ്ങളു തന്നെയല്ലേ ഉത്തരവാദി?“
ഞാൻ വീണ്ടും കളിയാക്കി.

”അന്നൊക്കെ രണ്ടു കൊല്ലം കൂടുമ്പോൾ ആറു മാസമായിരുന്നു “പച്ച” അവധി തന്നിരുന്നത്. കുട്ടികൾ നാലായപ്പോൾ നാട്ടിൽ പോക്കു നാലു വർഷത്തിലൊന്നാക്കി. നാലെണ്ണത്തിനെ പെരയിൽ നിന്നിറക്കി വിടാൻ പൊന്നൊരുക്കേണ്ടേ?“

നല്ലൊരു പെരുന്നാളു ദിനത്തിൽ ബാവാക്കാന്റെ മൂഡൗട്ടാക്കേണ്ടാന്നു കരുതി ഞാൻ വിഷയം മാറ്റി.

”ബാവാക്കാ...! ഇവിടെത്തെ ഇന്നത്തെ പെരുന്നാളാഘോഷിച്ചു രാത്രി  എയർ ഇന്ത്യാ എക്സ് പ്രസ്സിനു നാളെ നാട്ടിലെ പെരുന്നാളാഘോഷിക്കാൻ  ഞാൻ വീട്ടിലെത്തും. ഇൻഷാ അല്ലാഹ്.!“
ഇങ്ങക്കു പെരുന്നാളായിട്ടു ഇന്നവധിയല്ലേ?
എന്നെ യാത്രയയക്കാൻ റുമിൽ വരണം.”

 കരുതിയിരുന്ന കാശെടുത്തു ബാവാക്കാന്റെ കീശയിലിട്ടു കൊടുത്തു. കണ്ടു പരിചയപ്പെട്ടവരിൽ  ഫിതർ സക്കാത്തിനേറ്റം അർഹതപ്പെട്ടതായി ബാവാക്കയാണ്, എന്നപ്പോൾ എന്റെ മനസ്സുപദേശിച്ചു.

മറ്റു കൂട്ടുകാരുമായി നടന്നു ഈദ് ഗാഹിൽ നിന്നു ബാവാക്കയെ പിരിഞ്ഞു.

അന്നു എന്റെ ഗൾഫിലെ എന്റെ പെരുന്നാളാഘോഷമെല്ലാം തീർന്നു എയർ പോർട്ടിലേക്കിറങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കി നില്ക്കവേയാണു ബാവാക്ക റൂമിൽ വന്നത്. സാമാന്യം വലിപ്പമുള്ള പൊതിയുമുണ്ട്. നാലു പെൺകുട്ടികൾക്കു പെരുന്നാൾ വസ്ത്രങ്ങളാണ്‌.

എനിക്കു ദേഷ്യം വന്നു.
“ബാവാക്ക... ഇങ്ങക്കു ഇതു ഇന്നലെ തന്നൂടായിരുന്നോ? ഞാൻ എന്റെ പെട്ടിയൊക്കെ കെട്ടിക്കഴിഞ്ഞില്ലേ?”

“ജ്ജ്‌..ക്ഷമിക്കെന്റെ കെര്യേ....! !
ഇതന്റെ ഹാൻഡ് ബാഗിൽ വെച്ചാ മതി. ന്നാ.. നീ പോണവഴിക്കു വണ്ടി നിർത്തി എന്റെ വീട്ടിൽ കൊടുക്കാലോ..!
നിന്റെ പെട്ടി കെട്ടഴിക്കാതെയും നിനക്കു വീട്ടിൽ പോയി മടങ്ങി വരാതെയും കഴിക്കാമല്ലോ?”

അതു ലോജിക്കാണെന്നു എനിക്കു തോന്നി. _
ഇതു കൊടുക്കാനായി പെരുന്നാൾ ദിനത്തിൽ വീണ്ടും ഒരു തവണ കൂടി തിരിച്ചു വരേണ്ടാലോ..!

“കുട്ട്യാളൊക്കെ പെരുന്നാൾ കോടിക്കു കാത്തിരിക്കുകയാണ്‌.  ഇതാ കുറച്ചു രൂപ കൂടിയുണ്ട്. എക്സേഞ്ച് റേറ്റ് ഒന്നു മെച്ചപ്പെടാൻ കാത്തിരുന്നതാണ്‌. ഈ പൈസ ഈദിനവിടെ ചെന്നില്ലെങ്കിൽ വീട്ടു  ചെലവിലേക്കായി മുറ്റത്തു നില്ക്കുന്ന വരിക്കപ്ളാവു വെട്ടി വില്ക്കുമെന്നാണു കെട്ടിയോളുടെ ഭീഷണി.
ആ പ്ലാവു വെട്ടിയാൽ എനിക്കു സഹിക്കൂലാ..!"
തേനുറ്റുന്ന വരിക്കച്ചുളയെക്കുറിച്ചു പറഞ്ഞു ബാവാക്ക ഇമോഷണലായി.

"പൈസ അയക്കാൻ പിശുക്കു കാണിക്കുന്നതു ഇത്തിരി പൊന്നും മിന്നും ഒരുക്കൂട്ടാനാണെന്നു അവൾക്കറിയാം, നാട്ടിലെ കൂടി കൂടി വരുന്ന ചെലവിനെ കുറിച്ചു എനിക്കും അറിയാഞ്ഞിട്ടല്ല",
ബാവാക്ക കുപ്പായക്കീശയിൽ നിന്നു  ഒരു കൊച്ചു പെട്ടിയെടുത്തു തുറന്നു  രണ്ടു പവന്റെ ഒരു മാല നിധി പോലെയെടുത്തു എന്നെയേൽപ്പിച്ചു.

വെറും ആയിരം ദിർഹം ശമ്പളക്കാരനായ ഒരു ഗ്രോസറിത്തൊഴിലാളിയുടെ രണ്ടു വർഷത്തെ മിച്ചം വെപ്പിന്റെ ആകെത്തുകയാണ്‌. ഞാൻ വിറച്ചു കൊണ്ടു ആ ചെപ്പു വാങ്ങി എന്റെ ഹാൻഡ് ബാഗിൽ വെച്ചു.
എയർപോർട്ടിലേക്കു തിരിക്കുന്നതു വരേ ബാവാക്കാന്റെ ബീടർക്കുള്ള നിർദ്ദേശങ്ങളുടെ തൊള്ള ഓഫാക്കാൻ മൂപ്പരു മറന്നു.
പോകുന്ന പോക്കിൽ വഴിൽ വണ്ടി നിർത്തേണ്ടയിടത്തെ അടയാളങ്ങളും വീട്ടിലേക്കുള്ള റൂട്ട് മാപ്പും എനിക്കു മനപ്പാഠമാകുന്നതു വരേ ചൊല്ലിത്തന്നു.

പെരുന്നാൾ ദിനമായതിനാൽ വിമാനയാത്രക്കാർ കുറവായിരുന്നു. കരിപ്പൂരിലെ കസ്റ്റംസുകാർക്കു പെരുന്നാളിന്റെ കാരുണ്യം തോന്നിയതിനാലാണാവോ കാര്യങ്ങൾക്കു പ്രതീക്ഷിക്കാനാവാത്തതിലുമധികം വേഗതയും എളുപ്പവും തോന്നി. വേഗം പുറത്തിറങ്ങി.
വിമാനത്തിൽ നിന്നു പരിചയപ്പെട്ട കൂട്ടുകാരന്റെ വീട്ടിൽ നിന്നു വന്ന വാഹനത്തിൽ സ്ഥലമുണ്ടെന്നും പറഞ്ഞവനെന്നെയും കേറ്റി.
ബാവാക്കാന്റെ നാട്ടിലൂടെ വണ്ടി കടന്നു പോകുന്നതും കാത്തു ഞാൻ ഗ്ലാസ്സിലൂടെ കണ്ണു നട്ടിരുന്നു. ബാവാക്കാന്റെ വാമൊഴി റൂട്ട് മാപ്പ് ഒട്ടും പിഴച്ചില്ല. വീടു കണ്ടു. വീട്ടിനു മുന്നിലെ പ്ലാവും കണ്ടു. വണ്ടി നിർത്തിച്ചു ലഗേജിറക്കി.
ഞാൻ കൂട്ടുകാരനെ നന്ദിയും സലാമും പറഞ്ഞു യാത്രയാക്കി. എല്ലാവർക്കും പെരുന്നാൾ വീട്ടിലുണ്ണാൻ ധൃതിയാണ്‌.

വീട്ടിനു മുന്നിൽ ഒരു വണ്ടി വന്നു നില്ക്കുന്നതും ലഗേജിറക്കുന്നതും കാണാൻ ബാവാക്കാന്റെ ചെറിയ വീടിന്റെ വാതിൽ തുറന്നു നാലു പെൺകുട്ടികൾ ആരോഹണ ക്രമത്തിൽ കൗതുക കണ്ണോടെ പുറത്തിറങ്ങി. പിറകെ ബാവാക്കാന്റെ ബീടരും.

