2008, ഫെബ്രുവരി 14, വ്യാഴാഴ്‌ച

വാനിഷായ മഷി

ഴിഞ്ഞയാഴ്ച്ച ലുലുവില്‍ പോയപ്പോഴാണു ഞാന്‍ അവിടെ ഒരു ഫൗണ്ടന്‍ പേന കണ്ടത്‌.
"DOLLAR 717"
കാലം കുറേയായി ഫൗണ്ടന്‍പേന ഉപയോഗിച്ചിട്ട്‌.
ജെല്ലും ബാള്‍ പോയിന്റും, മൈക്രോടിപ്പും ഉപയോഗിച്ചു ശീലിച്ചപ്പോള്‍ ഫൗണ്ടന്‍ പേന ഉപയോഗിക്കുന്ന വിധമേ അങ്ങു മറന്നു പോയി.
പൊല്ലാപ്പൊരുപാടുണ്ടീ പേന കൊണ്ടു നടക്കാന്‍.
മഷി കരുതണം,
പോക്കറ്റിലും ചിലപ്പോള്‍ വിരലിലും മഷി പടരുന്നതു കഴുകണം.
ചിലപ്പോള്‍ ധൃതിയിലെഴുതാന്‍ തുടങ്ങുമ്പോഴായിരിക്കും നിബ്ബു വരണ്ടിരിക്കുന്നതു മനസ്സിലാവുക. അപ്പോള്‍ എഴുതിയാല്‍ പേപ്പറില്‍ പോറലു വീഴും.
അതൊഴിവാക്കാന്‍ പേന ദൂരേക്കു മാറ്റി പിടിച്ചു ഒരു തുള്ളി മഷി കുടഞ്ഞു കളയണം.
അങ്ങനെ ബുദ്ധിമുട്ടേറെ.

പക്ഷെ കടലാസിലെഴുതാന്‍ പഠിച്ചന്നു മുതല്‍ മഷി നിറച്ച പേനകളായിരുന്നു ഉപയോഗിച്ചിരുന്നത്‌.

ഒരു പൈസക്കു മഷി നിറക്കുകയും അതിന്റെ കൂടെ കുറച്ചു പഠാണിക്കടല തരുകയും ചെയ്ത കടക്കാരന്റെ കച്ചവടതന്ത്രത്താല്‍ വീട്ടില്‍ നിന്നു നിത്യവും മഷിക്കൊരു പൈസ ചോദിച്ചു വാങ്ങിയിരുന്ന ബാല്യകാലം.
അന്നത്തെ കടലയുടെ രുചി ഇന്നും നാവില്‍ തുമ്പത്തിരിക്കുന്നതിനാല്‍,
ഫൗണ്ടന്‍പേനകളെ ഇന്നും സ്നേഹിക്കാന്‍ അതു പ്രേരിപ്പിക്കുന്നതില്‍ അതിശയമില്ല.

ബ്ലോഗില്‍ കയറിയതു മുതല്‍ നൊസ്റ്റാള്‍ജിക്കാവുന്നതു പകര്‍ച്ചരോഗമായി കിട്ടിയതിനാല്‍,
വാങ്ങി ഞാനതിലൊരെണ്ണം.
കൂടെ അതില്‍ നിറക്കാനുള്ള മഷിയും.

പൂതിവെച്ചു വാങ്ങിയ ആ പേനകൊണ്ടു അധികം ഉപയോഗമില്ല എന്നു മനസ്സിലായത്‌ പിന്നീടാണ്‌. കത്തെഴുത്തു കുറഞ്ഞതിനാല്‍ ആകെ പേന ഉപയോഗിക്കുന്നതു ഹാര്‍ഡ്‌കോപ്പികളില്‍ അപ്രൂ ചെയ്യാനുള്ള ഒപ്പിടുമ്പോഴും,
ചെക്കെഴുതുമ്പോഴും മാത്രം.
ഇപ്പോള്‍ ചെക്കുപോലും അധികവും പ്രിന്റു ചെയ്യാറാണു പതിവ്‌.
സിസ്റ്റത്തിലില്ലാത്ത പാര്‍ട്ടികള്‍ക്കു ചെക്കെഴുതുമ്പോഴേ പേന കൊണ്ടു എഴുതാറുള്ളൂ.

