2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ദൈവം വന്ന/വരാത്ത വഴികള്‍

1.ലൈല മാഡം, ഓഫീസ്‌ ഫ്രിഡ്ജില്‍ വെച്ചു മറന്ന ബൗന്‍ഡി ചോക്കളേറ്റിന്റെ ഒരു പെട്ടി.
അതവിടെ ഏറെക്കാലമായി ഇരുന്നങ്ങുറച്ചതും,
അതെന്നും കാലത്തും സന്ധ്യക്കും നോക്കി നോക്കി,
സ്വന്തം വായിലെ കൊതിനീര്‍ രുചിഭേദമൊട്ടുമില്ലാതെ ഏറെ താഴോട്ടിറക്കിയതും,
ആ ഫ്രീസറില്‍ പഞ്ചസാര പെരുപ്പിക്കുന്ന ദൈവം തണുത്തുറയാതെ ഇരിക്കുന്നു എന്ന പേടിയുള്ളതിനാലായിരുന്നു.

2.സബ്‌ കോണ്ട്രാക്റ്റ്‌ ബില്‍ സമര്‍പ്പിക്കുന്നതിനിടയില്‍
ചെയ്യാത്തൊരിനത്തിനു മീതെ നീലവര്‍ണ്ണത്തിലെ ദിര്‍ഹം നോട്ടുകള്‍ വെച്ചു മറച്ച കൗശലക്കാരനായ ആ ബംഗ്ലാദേശിയുടെ തലക്കു മീതെ,
ഹാഫ്‌ ഡോറിനു മുകളിലിലൂടെ,
ഉടമസ്ഥനായ ദൈവം പാളി നോക്കുന്നുവെന്നു തോന്നിയപ്പോഴാണു തൊട്ടു മുന്നില്‍ നീട്ടിയ തുകയുടെ പത്തിരട്ടി വില വരുന്ന ആ വരി,
ചുവന്ന മഷി കൊണ്ടു ഞാന്‍ വെട്ടിമാറ്റിയത്‌.

3.ആളൊഴിഞ്ഞ സേഫ്‌ റൂമിനകത്തേക്കു അനുവാദം ചോദിക്കാതെ,
പിറകെ കയറിയ ലബനാനി റിസപ്‌ഷനിസ്റ്റിന്റെ
അകാലവൈധവ്യം അവര്‍ക്കേകിയ സംഗമതൃഷ്ണയില്‍ നിന്നുമുള്ള ചൂടിന്റെ പൊള്ളലേല്‍ക്കാതെ രക്ഷിച്ചത്‌,
ഒരു നിമിഷം ആ ഫയര്‍പ്രൂഫ്‌ ലോക്കറിന്റെ ഗോദ്‌റെജ്‌ എന്ന പേരെഴുതിയത്‌ "ഗോഡ്‌" എന്നു തെറ്റായി വായിച്ചപ്പോള്‍
ആ പേരെഴുതിയ പ്ലേറ്റിനൊരു താലിമാലയുടെ തിളക്കമുള്ളതിനാലായിരുന്നു.
ആ തെറ്റായ വായനയാണു ശരിയെന്നു തോന്നിയപ്പോഴായിരുന്നു.

4.ഇന്‍ക്രിമെണ്ടിനുള്ള റക്കമെണ്ടേഷനായി എന്റെ ഫയല്‍
ആ മിസ്‌രിയുടെ ക്യാബിനില്‍ മേശക്കുമുകളില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടേറെ കാലമായിട്ടും
ഫോളോ-അപ്പിനധികാരമുള്ള ദൈവം ആ മുറിയില്‍ മാത്രം കയറാതിരുന്നപ്പോള്‍,
ഞാന്‍ ആ ദൈവത്തെ ശപിക്കാന്‍ തുടങ്ങിയിട്ടു മാസം രണ്ടിലേറെയായി.

ഇ.ട്ടോ:-
പാലില്‍ ഇത്തിരി ഏലക്കായും പിന്നെ ഒരു പച്ചമരുന്നും, കുങ്കുമപ്പൂവുമിട്ടു കുടിപ്പിച്ചാല്‍ ഉറക്കത്തില്‍ ഉള്ളീലിരിക്കുന്നതു പുറത്തു പറഞ്ഞു മനസ്സു വൃത്തിയാവുമത്രേ!
ഉള്ളിരിലിരിപ്പു വൃത്തികേടാണെങ്കില്‍ ദാമ്പത്യവും!.


37930

7 അഭിപ്രായങ്ങൾ:

കാന്താരിക്കുട്ടി പറഞ്ഞു...

പാലില്‍ ഇത്തിരി ഏലക്കായും പിന്നെ ഒരു പച്ചമരുന്നും, കുങ്കുമപ്പൂവുമിട്ടു കുടിപ്പിച്ചാല്‍ ഉറക്കത്തില്‍ ഉള്ളീലിരിക്കുന്നതു പുറത്തു പറഞ്ഞു മനസ്സു വൃത്തിയാവുമത്രേ

ആ പച്ചമരുന്നിന്റെ പേരോന്ന് പറഞ്ഞു തര്വോ മാഷേ..ഇച്ചിരി ആവശ്യണ്ടാര്‍ന്നു ..

അനില്‍ശ്രീ... പറഞ്ഞു...

അമ്പടാ.. ആ മരുന്ന് കുടിക്കാതെ അതിന്റെ കൂടെ എന്തോ കൂട്ടിച്ചേര്‍ത്ത് കഴിച്ചിട്ട് നല്ല കാര്യങ്ങള്‍ മാത്രം പുറത്ത് വിട്ടിരിക്കുന്നു. . അടുത്ത പ്രാവശ്യം യഥാര്‍ത്ത മരുന്ന് കഴിച്ചാല്‍ മതി കേട്ടോ...

നല്ലത് വരട്ടെ...

തണല്‍ പറഞ്ഞു...

ഹമ്പട വീരാ....!

സുല്‍ |Sul പറഞ്ഞു...

ഹിഹിഹി
മാഷിനഗ്രജന്‍ കയറിയോ ;)
-സുല്‍

പാര്‍ത്ഥന്‍ പറഞ്ഞു...

ഈ പച്ചമരുന്ന്‌ XXX ആണോ, അതോ XXഓ. KFCയുടെ രഹസ്യം പോലെ.

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

ദൈവത്തിനെ വഴി തെറ്റിക്കല്ലേ മാഷേ :)

കരീം മാഷ്‌ പറഞ്ഞു...

ഞാന്‍ കാതലായ നാലു പോയന്‍റുകളും സത്യം സത്യമായി പറഞ്ഞിട്ടും അവസാനം എഴുതിയ in topic “ഇ.ട്ടോ“വില്‍ (ഠോ) കയറിപ്പിടിച്ചാണല്ലോ വായനക്കാരെല്ലാം എന്നെ പൊരിക്കുന്നത്. :)

എതായാലും ഞാന്‍ ടെസ്റ്റില്‍ പാസ്സായി, നിങ്ങള്‍ക്കീ ടെസ്റ്റു നടത്തിയാല്‍ കാണാം...!

വായനക്കും കമണ്ടിനും നന്ദി.
സ്നേഹത്തോടെ!