1. അ
നല്ല പാതിയെ
നാലു ചുമരുകൾക്കുള്ളിൽ
തളച്ചിടാനുള്ള
ഇക്കോസിസ്റ്റമാണു്.
അക്വേറിയം.
2. ആ
ശക്തന്റെ മുൻപിൽ മുട്ടിടിച്ചു
നിൽക്കുമ്പോഴും
ഉള്ളിലൂറിയ തെറി വിളിച്ചു
തീർക്കാനുള്ളതാണു്
ആത്മഗതം.
3. ഇ
അന്തസ്സായി ക്ഷണം കിട്ടി,
മോടിയിൽ വസ്ത്രം ധരിച്ചു,
വിലകൂടിയ കാറിൽ ചെന്നു,
വരി നിന്നു, പാത്രം നീട്ടി,
ബുഫെയുണ്ണുന്നതു
ഇരന്നുണ്ണൽ.
4. ഈ
നോൺ വെജുകാർ
സമൃദ്ധ സദ്യക്കു ശേഷം
അസ്വസ്ഥതയോടെ അന്വേഷിക്കുന്നത്.
ഈർക്കിലി.
5. ഉ
യാതൊരു ലോഭവുമില്ലാതെ
ശത്രുവിൽ നിന്നു പോലും
പ്രതിഫലമില്ലാതെ
ലഭിക്കുന്നത്.
ഉപദേശം.
6. ഊ
കോളേജു ഡെ, ആർട്സ് ഡേ എന്നിവക്കു കലാലയങ്ങളിൽ
ഒച്ച മാത്രം കേൾപ്പിക്കുന്ന ജീവി.
ഊളൻ.
7. ഋ
ബാങ്ക് ക്രെഡിറ്റു കാർഡിലൂടെ
സമ്പാദിക്കുന്നത്.
ഋണം.
8. എ
വർണ്ണ വിവേചനം
അനുഭവിക്കുന്ന
പശു.
എരുമ
9. ഏ
പ്രഥമ പാരലൽ കോളേജിലെ
ഏക വിദ്യാർത്ഥി.
ഏകലവ്യൻ.
10. ഐ
ദേഷ്യത്തെ
ശമിപ്പിക്കാനുള്ളത്.
മദ്യത്തെ നേർപ്പിക്കാനുള്ളത്.
ഐസ്.
11. ഒ
സർക്കാർ ആപ്പീസിലെ
ഫയലുകൾക്കുള്ളിൽ ഉണ്ടെന്നു പറയുന്ന
വിസിബിളല്ലാത്ത ജീവി.
ഒച്ച്.
12. ഓ
മണമില്ലാത്ത പൂ
നിറം മാറുന്ന പൂ.
ഓർക്കിഡ്.
13. ഔ
രോഗശമനത്തിനെന്ന പേരിൽ
തുടങ്ങി,
പുതിയ രോഗത്തിനെ
വരവേൽക്കാൻ...
ഔഷധം.
14. ക
നമ്മുടെ ഇടതുപക്ഷ വീക്ഷണംവലതു പക്ഷവീക്ഷണമായും,
വലതു പക്ഷ വീക്ഷണം
ഇടതു പക്ഷ വീക്ഷണമായും
മാറ്റിത്തരുന്ന നല്ല
സതീർത്ഥ്യൻ.
കണ്ണാടി.
15. കാ
സർക്കാർ രേഖകളിൽ
ഉണ്ടെന്നു പറയുന്നതും
അടുത്തു ചെന്നാൽ
കാണാത്തതുമായ സംഭവം.
കാട്.
16. കി
അത്യുന്നതങ്ങളിൽ,
മിന്നിത്തിളങ്ങും താരത്തെ
കെട്ടിപ്പിടിച്ചുമ്മവെക്കാനുള്ള
ഫ്രീ പാസാണു
കിനാവ്.
17. കീ
ഫാമിലി ഷോപ്പിംഗിനു
പോകുമ്പോൾ ഇടക്കിടെ
തപ്പിനോക്കാനുള്ളതാണു
സ്വന്തം
കീശ.
18. കു
മറന്നു വെക്കാനായി മാത്രം
കൂടെ കൊണ്ടു നടക്കുന്നതും
മഴ നനഞ്ഞാൽ പുറത്തു വെക്കുന്നതും.
കുട.
19. കൂ
ഉടമസ്ഥൻ
ഒരിക്കലും
അറിയാതെ പോകുന്ന
തന്നുള്ളിലെ കല.
കൂർക്കം വലി.
20. കൃ
പരമ്പരാഗതമായ
സ്വത്തുക്കൾ
സന്മാർഗ്ഗത്തിലൂടെ
തുലച്ചു കളയാനുള്ള
മാർഗ്ഗം.
കൃഷി.
21. കെ
പിതാവിനു പാപ്പരാവാനും
മകൾക്കു അടിമയാവാനും
ഭർത്താവിനു നുഖം പേറാനുമുള്ളത്.
കെട്ടുതാലി.
