2008, ഡിസംബർ 6, ശനിയാഴ്‌ച

സപ്തനക്ഷത്ര ഹോട്ടൽ

ബുർജ്‌ അൽ അറബ്‌.

ലോകത്തിലെ ഏക സപ്ത നക്ഷത്ര ഹോട്ടൽ.
നിലവിലുള്ളതിൽ ഏറ്റവും എലൈറ്റായ (പൊങ്ങച്ചം പേറുന്ന) ഹോട്ടൽ,
പേർഷ്യൻ ഗൾഫ്‌ തീരത്തു നിന്നു ജുമൈറ ഭാഗത്തേക്കു രാത്രിയിൽ നോക്കിയാൽ സമുദ്രത്തിലും അതിന്നു മുകളിലുമായി കണ്ണാടിച്ചില്ലുകളിൽ വർണ്ണരാജിയുടെ മായാവിസ്മയത്തിന്റെ പ്രകാശ സമ്മേളനം നടത്തുന്ന ഒരു സൗധം.

അതാണ്‌ "ബുർജ്‌ അൽ അറബ്‌"

ആഡംബരത്തിന്റെയും ആർഭാടത്തിന്റെയും അത്യുന്നതിയിൽ വിരാജിക്കുന്ന,
സമ്പന്നതയുടെ അവസാന വാക്കായ ധനാഢ്യർക്കു മാത്രമുള്ള ദുബൈയിലെ ഹോട്ടൽ.
കടലിലേക്കിറക്കി പണിത മനോഹരമായ ഈ 54 നില ബുർജിൽ (ടവറിൽ) ഏറ്റവും താഴെയുള്ള രണ്ടു നില സമുദ്രത്തിനടിയിലുള്ള ഭാഗം അക്വേറിയമായിട്ടു തന്നെ ആസ്വദിക്കാം.
മനുഷ്യർ ചില്ലുകൂടിനകത്തും മത്സ്യങ്ങൾ പുറത്തുമെന്നും മാത്രം.
ഏഴു റസ്റ്റാറൻറ്റുള്ളതിൽ ഏറ്റവും താഴെ നിലയിലുള്ള ഒന്നിലിരുന്നാൽ വെള്ളത്തിനടിയിലൂടെ അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന അനുഭൂതി കിട്ടുമെത്രേ!.]

പക്ഷെ ഇതൊക്കെ ആസ്വദിക്കാൻ പറ്റുന്നതു ഹോട്ടലിലെ അതിഥികൾക്കു മാത്രം.
ബുക്കിംഗ്‌ കൺഫർമ്മേഷൻ അതിഥിയുടെ മൊബെയിലിൽ എസ്‌.എം.എസായി വന്നതു കാണിച്ചു കൊടുക്കാതെ ഗേറ്റുവഴി അകത്തു കടക്കാൻ യാതൊരു മാർഗ്ഗവും ഇല്ല.
മിനിമം നൂറു ഡോളറെങ്കിലും ചെലവാക്കുമെന്നു ക്രെഡിറ്റ്കാർഡു ഗ്യാരണ്ടി കൊടുത്താൽ മാത്രമേ ഈ അക്വോറിയവും നൃത്തം ചെയ്യുന്ന ലേസർ ധാരകളും ആസ്വദിക്കാനായി ഹോട്ടൽ ലോബിയിൽ ഒരതിഥിയല്ലാത്ത സന്ദർശകനയായെത്താൻ ആനുകൂല്യം കിട്ടുന്ന വല്ലപ്പോഴും വീണു കിട്ടുന്ന ഒരവസര ഭാഗ്യത്തിൽ നിങ്ങൾക്കു സാധിക്കൂ.

അതും ഒരു നോട്ടമെറിഞ്ഞുടൻ തിരിച്ചു പോന്നേക്കണം.
പക്ഷെ അതിഥികളായെത്തുന്നവരെ എയർപ്പോർട്ടുകളിൽ നിന്നു സ്വീകരിച്ചാനയിക്കാനും മടങ്ങുമ്പോൾ യാത്രയയ്ക്കാനും ഹെലികോപ്റ്ററും റോൾസ്‌ റോയ്സിലും കുറഞ്ഞതൊന്നും പ്രതീക്ഷിക്കരുത്‌.
അതൊക്കെ ചേർത്തു ബില്ലു പ്രതീക്ഷിക്കാം)

ഇപ്രകാരമുള്ള ബുർജ്‌ അൽ അറബ്‌ ഹോട്ടലിൽ 2009 ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള നിരക്കുകൾ കുറച്ചിരിക്കുന്നു.

ഹാവൂ..!

പക്ഷെ കാരണം "ആഗോള സമ്പത്തിക മാന്ദ്യം".

പുതുക്കിയ നിരക്കിനനുസരിച്ചു പത്തു ദിവസത്തെ ഈ സൂപ്പർ ആഘോഷ ദിനങ്ങൾക്കായി നിങ്ങൾക്കു ചെലവഴിക്കേണ്ടത്‌ വെറും നിസ്സാരമായ ഒരു ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം ദിർഹം മാത്രം. (ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ എകദേശം ഇരുപതു ലക്ഷം മാത്രം)
ഇതു ഏറ്റവും കുറഞ്ഞ ഒരു ബെഡ്‌റൂം ഡീലക്സ്‌ റൂമിന്റെ ചാർജ്ജാണ്‌.
ബാക്കിയുള്ളതിനൊക്കെ ഒക്കെ ഇതിനു മേൽ വരുമെന്നു സാരം.

ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നതു മുതൽ ഒരു ജോഡിക്കു
ആഡംബരം നിറഞ്ഞ കോക്ക്റ്റെയിൽ
ഉത്കൃഷ്ടമായ ഡിന്നർ
എല്ലാ രാത്രിയിലും പാട്ടും നൃത്തവും.
ഡിസംബർ 31 രാത്രി "പ്രത്യേക" നൃത്തവും "പ്രത്യേക" തീറ്റയും കുടിയും.

ഈ പ്രൊമോഷൻ ഓഫർ ഡിസംബർ 27 മുതൽ ജനുവരി 9 വരേ മാത്രം.

ബുർജ്‌ അൽ അറബിന്റെ ചില മെയിലായി കിട്ടിയ ചിത്രങ്ങൾ.















ഇബ്‌നു ബത്തൂത്ത മാളിൽ നിന്നു ബുർജ്ജ്‌ അൽ അറബിന്റെ പശ്ചാതലത്തിൽ ഒരു അടിയാളൻ.

ഹാവൂ...!
കുറച്ചു കൂടി ചാർജ്ജു കുറഞ്ഞിട്ടു വേണം അതിനകത്തൊരു ദിവസം താമസിച്ചു സുഖിക്കാൻ!.
(1921 എന്ന സിനിമയിൽ കുതിരവട്ടം പപ്പു അഭിനയിച്ച അടിയാളൻ, കലാപത്തിനൊടുവിൽ അവസരം ഒത്തുകിട്ടിയപ്പോൾ തമ്പുരാന്റെ പട്ടുമെത്തയിൽ കിടന്നു തുള്ളിയതു പോലെ!)
അന്നന്നത്തെ അധ്വാനം കൊണ്ടു കഞ്ഞികുടിച്ചു ശീലിച്ച അടിയാളന്മാർക്കു ശേഖരിച്ചു വെച്ച ഷെയറുകളും കരടി കൊണ്ടു പോകുമെന്നും കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങൾ ഇടിഞ്ഞു വീഴുമെന്ന ഭീതിയും ഇല്ലാത്തതിനാൽ ഇതുള്ളവരുടേതൊക്കെ കാറ്റും കരടിയും കൊണ്ടു പോകുമ്പോഴും നഷ്ടപ്പെടലിന്റെ വേദനയുണ്ടാവില്ല.
(ധനാഢ്യന്റെ ധൂർത്തിനു ഭംഗം വരുത്താതിരിക്കാൻ, ഭരിക്കുന്നവൻ പാവപ്പെട്ടവന്റെ അഷ്ടിക്കുള്ളതിൽ നിന്നെടുത്തു കൊടുക്കുന്നതു വരെ!)
"കുഞ്ഞാത്തന്റെ കയ്യിനു കരുത്തും തൂമ്പക്കു മൂർച്ചീമുണ്ടെങ്കിൽ കുഞ്ഞോൾടീം കുട്ടോൾടീം കഞ്ഞിക്കു മുട്ടുണ്ടാവില്ല" എന്നു നാടൻ ചൊല്ല്.
സങ്കൽപ്പ സമ്പത്തു കൊണ്ടു മനക്കോട്ടകെട്ടുന്നതു നിർത്തി ഞാനും എന്റെ തൂമ്പക്കിത്തിരി മൂർച്ച കൂട്ടട്ടെ!

40917

6 അഭിപ്രായങ്ങൾ:

അനില്‍ശ്രീ... പറഞ്ഞു...

മാഷേ..കാശ് കുറയുമ്പോള്‍ ഒരു പൊസ്റ്റ് ഇടണേ..
അല്ല അറിഞ്ഞാല്‍ എനിക്കും പോകാമല്ലോ....

കാപ്പിലാന്‍ പറഞ്ഞു...

good

ഏറനാടന്‍ പറഞ്ഞു...

ഒരു ദിവസം പോകാം, സാമ്പത്തികമാന്ദ്യം ഇനീം പോരട്ടെ. :)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍

Unknown പറഞ്ഞു...

പുറത്തുനിന്ന് നോക്കി വെള്ളമിറക്കിയിട്ടേ ഉള്ളൂ...
കൂടണം ഒരൂസം....

ഗൗരിനാഥന്‍ പറഞ്ഞു...

കാശ് കുറയുമ്പോള്‍ അറിയിക്കണേ