2009, ജൂൺ 20, ശനിയാഴ്‌ച

സോറി, ഞാന്‍ വലിക്കാറില്ല.

ഒന്‍പതു വര്‍ഷം മുന്‍പു ഞാന്‍ എണ്ണം പറഞ്ഞ പുകവലിക്കാരന്‍.
ദിവസവും ഒന്നരപാക്കറ്റ്‌ (30 എണ്ണം സിഗററ്റുകള്‍).
റോത്ത്മാന്‍സ്‌ സിഗററ്റിനു അന്നത്തെ വില പാക്കറ്റൊന്നിനു 4 ദിര്‍ഹം.

എന്റെ ബോസും നല്ല വലിക്കാരന്‍.
ബോസ് ഇടക്കിടക്കു വലിയ "പ്രൊപ്പഗേന്റ" നല്‍കി വലി നിര്‍ത്തും.
അഡിക്ഷനടിമയായി വീണ്ടും സ്വകാര്യമായി വലി തുടങ്ങും.
മൂഷികസ്ത്രീ വീണ്ടും തദൈവ.(ചെയിന്‍ സ്മോക്കര്‍).
വലി നിര്‍ത്തുമ്പോള്‍ ബോസു പാക്കറ്റു കൂടെ കൊണ്ടു നടക്കില്ല.
എങ്കിലും വലിക്കാന്‍ മുട്ടുമ്പോള്‍ പലപ്പോഴും സ്വകാര്യമായി ഓഫീസ്‌ബോയിയെ എന്റെ അടുത്തേക്കു പറഞ്ഞു വിടും.
(ഞാന്‍ അപ്പോള്‍ പൊന്മള പള്ളീയില്‍ കള്ളന്‍ കയറി മുക്രിയോടു കത്തി കഴുത്തില്‍ വെച്ചു പറഞ്ഞപോലെ മിണ്ടിയാലും കൊല്ലും? പണം വെച്ച സ്ഥലം മിണ്ടിയില്ലങ്കിലും കൊല്ലും? എന്ന പരുവത്തിലാവും).

കെട്ട്യോളുടെ കൗണ്‍സിലിംഗിന്റെ ? (ഭീഷണി) ഫലമായി ഞാന്‍ 1997 മുതല്‍ സിഗററ്റു വലി ക്രമേണ നിര്‍ത്തി.
2000 ആണ്ടില്‍ പൂര്‍ണ്ണമായും നിര്‍ത്തി.

ഞാന്‍ പുകവലി നിര്‍ത്തിയതു തീരെ വിശ്വസിക്കാന്‍ കഴിയാതിരുന്നത്‌ എന്റെ ബോസിനു തന്നെ!
പക്ഷെ അതറിഞ്ഞ അന്നു തന്നെ ഒരു വാഗ്ദാനം തന്നു
"അഞ്ചു വര്‍ഷം ഞാന്‍ പൂര്‍ണ്ണമായി സിഗററ്റു വലി നിര്‍ത്തിയാല്‍ അയ്യായിരം ദിര്‍ഹം സമ്മാനം തരാം".
ഏറ്റവും നല്ല ഒരു പ്രോല്‍സാഹനമായിരുന്നു അത്‌.
സമ്മാനത്തുകയുടെ വലിപ്പവും വില്‍പ്പവര്‍ തെളിയിക്കേണ്ടതിന്റെ ബാധ്യതയും കാരണം ഞാന്‍ അതു അഭിമാനപ്രശ്നമായെടുത്തു.
സ്ഥാപനം സാമ്പത്തിക ഞെരുക്കത്തിലേക്കു മുതലക്കൂപ്പുകുത്താന്‍ ആരംഭിച്ച കാലം.
ജോലി സമ്മര്‍ദ്ദം ഏതൊരു അക്കൌണ്ടന്റിനേയും ചുണ്ടില്‍ എരിയുന്ന സിഗററ്റു പിടിപ്പിക്കുന്ന പരസ്യ ക്ലീഷേ!കണ്ടു ശീലിച്ച എനിക്കും അതു കടുത്ത മാനസീക സമ്മര്‍ദ്ദം തന്നു.
സമ്മര്‍ദ്ദം വരുമ്പോള്‍ വീട്ടില്‍ വന്നൊരു പുകയെടുക്കാമെന്നു കരുതിയാല്‍ അവിടെ ഭാര്യ മനശാസ്ത്രജ്ഞയുടെ വേഷം കെട്ടിയിരിപ്പാണ്‌. ഓഫീസിലാണെങ്കില്‍ ബോസും സ്റ്റാഫും (അയ്യായിരം എങ്ങനെയെങ്കിലും മുടക്കാന്‍ സി.ഐ.ഡി.പ്പണി ചെയ്യുന്നു.)
കട്ടു വലിക്കാന്‍ പോലുമാവാത്ത അവസ്ഥ.

അവസാനം എന്നിലെ വലിക്കാരന്‍ തോറ്റു (ഞാന്‍ പൂര്‍ണ്ണമായി വലി നിര്‍ത്തി).
ബോസു പിന്നെപ്പിന്നെ സ്വകാര്യമായിപ്പോലും സിഗററ്റു ചോദിക്കാതായി.

പക്ഷെ ഒരു ദിവസം ബോസിനു അടിയന്തിരമായി ഒരു സിഗററ്റു വേണ്ടി വന്നപ്പോള്‍ ഓഫീസുബോയി എല്ലാ കാബിനിലും കയറിയിറങ്ങുന്നതു കണ്ടു.
അവന്‍ കുറേ ക്യാബിനുകള്‍ കയറിയിറങ്ങി അവസാനം എവിടെന്നോ കിട്ടിയ ഒരു സിഗററ്റുമായി പിന്നെ എം.ഡി.യുടെ മുറിയിലേക്കു കയറുന്നതും കണ്ടു.
ഉടനെത്തന്നെ എന്നെ ഫോണില്‍ ബോസിന്റെ ക്യാബിനിലേക്കു വിളിപ്പിക്കപ്പെട്ടു.
വാഗ്ദാനം ലംഘനം നടത്തിയതിനെക്കുറിച്ചു ചോദിച്ചു.
അയ്യായിരം ദിര്‍ഹമിന്റെ സമ്മാന വാഗ്ദാനം "ഇന്‍വാലീഡ്‌"ആയെന്നും പറഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല.
ഓഫീസുബോയി കൊണ്ടു കൊടുത്ത സിഗററ്റു എന്റെ കയ്യില്‍ നിന്നു കിട്ടിയതാണെന്നവന്‍ കളവു പറഞ്ഞിരിക്കുന്നു.
പോരെ പൂരം!
ഞാന്‍ ബോസിന്റെ മുന്‍പില്‍ വെച്ചുതന്നെ അവനെ ദേഷ്യത്തോടെ നോക്കി. മലയാളത്തില്‍ നല്ല ചീത്ത വിളിച്ചു.
അവനതു നല്ലപോലെ നൊന്തു
അവന്‍ സത്യം എന്നോടു മലയാളത്തില്‍ പറഞ്ഞു.
"കെരീക്യാ..ഞാന്‍ മൊതലാളീടെ ചെറിയ മോന്‍, ഹസ്സന്റെ കയ്യിന്നാ ഈ സിഗററ്റു വാങ്ങിയത്‌. അവനാ, പപ്പ ചോദിക്കയാണെങ്കില്‍ “കെരീക്യാന്റെ കയ്യിന്നാ കിട്ടിയത്‌“ എന്നു പറഞ്ഞാല്‍ മതി എന്നു പറഞ്ഞത്‌".
എനിക്കതു കേട്ടപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല. അതു കണ്ട ബോസിനു ക്ഷമയും.

ബോസ്സു കാര്യം തെരക്കി.
ഞാന്‍ കുറേ ഒഴിഞ്ഞു മാറി.
പക്ഷെ ബോസു വിട്ടില്ല.
ഒരു നിവൃത്തിയും ഇല്ലാതെ അവസാനം അവന്‍ പറഞ്ഞതു പരിഭാഷപ്പെടുത്തിക്കൊടുക്കേണ്ടി വന്നു.
"Sir, he got cigarrette from your younger Son, and he only told him to say you my name instead".
ബോസ്‌ ആകെ ചമ്മിപ്പോയി.
ആ വിളറി വെളുത്തമുഖം അധികനേരം കാണാനുള്ള കഴിവില്ലാതെ ഞാന്‍ അനുവാദം ചോദിക്കാതെ ക്യാബിന്‍ വിട്ടിറങ്ങി.
അതിനു ശേഷം അദ്ദേഹം ഓഫീസില്‍ ആരുടെ അടുത്തു നിന്നും സിഗററ്റു ചോദിച്ചു വാങ്ങാന്‍,
തന്നെ പറഞ്ഞയച്ചിട്ടില്ലെന്നാണ് ആ ഓഫീസ് ബോയി പിന്നെ പറഞ്ഞത്.

അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനി കടുത്ത സാമ്പത്തിക ദാരിദ്ര്യത്തിലായിട്ടു കൂടി അദ്ദേഹം ആ വാഗ്ദാനം മറന്നില്ല. വളരെ വിഷമത്തോടെ പലപ്പോഴും അതേക്കുറിച്ചോര്‍മ്മിപ്പിച്ചപ്പോഴൊക്കെ ഞാന്‍ സമാധാനിപ്പിച്ചു.
സാരമില്ല. ആ സമ്മാനത്തുകയുടെ പത്തു മടങ്ങില്‍ കൂടുതല്‍ സംഖ്യ ഞാന്‍ സേവു ചെയ്തന്നും. എനിക്കതിനു ശേഷം കഫ്‌സിറപ്പോ, ചുമക്കെതിരെയുള്ള മറ്റു മരുന്നുകളോ വാങ്ങേണ്ടി വന്നിട്ടില്ലന്നും പറഞ്ഞു.
ഇതിനൊക്കെ കാരണം ആ വാഗ്ദാനമാണെന്നും അതിന്നു ജീവിതകാലം മുഴുവന്‍ നന്ദിയുണ്ടെന്നും പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു.

പക്ഷെ ഒരു സങ്കടം ഇന്നും ബാക്കിയുണ്ട്‌.
എന്നെ വിജയകരമായി സിഗററ്റു വലി നിര്‍ത്തിച്ച അദ്ദേഹത്തിന്റെ വലി നിര്‍ത്താന്‍ എനിക്കായില്ല.
(അദ്ദേഹത്തെ ഞെട്ടിക്കന്‍ കഴിയുന്ന ഒരു സംഖ്യ സമ്മാനമായി വാഗ്ദാനം ചെയ്യാന്‍ എനിക്കു കഴിവില്ലാത്തതിനാലോ അതോ അദ്ദേഹത്തിന്റെ വില്‍പ്പവര്‍ കുറഞ്ഞതിനാലോ, എല്ലാ വിജയിയായ പുരുഷന്റെ പിന്നിലും ചൂലുമായി നില്‍ക്കുന്നുവെന്നു പറയപ്പെടുന്ന അവന്റെ പെണ്ണിന്റെ സാന്നിദ്ധ്യമെന്നും അദ്ദേഹത്തിനില്ലാതെവന്നതിനാലോ അദ്ദേഹം ഇപ്പോഴും വലി തുടരുന്നു.
പൂര്‍വ്വാധികം ശക്തമായി..!
തൊട്ടടുത്ത ക്യാബിനില്‍ നിന്നു ഓരോ മണിക്കൂറിടവിട്ടും ഈരണ്ടു മിനിട്ടു നീണ്ടു നില്‍ക്കുന്ന ചുമ കേള്‍ക്കുമ്പോള്‍ എനിക്കു നല്ല വിഷമം തോന്നും. കൂടെ ദൈവത്തോടു നന്ദിയും തോന്നും, ആ അവസ്ഥയില്‍ നിന്നു മുക്തി നേടാനുള്ള വില്‍പവര്‍ തന്നതിന്ന്!.

ബോസിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്‌.
"സ്വയം നിര്‍ത്താന്‍ കഴിഞ്ഞില്ലങ്കിലും മറ്റൊരാളെ വലി നിര്‍ത്താന്‍ പ്രേരിപ്പിച്ച ആ നല്ല മനസ്സിനു വേണ്ടി..!

കടപ്പാട്:-
ഡാഫോഡയില്‍സ് ഇന്‍ ഡസര്‍ട്ടിന്റെ ലഹരി വിരുദ്ധ കാമ്പൈനിന്നു വേണ്ടി ഞാന്‍ എഴുതിയ എന്റെ അനുഭവത്തില്‍ നിന്ന്!
http://daffodilsindesert.ning.com/forum/topics/3020030:Topic:564

49601

12 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

കടപ്പാട്:-
ഡാഫോഡയില്‍സ് ഇന്‍ ഡസര്‍ട്ടിന്റെ ലഹരി വിരുദ്ധ കാമ്പൈനിന്നു വേണ്ടി ഞാന്‍ എഴുതിയ എന്റെ അനുഭവത്തില്‍ നിന്ന്!
http://daffodilsindesert.ning.com/forum/topics/3020030:Topic:564

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ഒന്നും രണ്ടുമൊക്കെ വലിക്കാറുണ്ട് മാഷേ...
ഇത് നല്ലൊരു പ്പോസ്റ്റ് തന്നെയാ...

തറവാടി പറഞ്ഞു...

പഠിക്കുന്ന കാലത്ത് ചെയിനായിരുന്നു, സ്റ്റഡി ലീവാണെങ്കില്‍ പറയുകേം വേണ്ട! കോളേജില്‍ വെച്ച് ഒരാള്‍ ഒരിക്കല്‍ നിര്‍ത്താന്‍ പറഞ്ഞു ടപ്പേന്ന് നിര്‍ത്തി.

സ്റ്റീല്‍ പ്ലാന്റില്‍ നൈറ്റ് ഷിഫ്റ്റ് തുടങ്ങിയതില്‍ പിന്നെ തണുപ്പ്മാറ്റാന്‍ രണ്ട് വഴിയേഉള്ളൂ ഒന്ന് പ്ലാന്റിനരികെ നില്‍ക്കുക അല്ലെങ്കില്‍ വലി , വീണ്ടും തുടങ്ങി.

ഗള്‍ഫില്‍ വന്നിട്ട് രണ്ട് മാസത്തോളമുള്ള ബാചിലര്‍ ലൈഫില്‍ ചെയിന്‍ വീണ്ടും തുടങ്ങി ,, റോയലാണിഷ്ടപ്പെട്ടവന്‍, പലതും ട്രൈ ചെയ്തെങ്കിലും അവനൊപ്പം വരില്ല.

എന്നാല്‍ പിന്നീട് ചെയിന്‍ മാറി ഒക്കേഷ്ണല്‍ / പാര്‍ട്ടി സ്മോക്കര്‍ ആയി. ഭാര്യാ സഹൊദരന്‍ ഒരു ചിന്ന ചെയിനാണ് കക്ഷി എല്ലാ വ്യാഴവും വരും അതിനാല്‍ വ്യാഴം വെള്ളി ചെയിന്‍.

രണ്ടാഴ്ചമുമ്പ് നിര്‍ത്തി പൂര്‍ണ്ണമായും :)

ഹരീഷ് തൊടുപുഴ പറഞ്ഞു...

രണ്ടേമുക്കാല്‍ വര്‍ഷമായി നിര്‍ത്തിയിട്ട്; അതിനു മുന്‍പ് ഏകദേശം 13 വര്‍ഷത്തോളം വലിച്ചിരുന്നു. ഇടക്ക് രണ്ടു പ്രാവശ്യം ഓരോ വര്‍ഷം വച്ചു നിര്‍ത്തി.
മോള്‍ക്കു രണ്ടെമുക്കാല്‍ വയസ്സായി.
അവള്‍ ജനിച്ചതോടെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുത്തു..
ദൈവത്തിനു നന്ദി...

Typist | എഴുത്തുകാരി പറഞ്ഞു...