22. കേ
മലയാളിക്കു
ഞരമ്പുകളിൽ
ചോര തിളക്കുന്ന അസുഖം
ഉണ്ടാക്കുന്ന വാക്ക്.
കേരളം.
23. കൈ
മകൾക്കു
വരനെ അന്വേഷിക്കുന്ന
ആദർശവാദിയായ പിതാവു
ചെറുക്കനു കിട്ടുമെന്നു രഹസ്യമായി ഉറപ്പു വരുത്തുന്നത്.
കൈക്കൂലി.
24. കൊ
സൂചി വിൽക്കാൻ പാടില്ലാത്തതും,
മുയലിനെ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ
പറ്റാത്തതുമായ ഇടം.
കൊല്ലക്കുടി.
25. കോ
ഭർത്താവിനോടു ചിരിച്ചാൽ
കാമുകന്മാർ അടുത്തു കൂടുന്ന
ദൃഷ്ടി ദോഷം.
കോങ്കണ്ണ്.
26. കൌ
ഭ്രാന്തിന്റെ പതിനെട്ടു വകഭേദങ്ങളിൽ ഒന്ന്.
കൌമാരം.
27. ക്യ
ഉടമസ്ഥനെക്കാൾ “ഇര”ക്കു അധികാരം
കിട്ടുന്ന ഉപകരണം.
ക്യാമറ.
28. ക്ര
സർക്കാരാപ്പീസിലും ഭരണതലത്തിലും
സർവ്വ സാധാരണമായി ദർശിക്കുന്നത്.
ക്രമക്കേട്.
29. ക്ല
സെട്രൽ ജയിലിന്റെ തീവൃ നിരീക്ഷണ സെല്ലിൽ
സ്ഥാപിക്കാനും
പ്രവർത്തിക്കാതെ
ഓഫ് ചെയ്തിടാനുമുള്ള
ഇലക്ട്രോണിക് ഉപകരണം.
ക്ലോസ് സർക്യൂട്ട് ടി.വി.
30. ക്വ
പല പ്രതിഭകളേയും
ലോകത്തിനു നഷ്ടപ്പെടുത്തിയത്.
ക്വാണ്ടം.
31. ക്ഷ
സ്വയം പാലിക്കാത്തതും,
മറ്റുള്ളവരിൽ നിന്നു
എപ്പോഴും
പ്രതീക്ഷിക്കുന്നതും.
ക്ഷമ.
32. ഖ
ശ്യൂന്യമെന്നു പറയുമെങ്കിലും
അതിലെന്തെകിലും ഊറിയെത്തും മുൻപേ,
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും
ചേർന്നു കൊള്ളയടിക്കുന്ന
നീക്കിയിരിപ്പ്.
ഖജനാവ്.
33. ഗ
ഒരാനയെ പരമ്പരാഗത സ്വത്തായി
ലഭിച്ച പാവത്തിനു
മൃഗസംരക്ഷണ വകുപ്പ്,
മൃഗസ്നേഹികൾ വഴി,
വന്നു ചേരുന്ന സൌഭാഗ്യം.
ഗജകേസരിയോഗം.
34. ഘ
മുഖ്യമന്ത്രിക്കസേരയിൽ
മനപ്പൂർവ്വമിട്ട അള്ളുകൾ.
ഘടക കക്ഷികൾ.
35. ങ
എല്ല്ലാ വികാരങ്ങളും
സംവേദിക്കാൻ
സാധിക്കുന്ന
രണ്ടക്ഷരം.
ങ്യാവൂ.
36. ച
വ്യവഹാരത്തിലും,
വ്യവസായത്തിലും,
വാണിജ്യത്തിലും
വിജയത്തിന്റെ അടിസ്ഥാനശില.
ചതി.
37. ജ
ലോണിനപേക്ഷിക്കുമ്പോൾ
ഉള്ളിലിരുന്നാത്മാവു പിന്നെയും പിന്നെയും
ഓർമ്മപ്പെടുത്തുന്നത്.
ജപ്‌തി.
38. ഞ
പത്തു കാലുണ്ടെങ്കിലും
മര്യാദക്കു മുന്നോട്ടു നടക്കാൻ
പഠിക്കാത്തവൻ.
ഞെണ്ട്.
39. ട
സദാ കയ്യിൽ കൊണ്ടു നടക്കുന്ന
ബാക്ടീരിയാ വളർത്തു കേന്ദ്രം.
ടവ്വൽ.
40. ഠ
കച്ച കപടക്കാരൻ.
ഠക്കൻ.
(കച്ചവടക്കാരൻ).
41. ഡ
സി.ബി.ഐ. ക്കാർക്കു
കേസ്സന്വേഷണത്തിനായി
മുകളിൽ നിന്നു താഴോട്ടിട്ടു നോക്കാൻ
വളരെ അനിവാര്യമായത്.
ഡമ്മി.
42. ഢ
വാളു തടുക്കാൻ ഇതുണ്ട്.
പക്ഷെ
വാക്കു തടുക്കാൻ ഇതില്ല.
