2019, ഓഗസ്റ്റ് 31, ശനിയാഴ്‌ച

ഒരു സങ്കീർത്തനം പോലെ...

ഒരു സങ്കീർത്തനം പോലെ...!

പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന പുസ്തകം ഞാൻ സ്വന്തമാക്കുന്നത്  കരിപ്പൂർ എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നാണ്.
അത് ആദ്യമായി വായിക്കുന്നത് ഉമ്മുൽ ഖുവൈൻ "സൽമ" യിലെ ഒരു മലയാളി കഫറ്റേരിയയിലെ ടേബിൾ ക്ലീനിംഗ് ബോയ് ആണ്. ഒരു കാസർക്കോടുകാരൻ "മനാഫ്".
വിധി വശാൽ സംഭവിച്ചു പോയതാണ്.
ഫാമിലിയെ നാട്ടിൽ വിട്ട സമയത്ത് ഒരാൾക്കു വേണ്ട ഭക്ഷണം മാത്രമുണ്ടാക്കേണ്ടിയിരുന്ന ആ നാളിൽ "സൽമ" യിലെ ഈ കഫറ്റേരിയയായിരുന്നു എന്റെ കത്തലടക്കിയിരുന്നത്.
മനാഫിനെ അതിനു മുമ്പും ഞാൻ കണ്ടിരുന്നു. പക്ഷെ ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിക്കാനുതകുന്ന ഒരു വിശേഷവും വൃത്തിയും അവനിൽ തെളിഞ്ഞു നിന്നിരുന്നില്ല. ഞാൻ തിന്നെണീറ്റു പോയതിനു ശേഷമാവും അവൻ എന്റെ ഉച്ഛിഷ്ടവും പ്ലേറ്റും അകത്തേക്കെടുക്കാനെത്തുക. ഞാൻ വരുന്നതിന്നു മുമ്പെ ടേബിൾ ക്ലീൻ ചെയ്തു പോയിരിക്കും. അതിനാൽ തമ്മിൽ മുഖാമുഖം കാണാറില്ല. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ തൊട്ടപ്പുറത്തെ മേശ തുടക്കുന്ന അവനെ ഞാൻ അറപ്പു കൊണ്ട് മനപ്പൂർവ്വം നോക്കാറുമില്ല.
ഒരു ദിവസം  ഞാൻ ഓർഡർ കൊടുത്ത  ഭക്ഷണം പാകമാവാൻ ഇത്തിരി സമയമെടുക്കുമെന്ന തിരിച്ചറിവിലാണ് എന്റെ ലാപ്ടോപ്പ് ബാഗിൽ നിന്നു  "ഒരു സങ്കീർത്തനം പോലെ പുറത്തെടുത്ത് ഞാൻ വായിക്കാൻ തുടങ്ങിയത്.
സെൻറ്പീറ്റേർസ് ബർഗും, ദസ്തയേവിസ്കിയും അന്നയും തലച്ചോറിൽ നിന്നും ഹൃദയത്തിലേക്കിറങ്ങാൻ മടിച്ചു ചടപ്പോഴേക്കും ഭക്ഷണം വന്നു. പുസ്തകം മടക്കി മേശപ്പുറത്തു വെച്ചു ഇഷ്ടഭക്ഷണത്തെ പെട്ടെന്നു വായിലേക്കും ആമാശയത്തിലേക്കുമയക്കാൻ ഹൃദയത്തിന്റെ ഇടവാതിൽ തുറന്നു.
തീറ്റ തീർന്നിട്ടും ബാക്കി വന്ന സ്വാദിനെ കൂടി സ്വന്തമാക്കാൻ സ്വന്തം വിരൽത്തുമ്പിലെ നനവിനെപ്പോലും വലിച്ചീമ്പി സീൽക്കാരം പുറത്തു വിടുമ്പോൾ ആരും കാണുന്നും കേൾക്കുന്നുമില്ലെന്നുറപ്പു വരുത്താൻ പോലും മറന്നു. ഒപ്പം മേശപ്പുറത്തു വെച്ച സങ്കീർത്തനവും.
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് "സൽമ" യിൽ ഭോജനത്തിനെത്തുന്നത്. ക്ലീൻ ചെയ്ത മേശ നോക്കി ഒരു സൈഡിൽ ലാപ്ടോപ്പ് ബാഗ് വെച്ച് ഇരുന്നപ്പോൾ മനാഫ് ഓടി വരുന്നു. കയ്യിൽ "ഒരു സങ്കീർത്തനം പോലെ...!"
"സാറു കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ മറന്നു വെച്ചു പോയതായിരുന്നു. ഞാൻ എടുത്തു വെച്ചതാണ്, വരുമ്പോൾ തരാൻ. പിന്നേ...ഞാൻ ഇത് വായിച്ചു തീർത്തു ഒറ്റ രാത്രി കൊണ്ട്.!
സൂപ്പർ ബുക്കാണ്.
ഞാൻ അത്ഭുതപ്പെട്ടു. കഫറ്റേരിയ അടക്കാൻ രാത്രി പതിനൊന്നു മണിയാവും. അതിനു ശേഷമുള്ള ഒറ്റ ദിവസം കൊണ്ട്?, ചുമ്മാ പുളുവടിക്കുന്നതാവും!, എന്നെ ഇമ്പ്രസ് ചെയ്യാൻ.
എങ്കിലും പേരും സ്ഥലവും ചോദിച്ചറിഞ്ഞു താങ്സും പറഞ്ഞു ആ സീനങ്ങനെ മറന്നു പോയതായിരുന്നു.

പിന്നെ എപ്പഴോ നേരം പോക്കാൻ മാർഗ്ഗം തേടിയപ്പോൾ ദസ്തയേവിസ്കിയേയും അന്നയേയും ഓർമ്മ വന്നു. ആ പുസ്തകം തെരഞ്ഞു കിട്ടി. നിർത്തിയേടത്തു നിന്നും വായന തുടർന്നപ്പോൾ ചില പേജുകളിൽ കാതലായ ഭാഗങ്ങളിൽ അടി വരയിട്ടിരിക്കുന്നു. ഞാൻ പിറകിലേക്ക് മറിച്ചു, അവിടേയുമുണ്ട് ചില വരികൾക്കു കീഴേ ചില വരകൾ. വായനയുടെ മുഴുവൻ സത്ത ലഭ്യമാകുന്ന കേവല അടയാളങ്ങൾ! കഥാപാത്രങ്ങളുടെ മാനസീകാവസ്ഥ പെട്ടെന്നുൾക്കൊള്ളാൻ സഹായിക്കുന്ന രേഖാചിത്രങ്ങൾ! ഒരു സങ്കീർത്തനം(സ്തുതി) പോലെ..!!
അവയെ പിന്തുടർന്നു ഞാനും നടന്നു. അപരിചിതമായ വഴിയിലൂടെ, മുന്നെ നടന്നവന്റെ വ്യക്തമായ കാൽപ്പാടുകൾ നോക്കിയെന്ന പോലെ...!

അതെന്നെ എന്റെ വായനയും ഒരു ദിവസം കൊണ്ട് തീർക്കാൻ സഹായിച്ചു.
വായന തീർന്നു പുസ്തകം മടക്കി വെക്കുമ്പോൾ ഉള്ളു നിറച്ചും
ദസ്തയേവിസ്കിക്കും അന്നക്കും പുറമെ മനാഫും കൂടിയുണ്ടായിരുന്നു.

പിന്നീട്  ചെന്നപ്പോഴൊന്നും കഫറ്റേരിയയിൽ അവനെ കണ്ടില്ല. അവനുമായി സംസാരിക്കണമെന്നു അതിയായി ആഗ്രഹിച്ചിരുന്നു. അവനു നല്ല വിദ്യാഭ്യാസമുണ്ടെന്നും ഒരു കമ്പനിയിൽ ജോലി ശരിയായി പോയെന്നും കഫറ്റീരിയക്കാരൻ പറഞ്ഞു.

കിട്ടാക്കടം പിരിച്ചെടുക്കുന്ന ടാസ്ക് ടീമിൽ എന്നെ പിടിച്ചിട്ട കാലമാണ് ഞാൻ യു.എ.ഇ. കറങ്ങാൻ പഠിച്ചത്. കോൺട്രാക്ടിന്റെ സെക്യൂരിറ്റി റീടൈൻ മണി പിരിച്ചെടുക്കുക എന്നത് ഒരു ഹെർക്കൂലിയൻ ടാസ്ക് ആണ്. ഫ്രോഡുകളിൽ നിന്നാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെ ഒരു ഫ്രോഡ്  മലയാളി ഓണർ കമ്പനിയുടെ  കയ്യിൽ  കുടുങ്ങിയ ഞങ്ങളുടെ ഡെപ്പോസിറ്റ് തിരിച്ചു പിടിക്കാനിറങ്ങിയതായിരുന്നു. പൂർവ്വികരൊക്കെ തോറ്റു പിൻവാങ്ങിയ കേസാണ്. കോൺട്രാക്ടിന്റെ അഞ്ചു ശതമാനം ഇനിയും ബാക്കിയുണ്ട്. ശതമാനം അഞ്ചെന്നാലും തുക വലുതാണ്. കിട്ടിയാൽ ഓഫീസ് സ്റ്റാഫിനു മുഴുവൻ ആ മാസത്തെ സാലറി എടുക്കാം. ഏതു തറ വേലയും ചെയ്യാനൊരുങ്ങിയാണ് ആ ക്രെഡിറ്റ് കളക്ഷനിറങ്ങിയത്.
ഷൗട്ട് ചെയ്യാനും ത്രെട്ടൺ ചെയ്യാനും മനസ്സിനെ പാകപ്പെടുത്തി അക്കൗണ്ട്സ് ഓഫീസിന്റെ വാതിൽ തുറന്നകത്തു കയറിയപ്പോൾ ആദ്യം കണ്ട മുഖത്തെ കണ്ണുകൾക്ക് ഒരു പരിചയത്തിളക്കം.!
സൂട്ടും, കോട്ടും, ടൈയുമണിഞ്ഞു കറങ്ങുന്ന കസേരയിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകൾ ഞാൻ തിരിച്ചറിഞ്ഞു.
"മനാഫ്".
പിന്നെ കുശലങ്ങളായി... കുസൃതിയായി, സംസാരം സ്നേഹത്തിലായി.. കമ്മ്യൂണിക്കേഷൻ കാര്യത്തിലായി, കാര്യങ്ങൾ വേഗത്തിലായി..!
അവൻ  ദിവസങ്ങൾക്കകം പഴയ ഫയലുകൾ പഠിച്ചു, ഫണ്ട് റിലീസ് ചെയ്തു.
ഞങ്ങൾക്കു ആ മാസം ശമ്പളം കിട്ടി, അവിടങ്ങോട്ടു അവരോടുള്ള ബ്ലാക്ക് ലിസ്റ്റിംഗും നീങ്ങി പുതിയ കോൺട്രാക്ടുകൾ പരസ്പരം ഒപ്പിട്ടു വർക്കുകൾ ഇന്നും മുറക്കു നടക്കുന്നു.
ഒരു സങ്കീർത്തനം പോലെ...!,

അഭിപ്രായങ്ങളൊന്നുമില്ല: