2007, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

മാധുര്യമുള്ള തെരുവ്‌

കോഴിക്കോട്ടെ മിഠായിത്തെരുവ്

ഈ തെരുവിലൂടെ ഞാനും നടന്നിട്ടുണ്ട്‌,
ബാല്യത്തില്‍ പിതാവിന്റെ കൈപിടിച്ചും,
കൗമാരത്തില്‍ കോളേജുകൂട്ടുകാരുടെ കൂട്ടു കൂടി കോര്‍ണേഷനും രാധയും അപ്‌സരയും, സംഗവും, ക്രൗണും കറങ്ങിയിറങ്ങുന്നതിനിടയിലും,
പിന്നെ പില്‍ക്കാലത്തു പ്രവാസത്തിന്റെ പരോളിനിടക്കു ഫാമിലിയുമൊത്തു പര്‍ച്ചേസിംഗിനിടയിലും....


സുഹ്‌റ ഫൂട്ട്‌വേര്‍, കിഡ്ഡീസ്‌ കോര്‍ണ്ണര്‍, മലബാര്‍ സ്വീറ്റ്‌സ്‌, അനര്‍ക്കലി ഫാന്‍സി, പികെ ബ്രദേര്‍സ്‌ ബുക്സ്റ്റാള്‍, ബാറ്റാ ഷോറൂം, ടോപ്പ്‌ഫോം ഹോട്ടല്‍, കെ.ശങ്കരന്‍ ബേക്കറി , വസന്തഭവന്‍ വെജിറ്റേറിന്‍ ഭോജന ശാല എന്നി പേരു പറഞ്ഞ കടകള്‍ക്കു മുന്നിലൂടെയും അനേകം പേരു പറയാത്ത കടകള്‍ക്കു മുന്നിലൂടെയും തിക്കിതിരക്കി കടന്നു പോയപ്പോള്‍ ഞാന്‍ ഒരു സുധേച്ചിയേയും പാത്തുവിനേയും കാണാത്തതെന്തേ!, ആ മന്മദ രാസാ നൃത്തങ്ങള്‍ ഞാന്‍ കാണാത്തതെന്തേ!,
അതോ കണ്ടിട്ടും കണ്ണില്‍ കയറാതിരുന്നതെന്തേ!
ആ പൗരാണിക തെരുവു മോശമാണെന്നു പറഞ്ഞവരോടു ഞാന്‍ കയര്‍ത്തതെന്തേ?
ആ തെരുവിലേ മോശത്തരങ്ങള്‍ എനിക്കജ്ഞാതമായതിനാലോ?
അതോ അപ്രാപ്യമായതിനാലോ?
എനിക്കു തിട്ടമില്ല.

കൊച്ചിലേ കൈവിരല്‍ പിതാവിന്റെ മുഷ്ടിക്കകത്തായിരുന്നതിനാലോ?
അതോ കൗമാരം ശുദ്ധപ്രണയത്തിനാല്‍ കളങ്കങ്ങളെ കഴുകി വെടുപ്പാക്കിയിരുന്നതിനാലോ?
ചുരിദാറു വാങ്ങിത്തരണമെന്നു പറഞ്ഞു ഇരുതോളിനു ഇടക്കാക്കി സമ്മര്‍ദ്ദമായി കൂടെ നടന്ന പെങ്ങന്മാരോ,
അതോ "പപ്പാന്റെ "so called & glorified" കോഴിക്കോട്ടെ മുട്ടായിത്തെരുവിതാണോ എന്നു ചോദിച്ചു കൈവിരലില്‍ തൂങ്ങി നടന്ന മക്കളു കാരണമാണോ എന്നറിയില്ല.

തെരക്കു പിടിച്ച തെരുവ്‌, ശങ്കരന്‍ ബേക്കറിക്കു മുന്നില്‍ വെച്ചു വഴി പിരിയുമ്പോള്‍ ഞാന്‍ മാധുര്യമുള്ള ഹലുവകള്‍ കിട്ടുന്നയിടത്തൂടെ വഴിമാറുകയാണ്‌.ആ മധുരമുള്ള ഹലുവകളുടെ ഏംബക്കമാണിന്നു ഞാന്‍ ഇറാന്‍ ബീജം ഇന്ത്യന്‍ ഗര്‍ഭപാത്രത്തില്‍ മോള്‍ഡു ചെയ്തെടുത്ത "മൂസാ റസാ ഫാറൂഖിയുടെ" പഴങ്കഥകളില്‍ നിന്നു അനുഭവിക്കുന്നതും.
ഞാന്‍ ഒരു കൈ നീട്ടി പിടിക്കുന്നു. മറ്റേ കയ്യില്‍ എന്റെ മകള്‍ പിടിച്ചിരിക്കുന്നു. നോട്ടുബുക്കുകള്‍ വാങ്ങാന്‍ ബുക്സ്റ്റാളില്‍ കയറിയപ്പോള്‍ പിടിച്ച ആ ചേട്ടന്റെ കൈയില്‍ അര്‍പ്പിച്ച വിശ്വാസവും അഭിമാനവും ഉണ്ടെങ്കില്‍ സ്പര്‍ശിക്കാം.തൊട്ടറിയാന്‍ മാത്രം.സംരക്ഷണം ഉറപ്പു തരുന്നില്ല . അതു സ്വയം ആര്‍ജ്ജിക്കുക. അതിനു ഞാനാളല്ല. വാരിയെല്ലിലെ ഒന്നു കുറവുള്ളൂ. നട്ടെല്ലില്‍ചേര്‍ത്തു വെച്ച കശേരുകകളുടെ എണ്ണം xx ക്രോമസോമുകള്‍ക്കും xy ക്രോമസോമുകള്‍ക്കും തുല്യം.
ഒരുമിനിട്ടു കാത്തു നില്‍ക്കൂ. എനിക്കു കെ.ശങ്കരന്‍ ബേക്കറിയില്‍ നിന്നു ഒരു ഹലുവായുടെ "കാത്തിലാകെട്ടു" വാങ്ങണം.
ഞങ്ങളുടെ സ്ലൂളിലെ സ്വാതന്ത്യദിന പരേഡില്‍ ഭാരതാംബയായി ത്രിവര്‍ണ്ണപതാകയേന്തി നടന്ന ആമിനുവിന്നു കൊടുക്കാനാണ്‌. മേലാസകലം പൊള്ളിയകൊല്ലം അവളെ മാറ്റി വേറൊരു പെണ്‍കുട്ടിയെ അതിനു നിയോഗിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ അവളെ ഞാനിതു പോലെ ഒരു കോഴിക്കോടന്‍ ഹലുവയില്‍ ആശ്വസിപ്പിച്ചിരുന്നു. ഇനി ഒരു കേവലം ഹലുവ കൊണ്ടതു സാധ്യമാകുമെന്നെനിക്കു തോന്നുന്നില്ലങ്കിലും..... ഒരു വൃഥാ ശ്രമം.


(രേഷ്മയുടെ “തെരുവ്” എന്ന കഥയില്‍ ഞാനിട്ട കമണ്ട്)

1 അഭിപ്രായം:

മഴത്തുള്ളി പറഞ്ഞു...

കരീം മാഷേ, ഒരു കമന്റിനിത്ര നീളമോ? എന്തായാലും മിഠായിത്തെരുവിലെ ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ നന്നായി വിവരിച്ചിരിക്കുന്നു.