ഢാലം.
(പരിച)
43. ണ
സദാ സമയം
വെള്ളത്തിൽ,
കാലു ബലമില്ലാതെ
നിലകൊള്ളുന്നത്.
ണത്താർ.(താമര)
44. ത
ഉറക്കത്തിലെങ്കിലും
ഒന്നു തലയുയർത്തിപ്പിടിക്കാനുള്ള
തീരാത്ത കൊതിയാണു
തലയണ.
45. ദ
തന്നെ പെണ്ണുകാണാൻ വന്ന
ചെക്കനെ ഇഷ്ടപ്പെടാത്ത
പെൺകുട്ടി അയാൾക്കു കൊടുക്കുന്നത്.
ദകലാവണികം.
(ഉപ്പുകലക്കിയ വെള്ളം).
46. ധ
പരീക്ഷക്കു തീരേ
പ്രിപ്പേർ ചെയ്യാത്തവർ
പരീക്ഷ കഴിഞ്ഞു
പരീക്ഷകനു മടക്കിക്കൊടുക്കുന്ന
പേപ്പർ.
ധവളപത്രം.
47. ന
നടന്നു പോകുന്നയാൾക്കു
അയാൾ പ്രതീക്ഷിക്കാതെ
പിറകിൽ നിന്നു ലഭിക്കുന്നത്.
നടയടി.
48. പ
പത്രത്തിന്റെ
സർക്കുലേഷൻ കൂട്ടാൻ വേണ്ടി
സ്വീകരിക്കേണ്ട എല്ലാ
തറ വേലകളും ഉൾപ്പെട്ടത്.
പത്രധർമ്മം.
49. ഫ
കോപമോ
വെറുപ്പോ ഉണ്ടാവുമ്പോൾ
അതു പ്രകടിപ്പിക്കാൻ
പറ്റിയ ഏറ്റവും
ചെറിയ പ്രതികരണം.
ഫ!.
50. ബ.
ദു:ഖമനുഭവിക്കുമ്പോൾ
ക്ഷണിക്കാതെയും
സന്തോഷിക്കുമ്പോൾ
ക്ഷണം സ്വീകരിച്ചും
ആഗതനാവുന്നവർ.
ബന്ധു.
51. ഭ.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ
പാരമ്യമായ അവസ്ഥ.
ഭർതൃമതി.
52. മ.
ഇല്ലാത്തപ്പോൾ
കേഴുകയും
ഉണ്ടാവുമ്പോൾ
ശപിക്കുകയും
ചെയ്യുന്നത്.
മഴ.
53. യ.
പാലമരത്തിൽ നിന്നും
കരിമ്പനയിൽ നിന്നുമിറങ്ങി
ആധുനീക കാലത്തു
സൊസൈറ്റിയിലും
രാഷ്ട്രീയത്തിലുമിറങ്ങിയ
വനിതാവതാരങ്ങൾ.
യക്ഷി.
54. ര.
ഒരേ സമയം ദിവ്യമെന്നും
അതേ സമയം കിരാതമെന്നും
വാഴ്ത്തപ്പെടുന്നത്.
രതി.
55. ല.
വിറ്റാലും വിലക്കിയാലും,
ഏറ്റവും ലാഭം കിട്ടുന്നത്.
ലഹരി.
56. വ.
ജീവിച്ചിരിക്കുമ്പോൾ
സ്വത്തുക്കൾ,
മക്കളുടെ പേരിൽ എഴുതിക്കൊടുത്ത
വിഡ്ഡികളായ മാതാപിതാക്കൾ.
വഴിയാധാരം.
57. ശ.
ഭിക്ഷകൊടുക്കുന്നതു
മോക്ഷത്തിനല്ല
പലപ്പോഴും
ഇതു ഒഴിവാക്കാനാണ്.
ശല്യം.
58. ഷ.
പാരമ്പര്യമായി
പകർന്നു കിട്ടാത്ത
ഒരു അസുഖം.
ഷണ്ഡത.
59. സ.
മദ്യപരായ റൂംമേറ്റ്സിന്റെ
ഇടയിൽ മദ്യം തീരെ ഉപയോഗിക്കാത്ത
ഒരാളുടെ അവസ്ഥ.
സർപ്പയജ്ഞം.
60. ഹ.
സർക്കാരാപ്പീസിലെ
ചവറ്റു കൊട്ടകൾക്കുൾക്കൊള്ളാനുള്ളത്
ഹർജി.
61. റ.
മാച്ച് ഫിക്സിംഗ് നടത്തുന്നവർക്കു
പതിനൊന്നു പേരെ സ്വാധീനിക്കുന്നതിനു പകരം
ഒരൊറ്റയാളെ സ്വാധീനിക്കാനുള്ള
ഷോർട്ട് കട്ട്.
റഫറി.
67385
1 അഭിപ്രായം:
കലക്കി മാഷേ......
ആദ്യമായാണ് ഒരു ഹൈ ഡഫനിഷന്‍ ഡയറകട്ടറി കാണുന്നത്.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