പുകവലി തുടങ്ങിയിട്ടു‍ പിന്നെ നിര്‍ത്താന്‍ കഴിയുന്നതു നല്ല കാര്യം. കഴിയാത്തവര്‍ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കട്ടെ.

അനില്‍@ബ്ലോഗ് പറഞ്ഞു...

നന്നായി.
എന്തെങ്കിലും മോട്ടിവേഷനുണ്ടെങ്കില്‍ ജീവിതത്തില്‍ പലതും ചെയ്യാനാവും.

ഞാനാണേല്‍ ഒന്നോ രണ്ടോ മാസം നീണ്ടു നി‍ല്‍ക്കുന്ന പുകവലി ശീലക്കാരനാണ്. ആ കാലയളവ് കഴിഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷം തന്നെ വലിക്കില്ല. പിന്നെ എന്തെകിലും പരിപാടിയുമായി വീണ്ടും തുടങ്ങും. അരേലും ഇതേപോലൊന്ന് ഓഫര്‍ ചെയ്തിരുന്നെങ്കില്‍.......
:)

kichu പറഞ്ഞു...

വലിക്കുന്നവരെ മാത്രമല്ല അടുത്തു നില്‍ക്കുന്നവരേയും വലക്കുന്ന ഈ ശീലം എന്തിനു ശംഭോ..

Umesh::ഉമേഷ് പറഞ്ഞു...

വലി നിർത്താൻ കഴിഞ്ഞതു വളരെ നല്ല കാര്യം. 5000 ദിർഹത്തിലും വിലയേറിയതു്.

ബ്ലോഗെഴുത്തു്/വായന നിർത്താൻ ആരാണോ എനിക്കു് ഒരു 5000 ഡോളർ വാഗ്ദാനം ചെയ്യുന്നതു്? ഭയങ്കര അഡിൿഷൻ ആയിരിക്കുന്നു :)

kaithamullu : കൈതമുള്ള് പറഞ്ഞു...

സ്ഥിരം വലി എന്നൊരിടപാട് ഉണ്ടായിട്ടില്ല.
കോളേജില്‍ വച്ച് കൂട്ടുകാരോടൊപ്പം വല്ലപ്പോഴുവും ഗള്‍ഫില്‍ രണ്ട് നേരം ഭക്ഷണശേഷം ഓരോന്നും എന്ന നില തുടര്‍ന്നു.

പിന്നെ എങ്ങനേയോ അത് നിന്നു. പൂര്‍ണ്ണമായും.
ഭാര്യയുടേയോ ചൂലോ ബോസിന്റെ പ്രലോഭനമോ ഇല്ലാതെ തന്നെ!

ഇനി കരീം മാഷിനേപ്പോലെ ആരെങ്കിലും നിര്‍ബന്ധിച്ചാ ഒരെണ്ണം....
ചാന്‍സില്ലാ, അല്ലേ?

കരീം മാഷ്‌ പറഞ്ഞു...

കൊട്ടോട്ടിക്കാരന്‍...
-------------
ഒന്നും രണ്ടുമൊക്കെ പിന്നെപ്പിന്നെ പാക്കറ്റുകളായത്.
തറവാടി...
---------
പഠിക്കുന്ന കാലത്തു തന്നെയാണു തുടക്കം
കൂള്‍ എന്ന സിഗററ്റാണു ആദ്യം വലിച്ചത്.ചുമച്ചതു മാത്രം ഓര്‍മ്മയുണ്ട്.
ഹരീഷ് തൊടുപുഴ ..
---------------
അവള്‍ ജനിച്ചതോടെ ജീവിതത്തിലെ സുപ്രധാനമായ ആ തീരുമാനം എടുത്തതു നന്നായി.വെറുതെ അവരെക്കുടി കുരുതി കൊടുക്കേണ്ടല്ലോ!
ദൈവത്തിനു നന്ദി...
Typist | എഴുത്തുകാരി ..
---------------------
പുകവലി നിര്‍ത്താന്‍ കഴിയാത്തവര്‍ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കട്ടെ.വില്‍പ്പവര്‍ നേടണം.അതുമാത്രം മതി. വിജയിക്കും.

