2009, മേയ് 30, ശനിയാഴ്‌ച

ഞാന്‍ ബൂലോക ക്ലബ്ബിനു പുറത്താണേ!.

വളരെ യാദൃശ്ചികമായാണു ഞാന്‍ ബൂലോഗത്തെത്തിയത്‌.
വിശാലമനസ്കന്റെ http://kodakarapuranam.sajeevedathadan.com/കൊടകരപുരാണം ബ്ലോഗിലെ ഒരു കഥ പി.ഡി എഫ്‌ ആയി മെയിലില്‍ കിട്ടിയ നാള്‍ മുതല്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ ചില്ലുരോഗമില്ലാത്ത ആ നല്ല മലയാളത്തെ അന്വേഷിക്കുകയായിരുന്നു. പക്ഷെ പി.ഡി എഫില്‍ ആ ബ്ലോഗിന്റെ അഡ്രസ്സോ ലിങ്കോ ഉണ്ടായിരുന്നില്ല. എന്റെ സിസ്റ്റത്തില്‍ അന്നു യൂണിക്കോഡു ഫോണ്ടില്ലായിരുന്നതിനാല്‍ ഗൂഗിള്‍ ഉപയോഗിച്ചു "കൊടകരപുരാണം" തെരയാനും സാധിച്ചില്ല.
പക്ഷെ ഇംഗ്ലീഷിലെ kodakarapuraanam എന്ന വാക്ക്‌ ഉപയോഗിച്ചു തന്നെ പിന്നീടതു ഞാന്‍ കണ്ടെത്തി.
പക്ഷെ വായിക്കാന്‍ പറ്റിയില്ല. അക്ഷരങ്ങള്‍ എല്ലാം ചതുരത്തില്‍!
കമ്പ്യൂട്ടറിനറിയാവുന്ന മിക്കവാറും എല്ലാ മലയാള ഫോണ്ടുകളും ഞാനന്നു എന്റെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.(യൂണിക്കൊഡ്‌ ഫോണ്ടുകള്‍ ഒഴിച്ച്‌)
ഇനിയും അറിയാത്ത മറ്റു ഫോണ്ടുകള്‍ കിട്ടാന്‍ ഗൂഗിള്‍ തന്നെ സഹായിച്ചു.
കെവിന്റെ അഞ്ജലി ഓള്‍ഡ്‌ ലിപി കൂടി രംഗത്തിറക്കിയപ്പോള്‍ കൊടകരപുരാണം ആദ്യത്തെ ബ്ലോഗുവായനാനുഭവമായി.
ആദ്യമായി ഒന്നും വിടാതെ വായിച്ച ബ്ലോഗും അതാണ്‌. അതിലൂടെ പിന്മൊഴിയിലും തനിമലയാളത്തിലും എത്തി. മാസങ്ങളോളം വായന തന്നെയായിരുന്നു. ജിജ്ഞാസ വളര്‍ന്നു. ഇവര്‍ക്കൊക്കെ എങ്ങനെയാണു ഇത്ര എളുപ്പമായി മലയാളം എഴുതാന്‍ കഴിയുന്നത്‌ എന്ന ആശ്ചര്യവും.
പരന്ന വായനയുടെ ഇടക്കെവിടെയോ ആണു ദേവന്‍ തുടക്കം കുറിച്ച "ചുമ്മാ ബാ" ഗ്രൂപ്പു ബ്ലോഗായ "ബൂലോഗ ക്ലബ്ബില്‍" ചെന്നു കയറിയത്‌.
മലയാളം ബ്ലോഗെഴുതുന്ന സമാന ചിന്തയുള്ള (ഒരു മിനിമം പരിപാടിയിലെങ്കിലും ) ഒരു പറ്റം പേരുടെ കൂട്ടായ്മയാണു ഞാന്‍ അവിടെ കണ്ടത്‌.
അവിടെ നിന്നാണു മലയാളം ബ്ലോഗു തുടങ്ങാനാവശ്യമുള്ള വിവരങ്ങള്‍ കിട്ടിയത്‌. Sibu's വരമൊഴിയെക്കുറിച്ചുള്ള വിവരം കിട്ടിയപ്പോള്‍ എനിക്കും ഒരു കൈ നോക്കാമെന്ന ആശ വന്നു വരമൊഴി ഡൗണ്‍ലോഡു ചെയ്തു മലയാളമെഴുതാന്‍ തുടങ്ങി.
