പരിഷ്ക്കാരം വളരെപ്പതുക്കെയെത്തിയ മലപ്പുറത്തെ ഒരു മലയോരഗ്രാമമാണു ഹെയര്ക്കോട്.
കുടിയേറ്റ ഗ്രാമമായ പന്തലൂരിനോടു ചേര്‍ന്ന പ്രദേശം.
വിദ്യാഭ്യാസപരമായും,സാമ്പത്തികപരമായും ഏറെക്കാലം വളരെ പിന്നോക്കം നിന്നിരുന്ന ഒരുള്‍നാടന്‍ ഗ്രാമം.
ഒരൊറ്റ സ്വകാര്യ ബസ്സു നടത്തുന്ന ഷട്ടില്‍ സര്‍വീസു മാത്രമായിരുന്നു അവിടുത്തുകാര്‍ക്കു പണ്ടു പുറം ലോകത്തിലേക്കുള്ള ഏക വഴി. ഈ ബസ്സിന്റെ സമയത്തിനനുസരിച്ചു സകല ദിനചര്യകളുടേയും റ്റൈം റ്റേബിള്‍ പാലിക്കുന്നവരായിരുന്നു ഹെയര്ക്കോട്ടുകാര്‍.
"എം.കെ.ടി" യുടെ ടയര്‍ ഒരു ദിവസം പഞ്ചറായാല്‍ ആ പ്രദേശത്തുള്ള അനവധി വീടുകളില്‍ ഉച്ചക്കുള്ള അരി, കലത്തില്‍ വീഴാനും, കണ്ടത്തില്‍ നിന്നു കന്നു കയറാനും ഒക്കെ വൈകും.
ആളുകള്‍ 90%വും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായതിനാല്‍ സാമ്പത്തികമായ ഉന്നതിയോ, ഭേദപ്പെട്ട ജീവിത നിലവാരമോ അവര്‍ ആഗ്രഹിച്ചിട്ടു പോലും പ്രയോജനമില്ലായിരുന്നു.
ദാരിദ്ര്യത്തിന്റെ "ബൈ-പ്രൊഡക്റ്റായ" യാഥാസ്തികതയുടെയും, അന്ധവിശ്വാസത്തിന്റെയും കൂടി ഈറ്റില്ലമാണു ഈ പ്രദേശം.
ഗള്‍ഫു പണവും,റബ്ബര്‍,കാപ്പി,കുരുമുളക് എന്നിവയിലെ വരുമാനവും പതിയെപതിയെ ആ പ്രദേശത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കു കാരണമായെങ്കിലും അന്ധവിശ്വാസങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നൂരിപ്പോരാന്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും അവര്‍ക്കായിട്ടില്ല.
"സ്നേഹസംവാദം" എന്ന നിരീശ്വരവാദ ബ്ലോഗു എഴുതുന്ന ഇ.എ.ജബ്ബാര്‍ മാഷിന്റെ നാടാണ് ഇതെന്നതാണു ഏറ്റവും വലിയ വിരോധാഭാസം.
ഹെയര്ക്കോടുമായി ബന്ധപ്പെട്ടു എന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന ഒരനുഭവം എഴുതാനാണു ഞാനീ മുഖവുരയൊക്കെ എഴുതിയത്.
കുവൈറ്റിന്റെ യുദ്ധപ്പുക മിഡില്‍ ഈസ്റ്റു മുഴുവന്‍ നിറഞ്ഞു നിന്ന 1990 ലെ അവസാന മാസങ്ങള്‍.
അച്ഛന്‍ ബുഷും സദ്ദാമും ഗള്‍ഫുരാജ്യങ്ങളില്‍ വെടിക്കോപ്പു നിറച്ചുവെച്ചു ബോംബിട്ടു കളിച്ചപ്പോള്‍ ഷാര്‍ജയിലെ "അറബ് ബാങ്കില്‍" ഇന്റര്‍വ്യൂ കഴിഞ്ഞു പോസ്റ്റിംഗ് ഓര്‍ഡര്‍ കിട്ടി, ജോലിക്കു പോകാന്‍ "ടൈ" കെട്ടാന്‍ പഠിച്ചു കാത്തിരിക്കുന്നതിനിടെ ഒരു ഷോക്കിംഗ് മെമ്മോയുമായി ബാങ്കിന്റെ ഓഫീസ് ബോയി എന്റെ ഫ്‌ളാറ്റിന്റെ ഡോറില്‍ മുട്ടി.
"യുദ്ധം തീരുന്നതു വരെ പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താങ്കളുടെ പോസ്റ്റിംഗു പോസ്റ്റ്‌പോണ്‍ ചെയ്തതില്‍ ജോര്‍ദ്ദാനിലെ ബാങ്കിന്റെ ഹെഡാഫീസിനു വളരെ ഖേദമുണ്ട്" എന്ന്!.