മഷിപ്പേന ഉപയോഗിച്ചു എഴുതിത്തഴക്കം നേടാന്‍ ഞാന്‍ കടലാസില്‍ ഒപ്പിട്ടും കുത്തിവരച്ചും ഒരു ലഞ്ചുസമയം കൊന്നു.
കയ്യക്ഷരത്തില്‍ സംതൃപ്തി തോന്നിയപ്പോള്‍ സിസ്റ്റത്തിലില്ലാത്ത ഒരു പാര്‍ട്ടിക്കു ചെക്കെഴുതാനുള്ളത്‌ ഞാന്‍ തന്നെ മനോഹരമായി എഴുതി.
ലീഫു മുറിച്ചെടുത്തു ഇടത്തും വലത്തും മാറ്റിപ്പിടിച്ചു നോക്കി ആസ്വദിച്ചു.
അതുമായി ബോസിന്റെ അടുത്തു സിഗ്നേച്ചരിനായി കൊണ്ടു ചെന്നു.

ബോസ്സു ചെക്കിലേക്കു ഏറെ നേരം സൂക്ഷിച്ചു നോക്കി.

ചെക്കിലെ കയ്യക്ഷരം കണ്ടപ്പോള്‍ ബോസ്സിനു നന്നായി ഇമ്പ്രസ്സു ചെയ്തു കാണും.
ഞാന്‍ അഭിമാനത്തോടെ കുറച്ചു ശ്വാസം ഉള്ളിലേക്കെടുത്തു നെഞ്ചിന്റെ വ്യാസം ഒന്നു കൂട്ടി,
തവള വീര്‍ക്കും പോലെ ഒന്നു വീര്‍ത്തു.

"Kareem, with which Pen you wrote this cheque?"

ഞാന്‍ അഭിമാനത്തോടെ!
"With fountain Pen Sir"
എനിക്കു ഫൗണ്ടന്‍ പേനയുടെ ഗതകാലസ്മരണകള്‍ ബോസ്സുമായി പങ്കുവെക്കാന്‍ വെമ്പലായി.

"You mean liquid Ink Pen?"
ബോസ്സു ഒരു സംശയത്തോടെ!

"Yes Sir".
എനിക്കൊന്നു വിറച്ചോ?

"Kareem, since long time you are working with our Company you don't know about that the liquid ink Pens are banned in our company?"

"Sorry sir, really I dont know!, But why?"
ഞാന്‍ സംശയത്തോടെ അതിലധികമായി ജിജ്ഞാസയോടെ ബോസ്സിന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു.

"Take 1990 Circular file and find it and read the paper cutting attached with it"

ഒപ്പിടാതെ തിരിച്ചു തന്ന ചെക്കുമായി ഞാന്‍ ഫയല്‍ റൂമില്‍ പോയി പഴയ സര്‍ക്കുലര്‍ ഫയല്‍ പൊടിതട്ടിയെടുത്തു.

അതിലുണ്ട്‌, ഫൗണ്ടന്‍ പേന കൊണ്ടു ചെക്കെഴുതാന്‍ പാടില്ലന്ന നിര്‍ദ്ദേശവും അതിനു താഴെ ഒരു ഇംഗ്ലീഷു പത്രത്തിന്റെ കഷ്ണവും.

ഞാന്‍ അതു മനസ്സിരുത്തി വായിച്ചു.
ചെക്കില്‍ കൃത്രിമം കാട്ടി ലക്ഷക്കണക്കിനു ദിര്‍ഹം ബാങ്കില്‍ നിന്നു പിന്‍വലിച്ചു താന്‍ ജോലി ചെയ്യുന്ന ട്രാവല്‍സിനെ പറ്റിച്ചു സ്ഥലം വിട്ട ഒരു ശിവകാശിക്കാരന്‍ തമിഴനെ കുറിച്ചുള്ളതായിരുന്നു വാര്‍ത്ത.
തട്ടിപ്പിനുപയോഗിച്ച സാധനം ഫൗണ്ടന്‍ പേനയായിരുന്നു.
ശിവകാശിയില്‍ നിന്നു കൊണ്ടു വന്ന ഒരു പ്രത്യേക തരം മഷി (ഒരു ദിവസത്തിനു ശേഷം നിറം അപ്രത്യക്ഷമാകുന്നത്‌) ഉപയോഗിച്ചു പാര്‍ട്ടികളുടെ പേരില്‍ ചെക്കെഴുതി ബോസ്സിന്റെ ഒപ്പു കിട്ടിയതിനു ശേഷം (ബോസ്സിന്റെ പേന വേറെ ആയതിനാല്‍ ഒപ്പിട്ടതു മാഞ്ഞു പോകില്ലല്ലോ)
നാട്ടിലേക്കു ചാടാനുള്ള വിദ്യയൊക്കെ ഒപ്പിച്ചു വെച്ചു.
പിറ്റേ ദിവസം ഇവ ബ്ലാങ്കു ചെക്കാവുന്നതു വരെ കാത്തിരുന്നു അവ ഉപയോഗിച്ചു സ്വന്തം പേരില്‍ ഇഷ്ടമുള്ള തുകക്കു ചെക്കെഴുതി ക്യാഷാക്കി നാടു പിടിച്ചു.
(ഇന്നങ്ങനെ പോയാല്‍ ഇന്റ്ര്പോള്‍ കോളറില്‍ തൂക്കി ഇമാറാത്തിലിടും)
മുന്‍പും ബാങ്കില്‍ നിന്നു വന്‍ തുകക്കു ചെക്കു മാറുന്നതു ഇയാളായിരുന്നതിനാല്‍ ബാങ്കുകാര്‍ക്കു അശ്ശേഷം സംശയമുണ്ടായിരുന്നില്ല.
പിറ്റേന്നു ആളെയും അക്കൗണ്ടിലെ സംഖ്യയേയും കാണാതായപ്പോഴാണ്‌ അന്വേഷണം നടന്നത്‌.
ബാങ്കില്‍ പരിശോധിച്ചപ്പോള്‍ അയാളുടെ പേരിലെഴുതിയ ചെക്കില്‍ ബോസ്സിന്റെ ഒറിജിനല്‍ ഒപ്പു തന്നെയെന്നു കണ്ടു ബാങ്കുകാര്‍ കൈ മലര്‍ത്തി.
ഇതിനു ശേഷമാണ്‌ ഞങ്ങളുടെ കമ്പനിയില്‍ ഈ സര്‍ക്കുലര്‍ വന്നതും, ആരും പിന്നീടു ഫൗണ്ടന്‍ പേന ഉപയോഗിക്കാതിരുന്നതും.

-----------------------------------------
ഇതേക്കുറിച്ചു കൂടുതല്‍ ചിന്തിക്കവേയാണു ഇതുപോലെ രസകരമായ മറ്റൊരനുഭവം എനിക്കുണ്ടായതിന്റെ ചമ്മല്‍ ഓര്‍ത്തത്‌.
-----------------------------------------