ബ്ലോഗു തുടങ്ങി ആദ്യത്തെ പോസ്റ്റിംഗ്‌ നടത്തി.തുഷാരത്തുള്ളികള്‍: ശാപമോക്ഷം. ചെറുകഥ)
ഇന്നും ഓര്‍ക്കുന്നു ആദ്യത്തെ കമണ്ട്‌ കലേഷിന്റെതായിരുന്നു. ചിന്തയിലൂടെയാണു അവന്‍ എന്റെ ബ്ലോഗു കണ്ടത്‌. ചിന്ത അഗ്രിഗേറ്ററിനെക്കുറിച്ചു അന്നു എനിക്കൊന്നുമറിയില്ലായിരുന്നു. ഉമ്മുല്‍ഖുവൈനില്‍ നിന്നു തന്നെയുള്ള ബ്ലോഗര്‍ എന്ന കൗതുകത്തിലായിരുന്നു ആ പ്രതികരണം. പിന്നെ ഫോണ്‍ വഴിയും നേരിട്ടും അതൊരു തീവൃമായ സ്നേഹബന്ധമായി വളര്‍ന്നു.
ആ പോസ്റ്റിനു വലിയ പ്രതികരണമൊന്നും കിട്ടിയില്ല.
കാരണം അതു മറ്റു അഗ്രിഗേറ്ററുകളിലൊന്നും വന്നു കണ്ടിരുന്നില്ല.
തുടക്കക്കാര്‍ക്കൊക്കെ ഉണ്ടായിരുന്നപോലെ എനിക്കും തെറ്റിദ്ധാരണയുണ്ടായി.ബൂലോഗക്ലബില്‍ അംഗമാകാതെ തനിമലയാളത്തിലും പിന്മൊഴിയിലും വരില്ല എന്ന വമ്പന്‍ വിഡ്ഢിത്തം. ബൂലോഗക്ലബാണു മലയാളം ബ്ലോഗിംഗ്‌ എന്നും. അതിനാല്‍ ബൂലോഗക്ലബ്ബില്‍ അംഗത്ത്വം തരുമോ എന്നു ചോദിച്ചു കലേഷിനു മെയിലയച്ചു.
കലേഷ്‌ ആണു എന്റെ തെറ്റിദ്ധാരണ തിരുത്തിയത്‌. മലയാളം ബ്ലോഗു നടത്താന്‍ തനിമലയാളമോ പിന്മൊഴിയോ ചിന്തയോ മറ്റു അന്നുണ്ടായിരുന്ന അഗ്രിഗേറ്ററുകളിലെ അംഗത്വമോ ഒന്നും ആവശ്യമില്ലന്നും വായനക്കാര്‍ക്കു സൗകര്യം തോന്നുന്നവിധം അവ അഗ്രിഗേറ്ററില്‍ വരുത്താന്‍ മാത്രമേ ഇവ ആവശ്യമുള്ളൂവെന്നും അന്നാണറിഞ്ഞത്‌. പിന്മൊഴിയിലും തനിമലയാളത്തിലുമെത്താന്‍ നമ്മുടെ ബ്ലോഗിന്റെ കമണ്ടു പിന്മൊഴി ഈ മെയിലിലേക്കു തിരിച്ചുവിട്ടാല്‍ മതി എന്നും അതു നടത്തുന്നതു ഏവൂരാന്‍ എന്ന ഒരു വ്യക്തിയുടെ സ്വകാര്യ സര്‍വറിലാണെന്നും മറ്റു പലര്‍ക്കും സ്വന്തം ചെലവില്‍ അഗ്രിഗേറ്ററുകള്‍ ഉണ്ടെന്നും അതിലൊക്കെ ഉള്‍പ്പെടുത്താനും ഉപേക്ഷിക്കാനുമുള്ള പൂര്‍ണ്ണ സ്വാതന്ത്യവും അവകാശവും അവര്‍ക്കാണെന്നും.
ബൂലോഗക്ലബ്ബില്‍ അംഗത്വമില്ലാത്ത അനവധി മലയാളം ബ്ലോഗേര്‍സ്‌ ഉണ്ടെന്നും പല പ്രമുഖമലയാളം ബ്ലോഗേര്‍സും ഗ്രൂപ്പ്‌ ബ്ലോഗില്‍ അംഗങ്ങളല്ലന്നും
