2007, നവംബർ 23, വെള്ളിയാഴ്‌ച

ഓന്തുകള്‍


താസില്‍ദാര്‍
----------------
അന്നു


താസില്‍ദാറുടെ അമ്മ മരിച്ചപ്പോള്‍ അവധി ദിനമല്ലായിരുന്നു.
എന്നിട്ടും ദേശക്കാരൊക്കെ കൂട്ട അവധിയെടുത്തു !

ആ മരണവീട്ടിലെന്തു തെരക്കായിരുന്നു!
നിലക്കാത്ത അനുശോചനവും തീരാത്ത വിലാപയാത്രയും.
എല്ലാം ഞാനാനാദ്യമായി അടുത്തു കണ്ടു.
കാരണം അവര് എന്റെ വീട്ടിന്നു മുന്നിലൂടെയാണു ഒഴുകിയത്.
അയാള്‍ കൈക്കൂലിക്കാരനും സ്വജനപക്ഷപാതിയുമായിരുന്നു.
അതവര്‍ക്കൊരു പ്രശ്നമേയല്ലായിരുന്നു.
(ആവശ്യമായിരുന്നു)

ഇന്നു

താസില്‍ദാര്‍ മരിക്കുമ്പോള്‍ അവധി ദിനമാണ്.
എന്നിട്ടും ആരും അനുശോചനമറിയിക്കാനെത്തിയില്ല.
അയാള്‍ കൈക്കൂലിക്കാരനും സ്വജനപക്ഷപാതിയുമാണെന്നെല്ലാരും ചൊല്ലി.
അയാളുടെ മകന്‍ കൂലിക്കാളെ കൊണ്ടു വന്നാണച്ഛന്റെ ശവമെടുത്തത്.
മരണ വിവരം ആരും അറിയാഞ്ഞിട്ടല്ല.
താസില്‍ദാര്‍ പദവി പട്ടാഭിഷേകം നടത്താനാവില്ലല്ലോ!

രാഷ്ടീയനേതാവ്

അന്ന്

രാഷ്ടീയനേതാവിന്റെ അമ്മ മരിച്ചപ്പോള്‍ അവധി ദിനമല്ലായിരുന്നു.
എന്നിട്ടും ദേശക്കാരൊക്കെ അവധിയെടുത്തു മരണവീട്ടിലെത്തി.

അന്നു അവിടെന്തു തെരക്കായിരുന്നു!
അനുശോചനവും റീത്തും വിലാപയാത്രയും.

എല്ലാം മാധ്യമങ്ങളിലൂടെ ഞാന്‍ അടുത്തു കണ്ടു.
നേതാവിന്റെ ശ്രദ്ധവെട്ടത്തു വരാന്‍ ജനം‍ തെരക്കു കാട്ടി.

അയാള്‍ അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായിരുന്നു.
അതവര്‍ക്കൊരു പ്രശ്നമേയല്ലായിരുന്നു.

ഇന്നു

ആ രാഷ്ടീയ നേതാവു ‍ മരിക്കുമ്പോള്‍ രാജ്യം ഒട്ടുക്കു അവധി ദിനമാക്കി,
അനുശോചനമറിയിക്കാനെത്തിയവരെ നിയന്ത്രിക്കാന്‍ പോലീസെത്തി.

നേതാവു‍ ‘മഹാ‘ മഹാനും ആദരണീയനായ ആശ്രിതവത്സലനുമാണെന്നു എല്ലാരും ചൊല്ലി.
അയാളുടെ മകനാണു പിന്നെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്.

ഇനി അയാളത്രേ അടുത്ത പാര്‍ട്ടി നേതാവ്!
രാഷ്ടീയത്തില്‍ പട്ടാഭിഷേകം അനുവദനീയമത്രേ!
(പവിത്രവും)

6 അഭിപ്രായങ്ങൾ:

ശ്രീലാല്‍ പറഞ്ഞു...

:) ഓന്തുകളുടെ ലോകം. ശരിക്കും.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഓന്തുകള്‍ തന്നെ.

മന്‍സുര്‍ പറഞ്ഞു...

മാഷേ...
വാസ്തവം..
ലജ്ജാവഹം....പാവം ഓന്തുകള്‍ ഇവരെയോര്‍ത്ത്‌ ദുഃഖിക്കുന്നുണ്ടാവും..

ഇകൂട്ടര്‍....ഓന്തിനെ വെല്ലും ഓഎന്ത്‌...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി പറഞ്ഞു...

അന്നും ഇന്നും നന്നായി..
ഓന്തുകള്‍ എന്നും ഒന്നുതന്നെയെല്ലെ മാഷെ..:)

അപ്പു ആദ്യാക്ഷരി പറഞ്ഞു...

മാഷേ, കുറീക്കുകൊള്ളുന്ന പരിഹാസം

അലി പറഞ്ഞു...

മാഷെ...

അന്നും ഇന്നും ഓന്തുകള്‍ ഓന്തുകള്‍ തന്നെ!
അവസരത്തിനൊത്ത് നിറം മാറുന്ന മനുഷ്യര്‍
യഥാര്‍ത്ഥ ഓന്തുകളെപ്പോലും നാണിപ്പിക്കുന്നു

നന്നായി..

അഭിനന്ദനങ്ങള്‍..