ആകെ തകര്‍ന്നു പോകുന്നതിനു മുന്‍പെ, നാട്ടില്‍ നിന്നു കേരളസര്‍ക്കാരിന്റെ ആരോഗ്യവകുപ്പില്‍ "അധോമണ്ഡല അസ്ഥിര ഗുമസ്ഥനായി" പണിക്കു ചെല്ലാന്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ കിട്ടിയവിവരമറിഞ്ഞപ്പോള്‍,
ബുഷിനേയും സദ്ദാമിനെയും ശപിച്ചുകൊണ്ടു കാശു കൊടുത്ത വിസ ക്യാന്‍സല്‍ ചെയ്യാതെ തന്നെ നാട്ടിലേക്കു പിടിച്ചു.
(തളപ്പറ്റാല്‍ മുരട്ടില്‍ തന്നെ !)
വീട്ടില്‍ നിന്നധികം ദൂരത്തല്ലാത്ത ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ L.D.C യായി നിയമനം കിട്ടി.
സന്തോഷമായി ജോലിയില്‍ ചേര്‍ന്നു.
പന്ത്രണ്ടു ഫീമെയില്‍ സ്റ്റാഫിനിടയില്‍ ഞാനും ഡോക്ടറും ഒരു ഫാര്‍മസിസ്റ്റും മാത്രം മൂന്നു മെയില്‍ സ്റ്റാഫ്.
"സ്വപ്നലോകത്തെ ബാലഭാസ്കരന്‍"ആയ ജീവിതം.
എന്തു കാര്യം!
ഒറ്റമാസം കൊണ്ടു തന്നെ നന്നായി ബോറടിച്ചു.
എട്ടു മണിക്കൂര്‍ നേരത്തെ ജോലിക്കു വരാനും പോകാനുമുള്ള സമയം കുറച്ചാല്‍ 6 മണിക്കൂര്‍ മാത്രം ജോലി. അതില്‍ ഉച്ചയൂണിനായി ഒരു മണിക്കൂര്‍ ഇടവേള. ചുരുക്കത്തില്‍ ഒരു ദിവസം 5 മണിക്കൂര്‍ ജോലി സമയം.
അതു തന്നെ ജോലി ചെയ്യാനുണ്ടാവുക, കേവലം ഒരു മണിക്കൂറില്‍ തീര്‍ക്കാനുള്ള ജോലി മാത്രം.
മലയാളത്തിലിത്രമാത്രം വാരികകളും മാസികകളും ഉണ്ടെന്നു കണ്ടറിഞ്ഞ കാലങ്ങളായിരുന്നു അത്.അക്കാര്യത്തില്‍ ഹെല്‍ത്ത് സെന്ററിലെ നഴ്‌സുമാരെക്കാള്‍ എത്രയോ പിറകെയായിരുന്നു ഞാന്‍.
ആ L.D.C ജോലിക്കാലത്തു ഞാന്‍ ആകെ ചെയ്തതു സ്റ്റാഫിന്റെ അഞ്ചു ശംബള ബില്ലുകളും സാറാമ്മ സിസ്റ്ററിന്റെ മെഡിക്കല്‍ റീ ഇമ്പേഴ്‌സുമന്റ് ബില്ലുകളുമെഴുതി അതുമായി ട്രഷറിയും ബാങ്കും കയറി ഇറങ്ങുകയും, കേരളത്തിലെത്ര കുഷ്ഠരോഗികളുണ്ട് എന്നു നിയമസഭയിലാരോ ചോദിച്ചചോദ്യത്തിനുത്തരം നല്‍കാന്‍ D.H.S വഴി D.M.O യില്‍ നിന്നു അര്‍ജന്റ് എന്നെഴുതിയ മെമ്മോക്കു മൂന്നു പ്രാവശ്യം മറുപടി അയച്ചതുമായിരുന്നു. കൃത്യമായി മറുപടിയെഴുതിയാലും രണ്ടുമൂന്നു പ്രാവശ്യം റിമൈണ്ടര്‍ അയക്കുക പതിവാണെന്നും അതിനാല്‍ അവസാന റിമൈന്റര്‍ കിട്ടിയതിനു ശേഷമേ എല്ലാരും മറുപടി അയക്കാറുള്ളൂവെന്നും മനസ്സിലായതു പതിയെ ആയിരുന്നു.
("പുത്തനച്ചനും" പുരപ്പുറം തൂക്കുമെന്നു വെള്ളയുടുപ്പിട്ട ലലനാമണികള്‍ കളിയാക്കിയതു ഞാന്‍ കേട്ടിരുന്നില്ല).
ഇതേകാലത്ത് സമാന സാഹചര്യങ്ങളാല്‍ (മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതിയും രാജ്യാന്തര സമ്മര്‍ദ്ദവും കാരണം) ഞങ്ങളുടെ കുഞ്ഞിപ്പ <- (cleck here to know him) എം.കെ.മതാരിയും സൗദിയിലെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വന്നിരുന്നു.