ബൂലോഗക്ലബു മലയാളം ബ്ലോഗിംഗിന്റെ അവസാനവാക്കല്ലന്നും അതു മലയാളം ബ്ലോഗെഴുതുന്നവരില്‍ സമാനചിന്തയുള്ളവരുടെ ഒരു കൂട്ടായ്മ മാത്രമാണെന്നും. അതില്‍ അംഗമാകണമെങ്കില്‍ ദേവനു ഒരു മെയിലയച്ചാല്‍ മതിയെന്നും പറഞ്ഞു മനസ്സിലാക്കിത്തന്നു.
അന്നു തന്നെ ദേവനു മെയിലയച്ചു.
പക്ഷെ മറുപടിയോ ക്ലബ്ബിലെ അംഗത്വമോ കിട്ടിയില്ല.
പിന്മൊഴിയിലേക്കു കമന്റു സെറ്റു ചെയ്തു.
എന്റെ രണ്ടാമത്തെ പോസ്റ്റിംഗ്‌ നടത്തിയപ്പോള്‍ തനിമലയാളത്തിലും മറ്റു അഗ്രിഗേറ്ററുകളിലും വന്നതോടെ ധാരാളം ആളുകള്‍ വായിച്ചുവെന്നു കമണ്ടുകളിലൂടെ മനസ്സിലാക്കി. വളരെ സന്തോഷം തോന്നി. അതിനെത്തുടര്‍ന്നു ബൂലോഗക്ലബ്ബിലേക്കും അംഗത്വം കിട്ടി.
ബൂലോഗക്ലബില്‍ ഒരു പോസ്റ്റിട്ടാല്‍ കമണ്ടുകള്‍ ഇരട്ടിയായി പിന്മൊഴിയില്‍ വരുമെന്നതും ധാരാളം പോസ്റ്റുകള്‍ വരുന്ന ആ ബ്ലോഗില്‍ ഒരു പോസ്റ്റിന്റെ ലൈഫു ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമാണെന്നതുമായിരുന്നു അതിന്റെ "ഗുണം"
അണോണിമസ്‌ ഓപ്ഷന്‍ തുറന്നു വെച്ചിട്ടുള്ളതിനാല്‍ ആര്‍ക്കും അണോനിമസ്‌ അഭിപ്രായം എഴുതാമെന്നതും ആ സൗകര്യം മിസ്‌യൂസ്‌ ചെയ്യാമെന്നതുമായിരുന്നു അതിന്റെ "ദോഷം"
ബൂലോകക്ലബ്ബില്‍ അംഗങ്ങളായുള്ളവരുടെ പലരുടേയും പോസ്റ്റുകളില്‍ ആയിടാക്കു അണോണികളുടെ അസ്ഥാനത്തുള്ള തെറിവിളികള്‍ കൊണ്ടു ബ്ലോഗു വായനദുഷ്കരമായ സന്ദര്‍ഭമായിരുന്നത്‌.
ഒരു പുതിയ ബ്ലോഗറായ എനിക്കു മനസ്സിനു വളരെ വിഷമം തോന്നിയ ആ സന്ദര്‍ഭത്തില്‍ ബൂലോഗക്ലബില്‍ പോസ്റ്റു ചെയ്തതാണു " ബൂലോഗ‌ ക്ലബ്ബ്‌: പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍. എന്ന പോസ്റ്റ്‌.
"പുതിയ ബ്ലോഗര്‍മാര്‍" എന്നു മനപ്പൂര്‍വ്വം ചേര്‍ത്തതായിരുന്നു.ഞാനടക്കമുള്ള പുതിയ ബ്ലോഗര്‍മാര്‍ക്കു പലര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു.അതിലെഴുതിയ പലതും നവാഗതനായ ഞാന്‍ ബ്ലോഗില്‍ നിന്നു അനുഭവിച്ചറിഞ്ഞതും പിന്മൊഴിയില്‍ നിന്നു വായിച്ചറിഞ്ഞതുമായ കാര്യങ്ങളായിരുന്നു.
പക്ഷെ അതിനു അനുകൂലമായും പ്രതികൂലമായും പല പ്രതികരണങ്ങള്‍ ഉണ്ടായി.

സാമാന്യബുദ്ധിക്കു ചേരുന്ന പോസ്റ്റുകള്‍ ആയിരിക്കണം പോസ്റ്റേണ്ടത്‌ എന്ന എന്റെ ആ പോസ്റ്റിലെ ഒരു അഭിപ്രായത്തിനു ഈയിടെ കിട്ടിയ പ്രതികരണം ആരുടെ സാമാന്യബുദ്ധിക്ക്‌? എന്ന മറുചോദ്യമായിരുന്നു.
അതു വായിച്ചപ്പോള്‍ തോന്നിയതു മറുപടി പറയാനല്ല. സാമാന്യബുദ്ധി എന്നതിന്റെ നിര്‍വ്വചനം ഈ അടുത്ത കാലത്തെങ്ങാനും മാറ്റം വരുത്തിയോ എന്നൊരു സംശയം മാത്രം.


അണോണിമസ്‌ കമണ്ടിട്ടാലും ആളെ കണ്ടെത്താന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉണ്ട്‌ എന്ന കാര്യമാണു അന്നു പലര്‍ക്കും ഇഷ്ടപ്പെടാതിരുന്നതും വിശ്വസിക്കാനാവാതിരുന്നതും.
അന്നതിനെക്കുറിച്ചായിരുന്നു ഏറെയും പ്രതികരണങ്ങള്‍. പലര്‍ക്കും വിശ്വസിക്കാനായില്ല. നാലു ചുമരുകള്‍ക്കുള്ളില്‍ എന്റെ കമ്പ്യൂട്ടറുപയോഗിച്ചു ഞാന്‍ ഐ.ഡി വ്യക്തമാക്കാതെ എഴുതുന്നതു പിന്നീടു കണ്ടു പിടിക്കാനാവുമോ? പലരും സംശയം പ്രകടിപ്പിച്ചു.
പക്ഷെ കാലം കടന്നു പോയതോടെ അതൊരു വലിയ സംഭവമല്ല എന്നു മനസ്സിലാക്കിയ പലരും അവരുടെ കമന്റുകള്‍ പിന്‍വലിച്ചു.
ഇന്നു ആര്‍ക്കും അതിനെക്കുറിച്ചു ഒരു സംശയവും ഇല്ല. തന്റെ ബ്ലോഗില്‍ വന്നു കയറുന്ന വായനക്കാരന്‍ ഇരിക്കുന്ന സ്ഥലവും ഉപയോഗിക്കുന്ന ബ്രൗസറും വന്ന സമയവും പോയ സമയവും വഴിയും കണ്ടുപിടിക്കാന്‍ തീരെ സാങ്കേതികവിവരം പോലുമില്ലാത്തവര്‍ക്കു വരെ പോലുമാവുന്ന വിധം widjet കിട്ടാന്‍ ഇന്റര്‍നെറ്റില്‍ ഒന്നു വെറുതെ സെര്‍ച്ചു ചെയ്താല്‍ മതി.

വെറുതെ കുറച്ചു ചോദ്യങ്ങള്‍ക്കു കൊടുത്ത ഉത്തരങ്ങളിലൂടെ അതു എഴുതിയ ആളെ കൃത്യമായി കണ്ടു പിടിക്കാന്‍ കഴിയുന്ന ഷെര്‍ലോക്ക്‌ ഹോംസുകളും ഹോംസികളുമാണു ബ്ലോഗുവായനക്കാരിലധികവും എന്നതു കൈപ്പള്ളിയുടെ " ഇതാരുടെ ഉത്തരങ്ങള്‍" എന്ന ഗോമ്പറ്റീഷന്‍ ബ്ലോഗു വായിച്ചാലറിയാം.
നാം അറിയുന്നവരും വായിക്കുന്നവരും ഇനി പേരു വെക്കാതെ എഴുതിയാലും അവരുടെ രചനയില്‍ നിന്നു നമ്മെ ആ രചയിതാവിലെത്തിക്കുന്നതു അവരുടെ ആ "ടച്ച്‌" അതില്‍ എവിടെയോ നിഴലിക്കുന്നതിനാലാണ്‌. അതിനു അണോണി ട്രേസു ചെയ്യുകയോ ഐ.ഡി. പിടിക്കുകയോ വേണ്ടതില്ലൊട്ടും. ഇത്തിരി കോമണ്‍സെന്‍സു മാത്രം മതി.
അതിനു ബ്ലോഗിലെ അനുഭവങ്ങള്‍ സാക്ഷി.

തെറിവിളികളെ താങ്ങാന്‍ കഴിവില്ലാതെ പിന്മൊഴി നിര്‍ത്തുകയാണെന്നുള്ള അതിന്റെ സ്ഥാപകരുടെ പ്രഖ്യാപനം കേട്ടു ഞെട്ടിയവരില്‍ ഞാനും ഉണ്ടായിരുന്നു.പിന്മൊഴി വിവാദം കൊഴുക്കുകയും ബ്ലോഗു വായനക്കാര്‍ രണ്ടു വിഭാഗമായി തീരുകയും ചെയ്തപ്പോള്‍ ഞാന്‍ പിന്മൊഴി നിര്‍ത്തല്‍ ഗ്രൂപ്പിനെതിരായിരുന്നു. സീനിയര്‍ ബ്ലോഗര്‍മാര്‍ ജൂനിയര്‍ ബ്ലോഗേര്‍സിന്റെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്ന, http://sulphoto.blogspot.com/2007/06/5.html
"ഇരിക്കുന്ന കൊമ്പുമുറിക്കുന്ന വാനരന്മാരാവുകയാണെന്നു" കാണിച്ചു ആരോ പോസ്റ്റിയ കാര്‍ട്ടൂണിനു ഒന്നിലധികം ആശംസ കമന്റുകള്‍ ഇട്ടു.
അന്നു സീനിയര്‍ ബ്ലോഗേര്‍സ്‌ "ഗോ ബാക്ക്‌" എന്നു പറഞ്ഞു സൂര്യനു നേരെ എറിഞ്ഞ അതേ കല്ലുകള്‍ക്കു നല്ല പ്രവേഗമുണ്ടായിരുന്നതിനാല്‍ കുറേ മുകളിലേക്കു പൊങ്ങി, പക്ഷെ കാലങ്ങള്‍ കടന്നു പോയപ്പോള്‍ സത്യമെല്ലാം മനസ്സിലാക്കി ഞാന്‍ തളര്‍ന്നിരിക്കുന്ന ഈ സായംസന്ധ്യയില്‍ അവ ഒരോന്നായി താഴോട്ടു പതിക്കുകയാണ്‌. കൃത്യമായി പതിക്കുന്നത്‌ എന്റെ ഈ മൂര്‍ദ്ദാവിലും.
കാരണം ഇന്നു ഞാനും ഒരു സീനിയര്‍ ബ്ലോഗറാണത്രേ!

ബൂലോഗക്ലബ്‌ എന്ന ഗ്രൂപ്പ്‌ ബ്ലോഗിലൂടെ ഒരു മാതൃകാപരമായ ബ്ലോഗു കമ്മ്യൂണിറ്റി രൂപപ്പെടുത്താന്‍ ഒരു മുഖപത്രം നടത്തുക എന്ന ഉദ്ദേശ്യം നടക്കില്ലന്നു മനസ്സിലായി. ഇരട്ടപെറ്റ സന്താനങ്ങള്‍ക്കു പോലും അഭിപ്രായ ഐക്യമില്ലാത്ത ഈ ലോകത്തില്‍ തമ്മില്‍ കാണാത്ത ബ്ലോഗര്‍മാര്‍ തമ്മില്‍ എങ്ങനെ ഒത്തു പോകാനാണ്‌.മാത്രമല്ല ഇന്റര്‍നെറ്റിലൂടെ യുദ്ധം ചെയ്യാന്‍ ആയിരുന്നു ചെലവു കുറവ്‌. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ചെലവും കൂടുതലും .
അതിനാല്‍ ആ പരീക്ഷണം ഒരു പരാജയമായിരുന്നു.

ബ്ലോഗു ക്ലബ്ബ്‌ എന്നതിന്റെ മലയാളീകരിച്ച രൂപമായ മള്‍ട്ടിമീനിംഗ്‌ ഉള്ള "ബൂലോഗക്ലബ്ബ്‌" എന്ന ഗ്രൂപ്പ്‌ ബ്ലോഗിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയത്‌ അതിന്റെ അഡ്മിന്‍ പവറുള്ളവര്‍ തമ്മിലെ അഭിപ്രായവ്യത്യാസവും ചിലര്‍ ചിലരെയൊക്കെ അതില്‍ നിന്നു പുറന്തള്ളിയതും ആയിരുന്നു.(അതൊക്കെ ഇന്നു അജ്ഞാതം)
അതിലെ അജ്ഞാതനായ അഡ്‌മിനെ ഭയക്കേണ്ടതുണ്ടെന്നും ഇനിയും ബൂലോഗക്ലബ്ബില്‍ തുടരുന്നതില്‍ പ്രസക്തിയില്ലെന്നും പറഞ്ഞു ഡാലി ഇട്ട ഒരു പോസ്റ്റു http://dalydavis.blogspot.com/2008/05/blog-post.htmlവായിച്ചു ഞാന്‍ ബൂലോഗക്ലബ്ബു വഴി എന്തോ അപകടം വരാനിരിക്കുന്നു എന്നു പേടിച്ചു ബൂലോഗക്ലബ്ബിലെ അംഗത്വം അന്നേ ഉപേക്ഷിച്ചു.
പക്ഷെ അതിനു മുന്‍പു ഞാന്‍ എന്റെ ആ പോസ്റ്റു ഡിലിറ്റു ചെയ്യേണ്ടതായിരുന്നു.
അതു ചെയ്യാത്തതിന്റെ ഫലമാണു ഈ പോസ്റ്റ്‌.
ബൂലോഗക്ലബ്ബു മലയാളം ബ്ലോഗിംഗിനെ നിയന്ത്രിക്കാനും നല്ലനിലക്കു നടത്താനും ശ്രമിച്ചിട്ടില്ലന്നു ചിലരെയൊക്കെ മനസ്സിലാക്കാനും,
മലയാളം ബ്ലോഗിംഗിലെ ഒരു ചെറിയ കമ്മ്യൂണിറ്റി യായി പ്രവര്‍ത്തിക്കാന്‍ ബൂലോഗക്ലബിന്റെ അംഗങ്ങള്‍ക്കു ആരംഭകാലത്തു ഒരു തോന്നലുണ്ടാവുകയും ആ തോന്നല്‍ മുളയിലേ കരിഞ്ഞു പോകുകയുമാണുണ്ടായത്‌ എന്നണു എന്റെ തോന്നല്‍ (ചിലപ്പോള്‍ തെറ്റാവാം. ശരിയുത്തരം കിട്ടിയാല്‍ തിരുത്താം. അഭിപ്രായം സ്റ്റീല്‍ ഉലക്കയല്ല തുരുമ്പിച്ചു പോകാം....!) പ്രകടിപ്പിക്കാനും മാത്രമാണു ഈ പോസ്റ്റ്‌.

