മലയാളത്തിലെന്തെങ്കിലും എഴുതാന്‍ തോന്നിയതിനു പിന്നില്‍ ആരോടെങ്കിലും  കടപ്പാടുണ്ടെങ്കില്‍ അതു സ്വന്തം  നാട്ടുകാരോടാണ്. 
എഴുതിത്തുടങ്ങുന്നതിന്നു മുന്‍പേ ചിന്തിച്ചു തുടങ്ങാന്‍ അവസരം തന്ന “അക്ഷര”  സഹാദ്ധ്യാപകരോട് (പ്രത്യേകിച്ചു പുസ്തകങ്ങളെ പങ്കുവെച്ച എ.പി.അഷ്റഫിനോട്),
സൗജന്യമായി വായിക്കാന്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ തന്ന എം.പി.കാക്കയോട്, 
കമ്പ്യൂട്ടറില്‍ മലയാളം വഴങ്ങിയപ്പോള്‍ വല്ലതും കുറിച്ചതു മെയിലായി അയച്ചു  കൊടുക്കുമ്പോള്‍ ക്ഷമയോടെ വായിച്ചു തിരുത്തി തന്ന സി.പി. മാഷോട്, 
ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, മിണ്ടിയിട്ടില്ലാത്ത എന്നാല്‍  ഈമെയിലിലൂടെ എന്റെ രചനകള്ക്കൊരുപാടു പ്രോല്‍സാഹനങ്ങള്‍ തന്ന വി.ഖാലിദിനോട്,
വി.വി ബഷീറിനോട്,
കൂത്രാടന്‍. എ.കുട്ടിയോട്,
ഉസ്മാന് ഇരുമ്പുഴിയോട്.....
അതിലെല്ലാമുപരി എങ്ങനെ എഴുത്തു തുടങ്ങണം എന്നറിയാത്ത കാലത്തു എന്തിനോടും  സമരസപ്പെട്ടുപോകുന്ന ഉള്‍നാടന്‍ ക്ലിപ്താവൃത്തിയും തരംഗദൈര്‍ഘ്യവും  സ്ഥായിചിന്തയായുള്ള എനിക്കു ഒരു മിതഭാഷിയുടെ   എഴുത്തിന്റെ ശൈലി  എങ്ങനെയായിരിക്കണമെന്നെനിക്കു മനസ്സിലാവും വിധം സരളമായും സുന്ദരമായും കുറിപ്പുകള്‍  എഴുതി ആനുകാലികങ്ങളിലൂടെ അതു വായിക്കാന്‍ വിരിച്ചു തന്ന മുസാഫിറിനോടായിരുന്നു
ഹിരണ്യധനുസ്സിന്റെ പുത്രനു ദ്രോണരിലുണ്ടായിരുന്ന ഗുരുഭക്തി പോലൊരു ബഹുമാനം.
മുസാഫിറിനെക്കുറിച്ചു തന്നെ ആദ്യമെഴുതാം.  
മുസാഫിര്‍ എന്റെ നാട്ടുകാരനാണ്. 
എന്നെപ്പോലെ പ്രവാസ ജീവിതം നയിക്കുന്നു.(എന്നെക്കാള്‍ നീണ്ടപ്രവാസകാലം)
സൗദി അറേബ്യയില്‍ നിന്നിറങ്ങുന്ന “മലയാളം ന്യൂസ്” പത്രത്തിന്റെ എഡിറ്റര്‍  ആണിപ്പോള്‍. 
“ഒലിവു മരങ്ങള്‍ ചോര പെയ്യുന്നു”, “ദേശാടനത്തിന്റെ മിശിഹകള്‍” എന്നീ  പുസ്തകങ്ങള്‍ മുന്‍പു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പെഴുതാന്‍ ഹേതുവായ “ഡേറ്റ് ലൈന്‍: ജിദ്ദ” എന്ന  പുസ്തകവും.
പ്രവാസജീവിതം ആരംഭിക്കുന്നതിനു മുന്‍പു മലയാള മനോരമയുടെ ഒറ്റപ്പാലം ലേഖകന്‍ ആയിരുന്നു.വലതു പക്ഷ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും.
മുസാഫിര്‍ മനോരമയില്‍ എഴുതുന്ന കുറിപ്പുകള്‍ എനിക്കു വളരെ ഇഷ്ടമായിരുന്നു. 
പ്രവാസലോകത്തു നിന്നും ആര്‍ജ്ജിച്ച അനുഭവങ്ങള്‍ പച്ചക്കിടിച്ചു ചാലിച്ചു,  നാട്ടു  മരുന്നിട്ടു തിളപ്പിച്ചാറ്റിക്കുറുക്കി വാറ്റിയെടുത്ത ആ ഒരൗണ്‍സു ഔഷധം  ഫീച്ചറെന്ന പേരില്‍ ആഴ്ച്ചയിലൊരിക്കലാണു അന്നു പത്രത്തില്‍  വന്നിരുന്നതെന്നാണു  ഓര്‍മ്മ. ഒരു ബോര്‍ഡറിട്ട കോളത്തില്‍ നാലഞ്ചു കോളങ്ങളിലായി. 
പലതും ഇന്നും ഓര്‍മ്മയുണ്ട്. 
ഒരു മനോരമ ഫീച്ചറില്‍,  
തന്റെ തൊട്ടടുത്ത ഫ്ലാറ്റില്‍ കഴിയുന്ന  അറബിപ്പെണ്ണിനെ അവതരിപ്പിച്ച   ആദ്യ പേരഗ്രാഫില്‍ പക്കാ കാമാര്‍ത്തയായ ഒരു ഭര്ത്തൃവാഞ്ചകിയായി തോന്നിപ്പിച്ചു,  വായനക്കാരനെ ചിന്താമൂര്ച്ചയില് തനിച്ചു വിട്ടു, പെട്ടെന്നു രണ്ടാം ഘട്ടത്തില്‍  അവള് ലേഖകനെ മറ്റാരുമില്ലാത്ത അവസരത്തില്‍ ഫ്ലാറ്റിലേക്കു വിളിക്കുന്നതും  ഭയ-വിസ്മയ-ബലഹീനതയാല്‍ വിവശനാകുന്ന ലേഖകന്‍ വിളിനാദം പിന്തുടരുന്നതും അവരെ  അനുസരിക്കുന്നതും പിറകെ അവളുടേ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഒരാടിനെ  കാണിച്ചു കത്തിയെടുത്തു കൊടുത്തു
“ഇതിനെ ഒന്നു അറുത്തു തരുമോ?“
എന്ന ചോദ്യം  ചോദിക്കുന്ന പരിണാമഗുപ്തിയില്‍ വായനക്കാരന്റെ ആകാംക്ഷയുടെ പരമാവധി  വീര്‍പ്പിച്ചു കെട്ടിയ ബലൂണില്‍ ഒരു സൂചി കൊണ്ടു പതിയെ കുത്തി,
“ഠേ“ എന്ന ചമ്മൽ വായനക്കാരനില്‍ നിന്നു കേട്ട  ആ കുസൃതി മനസ്സില്‍ നിന്നു ഇപ്പോഴും പോകാതെ നില്ക്കുന്നതു സമാനമായ  മറ്റൊരനുഭവം ഈ പ്രവാസിക്കും നേരിടേണ്ടി വന്നതിനാലാവാം. 
താമസിക്കുന്നതിന്റെ തൊട്ടുമുന്പിലെ അറബി വില്ലയില്‍ പുതുതായെത്തിയ  ചന്തമുള്ള ശ്രീലങ്കന്‍ ഹൗസ്മെയ്ഡ്, വെയ്സ്റ്റ് പുറത്തിടാന്‍ വാതില്‍  തുറക്കുന്നതും ഞാന്‍ ഓഫീസു വിട്ടു വന്നു വാതില്‍ തുറന്നു എന്റെ വില്ലയില്‍ കയറാന്‍  തുടങ്ങുന്നതും ഒരു പാടു ദിവസം ഒരേസമയത്തു ഒന്നിച്ചു വന്നപ്പോള്‍ ആ നോട്ടത്തിനു ഇത്തിരി  മയവും ദൈര്‍ഘ്യവും കൂടി. തൊട്ടു പിറകെ ഒരു ദിവസം അകത്തു കയറി  വാതിലടക്കുന്നതിന്നു മുന്‍പേ അകത്തു കയറിയ ആ സുന്ദരിയെ കണ്ടു കിടു കിടാ  വിറച്ച  ഞാന്‍ ആദ്യമോര്‍ത്തത് താമസിക്കുന്ന വില്ല പള്ളിയിലെ ഇമാമിന്റെ കയ്യില്‍ നിന്നു  വാടകക്കെടുത്തതാനല്ലോ എന്നായിരുന്നു. അപഥ സഞ്ചാരത്തിനു പിടിക്കപ്പെട്ടാല്‍ വിസയും കീറും ജയിലും  കേറും. 
പെണ്ണു ചോദിച്ചു  
“കത്താ കറാനാ” 
എനിക്കു സിംഹള അറിയില്ല. 
ഞാന്‍ ഒരു ശ്രീലങ്കക്കാരനാനെന്നവള് തെറ്റിദ്ധരിച്ചതാണ്. 
അപ്പോള്‍ പിന്നെ അവള് തമിഴില്‍ പറഞ്ഞതു മനസ്സിലായി.. 
അവളുടെ കയ്യിലിരിക്കുന്ന ആ  കത്തിലൊരു അഡ്രസ്സെഴുതി സ്റ്റാമ്പൊട്ടിച്ചു  പോസ്റ്റു ചെയ്യാവോ?  എന്നാണെന്ന്. 
കാശും കത്തും വാങ്ങി അവളെ പുറത്താക്കി വാതിലടച്ചു അഞ്ചു മിനിട്ടോളം ഞാന്‍ ഡോറിലെ  വ്യൂ ലെന്‍സിലൂടെ വീക്ഷിച്ചു അപകടമില്ലെന്നുറപ്പുവരുത്തീട്ടുമന്നുറങ്ങാന് ഏറെ വൈകി. 
ഈ സംഭവം പലവട്ടം ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയതാണ്. പക്ഷെ മുസാഫിര്‍ എഴുതിയ ആ  കുറിപ്പിന്റെ ഞെട്ടല്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ അതു  അട്ടത്തിട്ടതാണ്. 
ഡേറ്റ് ലൈന്‍ : ജിദ്ദ എന്ന പുസ്തകത്തില്‍ മുസാഫിറിന്റേതായി പല പ്രശസ്ത  പ്രസിദ്ധീകരണങ്ങളില്‍ വന്ന തെരഞ്ഞെടുത്ത കുറിപ്പുകളുടെ ഒരു  പുന:പ്രസിദ്ധീകരണമാണ്. 
ആറാം വയസ്സില്‍ മസ്കുലര്‍ ഡിസൃടോഫി എന്ന രോഗം ബാധിച്ചു കൈകാലുകള്‍  തളര്‍ന്ന  “ജസ്ഫര്‍“, വായില്‍ ബ്രഷു കടിച്ചു പിടിച്ചു വരച്ച മനോഹര പെയ്ന്റിംഗുകളേയും അവനു  ലഭിച്ച അംഗീകാരങ്ങളേയും പരിചയപ്പെടുത്തുന്നു.(മലയാളം ന്യൂസ്) 
പള്ളിക്കമ്മറ്റിയില്‍ നിന്നു ഊരു വിലക്കുണ്ടായിട്ടും  ഭരതനാട്യവും,കുച്ചിപ്പിടിയും,മോഹിനിയാട്ടവും അഭ്യസിച്ചു എ.  ഗ്രേഡും,മൃണാളിനി സാരാഭായിയില്‍ നിന്നു അഭിനന്ദനങ്ങളും വാങ്ങിയ റൂബിയയെ  കുറിച്ച്, (മലയാളം വാരിക) 
വിശ്വം മുഴുവന്‍ ആദരവോടെ ബഹുമാനിക്കുന്ന സ്വരങ്ങളുടെ മാന്ത്രികന്  എ.ആര്.റഹ്മാനുമൊത്തുള്ള സമയത്തെ പറ്റി, (മലയാളം ന്യൂസ്) 
എന്‍ജിനീയറിംഗിന്റെയും ഹ്യൂമന്‍ റിസോര്സസിന്റെയും ലോകത്തു നിന്നും  ഭാവുകത്വത്തിന്റെ ലോകത്തേക്കു പൊന്‍തൂലികയുമായി വന്ന ജ്യോതി മേനോനെ  കുറിച്ച്,(മലയാളം ന്യൂസ്) 
അധികമാരുമറിയാത്ത കെ.ജി രാഘവന് നായരെകുറിച്ച് (അമൃത വാണിക്കും , 1001  രാവുകള്‍ക്കും , വിശുദ്ധ ഖുര്‍ആനിനും  അതീവ സുന്ദരമായ കാവ്യാവിഷ്കാരം നല്കിയ  കവി.) മലയാളം ന്യൂസ്. 
മലയാളത്തിന്റെ മാധുര്യമായ കമലാസുരയ്യയുമായി നടത്തിയ സംഭാഷണ  വേളകളെക്കുറിച്ച്,(മലയാളം ന്യൂസ്). 
കണ്ണനെ കുറിച്ച് ( 1985 ജനുവരി 2 കുടപ്പനക്കുന്നു ദൂരദര്‍ശനില്‍ വൈകിട്ടു  ഏഴുമണിയുടെ വാര്‍ത്താവായനയിലൂടെ ആദ്യ മലയാള ടെലിവിഷന്‍ വാര്‍ത്തവായനക്കാരനായ  കണ്ണനെക്കുറിച്ച്). മലയാളം ന്യൂസ്. 
കമ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള സൗഹൃദകാലത്തെക്കുറിച്ചും  അനുഭവങ്ങളെക്കുറിച്ചും,( സി.പി.ഐ. മലപ്പുറം ജില്ലാ സമ്മേളന സോവനീറില്‍), 
പി.ശ്രീധരന് മാസ്റ്ററെക്കുറിച്ച് (വിപ്ലവ രാഷ്ടീയത്തിനു കുലീനതയുടെ  വിരലൊപ്പു പതിപ്പിച്ച സ്വന്തം രാഷ്ട്രീയ ഗുരുവിനെക്കുറിച്ച്) (ഓര്‍മ്മ സോവനീറില്‍), 
മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന  ഒറ്റപ്പാലത്തുകാരന്‍ വാപ്പില പങ്ങുണ്ണി മേനോന് എന്ന  വി.പി.മേനോനെക്കുറിച്ച്, (മലയാളം വാരിക). 
ഡല്‍ഹിയിലെ വാസവും സൗഹൃദങ്ങളുമോര്ത്തെടുത്തു മാതൃഭൂമിയിലെഴുതിയ “മഹാനഗരം“  എന്ന ഫീച്ചര്‍, 
നാടക ലോകത്തേക്കു ശക്തമായ കുറേ കഥാപാത്രങ്ങളുമായി കടന്നു പ്രേക്ഷക  മനസ്സുകളെ അസ്വസ്ഥമാക്കിയ സതീഷ്.കെ.സതീഷിനെക്കുറിച്ച്. 
രാജലക്ഷ്മിയുടെ മകള്‍ എന്ന ചെറുകഥക്കു സേതുമാധവന് മച്ചാട് രചിച്ച  തിരക്കഥയെക്കുറിച്ച്, ആ തിരക്കഥയില്‍ ജി.ആര്.കണ്ണന് സംവിധാനം ചെയ്ത്  ടെലിഫിലിമിനെക്കുറിച്ച്,  ഏറ്റവും മികച്ച ടെലിവിഷന്‍ ചിത്രത്തിനുള്ള ദേശീയ  പുരസ്കാരം നേടിയ ആ ഫിലിമിനെ കുറിച്ച്. 
പി.പത്മരാജനെക്കുറിച്ചു ഇന്ത്യാ ടുഡെയില്‍ വന്ന ലേഖനം, 
ബാബു കുഴിമറ്റത്തെക്കുറിച്ചു മലയാളം ന്യൂസില്‍ എഴുതിയത്, 
കാര്‍ട്ടൂണിസ്റ്റു കുട്ടിയെക്കുറിച്ചു മലയാളം ന്യൂസില്‍ എഴുതിയത്, 
പാക്കിസ്ഥാനില്‍ കമ്യൂണിസ്റ്റു രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം  വഹിച്ചിരുന്ന (ബലൂചിസ്ഥാന്‍ ഗവര്‍ണരുടെ രാഷ്ട്രീയ ഉപദേശകനായിരുന്ന)   ബി.എം.കുട്ടി എന്ന തിരൂര്‍ വൈലത്തൂര്ക്കാരനെക്കുറിച്ച്. 
ബേനസീറിന്റെ ശേഷമുള്ള പാക്കിസ്ഥാന്റെ അവസ്ഥയെക്കുറിച്ചു മലയാള നാടില്‍ എഴുതിയത്. 
വിശദമായി എഴുതിയതിനു ശേഷം അവസാനമായി ചെറിയ പത്തു ഖണ്ഡങ്ങളില്‍ സ്വന്തം  ജീവചരിത്രം ചുരുക്കിയെഴുതിയിരിക്കുന്നു  മുസാഫിര്‍. 
അതാണു എന്റെ ഈ കുറിപ്പിനാധാരം. 
മറ്റുള്ളവയൊക്കെ ഞാന്‍ വായിച്ചു. 
ഒരു പത്രക്കുറിപ്പു പോലെ, അല്ലെങ്കില്‍ ഒരു ന്യൂസ് ഹവര്‍ ആഘോഷവാര്ത്തപോലെ! 
പക്ഷെ ഇതങ്ങനെയല്ലായിരുന്നു. 
വാക്കുകള്‍ അതേപടി എഴുതാം 
നാട്ടിലെത്തുന്ന ഒരോ അവധിക്കാലത്തും പഴയ കൂട്ടുകാരേയും അടുത്ത  ബന്ധുക്കളെയും കണ്ടുമുട്ടുമ്പോള്‍ അവരില്‍ പലരും നിഷ്കളങ്കമായി ഇങ്ങനെ  ചോദിക്കും. 
“ഗള്‍ഫ് മതിയാക്കാനായില്ലേ? ഗള്‍ഫിലേക്കു പോക്ക് നിര്‍ത്താനായില്ലേ ഇനിയും  ?“ 
മടക്കയാത്രക്കായി എയര്‍പോര്‍ട്ട് ലൗഞ്ചിലില്രിക്കുമ്പോള് ഈ ചോദ്യം പലവട്ടം  സ്വയം ചോദിച്ചു മനസ്സിനെ പൊരുതിമുട്ടിച്ചിട്ടുണ്ട്. 
പ്രവാസ ജീവിതവുമായി ഞാനേറേ സമരസപ്പെട്ടുകഴിഞ്ഞു.ജിദ്ദയിലെ പുരാതന  നഗരമായ ബാബ്മക്ക എന്ന മക്കയിലെ കവാട സഥലത്താണു ഞാന്‍ താമസിക്കുന്നത്.  ഞങ്ങളുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഭാര്യ സലീന നട്ടുവളര്‍ത്തിയ തെച്ചിയും  മല്ലികയും പൂത്തുലഞ്ഞു നില്ക്കുന്നു.കറ്റാര്‍വാഴയും പാവയ്ക്കയും ചീരയും  വളര്‍ന്നു നില്ക്കുന്നു. ഈ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ മാനവരാശിയുടെ  ആദിമാതാവ് ഹവ്വ (ഹവ്വഉമ്മയുടെ ഖബറിടം) കാണാം. ഇതേ അന്ത്യവിശ്രമസ്ഥലത്തു  എന്റെ രണ്ടു കുഞ്ഞുങ്ങളും അന്തിയുറങ്ങുന്നുണ്ട്.അതീവ ഹൃസ്വമായ  ആയുസ്സുമാത്രം നല്കി,കൊതിപ്പിച്ചു,കൊതിപ്പിച്ചു പെട്ടെന്നു ദൈവം തിരിച്ചു  വാങ്ങിയ മുഹമ്മദ്,ഫാത്തിമ എന്നീ കുരുന്നുകള്‍. 
ഞങ്ങളുടെ ഏകമകന് മന്ഹറിനു ഹവ്വാബീവിയുടെ ഖബറിടം കാണിച്ച് കൊടുത്ത്  അവന്റെ ചേട്ടന്റെയും അനിയത്തിയുടെയും കഥകള്‍ പറഞ്ഞു കൊടുത്തു മടങ്ങുമ്പോള്‍  പലരും ചോദിച്ച ആ ചോദ്യത്തിനു മനസ്സിങ്ങനെ മറുപടി കുറിച്ചിരിക്കും. 
“സൗദിയില്‍ തന്റെ സേവനം മതിയെന്നു പറഞ്ഞു റസിഡന്‍സ് വിസ പുതുക്കിത്തരാത്ത  നിമിഷം വരേ ഇവിടെ തന്നെ തുടരുക.എന്റെ പ്രാണനില്‍ നിന്നുറ്റി വീണ രണ്ടു തുള്ളി  ഇവിടെയാണ്, എന്റെ വിയര്‍പ്പും ചിന്തകളും അതും ഇവിടെയാണു സമര്‍പ്പിച്ചത്”. 
മുസാഫിര്‍ താങ്കള്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്!.
ഊഷരഭൂമിയിലിരുന്നു പിറന്ന മണ്ണിനെയോര്‍ത്തു നൊമ്പരാക്ഷരങ്ങള്‍  നെരിപ്പോടിലിട്ടെരിച്ചു ഗതകാലക്കുളിരു കായുന്ന എന്നെപ്പോലുള്ളവര്‍ക്കു  “നൊസ്റ്റാള്‍ജിയ” എന്ന വാക്കു പരിചയപ്പെടുത്തിയത് അങ്ങായിരുന്നു. 
ഇപ്പോള്‍ ഒരായുസ്സു മുഴുവന്‍ കഷ്ടപ്പെട്ടു വീഴ്ത്തിയ വിയര്‍പ്പിന്റെ പരിശ്രമത്തുള്ളികള് നെയ്യുപോലെ  മരുകുണ്ഡങ്ങളില് ഹോമിച്ചു,
അവ മുഴുവൻഎരിഞ്ഞു തീരുന്നതിനു മുൻപെ മടങ്ങിപ്പോകാന്‍ തീരുമാനിക്കവേ,
നമുക്കു പകരം തരാമെന്ന ഉറപ്പില്‍ നാം  നട്ടു നനച്ചതൊന്നും നമ്മുടെ നാട്ടില്‍ പച്ചപിടിക്കുന്നില്ലല്ലോ എന്ന സത്യം  ചങ്കില് തറക്കുന്നേരം ഒരു തിരിച്ചു പോക്കിനു പോലും കൊതിപ്പിക്കാത്ത വിധം നമ്മുടെ മണ്ണു നമുക്കിനിയും അന്യമാവുന്നതെന്തേ?
എന്തു പ്രതീക്ഷയാണു നമുക്കു നമ്മുടെ നാട്ടില്‍ ബാക്കിയുള്ളത്?.
 ധനം ഉള്ളപ്പോള്‍ സ്നേഹിച്ചു കൊല്ലുകയും ഇല്ലാത്തപ്പോള്‍ കാണാപ്പുറം ചേര്ന്നൊഴിഞ്ഞു വെട്ടുകയും ചെയ്യുന്ന കൂട്ടു കുടുംബങ്ങളോ?
2010, ജൂലൈ 19, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



7 അഭിപ്രായങ്ങൾ:
ഇതെന്ത് ഭാഷ മാഷേ?
വായിക്കാന്‍ പറ്റുന്നില്ലല്ലോ!
ശശിയേട്ടാ ഇപ്പോൾ വായിക്കാന്ന് പറ്റുന്നുണ്ടോ?
ഈ വരമൊഴി എന്നെ ചതിച്ചു എന്നാണു തോന്നുന്നത്!
ഇപ്പോഴും ആവുന്നില്ല.
വായിച്ചടത്തോളം നല്ല അവതരണം
മാഷേ ഇതു വായിക്കുന്നതിന് ഒരു കുഴപ്പവുമില്ല...
മിഷ് മുഷ്ക്കില്‍ ;)
വായിക്കാന്‍ പറ്റുന്നു.....
മുസാഫിറിനെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനായി.
ആ തൂലികാ നാമത്തിലെഴുതുന്ന പലരും ഉണ്ട്.
ബ്ലോഗില്‍ തന്നെ മറ്റൊരു മുസാഫിര്‍ ഉണ്ട്.
തൂലികാനാമങ്ങള്‍ രജിസ്ത്രര്‍ ചെയ്യാന്‍ വല്ല സംവിധാനവുമുണ്ടോ?
കുറച്ചു ദിവസം മുമ്പാണ് മുസാഫിറിനെ ഫെയ്സ് ബുക്കില്‍ കിട്ടിയത്. അദ്ദേഹത്തിന്റെ ഈ ബുക്കിന്റെ ഒരു കോപ്പി കിട്ടുന്ന കാര്യം ഞാന്‍ ചോദിച്ചു. അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