ഞാന്‍ പലപ്പോഴും അവരുടെ ഹെയര്ക്കോട്ടുള്ള വീട്ടില്‍ പോയിരുന്നു.
ഒരു ദിവസം കുഞ്ഞിപ്പ പ്രതിപാദിച്ച ഒരു വിഷയത്തില്‍ എനിക്കു വളരെ താല്‍പര്യം തോന്നി.
അവരുടെ വീടിന്റെ ചുറ്റുഭാഗത്തു പത്തു പന്ത്രണ്ടു വീടുകളില്‍ ഒരോന്നിലും ഒന്നോ രണ്ടോ മാനസീകരോഗികള്‍ ഉണ്ട് എന്ന്!
അതൊരു വല്ലാത്തൊരു ഞെട്ടിക്കുന്ന വിവരം തന്നെയായിരുന്നു.
ഹെല്‍ത്ത് സെന്റിലെ ജോലിക്കാരന്‍ എന്ന ഒരു ജീവനധര്‍മ്മം എന്നിലുണര്‍ന്നപ്പോള്‍ അതേപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടായി.
ഞാനും എന്റെ പഴയ ഒരു ശിഷ്യന്‍ അഡ്വ:അബ്ദുല്‍ സമദ് (ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഉപരിപഠനം),മിസ്റ്റര്‍ ഇംഗ്ലി (ഫ്രഷ്&ഫ്രഷ് ബേക്കറി ഗ്രൂപ്പ് ഉടമ).കുഞ്ഞിപ്പയുമൊത്ത് അവിടം സന്ദര്‍ശിച്ചു.
മനോരോഗികള്‍ ഉള്ള വീട്ടില്‍ കയറിച്ചെന്നു അവരെ കണ്ടു. പലരുമായും സംസാരിച്ചു. സത്യം ബോധ്യപ്പെട്ടു.
വല്ലാത്തൊരു ഷോക്കിംഗ് അനുഭവമായിരുന്നു അത്.
ഇന്നത്തെ ബ്ലോഗേര്‍സു (ഇന്ക്ലുടിന്ഗ് മി) കാളവണ്ടിയുടെ ചക്രത്തില്‍ കീലുകുറ്റി കെട്ടിത്തൂക്കി നടക്കുന്ന പോലെ സദാസമയവും ഡിജിറ്റല്‍ ക്യാമറ തൂക്കി നടക്കാത്ത കാലം. അല്ലെങ്കില്‍ അവരുടെ വിവിധ ചേഷ്ടകളുടെ ഫോട്ടോ എടുക്കാമായിരുന്നു.
പേടിയായിരുന്നു മിക്കവരുടേയും മാനസീക രോഗകാരണം.
ചിലര്‍ക്കു ചില പ്രത്യേക സമയങ്ങളിലാണു ഈ അസുഖം മൂര്‍ച്ചിക്കുന്നത്.
ഏതോ ദുഷ്ടശക്തി അവരെ തേടി വരുന്നതായും, ആക്രമിക്കുന്നതുമായുള്ള കഥകള്‍ അവരുടെ മനസ്സു മെനെഞ്ഞെടുക്കുന്നു. എല്ലാ മതക്കാരില്‍ പെട്ടവരും ഇതിനിരയായിരുന്നു. ഓരോ മതക്കാരും അവരുടെ രീതിക്കനുസരിച്ചു ആ ശക്തിയെ അവര്‍ക്കറിയാവുന്ന പല പേരിട്ടായിരുന്നു വിളിച്ചിരുന്നത്.
കുട്ടിച്ചാത്തന്‍ എന്നോ, ചേടയെന്നോ, ഗര്‍ഭത്തീനിയെന്നോ, ഭദ്രകാളിയെന്നോ, ചേക്കുട്ടിപ്പാപ്പയെന്നോ അതു മാറി മാറി വിളിക്കപ്പെട്ടുവെന്നല്ലാതെ അവരുടെ ചേഷ്ടകളെല്ലാം ചേരുന്നവയായിരുന്നു, സമാനമായിരുന്നു.
എനിക്കതിനെക്കുറിച്ചെഴുതണമെന്നും പ്രസിദ്ധീകരിക്കണമെന്നും കലശലായ തോന്നല്‍ ഉണ്ടായി.
പക്ഷെ ആരോഗ്യവകുപ്പിലെ ഒരുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആ ദുരന്തം തൊട്ടടുത്ത ഹെല്‍ത്ത് സെന്ററില്‍ അറിയിക്കുകയായിരുന്നു എന്റെ ആദ്യ കടമ.
അതിനാല്‍ തിരിച്ചു വരുന്ന വഴി ഞങ്ങള്‍ തൊട്ടടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കയറി. പുതിയ കെട്ടിടം, ആയിടെ ഉദ്ഘാടനം കഴിഞ്ഞതേയുള്ളൂ. വാതില്‍ തുറന്നു തന്നെ കിടക്കുന്നു.
അവിടെ ഡോക്ടറും ഇല്ല നെഴ്‌സുമാരും ഇല്ല.ഒരു തൂപ്പുകാരി മാത്രമുണ്ട്.
പക്ഷെ ഹാജര്‍ ബുക്കില്‍ എല്ലാരും ഒപ്പിട്ടിട്ടുണ്ട്.
ടൂര്‍ പ്രോഗ്രാം എന്നെഴുതി ഹാജര്‍ ബുക്കില്‍ വെച്ചിട്ടാണു എല്ലാരും സ്വന്തം വീട്ടിലേക്കു പോയിട്ടുള്ളത്. ഡോക്ടര്‍ക്കു സ്വകാര്യപ്രാക്ടീസും മറ്റുള്ളവര്‍ക്കു സൈഡ്‌ബിസ്‌നസും കാണും.
അന്നു രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.
ഒരു ഗ്രാമം മുഴുക്കെ പകര്‍ച്ചവ്യാധി പോലെ പടരുന്ന അപൂര്‍വ്വമായ മാനസീകരോഗത്തേയും, അവിടെ ലക്ഷങ്ങള്‍ ചെലവിട്ടു സര്‍ക്കാരു സ്ഥാപിച്ച രോഗപ്രതിരോധ സംവിധാനങ്ങളുടെ നിരര്‍ത്ഥതയേയും പറ്റി ചിന്തിച്ചു എന്റെ ഉറക്കം കെട്ടു.
ഞാന്‍ എന്റെ മനസ്സിന്റെ തിക്കുമുട്ട് അക്ഷരങ്ങളിലേക്കു പകര്‍ത്തി.
അവിടത്തുകാരുടെ ആ മനോരോഗത്തിന്റെ കടുത്ത ചായക്കൂട്ടില്‍ ഏറനാടന്‍ സ്ലാംഗുള്ള ഭ്രാന്തന്‍ശകാരങ്ങള്‍ എന്റെ കടലാസില്‍ എസ്റ്റാബ്ലിഷ്‌മെന്റിനോടുള്ള പകയായി, തീഷ്ണമായ വാക്യങ്ങളായി വഴുതി വീണു.
ആ സംഭാഷണങ്ങള്‍ എഴുതുമ്പോഴും വായിക്കുമ്പോഴും എന്നിലെ പൗരന്റെ തലച്ചോറ്റില്‍ അവ ഒരു കുപ്പിച്ചില്ലുകൊണ്ടെന്നപോലെ കീറിമുറിപ്പെടുത്തിക്കൊണ്ടേയിരുന്നു.
പുലരുന്നതു വരെ പല പ്രാവശ്യം തിരിച്ചും മറിച്ചും വായിച്ചു തിരുത്തിയും മാറ്റിയെഴുതിയും ഞാന്‍ അതു മുഴുവനാക്കി.
ഒരു പ്രമുഖ പത്രത്തിന്റെ മലപ്പുറം ബ്യൂറോയില്‍ കോളേജിലെ എന്റെ സീനിയറും അറിയപ്പെടുന്ന ഒരു സക്‍സസ്‌ഫുള്‍ പത്രപ്രവര്‍ത്തകനുമായ സുഹൃത്തു ജോലി നോക്കുന്ന സമയം. അവന്റെ സഹായത്തോടെ ഈ ലേഖനം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്താല്‍ ഞാന്‍ അവനെ ചെന്നു കണ്ടു.
ഏറെ സമയമെടുത്തു എല്ലാം നന്നായി വായിച്ചു നോക്കിയ അവന്‍ ആ എഴുത്തിനെ നന്നായി പ്രശംസിച്ചു.
വാര്‍ത്തയുടെ കൂടെ കുറച്ചു ഫോട്ടോ കൂടെ ചേര്‍ക്കാന്‍ പറ്റിയാല്‍ ഈ റിപ്പോര്‍ട്ട് എറ്റവും നല്ല ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തന റിപ്പോര്‍ട്ടാവുമെന്നവന്‍ ഉപദേശിച്ചു.
ഫോട്ടോ എടുക്കാന്‍ അവന്‍ തന്നെ കൂടെ വരാമെന്നും എത്രയും പെട്ടെന്നു ഇതു പത്രവാര്‍ത്തയാക്കാമെന്നും അവന്‍ വാക്കു തന്നു.
വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ അവന്റെ ഓഫീസില്‍ നിന്നു ഇറങ്ങാന്‍ നേരം അവന്‍ ശബ്ദം ഇത്തിരി കുറച്ച് അവസാനമായി ഒന്നു കൂടെ പറഞ്ഞു.
ഇതു ഞങ്ങളുടെ പത്രത്തില്‍ ഇടും എന്നതിന്നു ഞാന്‍ ഉറപ്പു തരാം.
പക്ഷെ ഒരു വരി മാത്രം ഞാന്‍ മാറ്റും.
