2007, നവംബർ 14, ബുധനാഴ്‌ച

ബൂലോകസമ്മര്‍ദ്ദം

ഏപ്രില്‍ 18 - 2007
ദേവന്‍റെ ബൂലോഗ സമ്മര്‍ദ്ദം എന്ന പോസ്റ്റിനിട്ട എന്‍റെ കമണ്ട്.

കരീം മാഷ്‌ said...

"ഞങ്ങളെ വീട്ടിലെ പുറമ്പണിക്കാരി മുണ്ടി പാടത്തു പണിയൊന്നും ഇല്ലാഞ്ഞപ്പോള്‍ ചൂരക്കൊട്ടയുമെടുത്തു കാഞ്ഞിരക്കുരു പെറുക്കാന്‍ പോയി".
എന്നു തുടങ്ങുന്ന കഥ കഥനം രണ്ടുദിവസം കഴിഞ്ഞു മത്തായിക്കു കെട്ട്യോളുടെ തിരുത്തല്‍ കഴിഞ്ഞു കിട്ടിയത്‌.
"കിടക്കപ്പായിന്നെണീറ്റ കാളി കിഴക്കു നോക്കി ഒരു കോട്ടുവായിട്ടു,
കുടിലിന്റെ കോണീല്‍ വെച്ച കൊട്ടയെടുത്തവള്‍ കാളികാവിലെ കൊപ്പങ്കുന്നു കണക്കാക്കി നടന്നു.
കൃഷിപ്പണി ഇപ്പോ ഒരു കണക്കായിരിക്കുന്നു !.
കുറച്ചു കാഞ്ഞിരക്കുരു പെറുക്കണം"

ഈ കഥ ബ്ലോഗിലിട്ടു മത്തായി ഉറങ്ങാന്‍ കിടന്നു.

രാവിലെയേ തനിമലയാളത്തിലെത്തൂ.
അര്‍ജ്ജണ്ടായി വായിക്കുന്നവര്‍ക്കു പിന്മൊഴിയിലൊരു വാലുമിട്ടു കൊടുത്തു.
വാലില്ലാത്തവര്‍ക്കു വായിക്കാന്‍ വള്ളിയില്‍ തൂങ്ങിയെത്താമല്ലോ!

സ്ഥിരം കമണ്ടിടുന്ന ചിലരൊക്കെ വന്നു.
അപാരം,അത്യുഗ്രന്‍ എന്നൊക്കെ പതിവു തലോടല്‍ തന്നു പോയി.
അവരെയൊക്ക നോക്കിവെച്ചു,
ഇനി അവര്‍ക്കു മടക്കികൊടുക്കണം.
കല്യാണത്തിനു പ്രസണ്ടേഷന്‍ കിട്ടുന്ന പോലെ.

ഓഫീസിലെ കഠിന ജോലിയും അവിടെ ബ്ലോഗെഴുത്തില്ലന്ന പ്രതിജ്ഞയും അയാളെ വീട്ടില്‍ ബിസിയാക്കിയിരിക്കുന്നു.

അന്നു വൈകി ഉറങ്ങാന്‍ കിടന്നതാണ്‌ മത്തായി.
അപ്പോള്‍ മൊബെയില്‍ നിര്‍ത്താതെ അടിക്കുന്നു.

ഉറക്കപിച്ചുമായി മൊബബലിന്‍റെ സ്ക്രീനിലേക്കു നോക്കിയപ്പോള്‍ കണ്ടു.
അപ്പനാണ്‌ നാട്ടില്‍ നിന്ന്‌!
" ഏടാ തനിക്കെന്താ പണി ?"

മത്തായി ഇത്തിരി നീരസത്തോടെ!
"ഉറക്കം"

അപ്പന്‍ അതിലേറെ ചൂടായി കൊണ്ട്.
"പണി എന്നാല്‍ ജോലി എന്താ എന്നാ ചോദിച്ചത്‌?"

മത്തായി ഒന്നു താഴ്ന്നു കൊണ്ട്.
“പഴയ പണി തന്നെ. പതിനാറു വര്‍ഷമായി ചെയ്യുന്നത്‌ (അക്കൗണ്ടന്റ്‌)"

“നീയിപ്പോ നമ്മടെ മുണ്ടിയെക്കുറിച്ചു കഥയെഴുതി കമ്പ്യൂട്ടറിലച്ചടിച്ചോ?“

മത്തായി പേടിയോടേ!
"ആരാപ്പാ അതു അവിടെ വന്നു പറഞ്ഞത്‌?"

"നിനക്കു കിട്ടുന്ന ശംബളം പോരാന്നുണ്ടോ?".

“മതിയപ്പാ, അതു തന്നെ അധികം"

"പിന്നെന്താ നെനക്കു വയറ്റില്‍ വറ്റു വിലങ്ങടിക്കുന്നുണ്ടോ?
ആ പാവങ്ങളുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടക്കണോ?"
"ഇതുപോലെ ഒരുത്തന്‍ വന്നു ഫോട്ടൊയെടുത്തു പൊക്കിപ്പറത്തി അരപ്പേജു വാര്‍ത്തയിട്ടിട്ടാ റുഖ്യാന്റെ ചെറുതൊഴില്‍ കിടക്ക-തലയണ നിര്‍മ്മാണ യൂണിറ്റ്‌ പത്രത്തിലൊക്കെ വന്നൂലോ എന്നും ചൊല്ലി കൈക്കൂലിക്കാന്‍ കേറിയിറങ്ങി മുടിപ്പിച്ചത്‌.