പണ്ടൊക്കെ കരീം മാഷ്‌ എന്ന വാക്ക്‌ ഫില്‍റ്ററില്‍ തട്ടി എന്റെ മെയില്‍ ബോക്സതു പിടിച്ചെടുക്കുമ്പോള്‍ ആ പോസ്റ്റില്‍ പോയി പ്രതികരിച്ചില്ലങ്കില്‍ കിടന്നാലുറക്കം വരില്ലായിരുന്നു.
എന്നാലിപ്പോള്‍ അതൊക്കെ മാറി (സീനിയറായതിന്റെ ഗുണം !)
ഇന്നു ഫില്‍റ്ററൊക്കെ നീക്കിയപ്പോള്‍ സമാധാനം.
അവഗണിക്കുക എന്നതാണു പ്രതികരിക്കുന്നതിന്റെ ഏറ്റവും മാന്യമായ രൂപമെന്നു തിരിച്ചറിഞ്ഞതു ഇന്റര്‍നെറ്റു വാറുകളില്‍ താല്‍പര്യം നഷ്ടപ്പെട്ടതിന്റെ ഫലമായാവാം. അടച്ചിട്ട നാലു ചുമരുകള്‍ക്കുള്ളിലിരുന്നു ഏഴാം കടലിന്നക്കരെയിരിക്കുന്ന ഈ-ശത്രുവിനോടു സാങ്കല്‍പ്പികയുദ്ധം ചെയ്യുന്ന ഭീരുവാകാന്‍ വയ്യ. ഒരു ബുള്ളറ്റോ മിസെയിലോ ഇല്ലാതെ എന്തു യുദ്ധം? എന്തോന്നു യുദ്ധം!.
അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഈ ഈ-യുദ്ധത്തിലും തീരെ താല്‍പര്യമില്ല.
അന്നത്തെ അവസ്ഥയില്‍ നിന്നും വ്യത്യസ്ഥമായി ഇന്നു ഒട്ടനവധി അഗ്രിഗേറ്ററുകളും ബ്ലോഗുറോളുകളും ഉണ്ട്‌.പുഴ, തൊരപ്പന്‍, ദാറ്റ്സ്‌ മലയാളം, തുടങ്ങിയനവധി. പിന്മൊഴിക്കു പകരം മറുമൊഴിയുണ്ട്‌. കൂടാതെ വായനാലിസ്റ്റുകളും ഗ്രൂപ്പു ബ്ലോഗുകളും അതിനാല്‍ എന്തെഴുതിയാലും ഒന്നിലല്ലങ്കില്‍ മറ്റൊന്നില്‍ വിസിബിലിറ്റി കിട്ടും.ചുരുക്കത്തില്‍ ഇരുട്ടത്തിരുന്നു ബ്ലോഗേണ്ടി വരുന്നില്ല.
ഈ ക്രമാതീതമായ പ്രചനനം തന്നെയാണു ബ്ലോഗുവായനക്കാരനെ പ്രതിസന്ധിയിലാക്കുന്നതും.അതിനിടയില്‍ തന്റെ രുചിക്കനുസരിച്ചു ബ്ലോഗുകളെ പ്രദര്‍ശിപ്പിക്കുന്ന അഗ്രിഗേറ്ററുകളെ ആശ്രയിക്കാന്‍ ബ്ലോഗുവായനക്കാരന്‍ സെലക്ടീവായാല്‍ അതിനനുസരിച്ചു അപ്ഡേറ്റാവുന്ന അഗ്രിഗേറ്ററുകള്‍ക്കു ഹിറ്റു കൂടുന്നതു സ്വഭാവികം.
ബൂലോഗക്ലബെന്ന കേവലം ഒരു ഗ്രൂപ്പു ബ്ലോഗില്‍ അതിന്റെ നിയമങ്ങള്‍ അംഗീകരിക്കുന്ന അംഗങ്ങള്‍ക്കു ഒരു പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിച്ച പോസ്റ്റു വായിച്ചു മലയാളം ബ്ലോഗിങ്ങിനു മൂക്കുകയറിടാന്‍ സീനിയര്‍ ബ്ലോഗേര്‍സ്‌ ശ്രമിച്ചിരുന്നു ചേച്ചിയെന്നു വിളിക്കാന്‍ പരിശീലിപ്പിച്ചിരുന്നു എന്നു വിലപിക്കുന്നവരോടു ഒരു വാക്ക്‌.
സമയം കിട്ടുമ്പോള്‍ പിന്മൊഴിയുടെ പഴയ കമണ്ടു ആര്‍ക്കേവ്സുകള്‍ ഒന്നു പരതി നോക്കുക. ചിലപ്പോള്‍ അഭിപ്രായങ്ങള്‍ മാറ്റാനാവശ്യമായ വല്ലതും കിട്ടും.