ഞാന്‍ വര്‍ദ്ധിച്ച ജിജ്ഞാസയോടെ ആ മുഖത്തേക്കു നോക്കി!
താഴെയുള്ള പേരു മാറ്റി ഞാന്‍ അവിടെ എന്റെ പേരു ചേര്‍ക്കും
നിനക്കെതായാലും ഈ വാര്‍ത്ത പത്രത്തില്‍ വന്നാല്‍ മാത്രം പോരെ?
ഞാന്‍ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്കു തന്നെ നോക്കി. എന്റെ കണ്ണില്‍ ജിജ്ഞാസമാറി പകരം അവജ്ഞ വന്ന വിവരം അവന്‍ ഇത്തിരി വൈകിയെങ്കിലും തിരിച്ചറിഞ്ഞു.
അതിനാല്‍ ജാള്യത്തോടെ അവന്‍ ന്യായീകരിച്ചു.
"പത്രപ്രവര്‍ത്തനത്തില്‍ ഇതൊക്കെ പതിവുള്ളതാ.."
"ഇതൊക്കെ അതിന്റെ ഒരു ഭാഗമാ!."
പക്ഷെ എനിക്കതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
ഞാന്‍ എന്റെ കടലാസുകളുമെടുത്തു എന്നന്നേക്കുമായി ആ ഓഫീസു വിട്ടിറങ്ങി.
പിറ്റേന്നു എന്റെ ഓഫീസിലെത്തിയ ഞാന്‍ എന്റെ സുപ്പീരിയര്‍ ഓഫീസറായ ഡോക്ടരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.
എന്റെ എഴുത്തു അദ്ദേഹത്തെ കാണിച്ചു.
അദ്ദേഹവും വളരെ താല്‍പര്യത്തോടെ അതു മുഴുവന്‍ വായിച്ചു നോക്കി.
പദങ്ങളിലെ ലാളിത്യത്തെക്കാള്‍ ഭാഷയിലെ തീഷ്ണതയെക്കുറിച്ചാണു അദ്ദേഹം ഏറെ വ്യാകുലനായത്.
ലേഖനത്തിലെ വസ്തുതകളെക്കാള്‍ ഈ പത്രവാര്‍ത്ത എന്റെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ ഞാന്‍ പിന്നെ എന്റെ ജോലിയില്‍ അനുഭവിക്കാനിടയുള്ള പ്രയാസങ്ങളെക്കുറിച്ചാണു അദ്ദേഹം മുന്നറിയിപ്പു തന്നത്.
മറ്റാരുടെ പേരില്‍ വന്നാലും അതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുന്ന വിധം നെറ്റ്‌വര്‍ക്കുള്ള വരേണ്യവര്‍ഗ്ഗത്തിന്റെ പകയുടെ കഥ അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.
എനിക്കു ഗള്‍ഫിലേക്കു തിരിച്ചു പോകാന്‍ അനുവദിച്ച ആറുമാസം തീരാന്‍ നാളുകള്‍ മാത്രമവശേഷിക്കേ ഇനിയൊരു പുകിലു വേണ്ട എന്നു കരുതി ആ സൃഷ്ടി വളരെ വിഷമത്തോടെ വെളിച്ചം കാണിക്കാതെ തന്നെ ഞാന്‍ നശിപ്പിച്ചു കളഞ്ഞു.
ഇന്നായിരുന്നെങ്കില്‍ അതു ബ്ലോഗിലെങ്കിലും പ്രസിദ്ധീകരിക്കാമായിരുന്നു.
ഒരു സൃഷ്ടി "വെളിച്ചം കാണുക" എന്നു പറയുന്നതിന്നതിനെക്കാള്‍ അര്‍ത്ഥമുള്‍ക്കൊണ്ട വാക്കാണു ഒരു സൃഷ്ടി "പിറക്കുക" എന്നത്.
സത്യത്തില്‍ കലാകാരന്‍ തന്റെ സൃഷ്ടിയെ പ്രസവിക്കുക തന്നെയാണ് .
"ഓണ്‍ എയറാവുക" എന്ന പ്രയോഗത്തോടെ ശ്രവ്യ സാഹിത്യകലോല്‍പന്നങ്ങളും,
മഷി പുരളുക എന്ന പ്രയോഗത്തില്‍ അച്ചടി സാഹിത്യകലോല്‍പന്നങ്ങളും,
വിഷ്വല്‍ മീഡിയയുടെ ഭാഗമായ ദൃശ്യ കലാസാഹിത്യോല്‍പന്നങ്ങളും പുറം ലോകത്തെത്തുക എന്ന ഉദ്ദേശത്തില്‍ അനുയോജ്യമായ പ്രയോഗം തന്നെയാണു "സൃഷ്ടി ജനിക്കുക" എന്നത്. അര്‍ത്ഥ പൂര്‍ണ്ണതയും കേള്‍ക്കാന്‍ സുഖവും ഇതിനു തന്നെയാവും.