ഞാൻ വിവരങ്ങളൊക്കെ ധൃതിയിൽ പറഞ്ഞു തീർത്തു. ഹാൻഡ്ബാഗ്‌ തുറന്നു മാലയും ഡ്രസ്സും കാശുമെടുത്തു അവരെ ഏല്പ്പിച്ചു.
പ്രതീക്ഷ വറ്റിയ ഇടത്തു നിന്നും പെട്ടെന്നു ഉറവ വന്ന പോലെയായിരുന്നു പത്തു കണ്ണുകളിലെ സന്തോഷം. അതു മുഴുവൻ ആസ്വദിക്കാൻ നില്ക്കാതെ ഞാൻ പോകാൻ തിർക്കു കൂട്ടി. എനിക്കും വീട്ടിലെത്തിയിട്ടു പെരുന്നാളു കൂടാനായിരുന്നു ധൃതി.
പെരുന്നാളിനെന്നെ കാത്തിരിക്കുന്ന എന്റെ കുടുംബമായിരുന്നു എന്റെ മനസ്സു നിറയെ. ..!

ആദ്യം വന്ന ഒഴിഞ്ഞ വാഹനം ഒരു ഓട്ടോ റിക്ഷയായിരുന്നു. ലോംഗ് റൂട്ടും ലഗേജ് കുറവുള്ളതുമായ ഒരു ഗൾഫുകാരനെ കിട്ടിയ കോളിൽ സന്തോഷവാനായിരുന്നു ഡ്രൈവർ.
വീട്ടിലെത്തി സന്തോഷമായി ഈദ് ആഘോഷത്തിൽ പങ്കാളിയായി.

നാട്ടിലെ ഈദാഘോഷം തികച്ചും വ്യത്യസ്ഥമായി തോന്നി.
എല്ലാവർക്കും പുത്തനുടുപ്പുകൾ, തിന്നാലും തീരാത്ത ഭക്ഷണ വിഭവങ്ങൾ.
ആർമ്മാദിക്കാനുള്ള ഉല്ലാസയാത്രകൾ,
എല്ലാരും ഈദ് തകർത്താസ്വദിക്കുകയാണ്‌.

പത്തിരുപതു കൊല്ലം മിഡിൽ ഈസ്റ്റിലെ ഈദാഘോഷത്തിന്റെ ഭാഗമായിരുന്നതിനാൽ ശരാശരി പ്രവാസികളുടെ ഈദാഘോഷത്തിന്റെ ആത്മനിർവൃതി, അതിന്റെ ആഴത്തിൽ അനുഭവിച്ചറിഞ്ഞതിന്റെ അയലത്തെത്തില്ലിതൊന്നും.

50 ഡിഗ്രി ചൂടും പതിനഞ്ചു മണിക്കൂർ നീണ്ട പകൽനോമ്പിന്റെ പൈദാഹവും തരണം ചെയ്തു യഥാർത്ഥ മുഅ്മിൻ ഒരു ചന്ദ്ര മാസം മുഴുവൻ വ്രതമനുഷ്ടിച്ച ഇബാദത്തിനു പ്രതിഫലമായി കിട്ടിയ ആഘോഷ വേളയുടെ സദ് വിനിയോഗം. സൗഹൃദ സന്ദർശനവും കാരുണ്യപ്രവർത്തനവുമായി സല്ക്കർമ്മമനുഷ്ടിച്ചു മൂന്നു ദിവസത്തെ അവധി തന്ന ഭരണാധികാരിക്ളോടു നന്ദി പറഞ്ഞു അവർ അല്ലാഹുവിന്നു ഏറ്റവും പ്രിയപ്പെട്ടവരാവുകയാണു വീണ്ടും.

ഒരു മാസത്തെ അവധി അങ്ങനെ പെട്ടെന്നു തീർന്നു.

മടങ്ങിപ്പോരാൻ നേരം ഏതൊരു പ്രവാസിക്കും വിധിച്ചിട്ടുള്ള ചില സങ്കടങ്ങൾ ഉള്ളിലൊതുക്കിയായിരുന്നു യാത്ര.

എന്നിട്ടും ബാവാക്കാന്റെ വീടിന്നു മുന്നിലൂടെ വണ്ടി കടന്നു പോയപ്പോൾ ഉറ്റാൻ തുടങ്ങിയ ഒരിറ്റു കണ്ണീർ തുള്ളിയിലൂടെ നിറയെ കായ്ച്ചു നില്ക്കുന്ന ആ വരിക്ക പ്ലാവ് നിന്നു തിളങ്ങി.

അപ്പോൾ ഖല്ബിൽ വീശിയ ആശ്വാസത്തെന്നൽ ബാവാക്കയുമായി പങ്കു വെക്കാൻ മനസ്സിൽ സൂക്ഷിച്ചു ഞാൻ ആ കണ്ണീർതുള്ളി നിലത്തു വീണു പൊട്ടിച്ചിതറാനനുവദിക്കാതെ പതിയെ തുടച്ചു കളഞ്ഞു.

 

1 അഭിപ്രായം:

ശ്രീ പറഞ്ഞു...

പോസ്റ്റ് കൊള്ളാം മാഷേ...