“ആട്ടെ അപ്പനിതൊക്കെ എങ്ങനറിഞ്ഞു?“

“ബാംഗ്ലൂരില്‍ പണിയെടുക്കുന്ന രണ്ടു ചെക്കന്മാര്‍ രണ്ടീസായിട്ടു‍ ഇരുമ്പുഴിയില്‍ കറങ്ങി നടപ്പാണ്‌.

ഇന്നലെ നിന്റെ അനിയന്റെ കടയില്‍ വന്നു തെരക്കീന്നോ അവരു പിന്നെ കാളിയാണ്‌ മുണ്ടിയെന്നു മനസ്സിലാക്കി അവളെ തെരക്കി ചെന്നൂന്നും അവളാകെ പേടിച്ച്‌ ഇങ്ങോട്ടോടി വന്നു പെന്‍ഷന്‍ മുടങ്ങോന്നും ചോദിച്ചു അലമുറയിട്ടു കരച്ചില്‍.
അവളുടെ പെന്‍ഷന്‍ മുടങ്ങിയാല്‍ നിന്റെ തൊള്ളയില്‍ ക്യാന്‍സര്‍ വരും. ഞാന്‍ പറഞ്ഞേക്കാം. അഹമ്മതിക്കും ഒരതിരുണ്ട്‌.
ജോലി ചെയ്തു കിട്ടുന്നതു തിന്നു ജീവിച്ചാല്‍ പോരെ?"

അപ്പന്റെ അടുത്തു നിന്നും കിട്ടിയതു വാങ്ങിച്ചു മത്തായി വീണ്ടും ഉറങ്ങാന്‍ കിടന്നു.
വൈകിയെങ്കിലും നല്ല ഉറക്കം പിടിച്ചപ്പോള്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.
വായിലാകെ ക്യാന്‍സറുമായി അയാള്‍ കിടന്നു പിടയുന്നു.
ക്യാന്‍സറിന്റെ വൃണങ്ങള്‍ പൊട്ടി അയാളുടെ കവിളിലൂടെ ഒലിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌ .
കയ്യില്‍ ഒരു എഴുത്താണിയും ഉണ്ട്‌.
എഴുത്താണിയുടെ അറ്റം വളരെ മൂര്‍ച്ചയുള്ളത്‌.
വെറുതെ ചുഴറ്റുമ്പോള്‍ തട്ടിയ അതിന്‍റെ മൂരച്ചയുള്ള ഭാഗം തൊട്ടിടത്തെല്ലാം മത്തായിക്ക് ക്യാന്‍‍സര്‍ വന്നു.

മത്തായി ഞെട്ടിയുണര്‍ന്നു.
കണ്ണു തിരുമ്മി റെറ്റിനയും കൃഷ്മമണിയും തമ്മിലെ ദൂര അനുപാതം കൃത്രിമമായി ശരിയാക്കി.
കമ്പ്യൂട്ടര്‍ ഓണായി തന്നെ കിടക്കുന്നു.
ഡയലപ്പ്‌ ചെയ്തു പിന്മൊഴി തുറന്നു.

അവിടെ ഒരു കേക്കിന്റെ അത്യന്താധുനീക കഥ വായിച്ചു പുലികളായ പലരും മനസ്സിലാക്കാന്‍ പ്രയാസപ്പെട്ടു ചക്രശ്വാസം വലിക്കുന്നു.

മത്തായിയും മൂന്നു വട്ടം അതു വായിച്ചു.
അയാള്ക്കും ഒന്നും മനസ്സിലായില്ല.
പക്ഷെ അയാളുടെ മനസ്സില്‍ വായ നിറയെ അര്‍ബുദം വരുന്നതും എഴുത്താണിയുടെ മൂര്‍ച്ച തട്ടി മേലാസകലം മുറിവാകുന്നതും മാത്രമായിരുന്നപ്പോള്‍.

അതിനാല്‍ അയാള്‍ അതിനു ചേര്‍ന്ന ഒരു കമണ്ടിട്ടു പബ്ലിഷു ചെയ്തതും ജി ടാക്കില്‍ നിന്നു ചതുരത്തില്‍ ഒരുപാടു കുമിളകള്‍ അയാളുടെ കമ്പ്യൂട്ടറിന്റെ താഴെക്കോണില്‍ നിന്നു ഉയര്‍ന്നു വരുന്നതും അയാള്‍ ശ്രദ്ധിക്കാതെ വീണ്ടും പുതപ്പിനടിയിലേക്കു ഊളിയിട്ടു.

വായനക്കാരന്‍ ബ്ലോഗെഴുത്തുകാരനു സമ്മര്‍ദ്ദം കൊടുക്കുന്നില്ലന്നു തന്നെയാണിപ്പോഴും മത്തായി
വിചാരിക്കുന്നത്‌.
(മത്തായി ചരിതം മൂന്നാം ഭാഗം. പേജ്‌ 45. ഖണ്ഡിക 3.)
April 18, 2007 6:54 PM