അനില്‍@ബ്ലോഗ് പറഞ്ഞു...
------------------
എന്തെങ്കിലും മോട്ടിവേഷനുണ്ടെങ്കില്‍ ജീവിതത്തില്‍ പലതും ചെയ്യാനാവും.ഷുവര്‍.
kichu ...
----------
വലിക്കുന്നവരെ മാത്രമല്ല അടുത്തു നില്‍ക്കുന്നവരേയും വലക്കുന്ന ഈ ശീലം എന്തിനു ശംഭോ..
(വളരെ സത്യം)
Umesh::ഉമേഷ് ..
--------------
ബ്ലോഗെഴുത്തു്/വായന നിർത്താൻ ഞാന്‍ ഏതായാലും 5 ഡോളർ പോലും വാഗ്ദാനം ചെയ്യില്ല. കാരണം ഉമേഷ്ജിയെപ്പോലെയുള്ള സീരിയസ് വായനക്കാര്‍ വളരെ കുറഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ പലരും വെളിച്ചത്തു വരാന്‍ ഭയപ്പെടുന്നു.

kaithamullu : കൈതമുള്ള് ...
-------------------------
ഞാന്‍ നിര്‍ബന്ധിച്ചിട്ടു വലിക്കുന്ന പ്രശനമില്ല. വിരുന്നുപോകുമ്പോള്‍ അമ്മായി നിര്‍ബന്ധിച്ചാല്‍ ഇന്നു ഞാന്‍ അവിടെ പാര്‍ക്കും എന്നു അമ്മായി കേള്‍ക്കേ പറഞ്ഞാല്‍ പാര്‍ക്കാന്‍ പറയാതിരിക്കാന്‍ അമ്മായിക്കു കഴിയില്ലല്ലോ?
അതിനാല്‍ ചാന്‍സേ ഇല്ല!

വായനക്കും പങ്കുവെക്കലിനും കമന്റിനും എല്ലാര്‍ക്കും നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

മാഷേ, നന്നായ്‌രിക്കുണൂ. ഞാനാകെ ഇക്കണ്ട കാലമത്രയും (ഒരു മുപ്പത്തി മൂന്ന് കൊല്ലം ന്ന് കൂട്ടിക്കോളീം, യേത്...) ഇന്തുന്യാവില്‍ ബന്നിറ്റ് ഒറ്റത്തവണേ ചെയ്ത്താന് കോല് ഒന്ന് ബായില് ബെച്ചോക്കീറ്റുള്ളൂ. അന്നാണെങ്കി അതോണ്ട് പെട്ട പെടാപ്പാട് ച്ചെന്നെ റീള്ളൂ... അന്ന് തീരുമാനിച്ചതാ ഇനി ഇസ്സാധനം ച്ച് മാണ്ടാന്ന്!

പ്രചോദനാത്മകമായ, പ്രയോജനപ്രദമായ ഇത്തരം പോസ്റ്റുകളുമായി വീണ്ടും വരിക - കാത്തിരിക്കുന്നു ഞങ്ങള്‍ - സസ്നേഹം പുഞ്ചിരി. അതേന്നേ... ആ പഴയ പുഞ്ചിരി തന്നെ!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഇന്നേ വരെ വലിച്ചിട്ടില്ലാത്ത ഞാന്‍ എന്നും പുകവലിക്കെതിരാണ്, കാരണം എന്റെ പിതാവ് ഒരു ചെയിന്‍ സ്മോക്കറായിരുന്നു.ബീഡി സ്വന്തമായി തെറുത്ത് വലിക്കുകയായിരുന്നു. ക്യാന്‍സര്‍ മൂലമാണ് മരിച്ചതും.മരിക്കുന്നതിനു തൊട്ടു മുമ്പും വലിച്ചിരുന്നതായാണറിവ്. അന്നെനിക്ക് വയസ്സ് 15.ഇന്നലത്തെ പത്രത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ സിഗററ്റ് വലി നിര്‍ത്തിയ റിപ്പോര്‍ട്ട് വലുതായി കൊടുത്തത് വായിക്കാനിടയായി.ഇവിടെയും നോക്കുക