2009, ജൂലൈ 12, ഞായറാഴ്‌ച

തലവര


സ്വന്തം തലയിലും താടിയിലും പല ഷേപ്പിലും ചെരച്ചു ചിത്രങ്ങൾ വരച്ചു മോടിപിടിപ്പിച്ചു നടക്കുക ഈയിടെ അറബിപ്പിള്ളേരുടെ ഒരു വിനോദമാണ്‌.
ഒരു ലബനാനി ബാർബർഷോപ്പിലാണു ഞാൻ മുടി വെട്ടിനു പോകാറുള്ളത്‌. അവിടെ അതു കണ്ടു കണ്ടൊരു ശീലമായി.
അതൊരു ബാർബർ ഷോപ്പെന്നു പറയുന്നതിനെക്കാൾ സുഖചികിൽസാ കേന്ദ്രമെന്നു പറയുന്നതാവും ശരി.
ഓപ്പറേഷനു തയ്യാറായി നിൽക്കുന്ന ഡോക്ടറെപ്പോലെ 100% ഹൈജീനിക്കായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു ഹെയർ ട്രീറ്റ്മെന്റിനു തയ്യാറായ മോഡേൺ ബാർബർ.
ഓപ്പറേഷനു വരുന്ന അദ്ദേഹത്തെ കണ്ടാൽ പേടി കൊണ്ടും ബഹുമാനം കൊണ്ടും ആദ്യം ആരും അറിയാതെ കസേരയിൽ നിന്നെണീറ്റു വണങ്ങും.
വേഷം തന്നെയാണു കൂടുതൽ കൗതുകമുണ്ടാക്കുന്നത്‌.
തൂവെള്ള വസ്ത്രം. അതിന്നു മുകളിൽ കട്ടിയുള്ള വെളുത്ത കോട്ട്‌.
ബാദുഷാമാരണിയുന്ന തൊപ്പി.
ഓരോ കസ്റ്റമറിനേയും സേവിക്കാൻ ഒരോ പ്രാവശ്യവും ബ്രാൻഡ്‌ ന്യൂ കയ്യുറകൾ,
വായയും അതിൽ നിന്നു വരുന്ന വായുവും അതിനിടക്കപൂർവ്വമായുണ്ടാവുന്ന സംഭാഷണങ്ങളും ഫിൽറ്റർ ചെയ്യാൻ ഡിസ്പോസിബിൾ മാസ്ക്‌.
നമ്മുടെ കഴുത്തിൽ ചുറ്റിപ്പുതപ്പിക്കുന്ന വെളുത്ത തുണിക്കു പട്ടിന്റെ മൃദുലത.
അതു അണുവിമുക്തമാക്കി ഷെൽഫിൽ സൂക്ഷിച്ചതിൽ നിന്നു നമുക്കുള്ളതെടുക്കുന്നതു കാണുമ്പോൾ  ദൃക്‌സാക്ഷിയാവുന്ന നമുക്കനുഭവപ്പെടുന്ന വൃത്തി.

ആ വേഷപ്പകർച്ച കണ്ടാൽ ആരും അത്ഭുതപ്പെടും.
വേഷം മാത്രമല്ല രംഗപടവും പ്രമാദം.
എയർക്കണ്ടീഷൻഡ്‌ ആയ വിശാലമായ മുറി.
തറയിൽ വീഴുന്ന മുടിക്കഷ്ണങ്ങൾ ഉടനടി സക്കു ചെയ്തെടുക്കുന്ന ഒട്ടോമാറ്റിക്‌ ഫ്ലോർ ക്ലീനർ,
ബട്ടണുകളിലും റിമോട്ടിലും ഉയർത്താനും താഴ്ത്താനും ചെരിക്കാനും കറക്കാനും സാധിക്കുന്ന സ്പേസ്‌ ബേയ്സ്ഡ്‌ ചെയറുകൾ.
മുടി ട്രിം ചെയ്യാനും ഷേവു ചെയ്യാനും വെട്ടാനും വ്യത്യസ്ഥമായ വിവിധതരം ഇലക്ട്രോണിക്‌,ഇലക്ട്രിക്‌ ഉപകരണങ്ങൾ.
ശരീരത്തെ കസേരയിൽ ഇരുത്തിയിട്ടു ആത്മാവിനെ വേറെ എവിടെക്കോ കൊണ്ടു പോകുന്ന സംഗീത ധാര.
സുഗന്ധ പൂരിതമായ രംഗസംവിധാനം.
മുടിവെട്ടാൻ കയറിയാൽ ഒപ്പം മുഖവും, മനസ്സും, കീശയും ബ്ലീച്ചു ചെയ്തു വെളുപ്പിച്ചു ഇറങ്ങിപ്പോരാം.

ത്വക്കിന്റെ ജനുവിനിറ്റിയും പോക്കറ്റിന്റെ ക്രഡിബിലിറ്റിയും കാത്തു സൂക്ഷിക്കേണ്ടതിനാൽ ഞാൻ മുടി മാത്രം വെട്ടി ഇറങ്ങിപ്പോരാറാണു പതിവ്‌.
ആ ബാർബർ ഷോപ്പിന്റെ ഉടമ വന്നിറങ്ങുന്ന മെർസ്സിഡിസ്‌ എനിക്കിന്നും ഒരു സ്വപ്നമാണ്‌. സ്വപ്നം മാത്രം.

അതിനാൽ ഇതൊക്കെ അവിടെ ഉണ്ടെങ്കിലും അവിടെയുള്ളതിൽ എനിക്കു കുട്ടിക്കാലത്തേ കണ്ടു പരിചയമുള്ളതൊന്നു മാത്രം.
കത്രികയും ചീർപ്പും .

ഇന്നു അതു മാത്രം ഉണ്ട്‌ മാറ്റമൊന്നും വരാതെ,
പണ്ടു ഒസ്സാൻ കുഞ്ഞീതുക്കാന്റെ കയ്യിൽ കണ്ട അതേ പഴമയുടെ തനിമയോടെ!
ബാക്കിയെല്ലാം മാറിപ്പോയി.

ഒരു വട്ടം മുടിയിൽ വെട്ടി രണ്ടു വട്ടം പുറത്തെ ശൂന്യതയിൽ വെട്ടി കാതിലൊരു സംഗീതം കേൾപ്പിക്കുമ്പോൾ ആ താളം ഓർമ്മിപ്പിക്കുന്നത്‌ ഇരുമ്പുഴി ആലിക്കാപറമ്പങ്ങാടിയിൽ ആലിന്റെ ചുവട്ടിൽ ഒരു കുഞ്ഞു ബെഞ്ചിൽ കാലപ്പുറത്തുമിപ്പുറത്തുമിട്ടു ഓസ്സാനുമായി മുഖാമുഖം നോക്കിയിരുന്നു മുടിവെട്ടിയിരുന്ന ബാല്യ കാലം.
ഇന്നും കത്രിക കൊണ്ടുള്ള മുടിവെട്ടിനു അതേ താളം!
എല്ലാ മുടിവെട്ടിനും ഒരേ താളം !

"ക്ഷുരകതാളം"

അതിൽ നിന്നുതിരുന്ന സംഗീതം കേൾക്കാനിഷ്ടപ്പെട്ടിട്ടാവാം തൊട്ടടുത്തു മറ്റൊന്നു മില്ലാത്തതിനാൽ ഒരിക്കൽ പെട്ടിട്ടും ഞാൻ പിന്നേയും പിന്നേയും അവിടെ തന്നെ ചെന്നു കയറുന്നത്‌.

എന്റെ നന്നെ ചെറുപ്പത്തിൽ ഒസ്സാൻ കുഞ്ഞീതുക്കായുടെ സർവ്വീസ്‌ "ഹോം ഡെലിവറി"യായിരുന്നു. എല്ലാ വീട്ടിലേക്കും മാസത്തിലൊരിക്കൽ കത്തിയും കല്ലും കത്രികയും ചീർപ്പും ഒരു കുഞ്ഞിക്കിണ്ണവുമായി പ്രാഞ്ചി പ്രാഞ്ചി അദ്ദേഹത്തിനൊരു വരവുണ്ട്‌!.
മഹല്ലിൽ അദ്ദേഹത്തിന്റെ ജൂറിഡിക്ഷനിൽ ഒരു റൗണ്ട്‌ പൂർത്തിയാക്കുമ്പോൾ കാലം ഒരു മാസം വട്ടം ചുറ്റും.
ഇടക്കു വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച്ച രാവിലെയും ആലിക്കാപറമ്പങ്ങാടിയിൽ ഓപ്പൺ എയർ സർവ്വീസാണ്‌.
ആലിഞ്ചുവട്ടിൽ ഒരു വീതികുറഞ്ഞ ബെഞ്ചും മുന്നിൽ കൊച്ചു കിണ്ണത്തിൽ ഇത്തിരി വെള്ളവും ഒരു കത്രികയും തേഞ്ഞ കല്ലുമായി കുഞ്ഞീതുകാക്ക കാത്തിരിക്കും.
കാര്യപ്പെട്ടവരൊക്കെ വന്നു മുടി വടിക്കുകയും താടി വെട്ടുകയും ചെയ്യുന്ന സമയമാണ്‌.
( ഇന്നു മുടിവെട്ടുകയും താടി വടിക്കുകയുമാണ്‌)
കുഞ്ഞീതുക്കാ പണിക്കിടയിൽ നന്നായി നാട്ടുകാര്യങ്ങൾ പറയുന്നതില്‍ വിദഗ്ദനാണ്‌, രാഷ്ട്രീയവും.

പണ്ടൊക്കെ ബീഡിതെറുപ്പിനിടയിലും, ബാർബർഷോപ്പിലും ചായമക്കാനിയിലുമായിരുന്നു സീരിയസ്‌ പൊളിറ്റിക്കൽ ഡിസ്കഷൻ നടന്നിരുന്നത്‌.
(ഇന്നതു ചാനലുകളിലെ ന്യൂസ്‌ ഹവറുകളിലേക്കു കയറി).
"വ്യക്തമാണു താങ്കൾ പറഞ്ഞത്‌?......!."
"താങ്കളിലേക്കു തിരിച്ചു വരാം..............!"
"സമയക്കുറവാണു പ്രശ്നം!.........."
"തലസ്ഥാനത്തു നിന്നും ഞങ്ങളുടെ പ്രതിനിധി ലൈനിലുണ്ട്‌....!"
"ശ്രീ...... എന്തൊക്കെയാണു പുതിയ വിവരങ്ങൾ?...!"
( എന്ന ആവത്തിച്ചുള്ള ഒരേ ശൈലിയിലെ സംഭാഷണങ്ങൾ കേട്ടു മടുത്തിരിക്കുന്നു).


ലിന്റെ വേരിൽ തൂക്കിയിട്ട കാട്ടുപോത്തിന്‍ തുകലിൽ ഇടക്കിടെ മേപ്പോട്ടും കീപ്പോട്ടും രാകി മൂർച്ച പ്പെടുത്തിയ കത്തി,
ഇത്തിരി വെള്ളം തൊട്ട്‌ മിനുസപ്പെടുത്തിയ തലയിലൂടെ ലോലമായ തൊലിയെ മുറിപ്പെടുത്താതെ പായിക്കുമ്പോൾ,
മുന്നിൽ ഇരിക്കുന്ന കാരണവന്മാരിൽ നിന്നും പ്രമാണിമാരിൽ നിന്നും തിരിച്ചൊരു പ്രതികരണവും ഉടനടി ഉണ്ടാവില്ലന്ന ധൈര്യത്തിൽ തന്നെ,
പലരും പറയാൻ ഭയക്കുന്ന വിമർശനങ്ങൾ മറ്റുള്ളവരു കേൾക്കത്തന്നെ തുറന്നു പറയാൻ കിട്ടുന്ന അവസരം കുഞ്ഞീതുക്ക ലാപ്സാക്കിയിരുന്നില്ല.

രണ്ടുകയ്യും മെയ്യും ചുറ്റിക്കെട്ടിയ തുണിക്കുള്ളില്‍ നിന്നു കൈ പേര്‍ത്തു പെട്ടെന്നൊരാക്രമണം നടത്താനാവില്ലന്നും,
എവന്റെ കയ്യിലിരിക്കുന്ന ക്ഷൌരക്കത്തി തന്റെ കഴുത്തിനു നേരെയാണ് എന്ന തോന്നലുമായിരിക്കാം ക്ഷിപ്രകോപികളായ പ്രമാണിമാരെപ്പോലും ഒസ്സാന്‍ കുഞ്ഞീതുവിന്റെ മുന്നില്‍ നനഞ്ഞപൂച്ചകളാക്കിയത്!.
പറയാനുള്ളതൊക്കെ പറഞ്ഞും കർമ്മം ചെയ്തും തീർത്തിട്ടു നേരത്തെ പറഞ്ഞതൊക്കെ വിസ്മരിപ്പിക്കുന്ന വിധത്തിൽ മൊട്ടത്തലയിൽ കൈവിരലുവെച്ചുള്ള ഒരു മാസ്മരിക മാസേജുണ്ട്‌. ഒപ്പം പ്രശംസകൊണ്ടു മാനത്തേക്കൊരുയർത്തലും.
ആ സുഖത്താൽ കക്ഷി നിർവ്വൃതി കൊള്ളുന്നതും താൻ തീരെ മുഖസ്തുതി ഇഷ്ടപ്പെടുന്നില്ലന്ന കള്ളനാട്യത്തിൽ കണ്ണടച്ചിരുട്ടാക്കുന്നതും കടന്നു ഉള്ളിലെ സന്തോഷം പുഞ്ചിരിയായി പ്രതിഫലിക്കുന്നതു ഞാനെത്ര കണ്ടതാണ്‌.
അന്നേരം മാസേജിനാണോ അതോ ആ വാക്കുകളിലെ മാസ്മരികതക്കാണോ ഏറ്റവും സുഖം തോന്നിയിരിക്കുക എന്നു നാം അറിയാതെ ചോദിച്ചു പോകും.
എന്തായാലും കക്ഷി ബെൽറ്റു തുറന്നു കാശെടുത്തു കൊടുക്കുമ്പോൾ കുഞ്ഞീതുക്കാന്റെ മുഖം കണ്ടാൽ മനസ്സിലാവും അദ്ദേഹത്തിനു രണ്ടിലുമുള്ള നൈപുണ്യം.

മീശ ഉണ്ടോ അതോ ഇല്ലേ എന്നു പ്രേക്ഷകനും സംശയം തോന്നുന്ന തോതിൽ മീശ നിലനിര്‍ത്തുന്ന ഇട്ട്യാത്തനും ഹിറ്റലറെപ്പോലെ 11 എഴുതിയ മീശവെച്ചിരുന്ന കുഞ്ഞാൻ കാക്കയും കുഞ്ഞീതു കാക്കാന്റെ ഡ്യൂട്ടി സമയം അപഹരിച്ചിരുന്നതു വ്യത്യസ്ഥ അളവിലായിരുന്നെങ്കിലും അതിനുള്ള പ്രതിഫലം തുല്യമായിരുന്നു.

ഇട്ട്യാത്തന്റെ വരമീശ ചെത്തിമിനുക്കിയെടുക്കാൻ റിസ്കു കൂടുതലായിരുന്നു.
അതിനു സമയമൊത്തിരി ഏറേ എടുത്തിരുന്നപ്പോൾ,
മൂക്കിനകത്തേക്കു കയറ്റിവെച്ച രണ്ടു വിരലിനിരു വശത്തുമുള്ളതു വടിച്ചു കളഞ്ഞാൽ കുഞ്ഞാൻ കാക്കയുടെ ഹിറ്റ്ലർ മീശയായി.
അതായിരുന്നു കുഞ്ഞീതു കാക്കാക്ക്‌ വളരെ എളുപ്പവും.
എങ്കിലും ചാർജ്ജിനു കുറവൊന്നു മുണ്ടായിരുന്നില്ല.

ഇട്ട്യാത്തൻ വന്നു ബെഞ്ചിൽ കാലു കവച്ചിരുന്നാൽ കാത്തു നിൽക്കുന്നവരോടു ഒരര മണിക്കൂർ കഴിഞ്ഞു വരാനാവും കുഞ്ഞീദുക്ക പറയുക.
എന്നാലും ആ ഫാഷനോട്‌ ദേഷ്യപ്പെട്ടിരുന്നില്ല.
അതായിരുന്നു ആ പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ.
ഒരു മഹല്ലിലെ ആൺവർഗ്ഗത്തിന്റെയെല്ലാം മുടിവെട്ടിയിരുന്ന കുഞ്ഞീതുക്കാക്ക്‌ പണിയെടുക്കാൻ പിന്നേയും സമയം ബാക്കിയായിരുന്നു.
എന്നിട്ടും സക്കാത്തു വാങ്ങാൻ അവകാശമുള്ളവരുടെ ലിസ്റ്റിലായിരുന്നു ഒസാൻ കുഞ്ഞീതു എന്നും.
തലവര
ഇന്നു എന്റെ മുന്നിലൂടെ, ട്രിം ചെയ്ത മുടിരോമം കൊണ്ടു മൈക്കൽ ജാക്സനെ വരച്ച തലയുമായി ഇറങ്ങിപ്പോയ ഫലസ്ഥീനി പയ്യനേയും തൊട്ടു മുൻപ്‌ അവൻ കൊടുത്ത വിസ കാർഡു സ്വൈപു ചെയ്തു തിരിച്ചു കൊടുത്ത ബാർബറേയും കണ്ടപ്പോൾ മരിച്ചു പോയ ഒസ്സാൻ കുഞ്ഞീതുക്കാനെ ഓർമ്മ വന്നു.
ഇട്ട്യാത്തന്റെ മുടിനാരു കനത്തിലെ മീശയിൽ വിറക്കാത്ത കയ്യും വെറുമൊരു കത്തിയുമായി കരവിരുതു കാട്ടിയ ആ പ്രതിഭയെ!
മനസ്സിലെ മറന്നുകിടന്ന അറ തുറന്നു കാണിച്ചു,
സക്കാത്തു വാങ്ങാൻ വീടുകൾ തോറും സഞ്ചിയുമായി അലഞ്ഞ ഒസ്സാൻ കുഞ്ഞീതുവിനെ!
 ഓർക്കാൻ ഒരവസരം തന്ന  ആ ഫ്രീക്ക് അറബിച്ചെക്കനു വീണ്ടുമൊരു നന്ദി കൂടി നേരുന്നു.
ഒപ്പം കുഞ്ഞീതുക്കാന്റെ റൂഹിനു ശാന്തിയും.



51480

5 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ത്വക്കിന്റെ ജനുവിനിറ്റിയും പോക്കറ്റിന്റെ ക്രഡിബിലിറ്റിയും കാത്തു സൂക്ഷിക്കേണ്ടതിനാൽ ഞാൻ മുടി മാത്രം വെട്ടി ഇറങ്ങിപ്പോരാറാണു പതിവ്‌.
ഇന്നെന്റെ മുന്നിലൂടെ, തലക്കു പിറകിൽ ട്രിം ചെയ്ത മുടിരോമം കൊണ്ടു മൈക്കൽ ജാക്സനെ വരച്ചിറങ്ങിപ്പോയ ഫലസ്ഥീനി പയ്യനെ കണ്ടപ്പോൾ ഒസ്സാൻ കുഞ്ഞീതുക്കാനെ ഓർമ്മ വന്നു.
ആ ചെക്കനു നന്ദി.

Rasheed Chalil പറഞ്ഞു...

മാസത്തിലൊരു തവണ വീട്ടിലെത്തി മുടി വെട്ടി തന്നിരുന്ന പഴയ ബീരാണ്ടി കാക്കാനെ ഓര്‍ത്തു. ഇപ്പോഴും ഒരു അവകാശം പോലെ വീട്ടിലെത്തുന്ന മുഹമ്മദ് കുട്ടികാക്കാനെയും ഓര്‍ത്തു.

ഒന്നര മണിക്കൂറ് നീളുന്ന മുടിവെട്ടലിനിടയില്‍ ആഗോള താപനം മുതല്‍ ക്രമം തെറ്റുന്ന മഴക്കാലം വരെ കത്രികയൊരുക്കുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്കിന്റെ പിന്‍ബലത്തില്‍ പറഞ്ഞ് തീരുക്കുന്ന ആ അത്ഭുതകരമായ മിടുക്കും ഓര്‍ത്തു...

ഒരിക്കല്‍ ഉപ്പയോട് ഈ സകല വിജ്ഞാന കോശത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മറുപടി കിട്ടി. ലോകത്തെ എല്ലാ ബാര്‍ബര്‍മാരും വായാടികള്‍ ആവണമെത്രെ... രാജ്യങ്ങളുടെ അതിരുകള്‍ക്കപ്പുറം മുടിമുറിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്നത് ആ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളും തലയുടെ അടുത്ത് വെച്ചുള്ള കത്രികയുടെ സംഗീതവും ആണെത്രെ... ഉപഭോക്താവിന്റെ മനസ്സ് വേദനിക്കാതെ മുടിമുറിച്ചെടുക്കാന്‍ വേണ്ട അത്യവശ്യ കാര്യങ്ങളാണെത്രെ ഇതെല്ലാം...

പോസ്റ്റ് ഇഷ്ടായി... വരികള്‍ക്കിടയില്‍ വായിക്കാന്‍ നിന്നില്ല.... :)

അലിഫ് /alif പറഞ്ഞു...

ഒസാൻ മമ്മാലിക്കയെയും കുട്ടിക്കാലത്തെ മുടിവെട്ടിനെയും സ്മരിക്കാൻ ഇടയാക്കിയതിനു നന്ദി മാഷേ..
പുതിയ കാലം =
“മുടിവെട്ടാൻ കയറിയാൽ ഒപ്പം മുഖവും, മനസ്സും, കീശയും ബ്ലീച്ചു ചെയ്തു വെളുപ്പിച്ചു ഇറങ്ങിപ്പോരാം” ; കറകറക്ട്..!!

shams പറഞ്ഞു...

നാട്ടിന്‍പുറവും ബാല്യകാലവും ഊര്‍മ്മിപ്പിച്ചു.
നന്ദി മാഷേ.

ഏറനാടന്‍ പറഞ്ഞു...

പണ്ട് പള്ളിക്കൂടം പൂട്ടിയാല്‍ ഉടനെ അമ്പട്ടന്‍ കാദര്‍ക്ക കത്തീം കത്രികേം ബ്ലേഡും വെച്ച പെട്ടീമായി തറവാട്ടില്‍ വന്നിരുന്ന കാലം മനസ്സിലെത്തി മാഷേ..

മുറ്റത്തെ തെങ്ങിന്‍ ചോട്ടില്‌ മരസ്റ്റൂളില്‍ ഇരുത്തി വല്ലാത്ത വാടയുള്ള തുണി കഴുത്തിനു ചുറ്റും മുറുക്കി കെട്ടീട്ട് മൂപ്പര്‌ നാക്ക് കടിച്ച് പിടിച്ച് മുടിവെട്ടി വെടിപ്പാക്കുമ്പോള്‍ മനസ്സില്‍ ഒരൊറ്റ ഭീതിയേ ഉണ്ടായിരുന്നുള്ളൂ..

തലയില്‍ ചോര പൊടിയുമെന്നതല്ല.. തെങ്ങിലെ ഉണക്കയോല, കരിഞ്ഞ തേങ്ങ അല്ലെങ്കില്‍ കാക്കക്കൂട് എന്നിവ വല്ലതും തലയില്‍ പതിക്കുമോ എന്നതായിരുന്നു ആ ഭീതി...!

വളരെ നന്ദി കരീം മാഷേ അതെല്ലാം ഈ രാവിലെ മനസ്സിലേക്ക് വരുത്തിയ ഈ പോസ്റ്റ് നന്നായിരിക്കുന്നു. ആധുനിക കാലത്തെ ബാര്‍‌ബര്‍ ഷോപ്പിനേയും പഴയകാല ത്തേതും നന്നായി അവതരിപ്പിച്ചിട്ടുണ്ട്, ഭാവുകങ്ങള്‍..