ഒരു നല്ല കാര്‍ഡു തേടി നടക്കുകയായിരുന്നു ഞാന്‍.
മനസ്സില്‍ തട്ടിയതൊന്നും തെരഞ്ഞിട്ടു കിട്ടിയല്ല.
അപ്പോഴാണു ദമാമില്‍ ജോലി ചെയ്യുന്ന എന്റെ ഒരു കസിന്‍ Aziz.Mathari എനിക്കൊരു ഗ്രീറ്റിംഗ്‌സ്‌ കാര്‍ഡ്‌ അയച്ചു തന്നിരുന്നത്‌ എനിക്കോര്‍മ്മ വന്നത്‌.
ഞാന്‍ അതു തെരെഞ്ഞെടുത്തു.
ത്രീഡി ഇഫക്റ്റുള്ള നല്ല ഒരു “പ്രണയചിത്രം“.
മൂവന്തിക്കു പ്രണയിതാക്കള്‍ ഒരു വഞ്ചിയിലിരിക്കുന്ന ചിത്രം.

അവന്‍ കാര്‍ഡിനു പിറകില്‍
"സ്നേഹപൂര്‍വ്വം......!"
AZIM
എന്നെഴുതിയിട്ടുണ്ട്‌.

ഞാന്‍ അവന്റെ ഷോര്‍ട്ട്‌ നേമായ AZIM എന്നതു ഇത്തിരി മാറ്റം വരുത്തി KARIM എന്നാക്കി.
തിരിച്ചറിയാന്‍ പറ്റാത്തവിധം മാറ്റം വരുത്തിയ എന്റെ പേരു കണ്ടപ്പോള്‍ നല്ല സംതൃപ്തി തോന്നി.

കാര്‍ഡ്‌ കൃത്യ ദിവസം കിട്ടത്തക്ക വിധം പോസ്റ്റു ചെയ്തു.
കഷ്ടക്കാലത്തിനു പോസ്റ്റല്‍ സമരം നടക്കുന്ന സമയം. തിയതി  കഴിഞ്ഞു പിന്നെയും ഒരാഴ്ച്ച കഴിഞ്ഞാണു അവള്‍ക്കു ആ കാര്‍ഡു കിട്ടിയതു.

പിന്നീടു കോളേജില്‍ വെച്ചു കണ്ടപ്പോള്‍ അവള്‍ ആ കാര്‍ഡെടുത്തു എന്നെ കാണിച്ചു.
അപ്പോള്‍ ഞാന്‍ ശരിക്കും ചമ്മിപ്പോയി.

ഞാന്‍ AZIMനെ KARIM ആക്കാന്‍ ഉപയോഗിച്ച സ്ഥലത്തെ മഷി മാത്രം മറ്റൊരു നിറത്തില്‍ അതിന്റെ സ്വദേശി-വിദേശി തനിമ വെളിവാക്കി എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു.
ചമ്മാന്‍ വേറെ എവിടെ പോകണം.
പിന്നെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടും ഇന്നും അതാലോചിക്കുമ്പോള്‍ അന്നത്തെ ജാള്യത പോകുന്നില്ല.

15 അഭിപ്രായങ്ങൾ:

നിലാവര്‍ നിസ പറഞ്ഞു...

എന്നാലും ഫൌണ്ടന്‍ പേനയുടെ സുഖം ഒന്നു വേറെ തന്നെ മാഷേ..

വാലന്റയിന്‍ ദിന അനുഭവം.. അത് പിന്നെ ആവര്‍ത്തിച്ചിട്ടില്ല എന്നു പ്രതീക്ഷിക്കുന്നു....

Joker പറഞ്ഞു...

ഇനിയും മഷിയുണങ്ങാത്ത ജീവിതങ്ങള്‍ അല്ലെ ?

കൊള്ളാം....

ശ്രീവല്ലഭന്‍. പറഞ്ഞു...

അത് നല്ല ചമ്മല്‍ തന്നെ!

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

മാഷെ... എന്നിട്ട്‌ ആ പ്രണയത്തിന്‌ എന്തു പറ്റി?

Im a bit too nosy mashe, thats why...

പ്രയാസി പറഞ്ഞു...

വഞ്ചനയില്‍ മഷികലക്കിയ വഞ്ചകാ..:)

അപ്പു ആദ്യാക്ഷരി പറഞ്ഞു...

കരീം മാഷേ, ഫൌണ്ടന്‍പേനകളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മനോഹരമായി. എനിക്ക് അതിശയമായി തോന്നിയത് ബോസിന്റെ ഓര്‍മ്മ ശക്തിയാണ്. 1990 സര്‍ക്കുലര്‍ എന്ന് അദ്ദേഹം കൃത്യമായി ഓര്‍ത്തല്ലോ. ചിലര്‍ ഇങ്ങനെയാ. അതിശയകരമായ ഓര്‍മ്മ.

ആശംസകളോടെ
അപ്പു

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

aa chammal nannaayi. kittendath kitteello.


(sorry, malayalam typing not working)

കാപ്പിലാന്‍ പറഞ്ഞു...

good chammals

ithonnum pusthakam aakkaruthu

സഞ്ചാരി പറഞ്ഞു...

മഷിയിട്ടു നോക്കിയാലും മാഷെ കണും അല്ലെ
മഷിക്ക് കള്ളം പറയാന്‍ പറ്റില്ലല്ലൊ.

siva // ശിവ പറഞ്ഞു...

വിവരണം നന്നായി....

ഡോക്ടര്‍ പറഞ്ഞു...

മാഷേ ....ആ പ്രണയം എന്തായി .....അതിനെ പററീ ഒന്നും പറഞ്തില്ലലോ .....

Typist | എഴുത്തുകാരി പറഞ്ഞു...

ആ പഴയ കാലം ഓര്‍മ്മ വന്നു. കയ്യില്‍ നിറയെ മഷിയാവുന്നതും, ഉച്ചക്കു് ഊണു് കഴിക്കാന്‍ നേരം,
കല്ലില്‍ ഉരച്ചു കഴുകുന്നതും.

അജ്ഞാതന്‍ പറഞ്ഞു...

അതാരാ ഒരു പൈസക്ക് മഷിയോടൊപ്പം കടലയും തരാറുണ്ടായിരുന്നത്. രാമന്‍ കുട്ട്യേട്ടനായിരുന്നോ..? ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് അഞ്ചു പൈസയായിരുന്നു മഷി നിറക്കാന്‍. കൂടെ കടല പോയിട്ട് കടലാസു പോലും കിട്ടൂലാ.. :(

ഏ.ആര്‍. നജീം പറഞ്ഞു...

ഹോ..പണ്ട് ബിസ്മിപെന്നും പിന്നെ ബ്രില്ലിന്റെ ബ്ലാക്ക് മഷിയുമാണെങ്കില്‍ സ്കൂളിലെ ഹീറൊ ആകുമായിരുന്ന കാലം

സ്കൂളിലെ അവസാന ദിവസം ഉള്ളതില്‍ ഏറ്റവും പഴയ ഷര്‍ട്ടായിരുന്നു ഇട്ടിരുന്നത് കാരണം അവസാന ദിവസത്തെ പ്രധാന കലാപരിപാടി കൂട്ടുകാരുടെ ഷര്‍ട്ടില്‍ മഷി കുടയലായിരുന്നു..

ഇതൊക്കെ വെറുതെ ഓര്‍മ്മിപ്പിച്ചു ഈ മാഷ്.. :)

കരീം മാഷ്‌ പറഞ്ഞു...

നിലാവര്‍ നിസ :- ശരിയാ, എന്നാലും ഫൌണ്ടന്‍ പേനയുടെ സുഖം ഒന്നു വേറെ തന്നെ
വാലന്റയിന്‍ദിന അനുഭവം. അത് പിന്നെ ആവര്‍ത്തിച്ചില്ല 
പക്ഷെ അതിനെക്കാള് തീഷ്ണമായതാണു പിന്നീടു സംഭവിച്ചതൊക്കെയും.
”ദാ ഇവിടെ ക്ലിക്കി നോക്കൂ !“

Joker :- ഇനിയും മഷിയുണങ്ങാത്ത ജീവിതങ്ങള്‍ അല്ലെ ? 
അല്ല മഷി പെട്ടെന്നുണങ്ങിയ ജീവിതങ്ങള്

ശ്രീവല്ലഭന്‍ :- അത് നല്ല ചമ്മല്‍ തന്നെ! 

