2010, ജനുവരി 2, ശനിയാഴ്‌ച

ഓരം ചേര്‍ന്നു പോണേ!

ഓരം ചേര്‍ന്നു പോണേ!
എക്സ്പ്രസ്‌ ഹൈവേ വരാമ്പോണൂ എന്നു കേട്ടപ്പോഴൊക്കെ അതിനൊപ്പം കേട്ട മുറവിളിയായിരുന്നു, "റോഡിനപ്പുറത്തും ഇപ്പുറത്തുമുള്ളവരെ അകറ്റാന്‍ പോണേ! അവര്‍ക്കിടയില്‍ ഒരു "ബെര്‍ളിന്‍ മതിലു" പണിയാന്‍ പോണേ! എന്ന്.


ഇരുമ്പുഴിയിലെ വന്ദ്യ-വയോധികന്‍ കപ്രക്കാടന്‍ കുഞ്ഞാലു ഹാജി ഒന്നൊന്നരക്കൊല്ലത്തിനിപ്പുറം അപൂര്‍വ്വമായേ റോഡു മുറിച്ചു അപ്പുറം കടന്നിട്ടുള്ളൂ എന്നു കേട്ടാല്‍ ഇരുമ്പുഴിയിലൂടെയുള്ള മലപ്പുറം-മഞ്ചേരി റോഡു എക്സ്പ്രസ്‌ ഹൈവേ ആക്കിയോ എന്നോ റോഡുകള്‍ക്കിടക്കു ഒരാള്‍ പൊക്കത്തില്‍ മുള്ളുവേലി സ്ഥാപിച്ചോ എന്നോ സംശയിക്കേണ്ട.
വാഹനങ്ങളുടെ ആധിക്യം തന്നെ!
ഇടതടവില്ലാതെ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളാണു കാരണം! ശരാശരി വീട്ടിലെല്ലാം ചുരുങ്ങിയതിരു വാഹനമുണ്ട്‌. അതിലപ്പുറത്തുള്ളതില്‍ രണ്ടും.(ഒരു കാറും, ബൈക്കും).

കാല്‍ നടക്കാരനാണു യാത്ര കഠിനം. പ്രായം കൂടിയവര്‍ക്കും തീരെ കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കും അതു അതികഠിനവും.

എനിക്കു തന്നെ അഞ്ചു പത്തു മിനിട്ടു കാത്തു നിന്നിട്ടാണു പലപ്പോഴും റോഡു മുറിച്ചു കടക്കാന്‍ സാധിക്കാറുള്ളത്‌. എന്നിട്ടല്ലേ ഇരുമ്പുഴിയിലെ ഇപ്പോഴും എണീറ്റു നടക്കുന്ന ഏറ്റവും പ്രായം ചെന്ന കാരണവര്‍ കുഞ്ഞാലു ഹാജിക്ക്‌! പ്രായം ഏറെ ചെന്നിട്ടും പേരിനൊരു വടി കുത്തി അങ്ങാടിയിലേക്കിറങ്ങുന്ന അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ക്കു പലതും കേട്ടറിയാനുണ്ട്‌. ചരിത്രമുള്ളിലൊളിപ്പിച്ചു നിശബ്ദനായ്‌ ദൃക്‌സാക്ഷിയായ, കാലങ്ങളെ അതിജീവിച്ച ഞങ്ങളുടെ ആല്‍മരത്തില്‍ നിന്നെന്നപോലെ!
സീബ്ര ലൈനും പെഡസ്റ്റ്രിയന്‍ ക്രോസിംഗുമെല്ലാം തൃണവല്‍ക്കരിച്ചു കുതിക്കുന്ന വാഹനങ്ങള്‍ ഈയിടെ മാത്രം ഇരുമ്പുഴിയില്‍ തട്ടിയെടുത്ത ജീവന്റെ കണക്കുകള്‍ ഇരുകൈവിരലിലെണ്ണിയാലൊതുങ്ങില്ല.

ട്രെയിനിന്റെ കമ്പാര്‍ട്ട്‌മന്റ്‌ പോകുന്ന പോലെ ഒന്നിനു പിറകെ മറ്റൊന്നായി പോകുന്ന വാഹനങ്ങള്‍ നോക്കി വിറച്ചു കൊണ്ടു ആലിന്റെ ചോട്ടില്‍ അന്തം വിട്ടു നില്‍ക്കുന്ന ഹാജ്യാരെ അപ്പുറത്തെത്തിക്കാന്‍ കൈപിടിക്കണോ എന്ന സഹായാഭ്യര്‍ത്ഥനയുമായി ഞാന്‍ സമീപിച്ചപ്പോള്‍ വേണ്ടന്നാംഗ്യം കാട്ടി, അസംഖ്യം അനുഭവ സമ്പത്തിനുടമായ ആ ഹാജ്യാര്‌.

"ഞാനപ്പുറം കടക്കലില്ല! പക്കേങ്കിൽ ഞാനോര്‍ക്കായിരുന്നു!".

ഒരു ചരിത്രം ഒഴുകിവരുന്നതു എന്റെ കര്‍ണ്ണപുടങ്ങള്‍ കാതോര്‍ത്തു. തെരക്കു മാറ്റി വെച്ചു ഞാന്‍ അദ്ദേഹത്തിനോടു ചേര്‍ന്നു നിന്നു.

രണ്ടാളും തെരക്കില്‍ നിന്നൊഴിഞ്ഞു ആലിനു കീഴെ വാര്‍പ്പിനു മീതെ ടെയില്‍സിട്ട ഇരിപ്പിടത്തില്‍ ഏറെ നേരം ഇരുന്നു.
കിതപ്പു മാറിയപ്പോള്‍ ഒരു ചരിത്രം ചുരുള്‍ നിവത്തി അദ്ദേഹം പറയാന്‍ തുടങ്ങി.
ഞാന്‍ ഓരോ വാക്കുകള്‍ക്കായും കാതോര്‍ത്തിരുന്നു.
വാഹനങ്ങളുടെ ചീറിപ്പാച്ചിലിനിടക്കു എന്റെ കാതുകള്‍ക്കു അവ്യക്തമായ പദങ്ങള്‍ ഞാന്‍ സങ്കല്‍പ്പിച്ചെടുത്തു.
ഹാജ്യാരില്‍ നിന്നു അവിടവിടെ മുറിഞ്ഞ ആ ചരിത്രം കേട്ടിട്ടതിനൊപ്പം എന്റെ മനോധര്‍മ്മം കൂട്ടി പുനരാഖ്യാനം നടത്തിയപ്പോള്‍ അതു കേട്ടവര്‍ക്കൊക്കെ ചരിത്രം രസകരമായിത്തോന്നി.
എന്നാലതു എന്റെ ശൈലിയിലൂടെ ബ്ലോഗിലൂടെ പങ്കുവെക്കാമെന്നെനിക്കും തോന്നി.

വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഓര്‍മ്മയാണ്‌. അന്നു നിരത്തുകള്‍ക്കു ഇന്നത്തെപ്പോലെ റബ്ബറൈസ്ഡ്‌ ക്ലീന്‍ ക്ലിയര്‍ ആസ്ഫാള്‍റ്റ്‌ ആവരണമില്ല.

പക്ഷെ പണ്ടിവിടെ ചെങ്കല്‍പ്പൊടി വിതറിയ ചെമ്മണ്‍ നിറത്തിലൂടെ താളത്തില്‍ നീങ്ങുന്ന കാളവണ്ടികളും പോത്തു വണ്ടികളും മാത്രം.

ആദ്യമായി ബസ്‌ സര്‍വ്വീസു തുടങ്ങിയതു ഹാജ്യാരു ഇപ്പോഴും ഓര്‍ക്കുന്നു.
ആഴ്ച്ചയില്‍ ഒരു ദിവസമായിരുന്നു സര്‍വ്വീസ്‌, കോഴിക്കോട്ടേക്ക്‌.
ഇരുമ്പുഴിയില്‍ നിന്നും ഒരു സ്ഥിരം യാത്രക്കാരന്‍.
"മെരുകത്തൊടിയിലെ ഹസ്സന്‍ ഹാജി".
(കോഴിക്കോടു വലിയങ്ങാടിയിലേക്കു കൊപ്രക്കച്ചവടത്തിനു പോകുന്ന വ്യാപാരി)

(ചിത്രത്തിനു ഫോര്‍ഡിന്റെ വെബ്സൈറ്റിനോടു കടപ്പാട്)

സുബ്‌ഹി ബാങ്കു വിളിക്കും മുന്‍പേ ഇപ്പോള്‍ നമ്മള്‍ ഇരിക്കുന്ന ഈ ആല്‍മരത്തിന്റെ ചുവട്ടില്‍ ബസ്സു വന്നു നില്‍ക്കും.
ക്ലീനര്‍ ബസ്സില്‍ നിന്നിറങ്ങി കട്ടവെച്ചു ഇടവഴിയിലൂടെ നടന്നു ഹസ്സന്‍ ഹാജിയുടെ വീട്ടിലെത്തും. ഉറങ്ങുകയായിരിക്കുന്ന ഹാജിയാരെ വിളിച്ചുണര്‍ത്തി ബസ്സു വന്ന വിവരമറിയിച്ചു മടങ്ങും.
ഹാജിയാര്‍ എണീറ്റു തൊട്ടപ്പുറത്തെ പുഴയില്‍ പോയി കുളിച്ചു നമസ്കരിച്ചു പ്രാതല്‍ കഴിച്ചു വരുമ്പോഴേക്കും ബസ്സിനു വെള്ളവും ബസ്സിലുള്ളവര്‍ക്കു ഭക്ഷണവും കൊടുക്കാന്‍ ഇരുമ്പുഴിയിലെ മക്കാനിക്കാരന്‍ കുഞ്ഞുഹാജിക്കു തെരക്കായിരിക്കും.

ഹസ്സന്‍ ഹാജിയാരു ബസ്സില്‍ കയറിയിരുന്നാല്‍ കോഴിക്കോട്ടേക്കുള്ള യാത്ര വീണ്ടും ആരംഭിക്കുകയായി. മറ്റൊരു മുക്കില്‍ നിന്നു മറ്റൊരു യാത്രക്കാരനെയും കൂട്ടാന്‍ ഇതു പോലെ ഇത്രയും സമയം കാത്തു കിടക്കുമെന്നു മാത്രം.


കുഞ്ഞാലു ഹാജിയും ആ ബസ്സില്‍ കോഴിക്കോടു വലിയങ്ങാടിയില്‍ പോയിട്ടുണ്ട്‌. പക്ഷെ സ്ഥിരയാത്രക്കാരനല്ലായിരുന്നു. കാളവണ്ടിയില്‍ കൊടുത്തുവിട്ട മലഞ്ചരക്കുകള്‍ക്കു വില നിശ്ചയിക്കാനും പിറകെ വിലയുടെ ഈജാബും ഖബൂലും ഉറപ്പിക്കാനും.
ഇന്നത്തെപ്പോലെ നീളവും വീതിയുമെന്നുമുള്ള ബസ്സായിരുന്നില്ല.ബസ്സില്‍ വിലങ്ങനെയിട്ട രണ്ടു ബെഞ്ചില്‍ മുഖത്തോടു മുഖം നോക്കിയാണു യാത്ര. യാത്രയവസാനിക്കുമ്പോഴേക്കും ഉടുത്തിരുന്ന വെള്ളത്തുണിയൊക്കെ കരിയും പുകയും കൊണ്ടു കറുത്ത നിറമായി മാറും.
യാത്രയില്‍ ബസ്സു ഇടക്കിടക്കു നിര്‍ത്തും. എഞ്ചിനില്‍ വെള്ളം മാറ്റണം.പള്ളിയില്‍ കയറി സമസ്കരിക്കണം. ഇന്നു 35 മിനിട്ടു കൊണ്ടെത്തുന്ന ദൂരം താണ്ടാന്‍ അന്നു ഒരു പൂര്‍ണ്ണ ദിവസം വേണം. അതിനാല്‍ ഇടക്കിടക്കു വഴിയിലുള്ള മക്കാനികള്‍ക്കു മുന്നില്‍ ഭക്ഷണത്തിനു നിര്‍ത്തും. ആഴ്ച്ചയിലൊരിക്കലെത്തുന്ന ബസ്സും ആ ബസ്സിലുള്ള യാത്രക്കാരുടെ വിഷേയം പറച്ചിലും കേള്‍ക്കാന്‍ അവിടെയെല്ലാം കേള്‍വിക്കാര്‍ യഥേഷ്ടം കാത്തിരിപ്പുണ്ടാവും.

ഒരാഴ്ച്ചത്തെ യാത്രവിശേഷങ്ങളും അയല്‍ പ്രദേശത്തെ വാര്‍ത്തകളുമായി അടുത്തയാഴ്ച്ചയെത്തുന്നതു വരെ കുഞ്ഞു ഹാജിയുടെ ചായ മക്കാനി സജീവമായിരിക്കും.

കുഞ്ഞുഹാജിയുടെ ചായക്കടയിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ നിന്നാല്‍ ഇന്നു പ്രൂഫു നോക്കിക്കൊടുക്കാനുള്ള റോട്ടറിക്ലബ്ബിന്റെ മാഗസിന്‍ പ്രിന്റു ചെയ്യാന്‍ വൈകും.
ഞാന്‍ യാത്ര പറഞ്ഞിറങ്ങുകയായിരുന്നു.
അദ്ദേഹം വടി കുത്തിപ്പിടിച്ചു എണിക്കാന്‍ ശ്രമിച്ചു.

ഇനി റോഡിലൂടെയുള്ള കാല്‍നടയാത്ര അദ്ദേഹത്തിനു സാധിക്കുമോ എന്നു ഞാന്‍ ആശങ്കപ്പെട്ടിരിക്കെയാണു തൊട്ടപ്പുറത്തുനിന്നു ഒരു കുട്ടിയെ ബൈക്കുകാരന്‍ ഇടിച്ചിട്ട ബഹളം കേട്ടത്‌.
ചോരയും പിടച്ചിലും കാണാന്‍ ഇനിയും കരുത്തില്ലാതെ ആള്‍ക്കൂട്ടത്തിനു പുറം തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ഹാജ്യാരെ നോക്കി ഞാന്‍ പറഞ്ഞു
"ഹാജ്യാര്‍ക്കാ! പറ്റെ ഓരം ചേര്‍ന്നു പോണേ!"

61800

10 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അവസാനത്തെ ഒരു ഛടുപിടി കഴിച്ചാല്‍ സംഗതി ജോര്‍

കരീം മാഷ്‌ പറഞ്ഞു...

ഗുണപാഠങ്ങള്‍:-
1.വികസനത്തോടൊപ്പം കടന്നു വരുന്ന മൂല്യച്ച്യുതികള്‍ തടയാന്‍ കഴിയില്ല.
2.പണ്ടൊക്കെ മനുഷ്യനു ധാരാളം സമയം ബാക്കിയായിരുന്നു.(ഇന്നു അതൊട്ടുമില്ല?)
3.പണ്ടുണ്ടായിരുന്നതൊക്കെ ഓര്‍ക്കാന്‍ നിന്നാല്‍ ഓര്‍ക്കുന്നവര്‍ക്കു കൊള്ളാം. പക്ഷെ വിശ്വസിക്കാന്‍ പുതിയ തലമുറയെ കിട്ടില്ല.

ധൃതിയില്‍ എഴുതിയതാണ് (സൌകര്യം പോലെ എഡിറ്റു ചെയ്യും - മുങ്കൂര്‍ ജാമ്യും)

Unknown പറഞ്ഞു...

പോസ്റ്റ്‌ നന്നായി, ഓര്‍മ്മകളെ ഉണര്‍ത്തി.

OAB/ഒഎബി പറഞ്ഞു...

ആദ്യമായി കാളികാവിൽ നിന്നും ഓടിയിരുന്ന ആവി എഞ്ചിൻ ബസ്സ് വണ്ടൂരിൽ എത്തി ഒരാളെ കേറ്റാൻ വേണ്ടി മാത്രം കിലോമീറ്റർ ദൂരം പൊയിരുന്ന കഥ പഴയ കാക്കാമാർ പറയുന്നത് കേട്ടിട്ടുണ്ട്.

പഴം പുരാണം കേൾക്കാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഇത് രസിക്കും. അല്ലാത്തോന് എന്തോന്ന്?

അതല്ല,നാട്ടിലായപ്പോൾ തീരെ ഒഴിവില്ലെ?

Umesh Pilicode പറഞ്ഞു...

:-)

G.MANU പറഞ്ഞു...

Karim mashe... kozhikkodu njan etavum(may be the only one) face cheyyunna problem 'road murichu kadakkal' aanu)

nice post

asrus irumbuzhi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
asrus irumbuzhi പറഞ്ഞു...

"ഹാജ്യാര്‍ക്കാ! പറ്റെ ഓരം ചേര്‍ന്നു പോണേ!"
asrus
http://asrusworld.blogspot.com

വെഞ്ഞാറന്‍ പറഞ്ഞു...

ഉണ്ണിത്താന്‍ പാവമല്ലേ, വിട്ടേയ്ക്കൂ!

Akbar പറഞ്ഞു...

കാലത്തിനു വേഗത കൂടുന്നു. വാഹനങ്ങള്‍ക്കും. ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്നു. ഒപ്പം മനുഷ്യന്‍റെ ആയുസ്സും ചുരുങ്ങുന്നു. . കരീ മാഷേ വളരെ കാലത്തിനു ശേഷമാണ് ഈ വഴിക്ക്. എഴുത്ത് തുടരുക. ആശംസകളോടെ.

വീണ്ടും ചില പ്രവാസ ചിന്തകള്‍ http://chaliyaarpuzha.blogspot.com/