2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

കുഞ്ഞിമാൾക്ക്.

കുഞ്ഞിമാൾക്ക്..സ്നേഹപൂർവ്വം...!

"കുഞ്ഞിക്കാക്കാൻറെ റേഡിയോ തര്വോ..ന്ന്
അമ്മായിക്കിന്നന്തിക്കു  ശബ്ദ രേഖ കേക്കാനാത്രേ..!"..
ആകാശവാണിയിലന്നു   "കണ്ടം ബെച്ച കോട്ട്".
കോഴിക്കാട് സ്റ്റേഷനിൽ മാസത്തിലൊരു ശബ്ദ സിനിമ.

സുന്നത്തു കഴിച്ചതിനു കിട്ടിയ സമ്മാനക്കാശിനു
വേണ്ടതെന്താണെന്നു ചോദിച്ചപ്പോഴമ്മായിയാണ്,
മന്ത്രിച്ചത്, റേഡിയോ മതീ....ന്നുപ്പാനോടു
കരഞ്ഞു വല്യുപ്പാൻറെ സമ്മതം വാങ്ങാൻ.

അമ്മായിക്കും കാശുണ്ട്..  ഉപ്പാക്കും കാശുണ്ട്.
പിന്നെന്തിനാണെൻറെ 'ബ്ലഡ് മണി' കൊണ്ടു തന്നെ
"മർഫി" വാങ്ങുന്നതെന്നു ചോദിക്കാൻ മാത്രം
ക്ഷുഭിതയൗവനമാർജ്ജിച്ചിട്ടില്ലാത്ത പ്രായം.

വല്യുപ്പാൻറെ സാമ്മ്രാജ്യത്വ വിരോധ  നയത്തെ..
എന്നെ പരിചയാക്കി നേർപ്പിക്കുകയായിരുന്നെന്നു
കാലങ്ങൾ കഴിഞ്ഞെനിക്കറിഞ്ഞോടിയപ്പോഴേക്കും,
ബാലലോകവും,ദ്വീപുകാർക്കു വേണ്ടിയും
വല്യുപ്പാൻറെ സ്വന്തമായിപ്പോയിരുന്നു.

മർഫി റേഡിയോക്കു കട്പീസ് തുണി കൊണ്ടൊരു
കണ്ടം ബെച്ച കോട്ടമ്മായി വക,  തുന്നൽ ക്ലാസിന്ന്.
തിങ്കളു മുതൽ ബുധൻ വരെ ഉപ്പാൻറെ ത്വക്കിലും
വ്യാഴം മുതൽ ഞായറും കൂടി ആ അമ്മായിയുടെ
കിടക്കപ്പായിൽ തലയണക്കടുത്തിരുന്നിട്ടും
നാണമില്ലാതെ, ഓരോ നുണക്കുമതു വിളി കേട്ടു..!
"കുഞ്ഞിക്കാക്കാൻറെ റേഡിയോ..ന്ന്.."

റേഡിയോ..പാടിക്കാൻ അന്നു
വേണമായിരുന്നു ലൈസെൻസ്.
ഒരു കൊല്ലം കഴിയും മുമ്പെ
പുതുക്കണം പോസ്റ്റോഫീസു വഴി,
കൃത്യദിനം കലണ്ടറിൽ കുറിച്ചിരുന്നു.

പുതുക്കാൻ മറന്ന ഒരു വർഷം, മർഫിയെ..
പിടിക്കാൻ വരുന്ന കൽസ്രായിക്കാരനെ,
ഒറ്റാൻ പടിക്കലെ  തോടിനു മീതെയിട്ട
മരത്തടിപ്പാലത്തിൽ നിന്നു,
ദൂരെ കണ്ണു നീട്ടി..
പിന്നിലേക്കു   കാതു വട്ടം പിടിച്ചിരുന്നു
മർഫിയെ പ്രണയിച്ചൊരു  കാലം...!

രാജീവ് ഗാന്ധിയാണ് പിന്നീടങ്ങോട്ടു
റോഡിയോയുടെ നികുതി നിർത്തിയത്,
പക്കാ കമ്മ്യൂണിസ്റ്റുകാരൻ കെട്ടിയ
അമ്മായി അതിനാൽ, രാജീവ് ഗാന്ഡി
പറഞ്ഞയാൾക്കു പിന്നെ  വോട്ടു നൽകി
പതിയെ..പതിയെ, സ്വപതിയെ വഞ്ചിച്ചു.

"കുഞ്ഞിക്കാക്കാൻറെ റേഡിയോ തര്വോ?
കുറ്റിപ്പുരയിലിൻറെ കുഞ്ഞിനു പാട്ടു കേൾക്കാൻ,
അവളെയുറക്കീട്ടുറങ്ങ്ണില്യാ...., ഗതികെട്ടല്ലോ റബ്ബേ...!"
മച്ചിങ്ങ കൊണ്ടുള്ള കുഞ്ഞിനെയുറക്കാൻ,
കൂമ്പാള കൊണ്ടുള്ള തൊട്ടിൽ.

"മഴ വരുന്നു..കുഞ്ഞിക്കാക്കാ..
കുറ്റിപ്പുരക്കു മേലെ വാഴയില വെച്ചില്ല.

കത്തി കൊക്ക കെട്ടിയ തോട്ടി കൊണ്ടുവാ..
ഉമ്മ കാണാതെ ഞാൻ വാഴയില വെട്ടിത്തരാം ".

തോട്ടിക്കു പോയ കുഞ്ഞിമാൾ തിരിച്ചു വന്നില്ല.
കാലിലെന്തോ കടിച്ചെന്നു പറഞ്ഞുമ്മയോടു കരഞ്ഞു.
സൂചി കുത്തിയ പോലെ അടുത്തടുത്ത് രണ്ട് കുത്ത്.
വേലുവാണ് വിഷഹാരി.. ദൂരം  നേരം വൈകിച്ചെന്നു ചൊല്ലി.

കുറ്റിപ്പെരയിലിരുന്ന "മർഫി" മഴയിൽ ഒഴുകി നടന്നു.
മൂന്നോടിനന്നു ആരോ അതു തുടച്ചു  തുറക്കാൻ ശ്രമിച്ചു.
മർഫി  ഒന്നും മിണ്ടിയില്ല, ആരോടും.. പിന്നീടും....
കുഞ്ഞിമാളെപ്പോലെ അതുംഒരോർമ്മയായി....!

തീപ്പെട്ടിപ്പോട്ടങ്ങളും...ഒഴിഞ്ഞത്തറു കുപ്പികളും..,
വെട്ടിയെടുത്ത പത്രചിത്രങ്ങളും..പാത്തു വെക്കുന്ന
മിക്കി മൗസിൻറെ പടമുള്ള കാർഡ്ബോർഡ് പെട്ടിയിൽ..
മർഫി മിണ്ടാതെ കിടന്നു.. നൊമ്പരത്തോടെ. മച്ചിൽ...!
ഉള്ളിലുള്ളത് കേൾക്കാൻ ഒരാളില്ലാതെ....!!


അഭിപ്രായങ്ങളൊന്നുമില്ല: