ഉപ്പാന്റെ തറവാട് ഒരു മലഞ്ചെരിവിലാണ്. തോടും കാടും പല്യേളിയും പുഞ്ചപ്പാടവും മാനം മറക്കുന്ന മരങ്ങളും അവയില്‍ വിവിധ പക്ഷികളും നിറഞ്ഞയിടം. റോഡില്‍ നിന്നും പുഴയില്‍ നിന്നും ഒരുപാടകലെയാണെന്ന ഒരു ബുദ്ധിമുട്ടു മാത്രമേയുണ്ടായിരുന്നുള്ളൂ.
ഒന്നാം ക്ലാസുമുതല്‍ ആറാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസകാലഘട്ടത്തില്‍ ആ സുന്ദരമായ മലഞ്ചെരുവിലെ തറവാട്ടു വീട്ടിലായിരുന്നു എന്റെ ബാല്യം.
നിത്യവും നാലുനേരം ചാടിക്കുളിക്കാന്‍ വളപ്പില്‍ തന്നെ ഒരു കുളമുണ്ടായിട്ടും, എള്ളും കൊപ്രയും ആട്ടിയ എണ്ണ ഭരണികളിലിരുന്നു കാറിയിട്ടു ദൂരെ കളഞ്ഞാല്‍ പോലും കുട്ടികളെ രണ്ടു പെരുന്നാള്‍ക്കു മാത്രമായിരുന്നു നന്നായി എണ്ണ തേച്ചു കുളിപ്പിക്കാറുണ്ടായിരുന്നത്.
കാരണം കുളത്തിലെ വെള്ളത്തില്‍ എണ്ണമെഴുക്കു പടരുന്നതു വല്യുപ്പാക്കിഷ്ടമില്ലായിരുന്നു.
അതിനാല്‍ പെരുന്നാള്‍ ദിനത്തില്‍ നന്നായി എണ്ണ തേച്ചതു പോകുന്നതു വരെ മുങ്ങിക്കുളിക്കാനും തറവാട്ടിലെ പെണ്പടയിലെ എല്ലാ അംഗങ്ങളും കുഞ്ഞികുട്ടി പരാധീനങ്ങളുമായി പുലര്‍ച്ചക്കു മുന്നെ ചൂട്ടും കത്തിച്ച് പുഴയിലേക്കു പോകുന്ന ഒരു പതിവുണ്ടായിരുന്നു. എണ്ണതേച്ച കുട്ടികളൊക്കെ മേനിയില്‍ ഒരു നൂലുമില്ലാതെ കൈകള്‍ നീട്ടിപ്പിടിച്ചു പരുന്തു പറക്കുന്ന പോസിലായിരിക്കും പുഴയിലേക്കുള്ള ആ യാത്ര.
ഈ ആറാട്ടു മഹോല്സവത്തില് ഞങ്ങള്‍ കുട്ടികള്‍ക്കു സന്തോഷിക്കാന്‍ ഏറെ കാരണങ്ങള്‍ ഉണ്ടായിരുന്നു.
പുഴക്കരയിലെ പഞ്ചാരമണലില്‍ പൂതി തീരുന്നതു വരെ കുത്തിമറിയാം.
വലിയവരുടെ അലക്കലു കഴിയുന്നതു വരെ വെള്ളത്തില്‍ മുങ്ങാംകുഴിയിടാം.
വ്യത്യസ്തതയുള്ളൊരു വെള്ളാരം കല്ലു തെരെഞ്ഞെടുത്ത് അതു പുഴയിലെ തെളിഞ്ഞ വെള്ളത്തിലിട്ടു പാടാം
"കുച്ചിട്ടാം കൂളിട്ടാം
ഞാനിട്ടാല്‍...!
ആരെടുക്കും?"
(മറുപടി കോറസ്സായി)
"ഞാനെടുക്കും!"
"എങ്ങനെടുക്കും?"
(വീണ്ടും കോറസ്സായി മറുപടി)
"മുങ്ങിയെടുക്കും!".
"കൈകള്‍ കെട്ട്യാല്?"
"മൂക്കോണ്ടെടുക്കും!".
"മൂക്കു മുറിച്ചാല്‍?"
"നാക്കോണ്ടെടുക്കും!"
"നാക്കു മുറിച്ചാല്‍?"
"ഭ:ഭ:ഭ"
(പിന്നെ എന്തു ചോദിച്ചാലും മറുപടി കോറസ്സായി)
"ഭ:ഭ:ഭ"
ഇതിനിടയില്‍ ആരെങ്കിലും ആ വെള്ളാരംകല്ലു മുങ്ങിയെടുത്തിരിക്കും.
കിട്ടിയ ആള് പിന്നെ ചോദ്യം ആവര്‍ത്തിക്കും.
ബാക്കിയുള്ളവര്‍ കോറസ്സായി മറുപടിയും.
ഊഴത്തിനനുസരിച്ചു ഓരോരുത്തരായി മുങ്ങിത്തെരയലും.
പാട്ടുമായി ഈ കളിയും മുറുകും.
തോര്‍ത്തുമുണ്ടു നാലുമൂലയിലും പിടിച്ചു വെള്ളത്തിനടിയിലൂടെ കോരി മൃദുവേരുകള്ക്കിടയിലൊളിച്ചിരിക്കുന്ന ചെറുമീനിനെ പിടിച്ചു പുഴവക്കിനോടു ചേര്‍ന്നു മണലു മാന്തി ചെറു കുളമുണ്ടാക്കി അതിനകത്തിടാം.
പോരുമ്പോള്‍ വീട്ടില്‍ ഒരു ദിവസത്തേക്കു മാത്രമായ അക്വേറിയം ഉണ്ടാക്കാനവയെ കുപ്പിയിലിട്ടു കൊണ്ടു വരാം.
പുഴയിലെത്തിയാല്‍ ആഹ്ലാദത്തിനു ഇതുപോലെ വഴി പലതുണ്ടായിരുന്നെങ്കിലും പുഴയിലേക്കുള്ള വഴി വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു.
ഇരുട്ടും ഭീകരതയുമായിരുന്നു ആ വഴിയിലുടനീളം.
മോതിക്കലെ പുഴക്കടവിലെത്താനുള്ള വഴിയുടെ മൂന്നില്‍ ഒന്നു ഭാഗം മഹല്ലിലെ വലിയ ഖബറിസ്ഥാന്റെ വളപ്പിനതിരിലൂടെയാണു നടക്കേണ്ടിയിരുന്നത്.
പക്ഷെ അന്നേരത്താരും അതു വഴി പോകില്ല. പേടി തന്നെ കാരണം.
പുലര്‍ച്ചെ സുബ്ഹി ബാങ്കു വിളിക്കുന്നതിന്നു മുന്‍പുവരെ രൂഹാനികള് (ആതമാക്കള്‍) ഖബറിനു മുകളില്‍ സ്ഥാപിച്ച മീസാന്‍ കല്ലില്‍ വന്നിരിക്കും എന്നു മദ്രസയിലെ ഒപ്പം ഓത്തു പഠിക്കുന്ന സകല കുട്ടികളും, ഓത്തു പഠിപ്പിക്കുന്ന ഉസ്താതും പറഞ്ഞു പേടിപ്പിച്ചതിനാല്‍ എനിക്കും ആ വഴി പോകാന്‍ വലിയ പേടിയായിരുന്നു.
ഞങ്ങള്‍ തറവാട്ടില്‍ നിന്നു താമസം മാറുന്നതിന്റെ തൊട്ടു മുന്‍പത്തെ ചെറുപെരുന്നാളിന്റെ തലേന്നു കുളിക്കാന്‍ പുഴയിലേക്കു പോയ അന്നാണൊരു പ്രധാന സംഭവം ഉണ്ടായത്.
അന്നത്തെ യാത്ര എന്റെ ജീവിതത്തിലെ ഒരു പ്രധാന യാത്രയായിരുന്നു.
കുട്ടികളും പെണ്ണുങ്ങളുമായി പത്തു പന്ത്രണ്ടംഗങ്ങള്‍ വരിവരിയായി വഴുക്കുന്ന തോട്ടു വരമ്പിലൂടെ നടത്തിയ പെരുന്നാള്കുളിക്കുള്ള ജാഥ.
നാലാമന്റെയും പത്താമത്തവളുടെയും കയ്യിലാണു ചൂട്ടുകെട്ടെരിയുന്നത്.
ചൂട്ടു വീശുന്നതൊരു കലയാണ്.
ഇടക്കിടക്കു വീശിയില്ലങ്കില് അതണഞ്ഞു പോകും.
കൂടുതല്‍ വീശിയാല്‍ ആളിക്കത്തും.
പെട്ടെന്നു ഇന്ധനം തീര്‍ന്നു പോകും. അതിനാല്‍ വീശലിലും വെളിച്ചത്തിലും മിതത്വം പാലിക്കണം.വെളിച്ചം എല്ലാ അംഗങ്ങള്‍ക്കും തുല്യമായി കിട്ടുന്ന രൂപത്തില്‍ ന്യായമായി വീതം വെക്കണം.
ചെരിപ്പിടാത്ത കാലില്‍ നിന്നു കിനിഞ്ഞിറങ്ങുന്ന എണ്ണയുടെയും തോട്ടുവരമ്പിന്റെയും ഒന്നിനൊന്നു മെച്ചമായ വഴുവഴുപ്പും, ചൂട്ടുകറ്റ വീശുന്നതില്‍ ഉള്ളിലൂറിയ അര്‍മ്മാദവും, ഇത്തിരി അഹങ്കാരവും ചെര്ന്നപ്പോള് നാലാമനായ ഞാന്‍ ബാലന്‍സു തെറ്റി ചൂട്ടുകറ്റയുമായി തോട്ടിലെ വെള്ളത്തില്‍!.
കുറഞ്ഞ വെള്ളമേ തോട്ടിലുണ്ടായിരുന്നെങ്കിലും ചൂട്ടിനെ നനച്ചു കെടുത്താന്‍ അതു തന്നെ യഥേഷ്ടം.
വീണതിന്റെ വേദന സഹിക്കാമായിരുന്നു പക്ഷെ പതിനൊന്നാളുകളുടേയും ഒരേ സമയത്തുള്ള ചീത്ത പറച്ചില് സഹിക്കാനായിരുന്നു വിഷമം. നനഞ്ഞ ചൂട്ടുകുറ്റി തോട്ടിലേക്കു തന്നെ വലിച്ചെറിഞ്ഞു പന്ത്രണ്ടാമനായി പിന്നില്‍ തല താഴ്ത്തി നടന്നു.
പല്യാളി കഴിഞ്ഞു ഇനി പള്ളിപ്പറമ്പാണ്.
ചൂട്ടുള്ളവള് മുന്നില്‍ നടന്നാല്‍ പിന്നിലുള്ളവര്‍ക്കു ഇരുട്ട്, മറിച്ചായാല്‍ തിരിച്ചും.
അവസാനം ചൂട്ടുള്ളവള് സ്റ്റേഷന്മാസ്റ്ററുടെ ദൗത്യം ഏറ്റെടുത്തു.
ചൂട്ടെന്ന ഫ്ലാഗു വീശിയവള്‍ ജാഥ കടന്നു പോകുന്നതു വരെ വെളിച്ചം തെളിച്ചവിടെ നിന്നു.
അവസാനത്തെ കമ്പാര്ട്ടുമെണ്ടു കടന്നു പോയാല്‍ ഓടി മുന്നിലെ എഞ്ചിന്റെ പത്തടി മുന്നിലെത്തി അവിടെ നില്ക്കും. പിന്നെയും ട്രെയിനിനെ ഒരു പോയന്റു കൂടി കടത്തി വിടും.
അങ്ങനെ ട്രൈയിന് പതുക്കെ പതുക്കെ പള്ളിപ്പറമ്പിന്റെ തൊട്ടടുത്തെത്തി.
ആകാശത്തോളം ഉയര്‍ന്നു നില്ക്കുന്ന തേക്കിന്മരങ്ങള്.
താഴെ ഒരു മീറ്റര്‍ അകലത്തില്‍ സമാന്തരമായി കുത്തി നിര്‍ത്തിയ മീസാന്‍ കല്ലുകള്‍ക്കിടയില്‍ ആറടി മണ്ണിനു കീഴില്‍,
അടിഭാഗം പടവില്ലാത്ത കല്ലറയില്‍ ഖിയാമം കാത്തു അസ്വസ്ഥതയോടെ കാലം തള്ളി നീക്കുന്ന അനേകം മുന്‍ഗാമികള്‍. അവരുടെ റൂഹുകള്‍ സുബ്ഹി ബാങ്കു വിളിക്കുന്നതു വരെ മീസാന്‍ കല്ലിനു മുകളില്‍ കാത്തിരിക്കുമെന്ന ചിന്ത.
എല്ലാരുടേയും ചിന്ത അതു തന്നെയായപ്പോള്‍,
അരോ തലേന്നു പള്ളിപ്പറമ്പിലെ പുത്തന്‍ ഖബറിനെക്കുറിച്ചു ഓര്‍മ്മപ്പെടുത്തുക കൂടിചെയ്തപ്പോള് അവിടന്നങ്ങോട്ടു ജാഥ ഒരു പോയന്റു കടന്നു പോകാന്‍ കൂടുതല്‍ സമയമെടുത്തു. ഫ്ലാഗു വീശുന്ന ജോലി ചെയ്തിരുന്നവള്‍ തുടര്‍ന്നു ആ ജോലി തുടരാനിഷ്ടമില്ലന്നു പറഞ്ഞു രാജിക്കൊരുങ്ങി.
തൊട്ടു തലേന്നാണവിടെ പുതിയൊരു മയ്യത്തു ഖബറടക്കിയത്.
ഖബറടക്കാന്‍ തീരെ ഇടമില്ലാത്തതിനാല്‍ ഒരു പഴയ ഖബര്‍ മാന്തിയാണു പുതിയതടക്കിയത്.
ചൂട്ടുമായി മുന്നില്‍ നടക്കാന്‍ മടിച്ചു നില്ക്കുന്ന അംഗങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട എന്റെ ഇമേജു വീണ്ടെടുക്കാന്‍ കിട്ടിയ അവസരം മുതലെടുത്തു ഞാന്‍ ചൂട്ടുമായി മുന്നില്‍ നടന്നു.
ധൈര്യം അമര്‍ത്തിപ്പിടിച്ചു മുന്നിലേക്കു നടന്നു.
നടത്തത്തിനിടെ വിറക്കുന്ന ഉടലില്‍ നിന്നു മുഖം മാത്രം ചെരിച്ചു പള്ളിപ്പറമ്പിലേക്കൊന്നു നോട്ടം നോക്കി.
തലേന്നു മാന്തിയ പഴയ ഖബറിന്റെ മീസാന്‍ കല്ലിന്റെ ഭാഗത്തു നിന്നും കത്തിജ്വലിക്കുന്ന ഒരു പ്രകാശ ജ്വാല. അതു കത്തിയുയര്‍ന്നപ്പോള്‍ പള്ളിപ്പറമ്പിലെ ആ ഭാഗം മാത്രം തെളിഞ്ഞു. ഒന്നു കത്തിത്തീര്ന്നപ്പോള് പിന്നെ അതിന്റെ തൊട്ടടുത്തു നിന്നും അതിനെക്കാള്‍ വലിയ ഒരു പ്രകാശം.
എന്റെ കൈകാലുകള്‍ അനക്കാന്‍ പറ്റാതായി. വായിലെ ഉമിനീരുണങ്ങി നാക്കു മരവിച്ചു വെറും മരക്കഷ്ണം പോലായി.
ചൂട്ടുകറ്റയുടെ വെളിച്ചത്തിലേക്കു കഷ്ടപ്പെട്ടു സൂക്ഷിച്ചു നോക്കി കണ്ണുകഴച്ച എല്ലാ ജാഥാംഗങ്ങളും പെട്ടന്നു ആ തീവ്ര പ്രകാശം കണ്ടു ഞെട്ടി. അലമുറ പല കണ്ഠങ്ങളില്‍ നിന്നായി ഒന്നിച്ചു വന്നപ്പോള്‍ പ്രകാശം കാണാന്‍ പറ്റാതിരുന്നവര്‍ക്ക് ആ ശബ്ദം കേട്ടെങ്കിലും പേടിക്കാന്‍ അവസരം കിട്ടി. കേള്‍ക്കുന്നവര്‍ക്കു അതേതോ അത്ഭുതജീവിയുടെ ശബ്ദമായി തോന്നിയിരിക്കും.
സംഘടിത ശബ്ദഘോഷം കേട്ടപ്പോള്‍ എനിക്കും സ്ഥലകാല ബോധം തിരിച്ചു കിട്ടി.
ഞാന്‍ ചൂട്ടു കറ്റ അവിടെയിട്ടു തിരിച്ചോടി.
എനിക്കു മുന്നേ പതിനൊന്നു ജാഥാംഗങ്ങളും.
തിരിച്ചോടുന്നേരം ആര്‍ക്കും വെളിച്ചമൊന്നും വേണ്ടി വന്നില്ല.
വീട്ടിലെത്തിയിട്ടാണു ഓട്ടം നിന്നത്. റിപ്പോര്‍ട്ടു ചെയ്ത ആളിന്റെ എണ്ണമെടുത്തപ്പോള്‍ കുറവൊന്നും അനുഭവപ്പെടാത്തതിനാല്‍ "മാന്‍ മിസ്സിംഗ്" ഇല്ലന്നു മനസ്സിലായി.
എല്ലാര്ക്കും ആശ്വാസമായി.
പക്ഷെ ഇക്കാര്യം നാട്ടിലെ വലിയ സംസാര വിഷയമായി.
പത്തു പന്ത്രണ്ടു ദൃക്സാക്ഷികള്‍ ഒന്നിച്ചു സാക്ഷ്യപ്പെടുത്തിയതിനാല്‍ കേള്‍ക്കുന്നവര്‍ക്കു നിഷേധിക്കാനും പറ്റാത്ത അവസ്ഥ.
അതായിരുന്നു തറവാട്ടില്‍ നിന്നു പോയ അവസാനത്തെ നടക്കാത്ത അന്തിനീരാട്ട്.
അതിനു ശേഷം തറവാട്ടിന്നാരും അന്തിനീരാട്ടിനു പോയിട്ടില്ലന്നു മാത്രമല്ല മോന്തിയായാല്‍ ആ പള്ളിപ്പറമ്പിനടുത്തൂടെ നടക്കുന്നതു പോലും മനപ്പൂര്‍വ്വം ഒഴിവാക്കി.
ഈ പേടി കുറേ കാലം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു.
എന്നാല്‍ പത്താം ക്ലാസ്സിലെ കെമിസ്ട്രി ക്ലാസ്സില്‍ വെച്ചു ഫോസ്ഫറസിന്റെ ഗുണങ്ങള്‍ പഠിക്കുന്നതു വരെ മാത്രമേ ഈ പേടി എന്നില്‍ നിലനിന്നുള്ളൂ.
വി.ജി.നാരായണന് നായര്‍ എന്ന ഹെഡ്മാസ്റ്ററുടെ രസതന്ത്രക്ലാസ്സില് വെച്ചാണു മനുഷ്യാസ്ഥിയില് ഫോസ്ഫറസ് ഉണ്ടാവുമെന്നും അവ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിക്കുമെന്നും അതിന്റെ ഫലമായുണ്ടാവുന്ന ജ്വലനം ഇരുട്ടുള്ള രാത്രിയില്‍ പ്രകാശമായി കൂടുതല്‍ ദൃശ്യമാകുന്നുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.
പഴയ ഖബറുമാന്തിയപ്പോള് പുറത്തുവന്ന മനുഷ്യാസ്ഥിയിലെ ഫോസ്ഫറസ് ഓക്സിജനുമായി സംയോജിച്ചു ജ്വലിച്ചപ്പോള്‍ കണ്ട പ്രകാശമാണു അന്നു ഞങ്ങളെ ഭയപ്പെടുത്തിയതെന്നും കൂരിരുട്ടുള്ള രാത്രികളില്‍ ആ പ്രകാശം കൂടുതല്‍ പ്രകടമാവുന്നതിനാലാണ് കറുത്ത വാവുകളില്‍ ഈ പ്രകാശം കൂടുതല്‍ ദൃശ്യമാകുന്നതും റൂഹാനികളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കു കൂടുതല്‍ വിശ്വാസ്യത കൈവരുന്നതെന്നും മനസ്സിലാക്കാന്‍ എനിക്കു വര്‍ഷങ്ങള്‍ ഒരു പാടു കഴിയേണ്ടി വന്നു.
അതുവരെ ഞാനും ഈ ഭീതി മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയായിരുന്നല്ലോ എന്നോര്‍ത്ത് അതിനു പരിഹാരമെന്നോണം ഇതിവിടെ പകര്‍ത്തി വെച്ചു പോണു.
37585
2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച
വെള്ളാരം കല്ലുകളും റൂഹാനികളും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
രസായി തന്നെ കുട്ടിക്കാലത്തെ വീരകൃത്യങ്ങള്‍ പറഞ്ഞിരിക്കണു...കൂടെ ഒരിത്തിരി അറിവും...തീജ്വാലയായി വന്നെല്ലാരേം പേടിപ്പിച്ചയീ ഫോസ്ഫര്‍ ചില്ലറക്കാരനല്ലല്ലോ.....:)
ഈ അന്തിക്കുളിയാത്ര നല്ലതാണല്ലോ...തെളിഞ്ഞ വെള്ളവും,കുഞ്ഞു മീനും ഒക്കെ നേരില്‍ കാണാന്‍ കഴിഞ്ഞു ..കൂടെ ആ കോറസ്സായി പാടുന്ന പാട്ടും കേട്ടു...നല്ല പോസ്റ്റ്..
ഞാനാണാ കാഴ്ച്ച കണ്ടീരുന്നേല് പിറ്റേ ദിവസം മുതല്‍ ഞാനും ആ ഖബറിസ്ഥാനില്‍ ആറടി മണ്ണിനു അവകാശി ആയേനേ :)
valare nannayittund. Nalla ozhukkan vivaranam. ellam neril kandathu pole!
Beautiful writing. Congrats .. :)
രസിച്ചു!
മാഷേ..
അയ്യോ.. രൂഹാനികളെ കാണാന്‍ പറ്റിയില്ലല്ലോ!!!
ഇതുപോലെ ഒരനുഭവം ചെറുപ്പത്തില്‍ ഉമ്മയുടെ വീട്ടില്‍ നിന്നുള്ള വിദ്യാഭ്യാസകാലഘട്ടത്തില്‍ എനിക്കും ഉണ്ടായിട്ടുണ്ട്.
:)
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്കെന്നും
നറുനിലാവിന്റെ തിളക്കമാണ്.ബാല്യകാല ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്ക് മനസ്സില്‍
പലപ്പോഴും നഷ്ടബോധമുണര്ത്താന് പോന്നവയാണ്.
ഇവിടെ,ബാല്യകാല ഓര്‍മ്മകള്‍ വളരെ രസകരവും ആകാംക്ഷാഭരിതമായും എഴുതിയിരിക്കുന്നു.ലളിതമായ
എഴുത്ത് നല്ലൊരു വായനാനുഭവം പകരുന്നു.
--മിന്നാമിനുങ്ങ്
റൂഹാനികൾ എന്നു പറയുമ്പോൾ 2 എണ്ണം ഉണ്ടാവില്ലേ..?? ഏതാലും സംഗതി കലക്കി..
കരീം മാഷേ.. ഞാൻ ജിയാസ്. ഓർമയുണ്ടോ എന്നറിയില്ല. മഞ്ചേരി, എച്ച്. എമ്മിലെ. മാഗസിൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് 4 പ്രിന്റിൽ നിന്നും പരിചയപ്പെട്ടിരുന്നു. അന്നു നിങ്ങൾ എന്റെ ബ്ലൊഗിനെ പറ്റിയുള്ള സംശയങ്ങൾ തീർത്തു തന്നിരുന്നു.നന്ദി. ഇപ്പോൾ ഞാൻ ഒരു ബ്ലോഗ് ഉണ്ടാക്കി.
http://chuvareyutthukal.blogspot.com/ ഇതാണു ബ്ലോഗ്. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ തിരുത്തണേ..
ഹായ് ജിയാസ്,
ബ്ലോഗുലകത്തിലേക്കു സ്വാഗതം.
നഗരത്തിൽ ഇന്നു മരുഭൂമിയിലേക്കു താമസം മാറ്റുന്നതിനെടെ ആ മാഗസിൻ പാക്കു ചെയ്തപ്പോൾ നിങ്ങളെ ഓർത്തതേയുള്ളൂ, അതിന്റെ അവസാന പേജിൽ എനിക്കു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചതു ഞാൻ നേരത്തെ കണ്ടിരുന്നില്ല.
നന്ദിയുണ്ട് ആ സ്നേഹത്തിന്.
പുതിയ ജോലി എങ്ങനെയുണ്ട്?
എഴുത്തു വിടരുത്.
ഞാൻ വായിക്കാൻ വരാം.
ഇപ്പോൾ ഞാൻ കൂടുതൽ ഗൂഗിൾ ബസിൽ ആണ്. അവിടെ എഴുതുന്നതു നന്നായി എന്നു കൂട്ടുകാർ അംഗീകരിക്കുന്നവ എടുത്തു ബ്ലോഗിലിടും.
പ്രസ്സിൽ പിന്നെ പോയിരുന്നോ?
കൂട്ടുകാരോടെല്ലാം അന്വേഷണം പറയുക.
ഞാൻ ഇപ്പോൾ ഉമ്മുൽ ഖ്വൈൻ എന്ന സ്ഥലത്താണ്.
ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