പണ്ടു മയിലുകളും മുയലുകളും യഥേഷ്ടമുണ്ടായിരുന്ന ചെട്ടിയാന്‍ കുഴിയില്‍ ഞങ്ങള്‍ക്കു തറവാട്ടു സ്വത്തായി തരിശായ രണ്ടരേക്കര്‍ പറമ്പുണ്ട്.
വല്യുപ്പാന്റെ കാലശേഷം ആരും നോക്കാനില്ലാതെ കാടും പടലവും പിടിച്ചു കിടക്കുന്നു.ഉപ്പാക്കൊക്കെ പറമ്പു നോക്കാനെവിടെ നേരം?
നോമ്പായാല്‍ കാര്യമായിട്ടു പണിയൊന്നുമില്ല. ശനിയഴ്ച്ച മക്കളേയും കൂട്ടി ചെട്ടിയാങ്കുഴി പറമ്പിലേക്കു നടന്നു.
അവധി ദിനത്തിന്റെ ആലസ്യത്തില്‍ ടി.വി.ക്കു മുന്നില്‍ സോഫയില്‍ ഒടിഞ്ഞു മടങ്ങിയിരിക്കുന്ന മക്കളെ പിടിച്ചു വലിച്ചു പറമ്പിലേക്കു നടക്കുമ്പോള്‍ അവര്‍ കാണാനിരിക്കുന്ന കാട്ടു മുയലിന്റെയും കുരങ്ങന്മാരുടെയും വിവരണമെന്ന ജോലി എനിക്കൊരു ആവേശമായി.
കരിമ്പാറക്കെട്ടുകളും ചോലയും കാട്ടു ചെടികളും കണ്ട കണ്ണുകളും ചുള്ളിക്ക, തെച്ചിപ്പഴം, ഞാറപ്പഴം, ഞാവല്‍പ്പഴം എന്നിവ തിന്ന രുചി പോവാത്ത നാവും ഇപ്പോഴും കൂടെയുള്ളതിനാല്‍ അവ അനുഭവിപ്പിക്കുന്നതു ഈ പറമ്പിന്റെ ഓര്‍മ്മയാണ്.
ചുള്ളിക്ക പറിക്കാന്‍ പറമ്പിലേക്കു പോകുമ്പോള്‍ വല്യുപ്പ പറഞ്ഞിരുന്നതു ഓര്‍മ്മ വന്നു. “ഓണത്തിനു മുന്നേ ചുള്ളിക്ക പറിച്ചു കൊള്ളണം. ഓണം കഴിഞ്ഞാല്‍ പിന്നെ ഓട്ടച്ചുള്ളിക്കയേ കിട്ടൂ“. (പ്രാണികള്‍ തിന്നു ചുള്ളിക്ക ഓട്ടയാക്കിയിരിക്കും)
ചോലയില്‍ വേരുപായിച്ചു വളര്‍ന്നുയര്‍ന്ന വിറയാലിന്റെ ഉയരത്തിലുള്ള കൊമ്പില്‍ നിന്നു തൂങ്ങി നില്ക്കുന്ന കൂര്യാറ്റയുടെ കൂടുകള്‍ കൗതുകം മാത്രമല്ല കുസൃതിയും ഉണര്‍ത്തിയിരുന്നു. അടിയില്‍ വാതിലുള്ള ആ കൂട്ടില്‍ മുട്ടകള്‍ എങ്ങനെ തങ്ങിനില്ക്കുന്നു എന്നറിയാന്‍ മരം കേറി ഒരു കൂടു തകര്‍ത്തതിന്റെ കുറ്റബോധമുണ്ട് ഇപ്പോഴും.
ടാറിട്ട റോഡവസാനിക്കുന്നിടത്തു ചെമ്മണ്‍നിരത്തു തുടങ്ങി.
കാല്നടയാത്രയായിരുന്നതിനാല് ഉത്സാഹത്തെ ക്ഷീണം തോല്‍പ്പിച്ചു കളഞ്ഞു.
ചെമ്മണ് നിരത്തു ചെന്നവസാനിക്കുന്നിടത്തു നിന്നും ഞങ്ങളുടെ പറമ്പിലേക്കു മാത്രമുള്ള ഊടു വഴിയിലൂടെ കയറുമ്പോള്‍ കാട്ടുമൃഗങ്ങളെ കാണും സൂക്ഷിക്കണം എന്നു ഞാന്‍ മക്കള്‍ക്കു മുന്നറിയിപ്പു കൊടുത്തു.
പണ്ടിവിടന്നൊക്കെ കാട്ടുമുയലിനെ കെണിവെച്ചു പിടിച്ചിട്ടുണ്ട്.
മുള്ളന്‍ പന്നിയേയും.
വാഴത്തടി കൊണ്ടടിച്ചാണു മുള്ളന്‍ പന്നിയെ പിടിക്കുക.
അപകടം മണക്കുമ്പോള്‍ അതിന്റെ മുള്ളുകള്‍ നിവര്‍ന്നു നില്ക്കും.
അപ്പോള്‍ വാഴത്തട കൊണ്ടു അടിച്ചാല്‍ അതിന്റെ കൂര്‍ത്ത മുള്ളുകള്‍ വാഴത്തടയില്‍ തറച്ചുകേറി അതിനു ഓടാന്‍ കഴിയാതാവും.
ജീവനോടെ പിടിച്ചു കൊടുത്താല്‍ അതിനും വെരുകിനും താഴത്തെ വൈദ്യര് നല്ല കാശു തരും. അന്നു വന്യജീവിവേട്ടനിരോധന നിയമമൊന്നും ഇല്ലാഞ്ഞിട്ടോ അതോ അതു പാലിക്കാന്‍ ആര്‍ക്കും അറിയാഞ്ഞിട്ടോ, മുള്ളന്‍പന്നിയേയും വെരുകിനേയും പിടിച്ചതു പലകുറി ഞാന്‍ കണ്ടിരുന്നു.
സംസാരിച്ചു നടക്കുന്നതിനിടെ ചോലയുടെ ഉത്ഭവ സ്ഥലത്തെത്തി.
വിറയാല്‍ ഇന്നവിടെയില്ല. കഴിഞ്ഞവര്‍ഷം ഗ്യാസിനു ക്ഷാമം വന്നപ്പോള്‍ വിറകിനായതിനെ വെട്ടിയിരുന്നു.അതിനാല്‍ തുക്കണാം കുരുവിക്കൂടു നോക്കിയിരുന്നിടത്തു മേലെ നീലാകാശം മാത്രം.
പെട്ടന്നൊരൊച്ച കേട്ടു താഴോട്ടു നോക്കി.
തൊട്ടുമുന്നിലെ കുറ്റിക്കാട്ടില്‍ നിന്നൊരു ജീവി രണ്ടു കാലും പൊക്കിപ്പിടിച്ചു പിന്കാലില് ചാടി ചാടി പെട്ടന്നു അപ്രത്യക്ഷമായി.
ഞാന്‍ അത്ഭുതം കൊണ്ടു അലറിവിളിച്ചു. അതാ കങ്കാരുവിന്റെ കുഞ്ഞ്!.
മുള്കൂടിലിനിടയിലൂടെ ചോലയിലേക്കു നോക്കി നിന്ന മക്കളതു കണ്ടില്ല അതിനാല്‍ അവരതു വിശ്വസിച്ചില്ല. മാത്രമല്ല ആസ്ത്രേലിയയില്‍ നിന്നു ചെട്ടിയാം കുഴിയിലേക്കു കുറുക്കു വഴികളൊന്നുമില്ലന്നു അവര്‍ക്കു നന്നായറിയാം.
ക്യാമറ തയ്യാറാക്കി പിടിച്ചിരുന്നെങ്കില്‍ അതേ നിമിഷം ഒന്നു ക്ലിക്കാമായിരുന്നു.
എനിക്കും വ്യക്തമായി ശരിക്കൊന്നു കാണാന്‍ കൂടി പറ്റിയില്ല. ക്യാമറയെടുത്തു ഓണാക്കി പിടിച്ചു. അടുത്ത ചാന്‍സു മിസ്സാക്കി കൂടല്ലോ?
വീണ്ടും ശ്രദ്ധയോടെ ചോലക്കപ്പുറത്തേക്കു നടക്കവേ തൊട്ടടുത്ത പാറക്കെട്ടുകള്‍ക്കിടയില്‍ ഒരാള്‍ക്കുയരത്തില്‍ വളര്‍ന്നു നില്ക്കുന്ന മേച്ചില്പുല്ലുകള്ക്കിടയില് ഒരു ചലനം.
ചുണ്ടുകള്‍ക്കു കുറുകെ ചൂണ്ടു വിരല്‍ വെച്ചു മക്കള്‍ക്കു നിശ്ശബ്ദരാവാനുള്ള നിര്‍ദ്ദേശം നല്കി.
ക്യാമറ "ഓട്ടോ ഫോക്കസാക്കി" സ്ക്രീനിലേക്കു തന്നെ നോക്കി ഇളക്കാതെ പിടിച്ചു. പതിയെ പതിയെ മുന്നോട്ടു നടന്നു.
പെട്ടന്നു പുല്ലിനപ്പുറം ഒരു തല പൊങ്ങി.
“ക്ലിക്ക്!“
പക്ഷെ അതു പുല്ലരിയാന്‍ വന്ന പാറുത്തള്ളയായിരുന്നു.
ജാള്യം മറക്കാന്‍ മുഖം ഒളിപ്പിക്കവേ മക്കളുടെ തൊലിയുരിക്കുന്ന പരിഹാസച്ചിരി.
എനിക്കു തോറ്റു കൊടുക്കാന്‍ ഭാവമില്ലായിരുന്നു.
"പാറു, ഇവിടെ ഒരു കങ്കാരുവിന്റെ കുട്ടിയെ കണ്ടല്ലോ? അതെവിടെ പോയി?"
ബാപ്പാപ്ലേ ! അതു കങ്കാരുവിന്റെ കുട്ട്യൊന്നുമല്ല. ന്റെ നായിക്കുട്ട്യാ!
സായിബാജിന്റെ പെംപെറന്നോളുടെ കുടുക്കീക്ക് തലട്ടൂന്ന് പറഞ്ഞ് അയാളുടെ കുട്ട്യാളു അതിന്റെ മുന്നിലെ രണ്ടു കാലും തച്ചൊടിച്ചതില് പിന്നെ പിങ്കാലു മാത്രം കുത്തിയാ അതു നടക്ക്ണത്. ഞാനെവിടെ പോയാലും ചാടിച്ചാടി ന്റെ പിന്നാലെ അതും പോരും".
പാറു പറഞ്ഞു തീര്‍ന്നില്ല. ആ നായ എവിടെ നിന്നോ ചാടിച്ചാടി വന്നു രണ്ടുകാലും വാലും കുത്തി, ഒടിഞ്ഞ കാലുകള്‍ കങ്കാരുവിന്റെ കയ്യുപോലെ പിടിച്ചവന് പാറുവിനോടു കൂറുകാട്ടി ചേര്‍ന്നു നിന്നു. ഞാന്‍ തൊട്ടു മുന്നില്‍ അണ്ടിപോയ അണ്ണാനെപ്പോലെയും.
മക്കളുടെ ചിരി ഒന്നു അവസാനിച്ചു കിട്ടാന്‍ ഞാന്‍ പറഞ്ഞു
"നേരം ഒരുപാടായി, നമുക്ക് ആനപ്പാറയുടെ മുകളിലൊന്നു കയറി നോക്കിയിട്ടു മടങ്ങിപ്പോകാം".
ആനപ്പാറയുടെ മുകളില്‍ നിന്നു നോക്കിയാല്‍ ചെട്ടിയാന്‍ കുഴി മുഴുവന്‍ കാണാം.
കഷ്ടപ്പെട്ടു മുകളില്‍ കയറിയപ്പോള്‍ കണ്ടു. ഞങ്ങളുടെ പറമ്പൊഴിച്ചു മറ്റിടത്തെല്ലാം, കോണ്ക്രീറ്റുവീടുകളായിരിക്കുന്നു. ബാക്കിയുള്ളിടത്തു നിറയെ വീടുപണിക്കാവശ്യമുള്ള കമ്പിയും, മണലും ചെങ്കല്ലും കൂട്ടിയ കൂനകള്‍.
തിരിച്ചു പോരും വഴി റിയല്‍ എസ്റ്റേറ്റ് ഏജന്റ് മുസ്തഫയുടെ "ഇന്നോവ" പിന്നില്‍ വന്നു ബ്രേക്കിട്ടു.
"ലീവു കഴിഞ്ഞു ദുബൈക്കു മടങ്ങുന്നതിന്നു മുന്നെ ഉപ്പാനോടു പറഞ്ഞു ഈ കച്ചവടം ഉറപ്പിച്ചു തരണം".
അപ്പോഴാണു ഓര്‍ത്തത്, അവനുള്ള മറുപടി കൊടുത്തിട്ടില്ല. സെന്റിനു പതിനഞ്ചു വെച്ചു അവനെടുത്തോളാമെന്നു പറഞ്ഞതായിരുന്നു!
അവനു പ്ലോട്ടുകളാക്കിത്തിരിച്ചു മറിച്ചു വില്‍ക്കാനാണത്രേ!
അന്‍പതു കൊല്ലം മുന്‍പു വല്ലിപ്പ ഉപ്പാക്കു വേണ്ടി വെറും നൂറ്റന്പതു രൂപക്കു വാങ്ങിക്കൊടുത്തതാണിത്.വില്ക്കാന് തോന്നിണില്യ.
"എന്നാലും ചുറ്റിനും പുരോഗതി വന്ന സ്ഥിതിക്കു ഇതങ്ങനെയിട്ടാല് നാട്ടുകാരുടെ ശാപം കിട്ടും.ആള്‍ക്കാര്‍ക്കു പാര്‍ക്കാന്‍ ഇടമില്ലാത്ത അവസ്ഥയില്‍ ഇത്രയും സ്ഥലം ഇങ്ങനെ വെറുതെ കിടന്നാല്‍ ദൈവം പോലും പൊറുക്കില്ല".
ഉമ്മാന്റെ വാക്കുകള്‍ ഓര്‍ത്തു.
മിണ്ടാപ്രാണികള്‍ക്കു ശപിക്കാന്‍ കഴിയില്ലേ എന്നും അവരുടെ കിടപ്പാടം തട്ടിയെടുത്തവരോടു ദൈവം എങ്ങനെയാണു പൊറുക്കുക എന്നും അപ്പോള്‍ ചോദിക്കാതിരുന്നത് കുരുത്തക്കേടു ചോദിച്ചു വാങ്ങേണ്ട എന്നു കരുതിയിട്ടു മാത്രമായിരുന്നു.
"ഈ പപ്പാനെക്കൊണ്ടു തോറ്റു ആ പഴയ "Austin Powers" സി.ഡി കണ്ടിരുന്നാല്‍ മതിയായിരുന്നു".
മോനും മോളും അവരുടെ വിലപ്പെട്ട അവധിദിനം നശിപ്പിച്ച പപ്പയോടുള്ള ദേഷ്യത്തിലായിരുന്നു.
ക്ഷമിക്കാന്‍ ഇനി മിനിമം ഒരാഴ്ച്ചയെടുക്കും തീര്‍ച്ച.
(ഞാന്‍ അവരെ എന്റെ അടുത്ത നൊസ്റ്റാള്‍ജിയയുടെ മേച്ചില്‍പ്പുറത്തേക്കു വലിച്ചിഴക്കുന്നതു വരെ).
ഞാനാണങ്കിലോ ഒരു ഓട്ടവീണ ചുള്ളിക്കപോലും കാണാനാവത്ത നിരാശയിലും.
38500
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
15 അഭിപ്രായങ്ങൾ:
കൊള്ളാം മാഷേ അവധിക്കാലത്തെ കുറിപ്പുകള്‍. മുള്ളനേയും മുയലിനേയും തേടിനടന്ന് അവസാനം കങ്കാരുവിനേയും പാറുത്തള്ളയേയുമൊക്കെയേ കാണാന്‍ പറ്റിയുള്ളൂ അല്ലേ. :)
അവധി ആസ്വാദനക്കുറിപ്പുകൾ.... ഇനിയും പ്രതീക്ഷിയ്ക്കുന്നു. നടക്കുംവഴികളുടെ വിവരണങ്ങളിലൂടെ...കാടും പൊന്തയും കണ്ടെടുക്കാനാവുന്നു. കൂടെ കാടുകേറിപ്പോയ കുറെ ഓർമ്മകളേയും.
എന്തൊക്കെ വീരവാദങ്ങളായിരുന്നു. ആന മയിലൊട്ടകം, മുള്ളന്‍പന്നി, മുള്ളില്ലാത്ത പന്നി. ഇപ്പൊ വെറും ' പന്നി' കള്‍ മാത്രമെ കാട്ടിലുള്ളൂ മാഷെ. കാട് നാടാക്കിയവര്‍.
പണ്ട് നാട്ടിലും കുന്നില്‍ പുറങ്ങളിലും ഉള്ള പേരറിയുന്നതും പേരറിയാത്തതുമായ എന്തെല്ലാം പഴങ്ങള്‍ പറിച്ചു തിന്നിട്ടുണ്ട്. അതൊക്കെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പോലും എവിടെയും കാണാനില്ല. (മാഷെ, കരിമ്പനയുടെ തേങ്ങ പഴുത്തത് കടിച്ചു പറിച്ചു കഴിച്ചിട്ടുണ്ടോ? അതിന്റെ മണം തിരിച്ചറിഞ്ഞാല്‍ 'ടിഫാനി' ക്കാര് പേറ്റന്റെടുക്കും.)
മഴത്തുള്ളി:- വായനക്കും കമണ്ടിനും നന്ദി,പ്രതീക്ഷിക്കുന്നതൊന്നും ഇന്നു നാട്ടിലില്ല. അല്ലങ്കില്‍ പ്രവാസികളോക്കെ ഏറെ സങ്കൽപ്പിച്ചു സ്വപ്നം കാണുന്നതു കൊണ്ടാണാവോ?
ചന്ദ്രകാന്തം :- നന്ദി.മേഞ്ഞേടം മേയുക എന്നതിലെ സുഖം അനുഭവിക്കുന്നു.
പാര്ത്ഥന്:- ശരിയാണ്. നാട്ടീന്നു കാടുകേറിയ മനുഷ്യന് ഇന്നു കാട്ടാളനായിരിക്കുന്നു. കാട്ടാളന്മാര് കാണാതെയും.കരിമ്പനയുടെ തേങ്ങ പഴുത്തത് കടിച്ചു പറിച്ചിട്ടില്ല. പക്ഷെ പനനൊങ്ക് കഴിച്ചിട്ടുണ്ട്.
പനനൊങ്കിന്റെയും ഇളനീരിന്റെയും ജ്യൂസ് ആണ് ഇപ്പോള്‍ നോമ്പു വിഭവങ്ങളില്‍ ഏറ്റവും പ്രിയമുള്ളാ ഇനം.
വായനക്കും പ്രതികരണത്തിനും നന്ദി.
ബുദ്ധന് പറഞ്ഞ പോലെ ആശയാണ് നിരാശകള്‍ക്ക് കാരണം.കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതിരിക്കുക.
അവധിക്കുറിപ്പ് നന്നായിട്ടുണ്ട്.
ആ പറമ്പും അതിലെ പച്ചപ്പും എങ്കിലും ബാക്കി ഉണ്ടാവുമല്ലോ.എല്ലായിടത്തും ഇതു തന്നെ സ്ഥിതി, പുതിയ പുതിയ കെട്ടിടങ്ങളാണെവിടെ നോക്കിയാലും.
പെരുന്നാള്‍ ആശംസകള്‍..
ഗ്രാമത്തിലെക്ക് ഒരു നിമിഷം മനസ്സ് സഞ്ചരിച്ചു നല്ല ഓരമ്മകുറിപ്പ്
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു
അവധിക്കുറിപ്പ് വായിച്ചു കമണ്ടു ചെയ്ത
Typist | എഴുത്തുകാരിക്കു നന്ദി.
ആ പറമ്പും അതിലെ പച്ചപ്പും താമസിയാതെ അപ്രത്യക്ഷമാകും.
ബാജി ഓടംവേലി, നന്ദി പെരുന്നാള്‍ ആശംസകള്‍ തിരിച്ചും നേരുന്നു.
അനൂപ് കോതനല്ലൂര്‍ വായനക്കും കമണ്ടിനൂം നന്ദി.
ഗ്രാമക്കാഴ്ച്ച അന്യമാകുന്നു.
Areekkodan | അരീക്കോടന്‍ ബ്ലോഗര്കുലത്തിനു മുഴുവന്‍ ഞാനും നേരുന്നു
ഈദാശംസകള്‍!
വളരെ നല്ല കുറിപ്പ് മാഷേ...
ബിലേറ്റഡ് പെരുന്നാളാശംസകളും..
mashe, nice writing...really nostalgic..
ഈ ചുള്ളിക്കാന്ന് വെച്ചാല്‍ എന്താ?
കുറ്റ്യാടിക്കാരന്‍:- വായനക്കും കമണ്ടിനും നന്ദി.
ജിഹേഷ് :- താങ്കസ്..
രമ്യ:- ചുള്ളിക്ക എന്നു പറഞ്ഞാല്‍ ഒരു കാട്ടുപഴമാണ്. ഒരു കുറ്റിച്ചെടിയില്‍ ഉണ്ടാവുന്നത്. മധുരവും ചവര്‍പ്പും കലര്‍ന്നത്.ഓരോ കായക്കും വ്യത്യസ്ഥ രുചി തോന്നും. അത് ഇന്ന് ഒന്നു രുചിക്കാനോ ഫോട്ടോ എടുക്കാനോ സാധിക്കാത്ത വിധം അപ്രത്യക്ഷമായിരിക്കൂന്നൂ.
ആശംസകള്‍......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