2009, ജൂലൈ 18, ശനിയാഴ്‌ച

ഒരനോണിപ്പത്രവും ഞാനും

രീം മാഷ്‌ എന്ന തൂലികാ നാമം ഞാൻ ബ്ലോഗിൽ വന്നതിനു ശേഷം മാത്രം സ്വീകരിച്ചതാണ്‌. പക്ഷെ നാട്ടിൽ വർഷങ്ങൾക്കു മുൻപേ ഞാൻ അറിയപ്പെടുന്ന്തു അതേ നാമത്തിലാണ്‌.
ഒരു പതിറ്റാണ്ടിലധികം 'അക്ഷര'യിൽ അധ്യാപകനായതിന്റെ ബാക്കിപത്രം.
"കരീം മാഷേ" എന്ന ആ സംബോധന എനിക്കു വളരെ ഇഷ്ടമാണ്‌ .
അതുകൊണ്ടു തന്നെയാണു പാരലൽ കോളേജിലെ അധ്യാപക ജോലി വിട്ടു അധോമണ്ഡല അസ്ഥിര ഗുമസ്ഥനായിട്ടും ഇതു രണ്ടിനെക്കാളും ഏറെക്കാലം കണക്കപ്പിള്ളപ്പണി ചെയ്തിട്ടും 'മാഷേ' എന്ന വിളികേൾക്കുമ്പോൾ എനിക്കു ഏറെ സുഖിക്കുന്നത്‌.
ശരിക്കും പറഞ്ഞാൽ വല്ലാത്തൊരു സുഖം!.

ആ സുഖം അവസാനശ്വാസം വരെ അനുഭവിക്കാനാണു തൂലികാനാമമായും ബ്ലോഗുനാമമായും ഓര്‍ക്കൂട്ട് വിലാസമായും ഫേസ് ബുക്ക് പ്രൊഫൈലായും അതു തന്നെ സ്വീകരിച്ചത്‌.
എല്ലായിടത്തും അതു അംഗീകരിക്കപ്പെടുകയും ചെയ്തു.
കാര്യം നേടാൻ കളത്രവും ഇപ്പോൾ ഈ വിളി ഒരു കൗശലമാക്കിയിരിക്കുന്നു.

ഇടക്കെപ്പൊഴോ കീമാനുലയിൽ യൂണിക്കോഡു ചുരിക കടഞ്ഞു
വരമൊഴിപ്പരിചകൊണ്ടു തടുത്തും,
കമന്റു വെട്ടിനൊഴിഞ്ഞും,
മുഖാമുഖം നിന്നു ആളങ്കം നടത്തുന്നതിനെടെ,
നിരവധി കളരിക്കുടയോനായ പെരിങ്ങോടൻ മാത്രം "മാഷല്ലാത്ത കരീം മാഷ്‌" എന്നു കളിയാക്കിയതൊഴിച്ചാൽ ആ പേരിന്റെ പേരിൽ ആരോടും പിന്നെ നേരിട്ടങ്കം വെട്ടേണ്ടി വന്നിട്ടില്ല.

"അക്ഷര" യിലെ അധ്യാപനകാലസ്മരണകൾ ബ്ലോഗിൽ പോസ്റ്റു ചെയ്തു ജീവിതത്തിലും മാഷു തന്നെയായിരുന്നെന്നു തെളിവു കൊടുത്തു. ഒരു പാരലല്‍ കോളേജിലെ അധ്യാപകനായിരുന്നൂ എന്നതിലോ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അധ്യാപക ട്രൈനിംഗ് കഴിക്കാത്ത ഒരധ്യാപകനാണ് എന്നതിലോ എനിക്കൊട്ടും അപകര്‍ഷത തോന്നിയിരുന്നില്ലന്നതാണു സത്യം.