ബ്ലോഗുഭാഷയില്‍ " പോസ്റ്റിംഗ്" എന്ന ലളിത സാങ്കേതിക പദം.പക്ഷെ പോസ്റ്റിംഗിനു മുന്‍പുള്ള "ക്യാരിയിംഗ്" കാലമാണു അതിന്റെ ഗുണം നിര്‍ണ്ണയിക്കുന്നത്.
പിറവി സംഭവിക്കുന്നതു പ്രസവത്തിലൂടെയാണ്. അതിന്നായി ഗര്‍ഭകാലം തരണം ചെയ്തു കടന്നു പോകുക അനിവാര്യവും..
ഏതൊരു സാഹിത്യ സൃഷ്ടിയുടെ പിറവിക്കു മുന്‍പും ഒരു ഗര്‍ഭകാലം അനിവാര്യമാകുന്നു.
ഈ ഗര്‍ഭകാലം സാഹിത്യകാരന്മാരും, കലാകാരന്മാരുമെല്ലാം അനുഭവിച്ചു തീര്‍ക്കേണ്ടതായ ഒരു പ്യൂപ്പദശ കാലമാണ്.
പ്രസ്തുത സമയത്തു ലഭിക്കുന്ന ശരിയായ പോഷണ ഘടകങ്ങളും, പ്രത്യേക മാനസീകാവസ്ഥയും സൃഷ്ടിയുടെ ഗുണം നിയന്ത്രിക്കുന്നു.
ലോകത്തില്‍ വെളിച്ചം കണ്ട സൃഷ്ടികളെക്കാള്‍ വെളിച്ചം കാണാതെ പോയതായിരിക്കാം കൂടുതല്‍.
അരുടേയൊക്കെയോ സിംഹാസനങ്ങളെ തകര്‍ക്കാന്‍ പറ്റുന്ന സംഹാരശേഷിയുള്ള രചനകള്‍ പുറം ലോകം കാണാതെ പോയിട്ടുണ്ടാവാം.
അടപ്പിട്ടു മൂടിയ ആയിരം സത്യങ്ങളുണ്ടാവാം.
സത്യം പറയാതിരിക്കാന്‍ പലരുടേയും വായില്‍ ഡോളറും, വഴങ്ങിയില്ലങ്കില്‍ വെടിയുണ്ടയും കുത്തിക്കേറ്റിയിട്ടുണ്ടാവാം.
തന്റെ സിംഹാസനത്തിനിളക്കം തട്ടുമെന്നു പേടിച്ചു ഉത്കൃഷ്ടമായതൊക്കെ ചവറ്റുകൊട്ടയില്‍ തള്ളിയ എഡിറ്റര്‍മാരുടെ കൂമ്പുനുള്ളലില്‍ കരിഞ്ഞുപോയ എത്ര സര്‍ഗ്ഗാധനരുണ്ടാവാം.
സമൂഹത്തില്‍ പ്രക്ഷുബ്ദതയുണ്ടാക്കാന്‍ പര്യാപ്തമായ പല സൃഷ്ടികളും പിറവിക്കുമുന്നേ മറവിയിലേക്കെടുത്തെറിഞ്ഞിട്ടുണ്ടാവാം.
സാഹിത്യത്തിലെ ഗര്‍ഭച്ഛിദ്രങ്ങള്‍ നന്മയുടെ എത്ര അവതാരങ്ങളെ നിഗ്രഹിച്ചിട്ടുണ്ടായിരിക്കാം.
എനിക്കുണ്ടായ വളരെ ചെറിയ ഒരനുഭവത്തിന്റെ ഓര്‍മ്മയില്‍ നിന്നു പിറകിലേക്കു ചിന്തിച്ചപ്പോള്‍ തോന്നുന്നതു ഇതൊക്കെയല്ലാതെ മറ്റെന്താണ്?
43110
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
14 അഭിപ്രായങ്ങൾ:
മാഷു തന്നെയായിരുന്നു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍.
ആ ഓര്‍മ്മക്കായി സ്വീകരിച്ച തൂലികാ നാമം ആണു ഒരുത്തരേ..:)
ചിര്‍ച്ച് ചിര്‍ച്ച് മാഷ് ഒപ്പം ചില സംഗതികള്‍ വായിച്ചപ്പം കണ്ണീരും കിനിഞ്ഞു.
പുറം ലോകം കാണാതെ പോയ രചനകളോ സൃഷ്ടികളോ അവിടെ നില്‍ക്കട്ടെ.
അറിയപ്പെടാതെ പോയ പ്രതിഭകളെത്ര.?
അറിയപ്പെടാത്ത മനുഷ്യജീവികള്‍ എന്ന നന്തനാരുടെ കൃതി വായിക്കുമ്പോള്‍ തോന്നാറുണ്ട്.
അറിയപ്പെടേണ്ടവരൊന്നും അറിയപ്പെടുന്നില്ലല്ലോ.
