രാവിനിയും ഉറങ്ങിയുണരും പക്ഷെ  ഇരുമ്പുഴിയുടെ ഈ ലേഖകൻ ഇനിയുണരില്ല. 
പ്രതിഫലമില്ലാതെ നാലു പതിറ്റാണ്ടു ഒരു ലേഖകന്റെ പണി ചെയ്ത പ്രായം  മറന്നു ഓടി നടന്ന ആ  “പ്രാദേശിക ലേഖകനെ” ഇനിയാരും കാണില്ല. 
ഇരുമ്പുഴിക്കാരുടെ പ്രിയപ്പെട്ട എം.പി.യായിരുന്നയാൾ 
എം.പിയെന്നാൽ ഇരുമ്പുഴിക്കാർക്കു മനോരമയാണ്. 
മനോരമയെന്നാൽ എം.പിയും. 
(പലരും ആ രണ്ടക്ഷരങ്ങൾക്കു M.(anOrama) P.(athram) എന്നു തെറ്റായി  പൂർണ്ണരൂപം കൊടുത്തിരുന്നു). 
ഇരുമ്പുഴി അങ്ങാടിയിൽ എം.പി.മുഹമ്മദിന്റെ മുറിയിൽ രാവേറെ ചെന്നിട്ടും  വിളക്കണയാതെ കാണുമ്പോൾ, മനോരമ അപ്പോഴും ഉണർന്നിരിക്കുന്നുവെന്ന ഒരു തോന്നൽ  ഞങ്ങളിരുമ്പുഴിക്കാരിൽ ഉണ്ടായതു  ഇന്നോ ഇന്നെലെയോ മുതലല്ല.  നിത്യക്കാഴ്ച്ചയുടെ ഭാഗമായി അതു  ഞങ്ങളുടെ ഓർമ്മകളെ നാലഞ്ചു പതിറ്റാണ്ടു  പിറകിലേക്കു നടത്തുന്നു. 
1969 മുതൽ ജീവിതചര്യയുടെ ഭാഗമായി മനോരമ പത്രപ്രസിദ്ധീകരണങ്ങളുമായി  എം.പി ഇരുമ്പുഴിക്കാർക്കൊപ്പമുണ്ട്. 
നാട്ടിൽ എവിടെയെങ്കിലും ഒരു മരണം നടന്നാലും വിവാഹം നടന്നാലും ജാതി-മത,  വർഗ്ഗ-വർണ്ണ ഭേദമന്യേ സ്വന്തം ചെലവിൽ അതു പത്രത്തിൽ വാർത്തയാക്കുക  എന്നതദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമയിരുന്നെങ്കിൽ കൂടി കേവലം ഒരു  പത്രമേജന്റ് എന്നതില്പ്പരം ഒരു സ്ഥാനവും മനോരമ പോലും   ഇദ്ദേഹത്തിനംഗീകരിച്ചു കൊടുത്തിട്ടില്ലായിരുന്നു. 
നാട്ടിലെ പത്രം വായിക്കാത്ത പാമരനു അക്ഷരാഭ്യാസമില്ലത്താണു അതിനു  കാരണമെങ്കിൽ പോലും മരണവും എം.പിയും തമ്മിൽ ചേരുമ്പടി ചേർക്കാനുള്ള  അറിവുണ്ട്. ആരെങ്കിലും ഒരു മരണവിവരം കേട്ടാൽ ആദ്യം ചോദിക്കുക  “എന്തായിരുന്നു അസുഖം?” എന്നല്ല മറിച്ചു “എം.പി.യെ വിവരമറിയിച്ചോ?”  എന്നായിരുന്നു. 
ഇനി ആര്? 
ഞങ്ങൾ ഓർക്കുകയാണ്.  
അതിനാൽ ഇരുമ്പുഴിയിലും പരിസര പ്രദേശത്തും നടന്ന മരണവിവരം ആദ്യം  അറിയിക്കപ്പെടുന്ന വ്യക്തി എം.പി.യാണ്. 
ഏതു പാതിരാത്രിക്കും ഒരു മരണ-അറിയിപ്പോ ഫോണോ കിട്ടിയാൽ പിന്നെ  എം.പി.ക്കു വിശ്രമമില്ല. 
മുഷിഞ്ഞ മുണ്ടും ഷർട്ടും മാറ്റാതെ, തോളിൽ ചുറ്റിയിട്ട തോർത്ത് ഒന്നു  വീശി തോളിലിട്ട് ഒരു നടത്തം. മരണവീടിലേക്കു കൂരിരുട്ടത്തും ഒറ്റക്കായാലും  കാൽനട യാത്ര ചെയ്തും. ഈ ആത്മാർത്ഥതക്കു പിന്നിൽ  പ്രതിഫലത്തിന്റെ കാംക്സ  അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ലന്നതാണു ഏറ്റവും വിസ്മയം. 
മൃതദേഹം കണ്ടു കഴിഞ്ഞാൽ  പിന്നെ, പരേതന്റെ ചിത്രവും ചരിത്രവും  ശേഖരിക്കാനുള്ള തെരക്കായി. മക്കളുടെയും മരുമക്കളുടെയും പേരുകളും അവരുടെ  ഇപ്പോഴത്തെ അവസ്ഥയും ചോദിച്ചറിയും. 
മരണവിവരം നാട്ടുകാരെ താൻ വില്ക്കുന്ന പത്രത്തിലൂടെ അറിയിക്കാനുള്ള  പരിശ്രമമാണ്. 
പരേതന്റെ പടം കിട്ടാൻ പരമാവധി ചെയ്യുന്ന പരിശ്രമം പലപ്പോഴും  പരിഹാസ്യമായ രീതിയിലേക്കു പോകാറുണ്ടെങ്കിലും എം.പി. അവിടെയും പതറാറില്ല.   പരേതനുമായി ബന്ധപ്പെട്ടവരിൽ നിന്നതു സംഘടിപ്പിക്കാൻ ചെയ്യുന്ന  പരിശ്രമത്തിന്റെ പല കഥകൾ മറക്കാൻ പറ്റാത്തവരാണു ഇരുമ്പുഴിക്കാർ.  
വാർത്തക്കാവശ്യമുള്ളവ കിട്ടിയാൽ പിന്നെ  തന്റെതു മാത്രമായ ശൈലിയിൽ  രേഖയാക്കി, ഓഫീസിന്റെ വാതിൽ ചാരി നേരെ ഇരുട്ടിലേക്കിറങ്ങുന്ന എം.പിയുടെ  ലക്സ്യം കിലോമീറ്ററുകൾക്കപ്പുറത്തുള്ള പത്രമോഫീസ്. പണ്ടായിരുന്നെങ്കിൽ  കോഴിക്കോട്, ഇന്നതു മലപ്പുറത്ത്. 
എൺപത്തഞ്ചിനു  മുകളിൽ പ്രായം കടന്നിട്ടും പ്രായത്തെ തോല്പ്പിച്ചു  നടന്നു കാണിച്ചു തന്ന നിസ്വാർഥ സേവനവഴിയിൽ എം.പി.തെളിച്ച വെളിച്ചം മായാതെ  കിടക്കുമൊരുപാടു കാലം. 
പത്രത്തിന്റെ ഡെഡ്ലൈൻ അറിഞ്ഞായിരുന്നു എം.പിക്കായുടെ ഓട്ടം.  ഓഫീസിലെത്തിയാൽ വാർത്ത എത്തിക്കേണ്ടിടത്തു നേരിട്ടെത്തിച്ചു വീണ്ടും,  വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നത്രേ! “ഒന്നും വിടരുത്. 
ഒരു പേരു വിട്ടാൽ ആ പെരക്കാരെ വേദനിപ്പിക്കും”. 
ആ ഒർമ്മപ്പെടുത്തൽ കേൾക്കുന്നവർക്കറിയാമായിരുന്നു ആ  ഉത്തരവാദിത്തത്തിന്റെ ആഴം. 
ഗതാഗതസ്തംഭനം ഉണ്ടാവുമ്പോൾ എം.പി.ഇരുമ്പുഴിയിൽ നിന്നു വാർത്തയുമായി  മലപ്പുറത്തേക്കും അവിടെ നിന്നു തിരിച്ചും കാൽനടയാണു പതിവ്. 
മുൻപ് പത്രമോഫീസ് കോഴിക്കോടായിരുന്ന കാലം വാർത്തയുമായിരാത്രി കിട്ടുന്ന  വണ്ടിയിലൊക്കെ കേറി, കോഴിക്കോട്ടേക്കു വിടുന്ന എം.പി.ക്ക പുലർച്ചെ  ഏതെങ്കിലും ഒരു പത്രവണ്ടിയിലാവും മടക്കം. 
ഇരുമ്പുഴിയുടെ ഈ സ്വന്തം ലേഖകൻ നാട്ടിലെ വിവാഹങ്ങൾ ഒന്നും  ഒഴിവാക്കില്ല. തലേന്നു ചെന്നു വരന്റെയും വധുവിന്റെയും വിവരങ്ങൾ ശേഖരിച്ചു  പോകുന്ന എം.പി. മുഹമ്മദുകാക്കയുടെ തലവട്ടം കല്യാണദിവസം രാവിലെ കണ്ടാൽ മതി  വീട്ടുകാർക്കു പെരുത്തു സന്തോഷമാവും. വിവാഹവാർത്തയടങ്ങിയ അന്നത്തെ പത്രം  കക്സത്തിൽ നിന്നെടുത്തു ഗൃഹനാഥനു നീട്ടും. വിവാഹവാർത്ത കാണിച്ചു കൊടുക്കും.  അന്നത്തെ പത്രം തന്റെ വക സമ്മാനമായി കല്യാണപന്തലിൽ നല്കും. 
എം.പി. മുഹമ്മ്ദു കാക്ക ഞങ്ങൾക്കു ബഷീറായിരുന്നു. 
വൈക്കം മുഹമ്മതു ബഷീറിനെപ്പോലെ ഏറെക്കാലം നാടു വിട്ടു നാടു തെണ്ടിയുള്ള  സഞ്ചാരമായിരുന്നു. 
അണ്ഡകടാഹം മുഴുവൻ നൊസ്സുപിടിച്ചു നടന്ന അനുഭവങ്ങളുടെ സുൽത്താൻ. 
കോഴിക്കോട്ടെ കടപ്പുറത്തു ബ്രിട്ടീഷ് കമ്പനിയുടെ വഞ്ചിയിൽ  ജോലിക്കാരനായി കയറി നാടുചുറ്റി, ബീഡിതെറുപ്പുകാരൻ, ബീഡിത്തൊഴിലാളി യൂണിയൻ  നേതാവ്, കമ്മ്യൂണിസ്റ്റുകാരൻ, ഇ.എം.എസിന്റെ അടുത്ത അനുയായി.  ഇതൊക്കെക്കഴിഞ്ഞു ഇരുമ്പുഴിയിൽ തിരിച്ചെത്തിയ എം.പി.മുഹമ്മദ് എം.പി.എം.ബീഡി  കമ്പനി ഉടമയായി. യുവജന വായനശാലാ സെക്രട്ടറിയായി. കമ്മ്യൂണിസത്തിനോടു  വിടപറഞ്ഞു മനോരമയെ പ്രണയിച്ചു.മനോരമയുടെ സകല പ്രസിദ്ധീകരണങ്ങളേയും  പ്രണയിച്ചു. പരിണയിച്ചു. 
അതിനിടയിൽ കുടുംബം സംരക്ഷിക്കാനും നിലനിർത്താനും മറന്നു. 
നാട്ടുകാരുടെ പ്രിയപ്പെട്ട എം.പി.കാക്ക കല്യാണപ്പാട്ടുകാരനായിരുന്നു. 
കല്യാണപ്പാട്ടുകാർക്കു അന്തസ്സും ബഹുമാനവും അളവിൽ കൂടുതൽ ലഭിച്ചിരുന്ന  കാലം. 
നാടൊട്ടുക്കും അറിയപ്പെടുന്ന കല്യാണപ്പാട്ടുകാരനായിട്ടും അന്നു പോലും   അതൊരു വരുമാനമാർഗ്ഗമായല്ല കണ്ടത് . അന്നത്തെ ഹോബിയായി മാത്രം. 
1969 മുതൽ മരിക്കുന്നതു വരെ മലയാളമനോരമ യുടെ ഇരുമ്പുഴി ഏജന്റായിരുന്ന  എം.പി മുഹമ്മദിന്ന് എന്നും ഒരു നിർബന്ധം ഉണ്ടായിരുന്നു. അദ്ദേഹം  കൊടുക്കുന്ന വാർത്തകളിൽ തലക്കെട്ടിൽ “ഇരുമ്പുഴി” വേണമെന്ന നിർബന്ധം.  ഇരുമ്പുഴിയിലെ ഒരു വാർത്തയില്ലാതെ മനോരമ ഇറങ്ങരുതെന്ന വാശിയും. 
ഇരുമ്പുഴി താഴത്തെ അങ്ങാടിയിൽ എം.പി. മുഹമ്മദിനു മലയാള മനോരമ ഏജന്റ്  എന്ന ബോർഡു വെച്ച ഒരു ഓഫീസുണ്ട്. ഇന്നതു അനാഥമായി കിടക്കുന്നു.  എം.പി.മുഹമ്മദിന്റെ രാവും പകലും അവിടെയായിരുന്നു. ആർക്കും എപ്പോഴും  സ്വാഗതമുണ്ടായിരുന്ന കുടുസ്സുമുറി. 
ഈ കൊച്ചു മുറിയിൽ ഒരപൂർവ്വ ശേഖരവും ഉണ്ടായിരുന്നു. 1969 മുതലുള്ള എല്ലാ  മനോരമ കലണ്ടറും, പഞ്ചാംഗവും അപൂർവ്വങ്ങളിൽ അത്യപൂർവ്വങ്ങളായ വാർത്തകൾ  അടങ്ങിയ പുരാതന പത്രത്താളുകളും. 
വലിവിന്റെ അസുഖത്താൽ അടുക്കും ചിട്ടയും നഷ്ടപ്പെട്ടപ്പോളും ഓഫീസ് രണ്ടു  തവണ മാറ്റേണ്ടി വന്നപ്പോഴും വിലപ്പെട്ട ഈ രേഖകൾ പലതും നഷ്ടപ്പെട്ടു.  കലണ്ടറൊക്കെ ചിതൽ തിന്നു നശിച്ചതിൽ ദു:ഖിച്ചതു എം.പിയെക്കാൾ ഞങ്ങൾ  നാട്ടുകാരായിരുന്നു. പലരും എം.പി യെ തേടിയെത്തുന്നതു പഴയ ഒരു തിയതിയും  നാളും അറിയാനായിരുന്നു, അതല്ലങ്കിൽ പഴയ ഒരു മരണത്തിയതി പരതിയെടുക്കാനും  കൂടിയായിരുന്നു. അങ്ങനെ ഒരു വാർത്തയുടെ തിരച്ചിലിനിടക്കാണു മനോരമ  യൂനിക്കോഡിലാവാത്തതിന്റെ ദോഷം ഞാൻ ആദ്യമായി അദ്ദേഹത്തോടു ചർച്ച ചെയ്തത്.   വലിയ പത്രത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള അദ്ദേഹത്തിനതു പ്രായോഗിക  പരിചയത്തിൽ നിന്നതു പെട്ടെന്നു മനസ്സിലായി. പക്ഷെ മനോരമ മാനേജ്മെന്റിനതു  മനസ്സിലാവാൻ കാലമെടുക്കുന്നു. 
പുതുവർഷാരംഭത്തിൽ ഞാൻ നാട്ടിലില്ലാത്ത വർഷങ്ങളിലൊക്കെ നാട്ടിൽ നിന്നു  വരുന്ന ആരുടെയെങ്കിലും പക്കൽ മനോരമ കലണ്ടറും ഡയറിയും കൊടുത്തയച്ചിരുന്ന  അദ്ദേഹം പണത്തിനു പകരമായി ഒരിക്കൽ ചോദിച്ചത് ഒരു ബ്രഷായിരുന്നു. 
ഹജ്ജിനു പോകുന്നവരുടെ പെട്ടികളിൽ പെയ്ന്റു കൊണ്ടു പേരെഴുതാൻ  എം.പി.കക്കാനെ ഈ അടുത്ത കാലം വരെ വിളിച്ചിരുന്നു.  
എം.പി.കാക്കയെ കുറിച്ചു ഓർക്കുമ്പോൾ എനിക്കു സ്വകാര്യമായ ഒത്തിരി  നൊമ്പരങ്ങളുണ്ട്. അയാളുടെ കീഴിൽ പത്രമാസിക വിതരണ ജോലി ഇല്ലായിരുന്നിട്ടും  അതിരാവിലെ എണീറ്റു ഇരുമ്പുഴി അങ്ങാടിയിൽ കടകളിലേക്കു വിതരണം ചെയ്യാനുള്ളവ  ചോദിച്ചു വാങ്ങി, പത്രവും മാസികയും കൈപറ്റുമ്പോൾ പണം ചെലവാക്കാതെയുള്ള വായന  എനിക്കു സാദ്ധ്യമായതിനു  ഞാൻ നന്ദി പറയേണ്ടതാ മനുഷ്യനോടാണ്. ഭാഷാപോഷിണി  എന്ന മനോരമയുടെ പ്രസിദ്ധീകരണം അന്നാണു അവസാനമായി തൊട്ടത്. അന്നത്തെ  വായനയുടെ നൂറിലൊന്നു ഇപ്പോഴില്ല എന്ന തിരിച്ചറിവു തന്നെയാണു ആ സഹായത്തിന്റെ  മൂല്യം ഉയർത്തുന്നത്.  
മനോരമ പത്രക്കെട്ടു പൊതിഞ്ഞു വരുന്ന വൃത്തിയുള്ള ന്യൂസ്പ്രിന്റ്  ആയിരുന്നു എന്റെ എഴുത്തിന്റെയും വരയുടെയും ക്യാൻവാസ്. ഡിഗ്രിക്കു  പഠിക്കുമ്പോൾ പോലും ആ ന്യൂസ്പ്രിന്റിലായിരുന്നെന്റെ നോട്സുകൾ. ഞങ്ങൾക്കു  വേണ്ടി മടക്കു നിവർത്തി ഭദ്രമായി വെച്ചിരുന്ന ഈ ന്യൂസ്പ്രിന്റുകൾക്കു  പലപ്പോഴും അദ്ദേഹം പൈസ വാങ്ങിച്ചിരുന്നില്ല. 
ഞാൻ അന്നു വരച്ചിരുന്ന തീരെ നിലവാരം കുറഞ്ഞ കാർട്ടൂണുകൾ പോലും വളരെ  കാര്യമായി സ്വീകരിച്ചു  അതുമായി അദ്ദേഹം പത്രമോഫീസിലേക്കു പോയിട്ടുണ്ട്.  എന്തു കൊണ്ടാണു അതു പ്രസിദ്ധീകരണയോഗ്യമല്ലാതായതു എന്നു വിശദീകരിച്ചു  തന്നിരുന്നപ്പോൾ എന്നെക്കാൾ വിഷമം അദ്ദേഹത്തിനാണെന്നു തോന്നിയിട്ടുമുണ്ട്. 
വീട്ടിലേക്കുറങ്ങാൻ പോലും പോകതെ ഓഫീസു കിടപ്പുമുറിയാക്കുന്നതിലും  വൃത്തിയുള്ള വസ്ത്രം ധരിക്കാത്തതിലും പണം ചെലവാക്കുന്നതിൽ നിയന്ത്രണം  കാണിക്കാത്തതിലും ഞാൻ ഒരു പാടു പരിഹസിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തെ  എനിക്കൊരുപാടിഷ്ടമായിരുന്നു. 
എന്റെ എളാപ്പാന്റെ വിവാഹം എന്റെ വിവാഹമാണെന്നു തെറ്റിദ്ധരിച്ചു തെറ്റായ  വാർത്ത പത്രത്തിൽ കൊടുത്തിട്ടും അയാളോടു ദേഷ്യം തോന്നാതിരുന്നതിനു  കാരണമതാണ്. 
ഏതു കാര്യത്തിനായാലും ഒരു കൈ സഹായത്തിനു  എപ്പോഴും തയാറായിരുന്ന എം.പി  ഇനി ഞങ്ങളുടെ ഓർമ്മകളിൽ മാത്രം ജീവിക്കുന്നു.
64777
2010, ഏപ്രിൽ 4, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)




8 അഭിപ്രായങ്ങൾ:
ഇരുമ്പുഴി താഴത്തെ അങ്ങാടിയിൽ എം.പി. മുഹമ്മദിനു മലയാള മനോരമ ഏജന്റ് എന്ന ബോർഡു വെച്ച ഒരു ഓഫീസുണ്ട്. ഇന്നതു അനാഥമായി കിടക്കുന്നു. എം.പി.മുഹമ്മദിന്റെ രാവും പകലും അവിടെയായിരുന്നു. ആർക്കും എപ്പോഴും സ്വാഗതമുണ്ടായിരുന്ന കുടുസ്സുമുറി.
ഈ കൊച്ചു മുറിയിൽ ഒരപൂർവ്വ ശേഖരവും ഉണ്ടായിരുന്നു. 1969 മുതലുള്ള എല്ലാ മനോരമ കലണ്ടറും, പഞ്ചാംഗവും അപൂർവ്വങ്ങളിൽ അത്യപൂർവ്വങ്ങളായ വാർത്തകൾ അടങ്ങിയ പുരാതന പത്രത്താളുകളും.
ഇരുമ്പുഴി താഴത്തെ അങ്ങാടിയിൽ എം.പി. മുഹമ്മദിനു പ്രണാമം
പതിവ് പോലെ വളരെ നന്നായി എഴുതിയിയിരിക്കുന്നു,മാഷെ.
ഹൃദയസ്പര്ശിയായി തോന്നിയത് ഇത് പോലെ ഒരാളെ എനിക്കും അറിയാമെന്നത് കൊണ്ട് കൂടിയായിരിക്കും.
മാഷെ-
ഇങ്ങിനെയുള്ള പല വ്യക്തികളുടെയും ചരിത്രമാണു ശരിക്കും ഒരു നാടിന്റെ ചരിത്രം. നാടിനെ നാടാക്കി മാറ്റുന്നത്. പക്ഷെ, നമുക്ക് ചരിത്രങ്ങളെന്തെന്നിനറിയാതെയാകുന്നു.
മാഷെ,
ഹൃദയസ്പര്ശിയായി എഴുതിയിയിരിക്കുന്നു.
Sulthan | സുൽത്താൻ
മാഷെ..
ഓരോ നാട്ടിലും ഇത്തരം ചില വ്യക്തിത്വങ്ങള് കാണും അവരുടെ കഥ ആ നാടിന്റെ ഒരു കാലഘട്ടത്തിന്റെ കൂടിയായിരിക്കും.
നന്നായിരിക്കുന്നു മാഷേ.
കുറച്ചൊരു അതിശയത്തോടെയാണ് എം പി യെ പറ്റി വായിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
അങ്ങനെ കുറേ പേര് ...............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