2008, മാർച്ച് 8, ശനിയാഴ്‌ച

യാഹൂ സമരവും ഞാനും.

യാഹൂ ഇഷ്യൂവിന്റെ സെറ്റില്‍മെന്റ്‌ എപ്രകാരമായിരുന്നു എന്നു പലതവണ പല ബ്ലോഗുകളില്‍ ചോദിച്ചു സമ്മര്‍ദ്ദമുണ്ടാക്കുകയും ഉത്തരം കിട്ടാത്തതിന്റെ ഫലമായി അതുമായി ബന്ധപ്പെട്ടവരുടെ ബ്ലോഗില്‍ സന്ദര്‍ശനം മതിയാക്കുകയും ചെയ്തവനാണ്‌ ഞാന്‍.

ഇപ്പോള്‍ ഈ വാര്‍ഷിക വേളയിലെങ്കിലും അതിന്റെ ഉത്തരം കിട്ടിയപ്പോള്‍ ആദ്യം സന്തോഷം തോന്നിയെങ്കിലും അവസാനം എന്റെ ചോദ്യം വേണ്ടിയില്ലായിരുന്നുവെന്നു തന്നെ തോന്നി,
(പ്രശ്നങ്ങളെ കൂടുതല്‍ വൈകാരികമാക്കാനും കമണ്ടുകളിലൂടെ പലര്‍ക്കും വിവേകം നഷ്ടപ്പെടാനും ഹേതുവായ സ്ഥിതിക്കു).

ഇപ്പോള്‍ കാര്യങ്ങള്‍ മിക്കവര്‍ക്കും വ്യക്തമായ സ്ഥിതിക്കു ഞാനും ഒരു പുനര്‍ചിന്തനത്തിനു തയ്യാറാവുകയാണ്‌.

1).നമ്മുടെ തന്നെ കുട്ടികള്‍ (വെബ്ദുനിയയില്‍ ട്രയിനികളായി കയറിയ മലയാളികുട്ടികള്‍ക്കു ചുരുങ്ങിയ സമയം കൊണ്ടു മലയാളം കണ്ടന്റുകള്‍ കൊണ്ടു ഒരു യാഹൂ മലയാളം പേജു സെറ്റുചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ അവര്‍ അവര്‍ക്കറിയാവുന്ന ബ്ലോഗുകളില്‍ നിന്നു കഷ്ണമായി കിട്ടിയവ ചേര്‍ത്തതു വിവരമില്ലായമകൊണ്ടാണെന്നു നിഷ്കളങ്കതയോടെ പലതവണ ഏറ്റുപറഞ്ഞിട്ടും അവരോടു ക്ഷമിക്കാന്‍ കഴിയാഞ്ഞവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നല്ലോ എന്ന കുറ്റബോധം എന്നെ ഇന്നും അലട്ടുന്നു.
നമുക്കു അവരുടെ ക്ഷമാപണം മാത്രം മതിയായിരുന്നു.

ചുരുങ്ങിയ പക്ഷം “കരീം മാഷ്“‍ എന്ന ബ്ലോഗര്‍ക്ക്‌,
(ക്ഷമ ചോദിക്കുന്നു, ആത്മാര്‍ത്ഥമായി)

അതിനു ഞാന്‍ എന്റെ മന:സാക്ഷിക്കു കൊടുക്കുന്ന ന്യായം
"യാഹൂ പേജുണ്ടാക്കാനേ പറഞ്ഞുള്ളൂ കക്കാന്‍ പറഞ്ഞിട്ടില്ല" എന്നതാണ്‌.

2.യാഹൂ ഭീമന്‍ മാപ്പുപറയണമെന്ന ആവശ്യം പാതി വഴിയില്‍ വിഴുങ്ങി, രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി സമരം ചെയ്യാന്‍ എല്ലാം സഹിച്ചു കൂടെ നിന്നവരെ കൊടും ചൂടില്‍ തന്നെ വിട്ടു അപ്രത്യക്ഷയായി എന്ന ഗോസിപ്പുകളിലൂടെ (ഉറവിടം എഴുതുന്നതില്‍ പ്രസക്തി ഇനിയില്ല )
നിരന്തരം ക്രൂശിക്കപ്പെട്ട സമരനേതാക്കളെ കുറിച്ചു "പണം പറ്റി" എന്ന ആരോപണം ഞാന്‍ വിശ്വസിക്കുന്നില്ല.
(കാരണം അവരെയൊക്കെ ഞാന്‍ വായിക്കുന്നു.
ആ അക്ഷരങ്ങളിലൂടെ ആ മനസ്സുകളും.
(നഷ്ടപരിഹാരം പണമായി വാങ്ങിയാലും തെറ്റൊന്നുമില്ലായിരുന്നു.പക്ഷെ അതു മറച്ചുവെച്ചു കൂടെ നിന്ന ബ്ലോഗേര്‍സിനെ ഒറ്റുകൊടുത്തു പാതി വഴിയില്‍ നിന്നു തിരിഞ്ഞോടിയിരുന്നെങ്കില്‍ വലിയ പാതകം തന്നെയാവുമായിരുന്നത്‌)

3.യാഹൂ സമരം കൊണ്ടു കിട്ടിയ നേട്ടം ഇനി ഇതുപോലെ മരൊരു കണ്ടന്റ്‌ തെഫ്റ്റ്‌ നടന്നാല്‍ എന്തൊക്കെ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമെന്നും അതിനുള്ള എളുപ്പവഴികള്‍ എന്തൊക്കെയാണെന്നും അറിവു കിട്ടിയതാണ്‌.ബ്ലോഗില്‍ നിന്നു മോഷ്ടിക്കാന്‍ ശ്രമിച്ചാലുള്ള പ്രതിഷേധത്തെക്കുറിച്ചു ഒരു ഇ-അവബോധം സൃഷ്ടിക്കാന്‍ ഇതിന്നായി.

4.ബ്ലോഗിലെഴുതുന്നവരുടെ രചനകളോടു മാത്രമേ പ്രതിപത്തികാണിക്കേണ്ടതുള്ളൂ.
വ്യക്തിപരമായ അടുപ്പം പിന്നീടു വലിയ അകല്‍ച്ചയിലേക്കും ചെളിവാരിയെറിയലിലേക്കും മാറിപ്പോകുന്നതു യാഹൂ സംഭവത്തിന്റെ ബാക്കിപത്രമാണ്‌.

5.ഞാന്‍ ചാറ്റും ഈമെയിലും ആവശ്യത്തിനു ഉപയോഗിക്കാറില്ല. അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുന്നു.അതിനാല്‍ സമരകാലത്തെ രണ്ടു ചേരിയിലെയും വിവരങ്ങള്‍ അറിയാതെ ഉഹാപോഹങ്ങളില്‍ പെട്ടുലഞ്ഞു.(സ്വകാര്യ ജിമെയിലും ജി ടാക്കും തന്നെയാണു ഈ പ്രശ്നത്തെ ഇത്രക്കും വഷളാക്കിയതാന്നാണെന്റെ നിഗമനം) തീരുമാനങ്ങളും അഭിപ്രായങ്ങളും സുതാര്യമായ രീതിയില്‍ ബ്ലോഗിലൂടെ ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഈ പ്രശ്നം ഇത്രക്കും സങ്കീര്‍ണ്ണമാവുമായിരുന്നില്ല.ഇതിനെക്കാള്‍ തീഷ്ണമായ അടികള്ക്കു നാം മൂര്‍ച്ചയുള്ള കൊമ്പു കോര്‍ത്തിട്ടുണ്ടെങ്കിലും അവസാനം മൃദുവായ കൈകോര്‍ത്തു പിരിഞ്ഞിട്ടുണ്ടായിരുന്നു.

6.യാഹൂ പ്രശ്നത്തില്‍ രണ്ടു ചേരിയില്‍ നിന്നു പോരടിക്കവേ സര്‍ഗ്ഗസിദ്ധി പ്രകടിപ്പിക്കാന്‍ പറ്റാതെ മനസ്സു വിഷമിച്ചു ഒരുപാടു പ്രതിഭാശാലികള്‍ ബ്ലോഗിലുണ്ട്‌.
അവരുടെ രചനകളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍ എന്ന നിലക്കു അവ വീണ്ടും പൂര്‍വ്വാധികം സൗന്ദര്യത്തോടെ ബ്ലോഗുകളില്‍ വന്നു കാണണമെന്നും ആഗ്രഹിക്കുന്ന വരുടെ കൂട്ടത്തില്‍ ഈ ഞാനും ഉണ്ട്‌.

7. അവസാനമായി എന്റെ ഒരാഗ്രഹം. വ്യക്തിപരമായ വിദ്വേഷങ്ങള്‍ അവസാനിപ്പിച്ചു രചനാപരമായ കാര്യങ്ങളില്‍ ഒന്നിച്ചു നിന്നു ബ്ലോഗിന്റെ മൂല്യച്യുതി അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന ഒരു മനോഭാവം വളര്‍ത്തിയെടുക്കുക.എന്റെ കാഴ്ച്ചപ്പാടുകളുമായി യോചിച്ചു പോകാന്‍ സാധിക്കുന്നവരുമായി അഭിപ്രായം പങ്കു വെക്കാം വീണ്ടും പുണ്ണില്‍കുത്തി വലിയ മുറിവാക്കാനും വേദനിപ്പിക്കാനും ശ്രമിക്കാതിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: