വീട്ടിടിലുമ്മ ഉണ്ടാക്കി തന്നിരുന്ന ഓർമ്മക്കു ഉണ്ടാക്കിയതാണ്.
ആവിയിൽ വെച്ചാണ് വേവിക്കുക. ഇതു ഞാൻ മൈക്രോ വേവ് ചെയ്തു. കാണാൻ കുഴപ്പമില്ല. ഇനി തിന്നുമ്പോഴറിയാം.
പൂവടയിൽ എനിക്കൊരുപാടു നൊസ്റ്റാൾജിയ ഉണ്ട്.
ഇരുമ്പുഴി അങ്ങാടിയിൽ നിന്നു കടലുണ്ടിപ്പുഴയിലേക്കു ഏറ്റവും ദൈർഘ്യം കുറഞ്ഞ വഴിയാണ് പറക്കടവ് റൂട്ട്. അവിടെയാണ് എൻറെ തറവാട്.
വേനൽ വന്നു വെള്ളമിറങ്ങിയാൽ രാത്രികളിൽ പുഴയിലെ പഞ്ചാരമണലിൽ സ്റ്റേജുകൾ കെട്ടി, ഗ്യാസ് ലൈറ്റ് കത്തിച്ചു പലതരംകലാപരിപാടികൾ ഉണ്ടാവും. ഗാനമേള, കഥാപ്രസംഗം,വയള്, നാടകം.....
ഒരാഴ്ചയോ രണ്ടാഴ്ചയോ നീണ്ടു നിൽക്കുന്ന പരിപാടികളാവും അധികവും.
വേനലിൻറെ അവസാനവും വർഷത്തിൻറെ ആരംഭവും അതിരിടുന്ന സമയത്താവും ഈ പ്രോഗ്രാമുകൾ. അതിനാൽ മിക്ക പ്രോഗ്രാമിൻറെയും അവസാനത്തിൽ മലമുകളിൽ പെയ്യാൻ തുടങ്ങിയ മഴയിൽ പുഴ നിറഞ്ഞു മദിച്ചു വരുമ്പോൾ കുറേ സാധനങ്ങൾ ഒഴുകിപ്പോകുകയാണ് പതിവ്. മനസ്സിലാവാത്ത ബോറൻ പരിപാടികൾ കണ്ട് നിദ്രപ്രാപിച്ച കുട്ടികളേയും തൂക്കി തള്ളമാർ പുഴ നീന്തിക്കടക്കുന്ന കാഴ്ച കണ്ടിട്ടുണ്ട്. അക്കരെ പോയപ്പോൾ ചെരിപ്പിൽ വെള്ളം നനയാതിരിക്കാൻ കുതിരവട്ടം പപ്പുവിനെ പോലെ ചാടി ചാടി നടന്നവർ പുഴ നിറഞ്ഞു വരുന്ന മലവെള്ളത്തിൽ ചെരിപ്പു പോയി നനഞ്ഞു നീന്തി ഇക്കരെക്കു നീന്തി വരുമ്പോൾ പുഴ പോകുന്ന പോകിലുംതിരിഞ്ഞു നോക്കി കൈകൊട്ടിച്ചിരിക്കുകയായിരിക്കും.
എന്തൊക്കെ അപ്രതീക്ഷിതകൾ ഉണ്ടായാലും കൊല്ലാകൊല്ലം ആരുടെയെങ്കിലും വക ഇത്തരം സ്റ്റേജ് പ്രോഗ്രാം ഉണ്ടാവും. വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്കു പുറത്തു ചാടാൻ കിട്ടുന്ന വിരളമായ ഇത്തരം സംരംഭങ്ങളുടെ വിജയവും, സത്രീജന ഭാഗത്തു നിന്നുള്ള നിർലോഭ സംഭാവനകൾ തന്നെയായിരുന്നു.
ഞാൻ എട്ടിലോ പത്തിലോ പഠിക്കുന്ന കാലത്താണ് പുഴയിൽ പാറക്കടവത്ത് "പുള്ളിയിൽ ചേക്കുവിൻറെ ബദർ ഖിസ്സപ്പാട്ട്"
പതിനഞ്ചു ദിവസത്തെ പ്രോഗ്രാം.!