തുല്യ ദുഃഖിതരാണു്, അവരെ അറിയുന്നവരും, അവരെ അറിയിക്കുന്നവരും.?
നന്നായി മാഷേ ഈ കൊച്ചു ചിന്ത.:)
നല്ല പോസ്റ്റ്...
ഓരോ വാക്കും വിത്തിട്ട് മുളയ്ക്കുവോളം കാത്തിരുന്ന് ശുശ്രൂഷിയ്ക്കുന്നവനറിയാം... ഇലവിരിയുംമുൻപേ കരിഞ്ഞുപോകുന്നതിന്റെ വിമ്മിട്ടം.
കുഞ്ഞായീന്‍ മുസ്ലിയാര്‍ എന്നാ വ്യക്തിയെ ഒരു ഹാസ്യരസ സാമ്രാട്ടായിട്ടാണ് നാമ്മല്‍ അറിയപ്പെടുന്നത്(ആവോ?) പക്ഷെ "കപ്പപ്പാട്ട്" രചിച്ചതു അദ്ദേഹമാണ്. അങ്ങിനെ അറിയപ്പെടാതെ പോയ കാര്യങ്ങള്‍ അറിഞ്ഞതിനേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തികച്ചും സ്വാഭാവികം മാഷേ! സത്യം ഒരു നാള്‍ പുറത്തു വരും എന്നതിന് ബ്ലോഗ് സാക്ഷി...... വാഴക്കോടന്‍.
Mr kareem; I am from mudikkode. but i'm totaly against your opinion about my village(mudikkode). because you published nonsense matter on the blog as a madness and backward area in my village. so, i would like to remove the incorrect matter on the blog.
yousef-madari@hotmail.com
പ്രിയപ്പെട്ട യൂസുഫ് മതാരി. ഇതു നടന്ന സംഭവമാണെന്നു സാക്ഷികളെ പറഞ്ഞാണല്ലോ ഇതെഴുതിയത്. മുഴുവന്‍ വായിച്ചില്ല അല്ലേ? മാത്രമല്ല പതിനെട്ടു വര്‍ഷം മുന്‍പു നടന്ന കാര്യവും. വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. പക്ഷെ അവിടത്തുകാരില്‍ ഇനിയും ചരിത്രബോധമില്ലാത്തവരും ക്ഷമയില്ലാത്തവരും ബാക്കിയുണ്ടെന്നതു താങ്കളുടെ കമണ്ടിലൂടെ മനസ്സിലായി.
ഞാന്‍ സ്ഥലപ്പേരില്‍ ഇത്തിരി മാറ്റം വരുത്തി പുന:പ്രസിദ്ധ്ഈകരിച്ചിരിക്ക്യാണ്. താങ്കളുടെ കൂടുതല്‍ വിവരങ്ങള്‍ തന്നാല്‍ വിശദമായ തെളിവുകള്‍ ഇനിയും തരാം.
ആശംസകളോടേ!
ഇയാളും മതാരിയാണല്ലേ!
പ്രിയപ്പെട്ട കരീം മാഷ്, ഇതു നടന്ന സംഭവമാണെന്നു താങ്കല്‍ പറഞു. എല്ല ഗ്രാമങലിലും ചില ചെറീയ ന്യുനതകള്‍ ഉണ്ടാകും(ഇന്‍ക്ലുഡേഡ്യ് യുവര്‍ ഏരിയ)അതെല്ലാം ഡെവലെപ് ചെയ്തു ഒരു ഗ്രാമതെ ആകെ അപമാനിക്കതു മാത്രം അണൂ ഞാന്‍ വിമര്‍ഷിചതു. നിങല്‍ ജനിചതും വളര്‍നതും ഈ കൊചു കേരളതില്‍ ആണെനു കരുതട്ടെ. സൊ, താങ്കളൂഡെ ഗ്രാമം ഏതാണെനറിയാന്‍ താല്പര്യമുണ്‍ഡ്. അതല്ല അമെരികയിലൊ യൂറോപ്പിലൊ ആണെങ്കില്‍ ക്ഷമിക്കുക.
Mr.യൂസുഫ് മതാരി
ന്യൂനനതകള്‍ എന്നു പറഞ്ഞു അന്ധവിശ്വാസങ്ങളെ ഒളിപ്പിച്ചു വെച്ചു പ്രോല്‍സാഹിപ്പിക്കുകയല്ല വേണ്ടത്. അതു സമൂഹമധ്യത്തില്‍ തുറന്നു കാട്ടി ചികില്‍സിക്കുകയാണു ദേശസ്നേഹമുള്‍ലവര്‍ ചെയ്യേണ്ടത്.
ഞാന്‍ ഏതു ഗ്രാമത്തിലാണെന്നു ഇതു വരെ മനസ്സിലായിട്ടില്ലങ്കില്‍ എന്റെ ബ്ലോഗുകള്‍ വായിച്ചിട്ടില്ലന്നു സാരം.
എന്റേതു മാത്രമല്ല പലതും
പക്ഷെ മരീചന്റെ ബ്ലോഗു വായിച്ചെന്നു മനസ്സിലായി. അവിടത്തെ റിയാലിറ്റിഷോയെ കുറിച്ചുള്ള പോസ്റ്റു അപ്പടി കോപ്പിയടിച്ചതു ഞാന്‍ കണ്ടു. ബൂലോഗത്തിലെ മറ്റുള്ളവര്‍ അതറിയുന്നതിന്നു മുന്നേ നീക്കിയില്ലങ്കില്‍ ഉണ്ടായേക്കാവുന്ന പുക്കാറിനെക്കുറിച്ചറിയാന്‍ യാഹൂ പ്രശ്നം എന്നൊന്നു സെര്‍ച്ചു ചെയ്താല്‍ മതി.
മാഷേ.... വളരെ നന്നായി. അന്ന് ഒരു ഉച്ച സമയത്ത് ആ മുടിക്കോട് എന്ന സ്ഥലത്തെ ഉള്‍പ്രദേശങ്ങള്‍ ചുറ്റി കറങ്ങിയത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അവിടെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ വെറും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍ വൈകുന്നേരം ഇഷാ മഗിരിബിന്റെ ഇടയില്‍ അവന്റെ മരിച്ചു പോയ വല്ല്യുപയായി മാറുമെന്നും പത്തിരുപത്തഞ്ചു കിലോ കനം വരുന്ന മരകട്ടില്‍ ഒറ്റയ്ക്ക് പോക്കാരുണ്ടെന്നും പറഞ്ഞതു മാഷ് ഓര്‍മിക്കുന്നുണ്ടോ...ആ സംഭവം Cognitive Behavioural Hypnotherappy, Dual personality എന്നീ വിഷയങ്ങളില്‍ ഞാന്‍ അവതരിപ്പിച്ച അസ്സൈന്മെന്റില്‍ പോലും പ്രതിപാതിച്ചിട്ടുണ്ട്. പില്‍കാലത്ത് ഒരു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞാന്‍ അവിടം ഉള്‍പെടുന്ന പ്രദേശത്ത് മത്സരിച്ചിരുന്നു. പഴയ ആ അവസ്ഥയില്‍ നിന്ന് കുറേ മാറിയിട്ടുണ്ടായിരുന്നു. പഞ്ചായത്ത് റോഡ് ഒരു പരിധി വരെ വന്നു. എന്നാലും വൈദ്യുതി എല്ലാ വീടുകളിലും എത്തിയിട്ടില്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണാവോ......
ന്റെ മാഷേ; തൊട്ടടുത നിങ്ങളൂടേ പ്രദേശമായ ഇരുബ്ബൂഴിയില്‍ നിന്നും കുട്ടികള്‍ പ്ലസ് ടൂ നേടാന്‍ (even now)ഈ ഗ്രാമതെയാണൂ ആശ്രയിക്കുന്നതു എന്നുളള സംഗതി മനസ്സിലാക്കാന്‍ ഇത് പോസ്റ്റ് ചെയ്ത മാഷിനു അറിയില്ലെങ്കില്‍ സ്വന്തം നാട്ടുകാരൊട് അന്വാഷീചാല്‍ മതി.
നന്ദീണ്ടട്ടോ..!
യൂസിഫേ,
ഞാൻ ഇന്നു തന്നെ ആ സ്കൂളിലെ റസിയ ടീച്ചറേയും ആമിന ടീച്ചറേം ഒന്നു വിളിച്ചഭിനന്ദിക്കട്ടെ!),
ഇവരെ ആരെയെങ്കിലും നേരിട്ടു കാണുമ്പോൾ എന്നെക്കുറിച്ചു ചോദിച്ചു നോക്കുക. അവരുമായുള്ള എന്റെ കുടുംബ ബന്ധം അറിയാനാവും.
പക്ഷെ യൂസുഫിനെക്കുറിച്ചറിയാൻ ആ ഇമെയിലല്ലാതെ മറ്റൊന്നും തന്നില്ലല്ലോ?
സൗദി അറേബ്യയിലാണല്ലേ ജോലി.
മുടിക്കോട്ടെവിടെയാണെന്നു പറഞ്ഞാൽ മതി.
അല്ലെങ്കിൽ പിതാവിന്റെ പേർ.
വെറുതെ!
ഒന്നു മനസ്സിലാക്കി വെക്കാൻ.
മാഷിന്റെ ഈ പോസ്റ്റില്‍ പറഞ്ഞ "ചുറ്റുഭാഗത്തു പത്തു പന്ത്രണ്ടു വീടുകളില്‍" ആണോ എന്ന് അറിയാനാണോ? അല്ല എന്ന് തീര്‍ത്തു പറയാം. സൗദി അറേബ്യയില്‍ ആണ് ജോലി. രചനകള്‍ തുടരുക. നിലവാരം പുലര്‍ത്തുന്നുണ്ട്. All the best.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