പാമ്പു ഉറ പൊഴിക്കുന്നതു പോലെ പലരും ഐഡന്റിറ്റി ഒന്നുരിച്ചു മറ്റൊന്നിലേക്കു ബ്ലോഗു പരകായപ്രവേശം നടത്തിയപ്പോഴും നാലു വർഷമായി എനിക്കതു വേണ്ടി വന്നിട്ടില്ല. അങ്ങനെ വേണ്ടി വരുമ്പോൾ അന്നു ഞാൻ ബ്ലോഗിംഗു നിർത്തുമെന്നാണു പ്രതിജ്ഞ.
അത്രക്കിഷ്ടമാണീ നാമം.
എന്നാൽ "അനോണിക്കമണ്ടിട്ടിട്ടില്ലേ?" എന്നു ചോദിച്ചാൽ ഇല്ല എന്നു പറയാനാവില്ല.
കാരണം കൃത്യം അഞ്ചു തവണ അതു ചെയ്തിട്ടുണ്ട്‌.
ഒന്ന് സ്വന്തം പോസ്റ്റിൽ തന്നെ. ഒരു കീടത്തെ അകറ്റാൻ,
മറ്റൊന്ന് ഒരു പോസ്റ്റിനെ പ്രശംസിക്കുകയും വേണം പക്ഷെ ഞാൻ ആരാണെന്നു മറ്റുള്ളവർ അറിയരുതെന്നും കരുതിയപ്പോൾ.
മറ്റു മൂന്നും ഒരു നിവൃത്തിയും ഇല്ലാത്തപ്പോൾ പ്രതികരിച്ചേ മതിയാവൂ എന്ന അവസ്ഥയിലും.

പക്ഷെ ഏറെക്കാലം അനോണി നാമത്തിൽ ഒരു കയ്യെഴുത്തു പത്രം നടത്തിയിരുന്നു നാട്ടിൽ.
ദ്വൈവാരികയായി,
പത്രാധിപർക്കു പേരില്ലായിരുന്നെങ്കിലും പത്രത്തിനു പേരുണ്ടായിരുന്നു.
"ഇരുമ്പുഴി റ്റൈംസ്‌".
ഡബിൾ ഡമ്മി സൈസിൽ,
എല്ലാ മാസവും ഒന്നാം തിയതിയും പതിനഞ്ചാം തിയതിയും.
റിലീസിംഗ്‌ വളരെ ഗുപ്തം.
ഒരേ ഒരു കോപ്പി. അതും മാസ്റ്റർ കോപ്പി.
കിട്ടുന്നത്‌ ഞങ്ങളുടെ ഗ്രാമത്തിലെ ഏക വായനശാലയിൽ മാത്രം.
ഒന്നിനും 15നും തിയതികളിൽ സംഗതി ഉറപ്പ്‌.
വായനശാലയിൽ അന്നു പത്രം ഇടുന്നതാരാണെന്നാർക്കുമറിയില്ല. പലരും ആളെ പിടിക്കാന്‍ കാത്തിരുന്നു.
(മിക്കപ്പോഴും മറ്റു ദിനപത്രങ്ങള്‍ക്കിടയില്‍ ഒളിച്ചു വെക്കാന്‍ പത്രമിടുന്ന പയ്യനെ കണ്ണുവെട്ടിച്ച ദിവസങ്ങള്‍!)
ഉറ്റസുഹൃത്തുക്കളിൽ നിന്നു മറച്ചുവെക്കാൻ കയ്യക്ഷരം മാറ്റാനുള്ള ബുദ്ധിമുട്ട്‌ (അതു എനിക്കല്ലേ അറിയൂ. ഇന്നാണെങ്കിലെത്രസുഖം! കമ്പ്യൂട്ടറിൽ ചെയ്യാൻ മിനിട്ടുകൾ മതി).

നാട്ടുമ്പുറമല്ലേ വിഷയത്തിനൊരു ദാരിദ്ര്യവും ഇല്ലായിരുന്നു.
വിഷയം സ്വരൂപിക്കുന്നതിനെക്കാൾ വിഷമമുള്ളതായിരുന്നു പത്രാധിപരുടെ സ്വരൂപം ചോരാതെ കാത്തു സൂക്ഷിക്കുക എന്നത്‌.

