2015, ജൂലൈ 24, വെള്ളിയാഴ്‌ച

കാട്ടുവള്ളിയിലെ പൂക്കൾ.

വെറുതെ പൂക്കുന്ന 

ചില വള്ളികളുണ്ട്.

വളം ചേർക്കാതെ തന്നെ

 നന്നായി വളരുന്നവ..!

വെള്ളമില്ലെങ്കിലും 

ദാഹം കാണിക്കാത്തവ..!

കോട്ടലു കുത്താതെ 

പടർന്നു കയറുന്നവ...!


വിത്തെടുത്ത് നല്ലതു 

വെണ്ണീറിൽ കുഴച്ചു,

ഉറക്കുത്തനെ പേടിച്ച്,

കിഴിയിൽ കെട്ടി...,

പുകയത്തു തൂക്കാതെ,

കാറ്റത്താടിക്കളിക്കാതെ..

പരിചരണമില്ലാതെ , 

 മണ്ണിലെവിടെയോ  വീണത്.


കാലം ആണ്ടോടാണ്ടു

മുറി കൂടുന്നേരം,

വിത്തിനകത്ത്  

ഇരുന്നു മുഷിഞ്ഞ  ബീജം,

ആദ്യത്തെ ഇടിയുടെ 

 മുഴക്കം കേട്ടുണരും..

മഴപ്പാൽ കൊതിയോടെ

അതു  നുണയാനിഴയും.


ആരോടും പറയാതെ 

 പരാതിപ്പെടാതെ.......

അവയങ്ങു വളരും... 

പടരും, പൂക്കും..

കണ്ണിനഴകു തരുന്ന 

മണ്ണിലെ നക്ഷത്രങ്ങളായ്.

ഒന്നു കാറ്റിൽ  തെന്നിയാൽ  

തോന്നും വിളിച്ചെന്ന്.!



ഇരിക്കാനൊരു കൊമ്പ്, 

കൊടുക്കാനില്ലെങ്കിലും

ഓരൊ പൂവിലും

ഇത്തിരിയുണ്ടു തേൻ.

പിന്നെ ദൂരെയെവിടെ

നിന്നൊക്കെയോ..ആവോ.

സൂചിക്കൊക്കുള്ള പലനിറം

കുരുവികൾ   വന്നെത്തും.


വായുവിൽ നിന്ന്, 

 ഗ്രാവിറ്റിയെ തോൽപ്പിച്ചു  

ചിറകുകൾ വീശി, 

ചുംബനം മറച്ചു .

അയിത്തകൊക്കുകൾ 

 മുട്ടാതെ മുട്ടിച്ചു..

ഊറിയ തേനപ്പടി 

 ഊറ്റിയെടുക്കുമവ.


പിന്നെ യാത്രാമൊഴി 

 പോലും ചൊല്ലാതെ,

കാൽപ്പാടു പോലും 

പകരം നൽകാതെ..

എങ്ങോ കടന്നു കളയുമവ..

അടുത്ത കാട്ടു വള്ളിയിൽ

വാടാത്ത പുതു പൂവു തേടി.

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കാട്ടുപൂ പോലെ മനോഹരം

സൗഗന്ധികം പറഞ്ഞു...

നല്ല കവിത.


ശുഭാശംസകൾ......




Vishnu Girish പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Vishnu Girish പറഞ്ഞു...

എന്നിട്ടും വെറുതെ പൂക്കുന്ന കാട്ടുപൂക്കൾ. ഇഷ്ടമായി മാഷേ.