2011, മാർച്ച് 13, ഞായറാഴ്‌ച

വാർദ്ധക്യപാപം


വെള്ളിയാഴ്ച്ചകളിൽ മാത്രമാണു ഞങ്ങൾ ഈ മരുഭൂമിയിൽ നിന്നു നഗരത്തിലെത്തുന്നത്.അന്നു എല്ലാരും വളരെ സന്തോഷത്തിലായിരിക്കും. എ.ടി.എമ്മിൽ നിന്നു കാശെടുക്കൽ, പർച്ചേസ്, ജുമുഅ നമസ്ക്കാരം, പത്രമാസികകൾ വാങ്ങൽ തുടങ്ങി ഒരാഴ്ച്ചത്തേക്കുള്ള ജീവനോപാധികൾ ശേഖരിക്കുന്ന ദിവസം.
രണ്ടാഴ്ച്ചയായി ഞങ്ങളുടെ വലിയ ബസ്സു പാർക്കു ചെയ്യുന്നിടത്തു  “ഓൾഡ് ഏജ്‌ഡ് പീപ്പിൾസ് റിഹാബിലിറ്റേഷൻ സെന്ററിന്റെ“ ഒരു കൊച്ചു വാനാണു പള്ളിയുടെ പാർക്കിംഗിൽ.ആദ്യ ദിവസം ഹോൺ അടിച്ചു ഞങ്ങളുടെ ഡ്രൈവർ ആ വാനുകാരനെ ഒന്നു വിരട്ടാൻ നോക്കി. പതുക്കെപ്പതുക്കെ വാനിൽ നിന്നിറങ്ങുന്ന പ്രായമായ കുറച്ചു അറബികളെ കണ്ടപ്പോൾ അവൻ തന്നെ സ്വയം സോഫ്‌റ്റായി. ഞങ്ങളുടെ ബസ്സു ദൂരെ മാറി പാർക്കു ചെയ്തു.
വൃദ്ധസദനങ്ങൾ ഈ അറബുനാട്ടിലുമുണ്ടെന്നതു പുതിയൊരറിവായിരുന്നു.
വാനിന്റെ ഡ്രൈവർ ഒരു മലയാളിയാണ്.ഞാൻ അവനെ പരിചയപ്പെട്ടു.
അവരുടെ പള്ളി പുനരുദ്ധാരണത്തിലാണ്. പണി കഴിയും വരെ അവർ ജുമുഅക്കു ഇനി ഇവിടെയായിരിക്കുമെന്നു പറഞ്ഞു.
ഞങ്ങൾ സംസാരിച്ചു നിന്നപ്പോൾ പള്ളിയോടു ചേർന്ന ഒരു ഹൈപ്പർമാർക്കറ്റിന്റെ മുൻപിൽ ഒരു ഹമ്മറിൽ ഒരു സുമുഖനായ അറബി ഫാമിലിയായി വന്നിറങ്ങി.
ഹമ്മറിന്റെ ഗമ അറിയാവുന്നതിനാൽ ഞാൻ കൌതുകത്തോടെ അതിനെ തന്നെ നോക്കി നിൽക്കുന്നതിനിടെയാണ് വാനിൽ നിന്നിറങ്ങിയ ഒരു വൃദ്ധനായ അറബി പ്രായവും അനാരോഗ്യവും മറന്നു ആ ഹമ്മറിന്റെ അടുത്തേക്കു വളരെ ഉത്സാഹത്തോടെ കുതിക്കുന്നതു കണ്ടത്.  എന്നാൽ  അദ്ദേഹം അവരുടെ അടുത്തെത്തുന്നതിന്നു മുൻപെ, ആ അറബിയുവാവ് അദ്ദേഹത്തെ കണ്ടെങ്കിലും പുറത്തിറങ്ങിയ ഭാര്യയേയും മകനേയും ധൃതിയിൽ തിരിച്ചു ഹമ്മറിൽ തന്നെ കയറ്റി വൃദ്ധനെ കാണാത്ത പോലെ പെട്ടെന്നു റിവേഴ്സ് എടുത്തു പുറത്തേക്കോടിച്ചു പോവുകയാണുണ്ടായത്.
ഞാൻ വിഷമത്തോടെ ആ ദൃശ്യം കണ്ണിമക്കാതെ നോക്കി നിന്നപ്പോൾ ബഷീർ (അതാണു ഡ്രൈവറുടെ പേര്) പറഞ്ഞു.
“ആ വയസ്സൻ അറബിയുടെ ചെറിയ മകനാണ് ആ ഹമ്മറിൽ വന്നത്.
ഇവിടെ വയസ്സനെ കണ്ടതു അവൻ തീരെ പ്രതീക്ഷിച്ചിരിക്കില്ല. അവനു ഇഷ്ടമായിക്കാണില്ല.
അതാ പെട്ടെന്നു തിരിച്ചു പോയത്“.
എനിക്കു കുറേ നേരം കണ്ണിൽ വെള്ളം നിറഞ്ഞു നിന്നതിനാൽ പിന്നെ ബാക്കി ഒന്നും കാണാൻ പറ്റിയില്ല. അപ്പോൾ എന്റെ കയ്യിൽ മോനു പോസ്റ്റാഫീസു വഴി അയക്കാൻ തീരുമാനിച്ചു വാങ്ങിയ ഒരു ഡിജിറ്റൽ ഡ്രോയിംഗ് പാഡ് ഇരുന്നു വിറക്കുകയായിരുന്നു.

6 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

മനസ്സില്‍ കൊണ്ടു, മാഷേ.

നാളെ അതേ അറബിയ്ക്കും വരാനിരിയ്ക്കുന്ന അവസ്ഥ അതല്ലെന്നാരു കണ്ടു!

അലി പറഞ്ഞു...

ശ്രീ പറഞ്ഞതുപോലെ നാളെ അവന്റെ അവസ്ഥയും ഇതാവും.

നല്ല പോസ്റ്റ്.

കമ്പർ പറഞ്ഞു...

റിയലി ടച്ചിംഗ്..
ഇന്നത്തെ പച്ചില നാളെ പഴുക്കും..യാതൊരു സംശയവുമില്ല,

നല്ല അവതരണം. കീപ്പിറ്റപ്പ്

മുല്ല പറഞ്ഞു...

മനുഷ്യന്റെ അവസ്ഥ എവിടെയായാലും ഒന്നു തന്നെ അല്ലെ. അറബി ആയാലും സായിപ്പായാലും ...

ഷാഫി പറഞ്ഞു...

ടച്ചിംഗ്..

അജ്ഞാതന്‍ പറഞ്ഞു...

Heart touching...