നാട്ടുകാര്യങ്ങളും പരദൂഷണവും കഥയും കാർട്ടൂണുമായി ഡബിൾ ഡമ്മി പേപ്പറിന്റെ ഇരു വശത്തും നല്ല കയ്യക്ഷരത്തിൽ എഴുതി കൃത്യദിവസം ആരും കാണാതെ വായനശാലയിലെ മേശയിലെത്തിക്കുക ഒരു ഹെർക്കുലിയൻ ടാസ്കു തന്നെയായിരുന്നു.
തികച്ചും ഒരു "വൺമാൻ ഷോ!".
സിറ്റിസണ്‍ ജേര്‍ണലിസം എന്നു കേള്‍ക്കുന്നതിന്നു എത്രയോ കൊല്ലം മുന്‍പു ചെയ്ത ആ പണി!
പ്രീഡിഗ്രിക്കു പഠിക്കുന്ന മകന്റെ മുറിയിൽ നട്ടപ്പാതിരക്കുമണക്കാത്ത ബൾബു കണ്ട്‌, കട്ടൻ ചായയുമായി കോണി കയറി വരുന്ന ഉമ്മാന്റെ കാലൊച്ച കേട്ടാൽ എഴുതിപ്പൂർത്തിയാവാത്ത പത്രമെടുത്തു മേശക്കടിയിലേക്കിട്ടു, എം.സി.കെ. നമ്പ്യാരുടെ ബുക്ക്‌ കീപ്പിംഗ്‌ ഭാരം നെഞ്ചിൽ കുത്തി നിർത്തി കള്ളവായനയിൽ എല്ലാം ഒളിപ്പിക്കുന്ന കുട്ടിപ്പത്രാധിപർ.
പെറ്റ തള്ളയിൽ നിന്നു പോലും ഒളിച്ചിട്ടും എത്രയൊക്കെ കാത്തിട്ടും സത്ത ചോർന്നു പോയത്‌ നിരീക്ഷണ ബുദ്ധിയുടെ ഒരു ചെറിയ കയ്യബദ്ധം.
(ഒരാളെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തൽ. അണോണി എഴുത്തിനു ‘വാട്ടര്‍ലൂ‘ ആകുന്ന ഒരു “ചോയിയന്‍ ഇഫക്ട്”)
എല്ലാ അണോണിമിറ്റിക്കും ആയുസു വളരെ കുറവാനെന്നു അന്നേ മനസ്സിലായി.
എന്നിലെ ആ പത്രാധിപരുടെ അനോണിമിറ്റി പൊളിച്ചത്‌ യാതൊരു സാങ്കേതിക ജ്ഞാനവും നേടാത്ത "ചാരു മകൻ ചോയി" ആണ്‌.
കോളേജ്‌ ഇലക്ഷൻ സംഘർഷം കാരണം കാലംതെറ്റി അപ്രതീക്ഷിതമായി കിട്ടിയ ഒരാഴ്ച്ചത്തെ അവധി.
വെറുതെ വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണൂ ഇരുമ്പുഴി ടൈംസിനു ഒരു സ്പെഷ്യൽ സപ്ലിമെന്റ്‌ ഇറക്കാൻ ബുദ്ധിയുദിച്ചത്‌..
"പ്രേത സപ്ലിമെന്റ്‌"
പ്രേതവുമായി മുഖാമുഖം കണ്ട പലരുടെയും അനുഭവങ്ങൾ കേട്ടതെല്ലാം അപ്പടി മനസ്സിലുണ്ടായിരുന്നു.
പ്രേതം, യക്ഷി, പൊട്ടിച്ചെകുത്താൻ, മാട, ചേക്കുട്ടിപ്പാപ്പ, കുട്ടിച്ചാത്തൻ, ജിന്ന് അങ്ങനെ പല പേരിൽ കടുത്ത നിറക്കൂട്ടിൽ ഒട്ടെറേ ഭാവനകളും പറഞ്ഞുചൊല്ലല്ലും ചൊല്ലിക്കൂട്ടലുമായി നാട്ടുമ്പുറമാകേ നിറഞ്ഞു കിടപ്പാണ്‌ പ്രേതക്കുളങ്ങൾ.
തീരേ തിരയിളക്കമില്ല.
ഒരു ബക്കറ്റിൽ ആവശ്യത്തിനുള്ളതു കോരിയെടുത്താൽ മതി.
അതിൽ ആവശ്യത്തിനു നിറം കലര്‍ത്തി ആവശ്യക്കാരന്റെ വായനപ്പുറത്തെത്തിക്കുന്നതുവരെ നമുക്കുള്ളില്‍ വല്ലാത്ത തിരയിളക്കമാണ്‌.
ഒരു സദസ്സിൽ ആരെങ്കിലും ഒരു പ്രേത കഥക്കു തുടക്കമിട്ടാൽ മതി. പിന്നെ പല കണ്ണി കണ്ണി ചേർന്നു അതൊരു ചങ്ങലയായി നീളും.
ചോയിയിൽ നിന്നു പറഞ്ഞു കേട്ടവ തന്നെ ഒരു സീരിയലിനുള്ള സ്കോപ്പുണ്ടായിരുന്നു.
ചോയിയുടെ കേള്‍വിസംഘത്തില്‍ ഞാന്‍ എന്നും ഹാജറുണ്ടായിരുന്നു. ഒറ്റക്കും കൂട്ടത്തിലും.
പലരുടേയും പ്രേതാനുഭവങ്ങൾ ആ സപ്ലിമെന്റിൽ എഴുതിയ കൂട്ടത്തിൽ ചോയിയുടെ രസകരമായ ഒരു അനുഭവവും വിശദമായി എഴുതി.
തെങ്ങുകയറ്റക്കാരനായ ചോയിയുടെ പിഗ്ഗ്‌ അയേൺ പോലത്ത കട്ട മസിലും ഉള്ളങ്കയ്യിലും പുറം കാലിലും ഉള്ള കരിങ്കല്ലു പോലുള്ള തഴമ്പും പേടിച്ചു ചോയിക്കു മാത്രം വിധേയയാവതെ മാറി നടന്ന ഒരു പരോപകാരി സാമൂഹ്യപ്രവർത്തകയുണ്ടായിരുന്നു അന്നു നാട്ടിൽ.
ഒരു ദിവസം ചോയി പോയി ഇത്തിരി സ്മാളൊക്കെ അടിച്ചു ഒറ്റക്കു നേരംകെട്ട നേരത്തു വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു.
വിജനമായ ചിറക്കടുത്ത്‌ താഴെ ചോലയിൽ വെളുത്ത സാരിയണിഞ്ഞു,
നീണ്ടിടതൂര്‍ന്ന കാര്‍കൂന്തല്‍ പാറപ്പുറത്തു "ഒലത്താനിട്ടു" നിലാവു കായുകയായിരുന്ന വശ്യസുന്ദരി തന്നെ വെട്ടിച്ചു നടക്കുന്ന ആ സാമൂഹ്യപ്രവർത്തക തന്നെയെന്നു ചോയി തെറ്റിദ്ധരിച്ചു.
(ഒരുത്തിയെത്തന്നെ നിനച്ചിരുന്നാൽ കാണുന്നതെല്ലാം അവളെന്നു തോന്നുക സ്വഭാവികം....!)
"നിന്നെ ഇന്നു ഞാൻ വിടില്ല" എന്നു പറഞ്ഞു പാലത്തിൽ നിന്നു ചോലയിലേക്കു ചാടിയതേ ചോയിക്കു ഓർമ്മയുണ്ടായിരുന്നുള്ളൂ.
പിന്നെ ഒരാഴ്ച്ച ഹോസ്പിറ്റലിലായിരുന്നു!.
(ചിറക്കു താഴെ വെള്ളം വളരെ കുറവായിരുന്നു കൂർത്ത പാറക്കല്ലുകൾ ധാരാളവും).
കള്ളുകുടിച്ചു പാലത്തിൽ നിന്നു വീണതാണെന്നായിരുന്നു പൊതുജനം അറിഞ്ഞിരുന്നത്‌.
അതിന്റെ സത്യമെഴുതിയതാണു എന്റെ അന്നത്തെ പത്രാധിപരുടെ പണി പോകാൻ കാരണം.

