കാളി എന്ന ഒരു കാര്യസ്ഥ തറവാട്ടിലെ പ്രധാന അംഗമായിരുന്നു.
വളരെ വിനീത കുലീന.
പൂമുഖത്ത് ആണുങ്ങൾ ഉണ്ടെങ്കിൽ ആ വഴി വരില്ല. കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കാൻ പേടി,
എന്തു സഹിച്ചാലും മറുത്തൊരക്ഷരം പറയില്ല.
പക്ഷെ തടുക്കിന്റെ വിടവിലൂടെ അവരെല്ലാം കാണുന്നുണ്ടാവും....!
നിശബ്ദമായി....!
കണ്ണംകുളത്തിലെ മുത്തപ്പന്റെ ആറാട്ടു മഹോത്സവത്തിനു അവർ വെളിച്ചപ്പെടും.
വെളിച്ചപ്പെട്ടാൽ അവർ വേറെ ഒരാളാവും.
ചെമ്പട്ടും ചേലയുമണിഞ്ഞ്,
കൊടമണിയും കെട്ടലങ്കാരങ്ങളും കെട്ടി,
വാളും ചിലമ്പും വിറപ്പിച്ചു,
നെറ്റിയിൽ വെട്ടിയ മുറിവിലൂടെ ചോരധാരയായി ഒഴുകുമ്പോൾ മഞ്ഞപ്പൊടിയെറിയാൻ വരുന്നവരെ ഗൌനിക്കാതെ,
ഘോഷയാത്രയിൽ അവർ മുന്നിലുണ്ടാവും.
തറവാട്ടിന്റെ മുൻപിലെത്തിയാൽ തുറന്നിട്ട വല്യ ഗേറ്റിലൂടെ ഒരു ഭയവുമില്ലാതെ നേരെ വല്യുപ്പാന്റെ മുന്നിൽ വന്നു നിൽക്കും. ഒരു അരമണിക്കൂർ അവിടെ നിന്നു തുള്ളും.
കലി കൊണ്ടു പലതും പറയും.
പതം അളന്നതിലെ അനീതിയെ പറ്റി പറയും,
പണിക്കാർക്കു കൂലി കൂട്ടേണ്ടതിനെ പറ്റി പറയും,
അകത്തേക്കുള്ളത് കൂമ്പിച്ചും കൂലിക്കുള്ളതു വടിച്ചും അളന്നതിനെക്കുറിച്ചു മുത്തപ്പന്റെ ഭാഷയിൽ കൽപ്പന പുറപ്പെടുവിക്കും.
വല്യുപ്പ ക്ഷമയോടെ കേട്ടു നിൽക്കും.
അന്നു അക്കൊല്ലത്തെ വല്യുപ്പാന്റെ എല്ലാ തെറ്റുകളും വല്യുപ്പ മനസ്സിലാക്കും.
കാളി അപ്പോൾ പാവമായ പണിക്കാരിയാവില്ല.
മറിച്ചു ബസ്സു/ബ്ലോഗുകളിലൊക്കെ കാണുന്ന അണോണിയായി മാറിയിട്ടുണ്ടാവും.
പിറ്റേന്നു പണിക്കു വരുമ്പോൾ കാളി വീണ്ടും പഴയപോലെ ഒന്നുമറിയാത്ത വെറുമൊരു പാവമായി മാറിയിരിക്കും. അന്നു വല്യുപ്പ മുൻ വർഷത്തെ തെറ്റൊക്കെ തിരുത്തിയിരിക്കും.
നെല്ലായും പണമായും കുറ്റബോധം കഴുകിക്കളഞ്ഞു തീർത്തിരിക്കും.
പക്ഷെ വല്യുപ്പാന്റെ കാലശേഷം ഉപ്പാന്റെ ഭരണം വന്നപ്പോൾ ഘോഷയാത്ര പോകുന്നതിനു മുൻപേ ഉപ്പ ഗേറ്റ് അടച്ചു താഴിട്ടിരുന്നു.
(അണോണി കമന്റ് ഓപ്ഷൻ പൂട്ടുന്ന പോലെ)
അതിനാൽ കാളിക്കു മനസ്സിലടക്കിവെച്ച അമർഷങ്ങൾ തുറന്നൊഴുക്കി വിടാനോ ഉപ്പാക്കു തന്റെ തെറ്റുകൾ മനസ്സിലാക്കാനോ സാധിച്ചിരുന്നില്ല.
2011, ഫെബ്രുവരി 12, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
2 അഭിപ്രായങ്ങൾ:
'അന്നു വല്യുപ്പ മുൻ വർഷത്തെ തെറ്റൊക്കെ തിരുത്തിയിരിക്കും.
നെല്ലായും പണമായും കുറ്റബോധം കഴുകിക്കളഞ്ഞു തീർത്തിരിക്കും.'
വല്യുപ്പയെപ്പോലെ മണ്ടന്മാരല്ലല്ലോ ഇപ്പോഴത്തെ ഉപ്പമാർ.
ശരിയാണ്.
പക്ഷെ വല്യുപ്പ ഒരിക്കലും ഉറങ്ങാൻ സ്ലീപ്പിംഗ് പിൽസ് ചോദിച്ചിട്ടില്ലായിരുന്നു.
മന:സാക്ഷിക്കുത്തില്ലാതെ നന്നായി ഉറങ്ങിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