ഇപ്പറഞ്ഞതൊക്കെ അഹങ്കാരമെന്നു തോന്നുകയും പിടിച്ചിറക്കി കരണക്കുറ്റിക്കൊന്നു കൊടുക്കണമെന്നു തോന്നുകയും ചെയ്യുന്നവര്‍ക്കു ആകാം. അതിന്നു മുന്‍പ്‌ ഞാന്‍ ഒന്നു ചിരിക്കട്ടെ (മൗനമായി)
പരിചയക്കുറവു ഒരു രോഗമല്ലല്ലോ?

നാലു വര്‍ഷം മുന്‍പിട്ട ആ പോസ്റ്റിനെ ഉദ്ദേശിച്ചു ചില പ്രതികരണങ്ങള്‍ ഈയിടെ ഒരു ബ്ലോഗില്‍ കാണാനിടയായതു കണ്ടാണിതെഴുതാനിരുന്നത്‌.
പരശുരാമന്‍ പണ്ടു മഴു കടലിലേക്കെറിഞ്ഞു കളഞ്ഞതിനാലാണു കേരളത്തിലേക്കു അണ്ണാച്ചിമാര്‍ വിറകു കീറാന്‍ വരവു തുടങ്ങിയതെന്ന രീതിയില്‍ ഒരു വിശകലനം അവിടെ വായിച്ചപ്പോള്‍ ഒരു സുഖമാണു തോന്നിയത്‌!
കുളി കഴിഞ്ഞു, തല തുവര്‍ത്തി, ഈറന്‍ മാറ്റി, കുളിമുറിയില്‍ നിന്നു പുറത്തു കടക്കാന്‍ തുടങ്ങുന്നതിനിടെ ഷവറില്‍ നിന്നും കുറച്ചു തുള്ളികള്‍ മൂര്‍ദ്ദാവില്‍ വീഴുമ്പോള്‍ അനുഭവിക്കുന്ന ആ സുഖമില്ലേ!
അതേ അതു തന്നെ! :)


48200

7 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

പരശുരാമന്‍ പണ്ടു മഴു കടലിലേക്കെറിഞ്ഞു കളഞ്ഞതിനാലാണു കേരളത്തിലേക്കു അണ്ണാച്ചിമാര്‍ വിറകു കീറാന്‍ വരവു തുടങ്ങിയതെന്ന രീതിയില്‍ ഒരു വിശകലനം അവിടെ വായിച്ചപ്പോള്‍ ഒരു സുഖമാണു തോന്നിയത്‌!
കുളി കഴിഞ്ഞു, തല തുവര്‍ത്തി, ഈറന്‍ മാറ്റി, കുളിമുറിയില്‍ നിന്നു പുറത്തു കടക്കാന്‍ തുടങ്ങുന്നതിനിടെ ഷവറില്‍ നിന്നും കുറച്ചു തുള്ളികള്‍ മൂര്‍ദ്ദാവില്‍ വീഴുമ്പോള്‍ അനുഭവിക്കുന്ന ആ സുഖമില്ലേ!
അതേ അതു തന്നെ! :)

paarppidam പറഞ്ഞു...

അനോണിക്കോളം അങ്ങാനം തുറന്നുവച്ചാൽ സ്ഥിരമായി തെറിവിളികേൾക്കുന്ന ഒരു ബ്ലോഗ്ഗിന്റെ ഉടമയാണ്‌ ഞാൻ. ആനകളെ കുറിച്ച്‌ എഴുതിയതിനു പോലും ഭീഷണിമെയിൽ കിട്ടിയിട്ടുണ്ട്‌. ഹഹ

എന്നാലും പിന്മൊഴി ഒരു നല്ല സംരംഭം തന്നെ ആയിരുന്നു.

ദീപക് രാജ്|Deepak Raj പറഞ്ഞു...

തുടക്കക്കാരനായ എനിക്ക് മനസ്സിലാക്കാന്‍ ഒരുപാടുണ്ടായിരുന്നു താങ്കളുടെ പോസ്റ്റില്‍

(സ്നേഹത്തോടെ)
ദീപക് രാജ്

keralafarmer പറഞ്ഞു...

കരീം മാഷെ,
എനിക്ക് എന്നെ തെറിവിളിച്ചവരോടുപോലും പരാതിയില്ല. എന്റെ ലക്ഷ്യം എനിക്കെഴുതാനുള്ളത് എഴുതി പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ്. ഒരിക്കല്‍ ധാരാളം കമെന്റുകള്‍ ഇഷ്ടപ്പെട്ടിരുന്നു. അന്ന് അനോണികളെ അനുവദിച്ചിരുന്നു. എന്നാല്‍ ഞാനിപ്പോള്‍ അനോണി കമെന്റുകള്‍ ഇഷ്ടപ്പെടാറില്ല. എനിക്കെതിരെ ഇടുന്ന അനോണി കമെന്റുകള്‍ പരിഗണിക്കാറും ഇല്ല. എന്റെ മകനെക്കാള്‍ പ്രയം കുറഞ്ഞ പല ബ്ലോഗര്‍മാരും എന്നെ വിമര്‍ശിക്കുന്നു. അതിനെതിരെ ഞാനെന്തിന് പ്രതികരിക്കണം? എന്റെ മേഖലയായ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുമ്പത്തേതിനേക്കാള്‍ എത്രയോ മുന്നേറിക്കഴിഞ്ഞു. അതിനാള്‍ സന്തോഷിക്കാം. താങ്കളും സന്തോഷത്തോടെ മുന്നോട്ട് പോകൂ.

hAnLLaLaTh പറഞ്ഞു...

....എനിക്കിതിലെ പലതും പുതിയ അറിവുകള്‍ തന്നെയാണ്...

kichu പറഞ്ഞു...

മാഷിന്റെ മനസ്സ് വരികളില്‍ വായിക്കാം.. വ്യക്തമായിത്തന്നെ...
ഇതിലെഴുതിയതെല്ലാം പുതിയ അറിവുകളാണ്.

ഒരു അഭിപ്രായം പറയാന്‍ ഞാനാളല്ല. കാരണം, ഒരു തുടക്കക്കാരി മാത്രമാണ്. ‍ ‍ബൂലോഗത്തെ ഒരു യുദ്ധത്തിലും ഞാനില്ല, അതെന്താണെന്നോ.. എന്തിനാണെന്നോ അറിയില്ല, അറിയാനൊട്ട് താല്പര്യവുമില്ല.

ബ്ലോഗിലൂടെ നേടിയ വായനയുടെ പുതിയ ചക്രവാളങ്ങള്‍...അറിവുകള്‍.. അതിലുപരി പുതിയ സൌഹൃദങ്ങള്‍... അതിനെ വിലമതിക്കുന്നു.. വളരെ...

SAMAD IRUMBUZHI പറഞ്ഞു...

"........................ഇന്റര്‍നെറ്റിലൂടെ യുദ്ധം ചെയ്യാന്‍ ആയിരുന്നു ചെലവു കുറവ്‌. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ചെലവും കൂടുതലും ........................
അവഗണിക്കുക എന്നതാണു പ്രതികരിക്കുന്നതിന്റെ ഏറ്റവും മാന്യമായ രൂപമെന്നു തിരിച്ചറിഞ്ഞതു ഇന്റര്‍നെറ്റു വാറുകളില്‍ താല്‍പര്യം നഷ്ടപ്പെട്ടതിന്റെ ഫലമായാവാം......................"