2008, ജൂലൈ 7, തിങ്കളാഴ്‌ച

ബൂമറാഗ്‌

മദും, റഹ്മാനും ഞാനും വയസ്സിനു കുറഞ്ഞവ്യത്യാസമേയുള്ളൂ.
പക്ഷെ സ്ഥാനത്തിനു ഞാൻ വലിയ ബഹുമാനം കൊടുക്കേണ്ട വ്യക്തികൾ.
സമദ്‌ എന്റെ പിതൃസഹോദരൻ, റഹ്മാൻ എന്റെ പിതൃസഹോദരിയുടെ മകൻ.
പക്ഷെ ഒത്തു കൂടിയാൽ ഞങ്ങൾ കളിക്കൂട്ടുകാർ ആണ്‌ .അന്നും ഇന്നും.

കുട്ടിക്കാലത്തു ഗൃഹനാഥർ മറുനാട്ടിലേക്കു പോകുന്ന ഞായറാഴ്ച്ചകളിൽ മൂവരും തറവാട്ടിൽ ഒത്തുചേരുമ്പോൾ അന്നു ഒഴിഞ്ഞു കിട്ടിയ വീടും വളപ്പും ഞങ്ങൾ തലകീഴായി വെക്കും.
ഞായറാഴ്ച്ച മോന്തിക്കു വല്യുപ്പ ചന്ത കഴിഞ്ഞു വരുമ്പോഴേക്കു വിചാരണയും ശിക്ഷയും നടത്താൻ പറ്റിയ എന്തെങ്കിലും കേസ്സു ഒപ്പിച്ചിട്ടുണ്ടാവും.

അന്നൊരു ഞായറാഴ്ച്ച കണ്ണംകുളമായിരുന്നു ഞങ്ങളൂടെ പ്ലാൻ ചെയ്ത വിഹാര രംഗം.
രാവിലെ പ്രാതൽ കഴിച്ചു വീട്ടിൽ നിന്നിറങ്ങിയ മൂവരും മടങ്ങി വന്നതു ഉച്ചതിരിഞ്ഞിട്ട്‌!
കന്നിനെ കഴുകാൻ വന്ന കുണ്ടൻ നീലാണ്ടൻ മര്യാദക്കും നയത്തിലും ഒരു പാടു പറഞ്ഞതാണ്‌

"പെണ്ണുങ്ങൾ തുണിയലക്കാൻ വരുന്ന കുളമാണ്‌!
വെള്ളം ചാടിക്കലക്കാതെ വേഗം കുടീലോട്ടു പോന്ന്!"

അവന്റെ വാക്കിനെ നിസ്സാരമാക്കിയതു പോരാഞ്ഞിട്ടു അവന്റെ വിക്കിനെ സാരമായി കളിയാക്കുക കൂടി ചെയ്തു മൂന്നാളും.

"പെ..പെ..പെണ്ണുങ്ങൾ തു..തു..തുണിയലക്കാൻ വരുന്ന കുളമാണ്‌!
വെ..വെ...വെള്ളം ചാടിക്കലക്കാതെ വേഗം കു..കു.. കുടീലോട്ടു പോന്ന്!"

കണ്ണംകുളത്തിൽ ചാടി കലക്കിമറിച്ച ന്യൂസ്‌,
കുണ്ടൻ നീലാണ്ടൻ മൂന്നുംകൂടിയോടത്തു നിന്നേ ഉപ്പാക്കു വിവരം കൊടുത്തിരുന്നു എന്നു പൊടിയെണ്ണിത്തോട്ടം കടന്നു വലിഞ്ഞു നടന്നു വരുന്ന വല്യുപ്പാന്റെ കയ്യിലെ പുളിങ്കൊമ്പു കണ്ടപ്പഴേ മനസ്സിലായി.

അന്നും പതിവു പോലെ മൂന്നാൾക്കും പിടിപ്പതു കിട്ടി.
പതിവു ഞായറാഴ്ച്ച വാരാന്ത്യദണ്ഡനം!
കുളം ചാടി വൃത്തി കേടാക്കിയതാരാണു ന്യൂസ്‌ കൊടുത്തത്‌ എന്നു ഊഹിക്കാൻ വലിയ ബുദ്ധിവികാസം വേണ്ടിയിരുന്നില്ലങ്കിലും അതിനുള്ള പ്രതികാരം എങ്ങനെ നിർവ്വഹിക്കണം എന്നു ചിന്തിക്കാൻ മൂന്നു തലയും നന്നായി പുകഞ്ഞു.
അവസാനം പിറ്റേ ഞായറാഴ്ച്ച കുണ്ടൻ നീലാണ്ടൻ പീടികയിൽ നിന്നു സാധനം വാങ്ങി മടങ്ങുന്ന മൂവന്തിക്കു കൃത്യം പ്ലാൻ ചെയ്തു.

മേലാകെ മുളിയില വെച്ചു കെട്ടി മുഖത്തൊക്കെ കറുത്ത ചായം തേച്ചു ഭീകര രൂപങ്ങളായി മുന്നിൽ ചാടി പേടിപ്പിക്കാൻ ഐക്യകണ്ഠമായി തീരുമാനമെടുത്തു.
മണിക്കൂറുകളെടുത്ത്‌ എണ്ണയിൽ കരിചാലിച്ചു മൂന്നാളും ഭീകര രൂപികളായി.
ഉണങ്ങിയ വാഴയില മേലാകെ വരിഞ്ഞു കെട്ടി.
നീലാണ്ടൻ പതിവായി പട്ടയടിച്ചു വരുന്ന വഴിയിൽ ഒളിച്ചിരുന്നു.

ടൈമിംഗ്‌ കണക്കാക്കി, മൂന്നാളും അലറിക്കൊണ്ടു നീലാണ്ടന്റെ മുന്നിലേക്കൊരു ചാട്ടം!.
കൂട്ടത്തിലുള്ളവന്റെ ഒച്ച കേട്ടു ഞങ്ങൾ പരസ്പരം പേടിച്ചുവെന്നല്ലാതെ കുണ്ടനൊരു കുലുക്കവുമില്ല മാത്രമല്ല

അവൻ വളരെ കൂളായി..

"കുഞ്ഞാണിയേ...!"
"അബ്ദുവോ....!"
"ബാപ്പൂ...!”

"ഈ..ഈ.വയ്യീൽ നിന്നു കൂ..കൂ..കൂത്തം മറിയാതെ കുടീക്ക്‌ മൊളയാൻ നോക്ക്‌!"
"വ..വ..വല്ലിപ്പ വര്‌ണ നേരായി.."
"വെ..വെ..വെറുതെ ഇന്നും വല്യുപ്പാന്റെ ത..ത..തല്ലു വാങ്ങിക്കണ്ടാ.."

ഞങ്ങളെ തിരിച്ചറിഞ്ഞ ജാള്യത്തിൽ സ്ഥലം വിടാൻ തിടുക്കം കാട്ടിയ ഞങ്ങൾക്കപ്പോൾ തൽക്കാലം, കിട്ടിയ തടി സലാമത്താക്കിയാൽ മതിയായിരുന്നു.
ഇതിന്റെ പേരിൽ ഒരു കൊമ്പു കൂടി ആ പാവം പുളിമരത്തിനു നഷ്ടപ്പെടേണ്ട എന്ന സസ്യസ്നേഹം കൊണ്ടു മാത്രം ആയില്ലന്നു ചുരുക്കം.
അടുക്കള ഭാഗത്തൂടെ കുളിമുറിയിൽ കയറിയ ഞങ്ങൾക്കു ദേഹത്തെ എണ്ണപുരണ്ട കരി കളയാൻ അവസാനം ഉമ്മമാരുടെ സഹായം തന്നെ തേടേണ്ടി വന്നു.
അതിനു പകരമായി ഉണ്ടായ കാര്യങ്ങൾ ഉമ്മമാരോടു കുമ്പസരിച്ചപ്പോൾ ഉമ്മമാർ ഒന്നിച്ചു ചിരി നിർത്താതെ പറഞ്ഞതിപ്പോഴും കാതിലുണ്ട്‌.
കുണ്ടൻ നീലനു മാലക്കണ്ണാണെന്നു നിങ്ങൾക്കിനീം അറിയില്ലേ?
അന്തിക്കു അവനു കണ്ണിനു കാഴ്ച്ച ശക്തി കുറയും.
"മോന്തിക്കു നിങ്ങൾ എങ്ങനെ വേഷം മാറിയിട്ടെന്താ കാര്യം?"
"അവനതു അറിയാന്‍ പറ്റിയാലല്ലേ? പേടിക്കാൻ പറ്റൂ?"
"മാത്രമല്ല നിങ്ങളുടെ മൂന്നിന്റെയും സംസാരം കുണ്ടനു ശരിക്കറിയാവുന്നതിനാൽ നിങ്ങളെ നന്നായി മനസ്സിലാക്കി".
"കാഴ്ച്ച ശക്തി കുറഞ്ഞവർക്കു കേൾവി ശക്തി കൂടുമെന്നാണ്‌ പ്രമാണം".

ഏതായാലും അദ്ധ്വാനിച്ചതു പാഴായി എന്നു മനസ്സിലായപ്പോൾ.. പിന്നെ ഭാവി ജീവിതത്തിൽ വാഴയിലകെട്ടിച്ചാട്ടം നിർത്തി.

(അണോണീമാഷ് എന്ന വിമര്‍ശകന്‍ എഴുതിയ സറ്റയര്‍ മനസ്സിലാവാഞ്ഞിട്ടോ അതോ മനസ്സിലായിട്ടും മനസ്സിലാവാത്ത നിഷ്കളങ്കനെപ്പോലെ ഭാവിച്ചിട്ടോ സഗീര്‍ എന്ന ഒരു “ഗവി“ ആ പോസ്റ്റില്‍ അണോണിമാഷിനെ നിഷ്പ്രഭനാക്കിയപ്പോള്‍ ആ വിവാദ പോസ്റ്റില്‍ ഞാനിട്ട ഈ കമണ്ട്. ( ആ കമണ്ടില്‍ ആളുടെ ഐഡണ്ടിറ്റി എന്നതിന്നു ബൂലോഗ പദമായ ഐ.പി. എന്ന പദം ഞാന്‍ സറ്റയറായി ഉപയോഗിച്ചതു മനസ്സിലാക്കാന്‍ കഴിയാതിരുന്ന “മാഷിനും” സഗീര്‍ പണ്ടാറത്തിലിനും ഒരേ തളപ്പു മതിയെന്നു മനസ്സിലായ ഞാന്‍ ലജ്ജിച്ചു അതു വഴി നടത്തം നിര്‍ത്തി)


36780

അഭിപ്രായങ്ങളൊന്നുമില്ല: