2009, ഡിസംബർ 2, ബുധനാഴ്‌ച

ദക്ഷിണ


വിദ്യ ഗുരുമുഖത്തു നിന്നാണു അഭ്യസിക്കുക പതിവ്‌.
പക്ഷെ എനിക്കു നേര്‍വിപരീതമായ ഒരു ജീവിതാനുഭവമുള്ളതു പങ്കുവെക്കാം.
ശിഷ്യയില്‍ നിന്നു അഭ്യസിച്ച പാഠം.
"നിശ്ചയദാര്‍ഢ്യമാണു വിജയത്തിന്റെ നിദാനം".
എന്റെ ജിവിതത്തിലെ ഏറ്റവും മൂല്യവത്തായ പാഠം അതാണ്‌.
സര്‍ക്കാര്‍ ആപ്പീസില്‍ ഗുമസ്ഥപ്പണിമുതല്‍ വിദേശത്തു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഫൈനാന്‍ഷ്യല്‍ കണ്ട്രോളര്‍ വരെയുള്ള ജോലികള്‍ ഞാന്‍ അനുഷ്ഠിച്ചിട്ടുണ്ടെകിലും അതിനൊക്കെ മുന്‍പു ഒരു ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്ന കാലമാണു ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിക്കാലം.
ഇരുമ്പുഴിയിലെ "അക്ഷര" കോളേജില്‍ നടന്ന ഒരു സംഭവമാണു ഇതെഴുതാന്‍ പ്രേരണ.

ഒരു ദിവസം "അക്ഷര" യിലേക്കു ഒരു വിദ്യാര്‍ത്ഥിനി എത്തി. ഒരു വയസ്സു തികയാത്ത ഒരു കുഞ്ഞിനെ ഒക്കത്തു വെച്ചൊരു സ്ത്രീ.
അവര്‍ക്കു എട്ടാം ക്ലാസ്സില്‍ വെച്ചു കല്യാണം "സംഭവിച്ചു" പഠനം മുടങ്ങിയതാണ്‌.
തുടര്‍ന്നു പഠിപ്പിച്ചോളാം എന്ന കറാറിലായിരുന്നെങ്കിലും കല്യാണശേഷം വരന്റെ വീട്ടുകാര്‍ സ്വരം മാറ്റി.
ഫലമോ, പെണ്ണിന്റെ പഠിപ്പു മുടങ്ങി.
അസ്വാരസ്യങ്ങളുമായി ഇഴഞ്ഞ ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ താണ്ടിയില്ല.
വിവാഹമോചനത്തിന്റെ തൊട്ടുമുന്‍പു ശിഷ്ടമായി കിട്ടിയത്‌ ഒരു കുട്ടി.

കുട്ടിയുണ്ടെന്നും വിവാഹമോചിതയായെന്നും കരുതി കേസിനു പോയി, അര്‍ഹതപ്പെട്ട ജീവനാംശവും വാങ്ങി സ്വസ്ഥമായിരിക്കാമെന്നു ആശ്വസിച്ചവള്‍ ബാക്കി ജീവിതത്തെ എഴുതിത്തള്ളിയില്ല.
നിര്‍ത്തിയേടത്തു നിന്നു തുടര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു.

അതിനുള്ള തുടര്‍നടപടികള്‍ തെരക്കി അവള്‍ കുട്ടിയെയും ഒക്കത്തു വെച്ചു ഒറ്റക്കു സ്കൂളില്‍ "കയറി"ച്ചെന്നു.
പ്രായം പരിധി വിട്ടല്ലോ! എന്നു കണ്ടെത്തിയ സ്കൂളിലെ അധ്യാപകരില്‍ ആരോ ഒരാളാണു "അക്ഷര“ പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ വിഭാഗത്തിനു എസ്‌.എസ്‌.എല്‍.സി. എക്സാമിനിരിക്കാന്‍ സഹായവും ട്യൂഷനും കൊടുക്കുന്നുണ്ടെന്നും, അതിനു ചേര്‍ന്നാല്‍ ഒറ്റയടിക്കു എസ്‌.എസ്‌.എല്‍.സി പാസ്സാവുമെന്നും അവളെ പറഞ്ഞു മനസ്സിലാക്കി ഞങ്ങളുടെ അടുത്തേക്കു വിട്ടത്‌.
കുട്ടിയുമായി കോണി കേറി വന്നു കയറിയ ആ "തള്ളയെ" കണ്ട മാത്രയില്‍ തന്നെ 'വലിഞ്ഞു കേറിയ വയ്യാവേലി" എന്നെ ഞങ്ങള്‍ക്കെല്ലാര്‍ക്കും തോന്നിയുള്ളൂ.
എത്രയും പെട്ടെന്നു അവളെ മാന്യമായി ഒഴിവാക്കി വിടുക എന്നാണു ഞങ്ങള്‍ പെട്ടെന്നു കണ്ണുകള്‍ കൊണ്ടു ആദ്യമായി ഐക്യകണ്ഠമായെടുത്ത രഹസ്യ തീരുമാനം.
അതനുസരിച്ചു ഒരോ അധ്യാപകനും തന്റെ മനോധര്‍മ്മമനുസരിച്ചു ആ അഡ്മിഷന്‍ മുടക്കാനായി ഓരോ മുട്ടാപ്പോക്കു മെനഞ്ഞുണ്ടാക്കി.
ഞങ്ങളുടെ പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ ക്ലാസ്സ്‌ രാത്രിയാണെന്നും അതില്‍ സ്ത്രീകള്‍ക്കു വിഷമമാണെന്നും പ്രത്യേകിച്ചു ഒരു കൊച്ചുള്ള സ്ത്രിക്കു ബുദ്ധിമുട്ടായിരിക്കുമെന്നും അവളോടു പറഞ്ഞു നോക്കി.
പക്ഷെ അങ്ങോട്ടു ഏശിയില്ല.
അവള്‍ ഉറച്ച തീരുമാനമെടുത്തിരുന്നു.
എന്തു ത്യാഗം സഹിച്ചിട്ടായാലും വേണ്ടില്ല.

സ്കൂള്‍ ഗോയിംഗ്‌ ട്യൂഷന്‍ ബാച്ചിന്റെ കൂടെ പകല്‍ പിന്‍ബെഞ്ചിലിരുന്നു പഠിച്ചോളാമെന്നു പറഞ്ഞു.
അവര്‍ പഠിത്തത്തില്‍ അഡ്വാന്‍‌സ്‌ഡ് ആണെന്നും ആ കുട്ടികളുടെ പരിഹാസത്തിനു വിധേയയാവേണ്ടി വരുമെന്നും പറഞ്ഞു നോക്കിയതു മറ്റൊരു മാഷ്‌.

അത്‌ ഞാന്‍ സ്വയം മാനേജു ചെയ്തോളാമെന്നും അതിപ്പോള്‍ താന്‍ അനുഭവിക്കുന്ന കളിയാക്കലിനെക്കാള്‍ അധികമാവില്ലന്നും പറഞ്ഞു ആ വാദത്തെയും നിറഞ്ഞ നിശ്ചയദാര്‍ഢ്യം കൊണ്ടു തോല്‍പ്പിച്ചു പിന്നേയുമവള്‍.

ഞങ്ങള്‍ ത്രിശങ്കുവിലായി.

ഞങ്ങളുടെ ഒരു ഒഴിവുകഴിവും അവളുടെ അടുത്തു ചെലവാക്കില്ലന്നു ബോധ്യമായി.
എട്ടിലേയും ഒമ്പതിലേയും പാഠഭാഗങ്ങളില്‍ നിന്നു പരീക്ഷക്കു ചോദ്യമുണ്ടാവുമെന്നും അതു ഒരാള്‍ക്കു മാത്രമായി പഠിപ്പിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു നോക്കി.

എട്ടിലേയും ഒമ്പതിലേയും പുസ്തകങ്ങള്‍ സ്വയം പഠിക്കാമെന്നും മറ്റു കുട്ടികളുടെ പഠന നിലവാരത്തിലേക്കെത്താമെന്നും അവള്‍ വാക്കു തന്നു.
ഇനി ഒരു എസ്ക്യൂസ്‌ കൂടി പറഞ്ഞു അവളെ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഞങ്ങള്‍ പരാജയം സമ്മതിച്ചു.
ക്ലാസ്സിലെ ഏറ്റവും പിറകില്‍ മറ്റു കുട്ടികളുടെ ശ്രദ്ധയില്‍ വരാത്തിടത്തു അവള്‍ക്കായി ഒരു സീറ്റ്‌ ശരിപ്പെടുത്തേണ്ടി വന്നു.
പക്വമതിയായ അവള്‍ ക്ലാസ്സില്‍ വരുമ്പോള്‍ കുഞ്ഞിനെ കൊണ്ടു വന്നില്ല.
പക്ഷെ ക്ലാസ്സുകഴിഞ്ഞാല്‍ അവള്‍ ആരെയും കാത്തു നിന്നില്ല.
മകള്‍ക്കു അമ്മയും അമ്മക്കു വിദ്യഭ്യാസവും നഷ്ടമാവാത്ത വിധത്തില്‍ അവള്‍ യുക്തമായി സമയം വിനിയോഗിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ അവള്‍ ഞങ്ങളുടെ പ്രിയ ശിഷ്യയായി.
അവള്‍ വാക്കു പാലിച്ചു. മറ്റു കുട്ടികളുടെ നിലവാരത്തിലേക്കെത്തുകമാത്രമല്ല അവരെക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ആ വര്‍ഷം "അക്ഷര അവാര്‍ഡു“ വാങ്ങാന്‍ മാത്രം ഉയര്‍ന്ന മാര്‍ക്കു വാങ്ങി അവള്‍ ഉപരി പഠനത്തിനുപോയപ്പോള്‍ ശരിക്കും ഗുരുദക്ഷിണ വാങ്ങാനല്ല മറിച്ചു കൊടുക്കാനായിരുന്നു ഞങ്ങളുടെ അര്‍ഹത.
ഇപ്പോഴും കഠിനമെന്നും അസാദ്ധ്യമെന്നും പറഞ്ഞു പലരുമെഴുതിത്തള്ളിയ കാര്യങ്ങള്‍ ഏറ്റെടുത്തു വിജയിക്കുമ്പോള്‍ അതിനു അനുമോദനം കിട്ടുമ്പോള്‍ ശരിക്കും ഓര്‍ക്കുന്നതു ആ കുട്ടിയെ ആണ്‌.
അതാണു എന്റെ ശിഷ്യദക്ഷിണ (ശിഷ്യക്കുള്ള ദക്ഷിണ).
ഇതു പിന്നീടു എന്റെ ഒരു ചെറുകഥക്കു കാരണമായിട്ടുണ്ട്‌.

തുഷാരത്തുള്ളികള്‍: പാഠം.രണ്ട്‌. ഗുരുദക്ഷിണ

60985

7 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

ശരിയാണ് മാഷേ വിദ്യക്ക് വിവേചനമില്ല...വിദ്യാഭ്യാസത്തിനു പ്രായവുമില്ല.
ആ ശിഷ്യ തന്നെയാണ് അതിനുള്ള ഉദാഹരണവും..

പേരറിയാത്ത ആ യുവതിക്ക് എല്ലാ ആശംസകളും നേരുന്നു..

Typist | എഴുത്തുകാരി പറഞ്ഞു...

ദക്ഷിണ അര്‍ഹിക്കുന്ന ശിഷ്യ തന്നെ.

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

പരിശ്രമം ചെയ്യുകിലെന്തിനേയും....എന്നല്ലേ...

കാട്ടിപ്പരുത്തി പറഞ്ഞു...

മനോഹരമായ പോസ്റ്റ്

അജ്ഞാതന്‍ പറഞ്ഞു...

good ...great student...!
അത് ആരാണപ്പാ ആ സ്ടുടെന്റ്റ്‌...!
..asrus..
irumbuzhi

Visala Manaskan പറഞ്ഞു...

ആളൊരു പുലി ആയിരുന്നല്ലേ??

:) മാഷെ, പോസ്റ്റ് വളരെ ഇഷ്ടായി.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

മനോഹരമായ പോസ്റ്റ്