അവിടെ തുടങ്ങിയ ഒരു കോഫീഷോപ്പ് ആണെന്നു തോന്നുന്നു എൻറെ ആദ്യ ബിസിനസ് സംരംഭം.
ഒരു പാട്ണർഷിപ്പ് സംരംഭമായിരുന്നു. പങ്കാളി അയൽവാസിയായ കസിൻ തന്നെ. മണപ്പുറത്ത് താൽക്കാലിക കട.
തെങ്ങോല മൊടഞ്ഞുണ്ടാക്കിയ തടുക്കിൻറെ വാളും റൂഫും, ഇൻറീരിയർ ഡക്കറേഷൻ ഈന്തപ്പട്ട കൊണ്ട്, വെളിച്ചത്തിനൊരു റാന്തൽ വിളക്ക്, കട റഡിയായി. ലോ കോസ്റ്റ് ഫർണിച്ചറുമിട്ടപ്പോൾ ഉഗ്രൻ നാടൻ തട്ടു കട.!!.
മുഖ്യവിഭവങ്ങൾ ചക്കരക്കാപ്പിയും പൂവടയും.
ചക്കരക്കാപ്പി ഇൻസ്റ്റൻറ് കുക്കിംഗ്, പൂവട ഞങ്ങൾ സാധനം വാങ്ങിക്കൊടുത്താൽ എൻറെ ഉമ്മ ഉണ്ടാക്കിത്തരും.
പൂവടയുടെ സ്വാദും ഭംഗിയും കാരണം കച്ചവടം പൊടി പൊടിച്ചു. മറ്റി പല കോഫീഷോപ്പിലുമില്ലാത്ത വറൈറ്റി പൂവടയുടെ പിൻബലത്തിൽ ഞങ്ങളുടെ കോഫീഷോപ്പ് സ്ഥലത്തെ നമ്പർ വൺ.
അരക്കിലോ അരിപ്പൊടിയിലുംഒരു തേങ്ങ ചുരണ്ടിയതിലും ഇത്തിരി ശർക്കര കിച്ചണിൽ നിന്നു സംഭാവന കിട്ടിയതിൽ നിന്നും തുടങ്ങിയ പൂവട നിർമ്മാണം രണ്ടു കിലോ അരിപ്പൊടിയും നാലഞ്ചു തേങ്ങയും കടയിൽ നിന്നു ശർക്കരയും ഇൻക്രീഡിയൻസായി ഇൻവെസ്റ്റ് ചെയ്തു ദിവസം തുടങ്ങേണ്ട അവസ്ഥയിലേക്കു വളർന്നു.
പുള്ളിയിൽ ചേക്കുക്കായുടെ ബദർയുദ്ധം ക്ലൈമാക്സിലേക്കു നീങ്ങും തോറും കാണികളുടെ എണ്ണം കൂടി വന്നു.
അവിടെ ബദർ യുദ്ധം..!
ഇവിടെ ചുടുകാപ്പിയും പൂവടയും....!!!
എന്ന തോതിൽ പെരുക്കൽ മുറുകുകയാണ്.
അവസാന ദിവസത്തെ കഥാപ്രസംഗമാണ്. പീക്ക് ജനസാന്നിദ്ധ്യമാവും. വൈകുന്നേരം തന്നെ പൂവടക്കുള്ള റോമെറ്റീരിയൽസ് കൂടുതൽ വാങ്ങി ഉമ്മാനെ ഏൽപ്പിച്ചു. ഉമ്മയും പെങ്ങൻമാരും പാചകം തുടങ്ങി. ഞാൻ കോഫിഷോപ്പിലേക്കു നടന്നു. അവിടെ അടുപ്പു കൂട്ടി കോഫി ഉണ്ടാക്കുന്ന പണിയിലാണ് കസിനായ പാർട്ണർ.!
കുറച്ചു കഴിയുമ്പോൾ ആളുകൾ വന്നു തുടങ്ങും..അപ്പോഴേക്കു ചുട്ടയത്രയും പൂവട കൊണ്ടു വരാനായി എന്ന വേഗം തിരിച്ചയച്ചു.
ഞാൻ വീട്ടിൽ ചെന്നു കയറുമ്പോൾ വീട്ടിൽ നിറയെ വിരുന്നുകാർ, എല്ലാരും വിവിധ സ്ഥലത്തുന്നായി കഥാപ്രസംഗം കേൾക്കാൻ വന്നവർ.
ഉമ്മ എല്ലാവരേയും സൽക്കരിക്കുന്നു. പൂവടയും ചായയും നൽകി കൊണ്ട്.
ഞാൻ പിറകിലൂടെ കിച്ചണിൽ കയറി നോക്കി. കോഫി ഷോപ്പിലേക്കു കൊണ്ടു പോകാനുള്ള പാത്രത്തിൽ ഒറ്റയെണ്ണമില്ല.
ഞങ്ങളുടെ വിൽപ്പനച്ചരക്കു കൊണ്ടാണു ഉമ്മാൻറെ അതിഥി സൽക്കാരം.!!
ഞാൻ ദേഷ്യവും സങ്കടവും കൊണ്ടു അംഗോപാംഗം വിറകൊണ്ടു. പാർട്ണറോടു എന്തു പറയുമെന്നറിയാതെ കുഴങ്ങി, നാക്കു വരണ്ടു, പൂവടക്കു അഡിക്ടായ ഞങ്ങളുടെ ലക്ഷക്കണക്കിനു ഉപഭോക്താക്കളെ (മാഗി മൂന്ന് മിന്റ്റിനോടു കടപ്പാട്) ഓർത്തു നീറി. ..!
"പൂവട ചുട്ടു കൊണ്ടിരിക്കുന്നതു കണ്ടു കൊണ്ടാണു വിരുന്നുകാർ വന്നത്. കൊച്ചു കുട്ടികളല്ലേ?,.അവരുടെ കൊതി കണ്ടപ്പോൾ എനിക്കു സഹിച്ചില്ല." ഉമ്മ സങ്കടം പറഞ്ഞു.
എനിക്കു ഉമ്മയെ പിന്നെ ഒന്നും പറയാൻ തോന്നിയില്ല...!
ബാക്കിയുണ്ടായിരുന്ന കുറച്ചു പൂവട ചെറിയ പൊതിയാക്കി കയ്യിലെടുത്തു.കോഫീഷോപ്പിലേക്കു നടന്നു. പാർട്ണറുടെ പ്രതികരണമെന്തായിരിക്കുമെന്ന ഭീതിയായിരുന്നു അപ്പോൾ മനസ്സു നിറയെ...
പുഴയിലേക്കു കാലെടുത്തു വെച്ചതേയുള്ളൂ മാനത്തു നിന്നൊരു വിണ്ടു കീറൽ...! മല്ലിൻറെ കോറത്തുണി വലിച്ചു കീറുന്ന ഒരൊച്ച..!
ഇടിമുഴക്കമാണ്.
പിന്നെ അതിനെ,തുടർന്നൊരു പെയ്ത്തായിരുന്നു...!
തുള്ളിക്കൊരു കുടമല്ല..തുള്ളിക്കൊരു പറ കണക്കിൽ ..മഴ പെരുമഴ..!!!
കച്ചവടക്കാരും സംഘാടകരും സാധനങ്ങൾ പെറുക്കി ഓട്ടമായിരുന്നു. ആർക്കും അടുപ്പ് കെടുത്തേണ്ടി വന്നില്ല.
ഞങ്ങളും കിട്ടിയതൊക്കെ പെറുക്കി ഓടി.
ഇക്കരെ സേഫായി ലാൻഡായി.
ബാക്കി കിട്ടിയിടത്തോളം സാധനങ്ങൾ പുഴക്കേറ്റവുംഅടുത്തുള്ള കസിൻറെ തന്നെ വീട്ടിൻറെ കോലായിൽ പെറുക്കി വെച്ചു, ഇറ വെള്ളത്തിൽ കൈ കഴുകി, അമ്മായി തന്ന തോർത്തു കൊണ്ടു തല തുവർത്തുമ്പോൾ....... ഞാൻ മനസ്സിൽ പറഞ്ഞു
"നല്ല മഴ...! നന്നായി.....! പടച്ചോൻ കാത്തു."
2 അഭിപ്രായങ്ങൾ:
ഓരോരോ പൂവടയിലും അത് ആര്‍ തിന്നണമെന്ന് എഴുത്തുണ്ടാവും!!
നന്നായി ഈ പൂവട മഹാത്മ്യം ...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