പബ്ലിഷ്‌ ചെയ്ത അന്നു തന്നെ ഇരുമ്പുഴി ടൈംസിന്റെ പ്രേത സപ്ലിമെന്റു വായിക്കാൻ മത്സരിച്ച വായനക്കാരിൽ ചോയിയുടെ പിന്നിൽ "ഞാൻ ഒന്നുമറിഞ്ഞില്ലേ!" എന്ന ഭാവത്തിൽ ഈയുള്ളവനും ഉണ്ടായിരുന്നു.
സ്വന്തം കുറിപ്പു വായിച്ച ഉടനെ ചോയിയുടേ ഒരു അലറലാണു പിന്നെ എല്ലാരും കേട്ടത്‌,
"എവിടെ ആ ‘തോണിക്കടത്തെ കരീം‘ എനിക്കവനെ ഒന്നു കാണണം?".
കൂട്ടത്തിൽ നിന്നു ഞാൻ എങ്ങനെയാണു അന്നു് അവന്റെ കണ്ണിൽ പെടാതെ പുറത്തു കടന്നത്‌ എന്നു എനിക്കു ഇന്നും പിടികിട്ടാത്ത ഒരത്ഭുതമാണ്‌.
(അതുകൊണ്ടൊക്കെയാണു ഇപ്പോഴും ഞാൻ ചില അദൃശ്യ ശക്തികളിൽ വിശ്വസിക്കുന്നത്‌).
പക്ഷെ പിന്നെ ഞാൻ ഇതു വരെ അവന്റെ കൺവെട്ടത്തു വന്നിട്ടില്ല.
(എല്ലായ്പ്പോഴും അദൃശ്യ ശക്തികൾ സഹായത്തിനെത്തണമെന്നില്ല).

ഇൻ ഷോർട്ട്‌!
ഇരുമ്പുഴി ടൈംസ്‌ പിന്നെ ഇറങ്ങിയിട്ടില്ല.

വാൽകഷ്ണം:-
(എനിക്കറിയില്ലായിരുന്നു അവൻ ആ രഹസ്യം മാത്രം എന്നോടു മാത്രമാണ്‌ പറഞ്ഞിരുന്നതെന്ന്)

52128

15 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ഈ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രമോദ്‌ ഇരുമ്പുഴി എന്ന എന്റെ ശിഷ്യൻ യാദൃശ്ചികമായി കരീം മാഷിനെ ഓർക്കൂട്ടിൽ കണ്ട വിശേഷങ്ങൾ പങ്കുവെച്ചതു വായിച്ചപ്പോൾ വീണ്ടും കരീം മാഷ്‌ എന്ന ആ വിളിയിൽ നൊസ്റ്റാൾജിക്കായി എഴുതിയത്‌.

ശിഷ്യന്മാരുടെ അനേകം സ്ക്രാപ്പുകൾ നിറഞ്ഞ പ്രൊഫെയിലുടമ കരീം മാഷിനെ മാത്രമേ അവർക്കു പലർക്കും അറിയൂ.
ബ്ലോഗിലെ കഥയെഴുത്തുകാരൻ കരീം മാഷിനെ നാട്ടിൽ പലർക്കുമറിയില്ല.
ഓർക്കൂട്ടിലെ കരീം മാഷാണെങ്കിലോ ഇപ്പോൾ ആ വഴി നടന്നിട്ടൊരു വർഷമായി.
ഞങ്ങളുടെ പ്രിയ യു.എ.ഇ. ഭരണാധികാരികൾ ഓർക്കൂട്ട്‌ അശ്ലീല നിമഗ്നമാണ്‌, അതുപേക്ഷിക്കണമെന്നൂ പറഞ്ഞപ്പോൾ അതിനു പകരം തരാമെന്നു പറഞ്ഞ ഫേസ്ബുക്കിനു വേണ്ടി കണ്ണിൽ പെട്രോളൊഴിച്ചു കാത്തിരുന്നവരാണു ഞങ്ങൾ.

സാബി, തന്റെ ബ്ലോഗിൽ കമന്റിട്ട "റേഷ്മ" ജന്നത്തിനോടടുപ്പം കൂടാൻ ഓർക്കൂട്ടിൽ "റേഷ്മ" എന്നു തെരഞ്ഞപ്പോൾ കയറിവന്ന ശ്ലീലമില്ലാത്ത ചിത്രങ്ങൾ കണ്ടപ്പോൾ ഇനി മേലാൽ ഓർക്കൂട്ടിൽ കയറിയാൽ ആ കൈവിരൽ ഞാൻ വെട്ടുമെന്നു ആദ്യത്തെ ലാസ്റ്റ്‌ വാണിംഗു തന്നു ഭീഷണിപ്പെടുത്തിയ ആ കളത്രം വാഴുന്ന നാട്ടിൽ വെച്ചും പിന്നെ ഞാൻ ഓർക്കൂട്ട്‌ തുറന്നിട്ടില്ല.
കഴിഞ്ഞതിന്നു മുൻ ലക്കം മാതൃഭൂമിയിൽ "ആത്മവിദ്യാലയം"എന്ന ആ ലേഖനമെഴുതിയ മൈന ഉമൈബാനുമായി ബ്ലോഗിലൂടെയുള്ള പരിചയമേ എനിക്കുള്ളൂവെങ്കിലും അവരെഴുതിയ ആ ഒരു ലേഖനം വഴി എന്റെ ഒരു പഴയശിഷ്യൻ (ഇന്നൊരധ്യാപകൻ) എന്നെ സ്നേഹത്തോടെ ഓർത്തതും അതു എഴുതി പ്രകടിപ്പിച്ചതു വായിക്കാൻ ഭാഗ്യം കിട്ടിയ നിമിത്തത്തിനു മൈനക്ക്‌ ആയിരം നന്ദി.

krish | കൃഷ് പറഞ്ഞു...

വളരെക്കാലത്തിനുശേഷമാണ് മാഷിന്റെ ഒരു പോസ്റ്റ് വായിക്കാന്‍ പറ്റിയത്.
എന്തായാലും അനോണിപത്രാധിപര്‍ അടിവാങ്ങാതെ രക്ഷപെട്ടല്ലോ.
എന്നാല്‍ പിന്നെ ഒരു തേങ്ങയേറ്!!! (((ഠേ)))

സൂത്രന്‍..!! പറഞ്ഞു...

നല്ല പോസ്റ്റ്‌

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

നല്ല അനുഭവം !
ആ മാഷ് വിളിയുടെ സുഖചിന്തയോടൊപ്പം
പൊതുവെ മാഷന്മാരുടെ ജനപ്രിയസദാചാര ശാഠ്യങ്ങളും
നിങ്ങളെ പിന്തുടരുന്നുണ്ടെന്നു തോന്നുന്നു.
ആശംസകള്‍.

കണ്ണനുണ്ണീ പറഞ്ഞു...

മാഷെ നല്ല ത്രില്ലിംഗ് പരിപാടി തന്നെ ആയിരുന്നുട്ടോ.. പത്രപ്രവര്‍ത്തനം....സമ്മതിച്ചു തന്നിരിക്കുന്നു.....
താങ്കള്‍ടെ പേര് മാറ്റാന്‍ ഒന്നും പോണ്ട....ഇങ്ങനെ തന്നെ മതിന്നെ....ചോദിയ്ക്കാന്‍ വരുന്നവരെ നമുക്ക് ഓടിക്കാം....

JULY 19, 2009 8:58 AM

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

മാഷേ...

JULY 19, 2009 10:07 AM

കുമാരന്‍ | kumaran പറഞ്ഞു...

നല്ല കുറിപ്പ്‌ മാഷേ..

July 19, 2009 10:16 AM

അഹ്‌മദ്‌ N ഇബ്രാഹീം പറഞ്ഞു...

മാഷേ, ഇഷ്ടമായി കെട്ടോ ....!
“ഇരുമ്പുഴി റ്റൈമ്സ്“

July 19, 2009 1:19 PM

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

July 19, 2009 1:19 PM



മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈയാഴ്ചത്തേത് തുറന്നപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് പ്രമോദ് ഇരുമ്പുഴിയുടെ കത്ത് തന്നെയായിരുന്നു. മാതൃഭൂമിയില്‍ വായനക്കാരുടെ കത്തുകള്‍ വായിച്ചിട്ടേ ഞാന്‍ അടുത്ത പേജിലേക്ക് കടക്കാറുള്ളൂ. കണ്ടപ്പോള്‍ തന്നെ ഇത് നമ്മുടെ കരീം മാഷാണല്ലൊ എന്ന് മനസ്സിലായി. വളരെ നന്നായിരുന്നു പ്രമോദിന്റെ വിവരണം. ഈ പോസ്റ്റും നന്നായി...

July 19, 2009 4:12 PM

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നല്ല അനുഭവം !

ഏറനാടന്‍ പറഞ്ഞു...

കരിം മാഷേ.. ഇന്ന് മാതൃഭൂമി കൈയ്യില്‍ കിട്ടി മറിച്ചുനോക്കിയപ്പോള്‍ മാഷെ കുറിച്ചുള്ള കുറിപ്പ് വായിച്ചു, ഉടന്‍ വിളിച്ച് സംസാരിക്കാതെ ഇരിക്കപ്പൊറുതി കിട്ടിയില്ല.

എന്നാലും മാഷേ അസൂയ തോന്നുന്നു. മാഷമ്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും മാത്രമാണ്‌ ലോകത്തില്‍ എവിടെ പോയാലും ഒരു ശിഷ്യനെ എങ്കിലും കണ്ടുമുട്ടാതെ കഴിയാന്‍ സാധ്യമല്ലാത്തത്.. ഭാഗ്യം പുണ്യം ലഭിച്ച ജന്മമാണ്‌ ഗുരുനാഥര്‍ക്ക്.. ആശംസകള്‍..

namath പറഞ്ഞു...

മാതൃഭൂമി കണ്ടിരുന്നു. കുറെയാളുകളുടെ ഓര്‍മ്മകളില്‍ നില്‍ക്കാന്‍ സാധിക്കുന്നത് ഒരു ധന്യതയാണ്.

ജിപ്പൂസ് പറഞ്ഞു...

നല്ല കുറിപ്പ്.നമ്മുടെ ഇരുമ്പുഴി ടൈംസ് ഒന്ന് പുനപ്രസിദ്ധീകരിക്കാനുള്ള സ്കോപ്പുണ്ടോ കരീം മാഷേ ?

ഇഷ്ടപ്പെട്ടൂ ട്ടോ അന്നത്തെ അനോണിമസ് പത്രപ്രവര്‍ത്തനം.

JULY 20, 2009 3:26 PM

kaithamullu/കൈതമുള്ള് പറഞ്ഞു...

മാഷെ,
പ്രേത ടൈംസ് വായിച്ച് ത്രില്ലടിച്ചിരുന്ന് പോയി!

JULY 21, 2009 11:11 AM

വികടശിരോമണി പറഞ്ഞു...

മർത്യായുസ്സിൽ സാരമായത്,
ചില മുന്തിയ മുഹൂർത്തങ്ങൾ,
അല്ല,
മാത്രകൾ മാത്രം!

JULY 21, 2009 10:42 PM