കുറ്റ്യാടിക്കാരന്‍ :- ആ പ്രണയം നിലാവര് നിസക്കു കൊടുത്ത ലിങ്കിലുണ്ട്.

പ്രയാസി :- മഷിയില് വഞ്ചന കലക്കിയ നിഷ്കളങ്കന് എന്നു വിളിക്കൂ പ്രയാസീ പ്ലീസ് 

അപ്പു :-ബോസിന്റെ ഓര്‍മ്മ ശക്തി അപാരം തന്നെ അപ്പൂ, പക്ഷെ ചിലതു മനപ്പൂര്‍വ്വം മറക്കുമെന്നു മാത്രം. സിഗററ്റു വലി അഞ്ചു വര്‍ഷത്തേക്കു നിര്‍ത്തിയാല് അയ്യായിരം ദിര്‍ഹമിനു സമ്മാനം തരാമെന്നു പറഞ്ഞിട്ടു പത്തു വര്‍ഷമായി അതു ഇടക്കിടക്കു ഓര്‍മ്മിപ്പിക്കണമെന്നു മാത്രം.

പ്രിയ ഉണ്ണികൃഷ്ണന്‍ :- ചമ്മല് നന്നായി അല്ലെ! ഇനിയും കിട്ടാനുള്ളതു വാങ്ങാനായി ഒരു ജന്മ്മം ബാക്കിയുണ്ട് ഈ ചന്തു വിന്ന്. 

കാപ്പിലാന്‍ :- ആരാന്റെ അമ്മ ചമ്മുമ്പോള് കാണാന് നല്ല ചേല്, അല്ലെ! 

സഞ്ചാരി :- മഷിയിട്ടു നോക്കിയാലും മാഷെ കാണാം.

sivakumar ശിവകുമാര്‍ :- നന്ദി...

ഡോക്ടര്‍ :- ആ പ്രണയം,..അതിനെ പററീ ഒരു കഥയുണ്ടായിരുന്നു
നിലാവര് നിസക്കു കൊടുത്ത ലിങ്കു നോക്കുക.

Typist | എഴുത്തുകാരി :- എനിക്കു കീശയില് മഷിയായിട്ടു വീട്ടില് നിന്നു വഴക്കു കേള്‍ക്കുന്നതാണു ഓര്‍മ്മ.

Nousher :- ഒരു പൈസക്ക് മഷിയോടൊപ്പം കടലയും തരാറുണ്ടായിരുന്നത്. രായിന് കുട്ടിഹാജി. രാമങ്കുട്ട്യേട്ടനും കുറേ മുന്‍പ് ആലിക്കാപറന്മ്പില് ഇന്നു ജ്വല്ലറി നില്‍ക്കുന്ന സ്ഥലത്തു ആദ്യമുണ്ടായിരുന്ന സ്റ്റേഷനറി കട. (കടലയോ നാരങ്ങാ മിഠായിയോ എന്ന ഒരു ചോയ്സും ഉണ്ടായിരുന്നു) 

ഏ.ആര്‍. നജീം :- ബിസ്മിപെന്നും ബ്രില്ലിന്റെ ബ്ലാക്ക് മഷിയും നല്ല റോയല് കോമ്പിനേഷന് തന്നെ! പക്ഷെ മഷി കുടയല് ഇല്ലായിരുന്നു. കുഞ്ഞീന് മാഷിന്റെ ചൂരലോര്‍മ്മക്കു മുന്നിലാവും ഞങ്ങളുടെ സ്കൂളില് അതു മറന്നു കിടന്നത്. 