2008, ജൂലൈ 1, ചൊവ്വാഴ്ച

മതത്തിന്റെ ജീവന്‍

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിനെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുമ്പോള്‍ പത്തിരുപത്തി അഞ്ചു വര്‍ഷം മുന്‍പു നടന്ന ഒരു സംഭവം ഓര്‍മ്മയില്‍ വന്നു.
സംഭവം നടക്കുന്നതു ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ.
മതയാഥാസ്ഥികത അതിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന കാലവും സ്ഥലവും.
സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായ ഒരു നമ്പൂതിരിയുവാവിനും ടൈപ്പ്‌റൈറ്റിംഗ്‌ ഇന്‍സ്റ്റ്യ്സ്റ്റ്യൂട്ടിലെ ടീച്ചറായ ഒരു മുസ്ലിംയുവതിയും തമ്മില്‍ കലശലായ പ്രണയം.
മംഗളം വാരികയിലൂടെ മൊട്ടിട്ട പ്രണയം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ലോകോത്തര പ്രണയകാവ്യമാക്കി എഴുതാന്‍ പറ്റുന്നവിധം സംഭവബഹുലമായി.
ധീരമായ തീരുമാനത്തോടെ രണ്ടു പേരും മതമൊന്നും മാറാതെ തന്നെ രജിസ്റ്റര്‍ വിവാഹിതരായി.
രണ്ടുപേരും ജോലിയുള്ളവരും സാമ്പത്തികമായി സുരക്ഷിതരുമായതിനാല്‍ പ്രതിസന്ധികളെ തൃണവല്‍ക്കരിച്ചു അവര്‍ ജീവിച്ചു.
അവര്‍ക്കൊരു മകന്‍ പിറന്നു. മകനു അവര്‍ മതവുമായി ബന്ധമില്ലാത്ത പേരിട്ടു വളര്‍ത്തി.
മകനു രണ്ടു മതത്തിലെയും വിദ്യാഭ്യാസം കൊടുക്കാനവര്‍ തീരുമാനിച്ചു.
അവനെ സ്കൂളിലും മദ്രസയിലും ചേര്‍ക്കുന്ന സമയത്താണു രണ്ടാമതായി സമൂഹത്തില്‍ നിന്നുള്ള പ്രശ്നം ആരംഭിച്ചത്‌.
മദ്രസയിലാണാദ്യം ചേര്‍ക്കാന്‍ ചെന്നത്‌.
അവിടെ മകന്റെ പേരോ വയസ്സോ പ്രശ്നമായില്ല.
പക്ഷെ പിതാവിന്റെ പേരു പ്രശ്നമായി.
മദ്രസാകമ്മറ്റി ആശയക്കുഴപ്പത്തിലായി.
എല്ലാ മദ്രസകളുടേയും നിയന്ത്രണമുള്ള കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തതിനു ശേഷം തീരുമാനം പെട്ടെന്നറിയിക്കാമെന്നു പറഞ്ഞവരെ തിരിച്ചയച്ചു.
കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്തവസാനം പുറപ്പെടുവിച്ച "ഫത്‌വ" ഇതായിരുന്നു.
വിദ്യഭ്യാസം ആര്‍ക്കും നിഷേധിക്കാന്‍ പാടില്ല. മതവിദ്യാഭ്യാസം നേടിയാലേ മതത്തെ മനസ്സിലാക്കാനാവൂ.പിതാവോ മാതാവോ അന്യമതക്കാരയതിന്റെ പേരില്‍ അവരുടെ മക്കള്‍ക്കു മതവിദ്യഭ്യാസം നിഷേധിച്ചിരുന്നെങ്കില്‍ ഇന്നു ഇസ്ലാം മതം പ്രചരിക്കുമായിരുന്നില്ല. അതിനാല്‍ ഹിന്ദുവാണു പിതാവെങ്കിലും ആ കുട്ടിക്കു മദ്രസയില്‍ അഡ്മിഷന്‍ കൊടുക്കാന്‍ ഉത്തരവായി.

ഇതേ ഫത്‌വ ഒന്നു തിരിച്ചിങ്ങോട്ടും പ്രയോഗിക്കുകില്‍ ഈ അനാവശ്യവിവാദങ്ങള്‍ക്കു പ്രസക്‍തിയുണ്ടോ?
മതവിദ്യാഭ്യാസം നേടാന്‍ മതത്തില്‍ ഭാഗവാക്കാവേണ്ടത്തില്ലാത്തതു പോലെ മതേതര വിദ്യാഭ്യാസം നേടാനും മതത്തില്‍ ഭാഗവാക്കാവേണ്ടതില്ലന്നു സാമാന്യബുദ്ധി കൊണ്ടു ചിന്തിക്കുന്നവര്‍ക്കു തോന്നേണ്ടതല്ലെ?
അതോ വരാനിരിക്കുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിനു തീക്കൂട്ടാന്‍ ഹിന്ദു,മുസ്ലിം,ക്രിസ്റ്റ്യന്‍ വിറകുകള്‍ തന്നെ വേണമെന്നു തോന്നുകില്‍ അതു വിപരീതഫലം ചെയ്യുമെന്നു മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമതി.

10 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

മതത്തിന്റെ ജീവൻ വിജ്ഞാന സമ്പാദനമാണ്‌
മതേതരത്തിന്റെയും!

പാമരന്‍ പറഞ്ഞു...

നല്ല ചിന്തകള്‍ മാഷെ

Kaithamullu പറഞ്ഞു...

വരാനിരിക്കുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിനു തീക്കൂട്ടാന്‍ ഹിന്ദു,മുസ്ലിം,ക്രിസ്റ്റ്യന്‍ വിറകുകള്‍ തന്നെ വേണമെന്നു തോന്നുകില്‍ അതു വിപരീതഫലം ചെയ്യുമെന്നു മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമതി
---
ബുദ്ധി കൂടീട്ടാ മാഷേ!

shams പറഞ്ഞു...

അതെ മാഷെ
ഈ പേക്കൂത്ത്കളൊക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിത്തന്നെ
ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പും.

Shabeeribm പറഞ്ഞു...

എന്റെ കാഴ്ചപ്പാട്

..:: അച്ചായന്‍ ::.. പറഞ്ഞു...

മാഷേ മാഷിന് തോന്നുണ്ടോ ഇതു ഒക്കെ നാട്ടുകാരെ നന്നാക്കാന്‍ ആണ് എന്ന്
എവിടെ കുറച്ചുപേരുടെ കാര്യങ്ങള്‍ , ജീവിതം ഒകെ നേരെ പോണം , ആള്‍ക്കാര്‍ക്ക്
വിവരം വെച്ചാല്‍ ഇവിടെ പലതും നടക്കില്ല എന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തിന്റെ
തരികിടകള്‍ ആയെ കണ്ടാല്‍ മതി ഇതു

ഒരു സ്നേഹിതന്‍ പറഞ്ഞു...

""വരാനിരിക്കുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിനു തീക്കൂട്ടാന്‍ ഹിന്ദു,മുസ്ലിം,ക്രിസ്റ്റ്യന്‍ വിറകുകള്‍ തന്നെ വേണമെന്നു തോന്നുകില്‍ അതു വിപരീതഫലം ചെയ്യുമെന്നു മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമതി. ""

സത്യം...സത്യം...സത്യം...
മാഷിന്റെ ചിന്ത സത്യമാണ്...

salil | drishyan പറഞ്ഞു...

മനുഷ്യനെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് മതമല്ല മറിച്ച് മനുഷ്യന്‍ തന്നെയാണെന്ന ബോധം ഇവര്‍ക്കെന്നാണാവോ വരിക.

മതേതരത്വത്തിലും സ്നേഹത്തിലും കര്‍മ്മത്തിലും വിശ്വസിക്കുന്ന ഒരു സമാന്തരജനതയെ ഉണ്ടാക്കുക അതില്‍ പങ്കാളികളാവുക എന്നതാണ് നമ്മെ പോലുള്ളവര്‍ ചെയ്യേണ്ടത്.

സസ്നേഹം
ദൃശ്യന്‍

yousufpa പറഞ്ഞു...

മാഷെ,നല്ല അഭിപ്രായം . നല്ലതും ചീത്തയും തിരിച്ചറിയേണ്ടത് അവരവര്‍ തന്നെയാണ്.
നാമിന്നും ആ ജാഹിലിയ്യാ കാലഘട്ടത്തില്‍ തന്നെയാണെന്ന് തോന്നുന്നു.

കരീം മാഷ്‌ പറഞ്ഞു...

ഞാനും മതവിശ്വാസി തന്നെ!
പക്ഷെ മത നിഷേധികൾ ഉന്നയിക്കാനിടയുള്ള ചോദ്യങ്ങൾ സഹിഷ്ണുതയോടെ കേട്ടു അതിനു ശസ്ത്രീയമായും ചിന്തോദ്ദീപകമായ ഉത്തരം നൽകാൻ കഴിയുന്ന വിധം മത വിദ്യാഭ്യാസത്തെ നവീകരിക്കുകയാണു വേണ്ടതെന്ന അഭിപ്രായമെനിക്കുണ്ട്‌. അല്ലാതെ ചോദ്യവും സംശയവും ഉന്നയിക്കുന്നവരെ അടിച്ചൊതുക്കുകയല്ല.
അപ്പോൾ മതത്തിൽ വിശ്വാസമില്ലാതാവുന്നതു നമുക്കു മാത്രമല്ല ചെറു തലമുറക്കു മുഴുവനായിരിക്കും.
ചുരുക്കത്തിൽ മതവിദ്യാഭ്യാസ സ്ഥപനങ്ങളിൽ മതം ചിട്ടയോടെ നവീന മാർഗ്ഗങ്ങൾ ഉപയോഗിച്ചു പഠിപ്പിക്കട്ടെ!
അപ്പോൾ കുട്ടികൾ നല്ലതു തിരിച്ചറിയും.
ഈ വിവാദവും പുസ്തകം കത്തിക്കലും പ്രത്യക്ഷത്തിൽ വിപരീത ഗുണമേ ചെയ്യൂ.

അഭിപ്രായം പങ്കുവെച്ച എല്ലാർക്കും നന്ദി.