2007, സെപ്റ്റംബർ 24, തിങ്കളാഴ്‌ച
രാത്രിക്കല്യാണം ഒരോര്‍മ്മ.
പണ്ടൊക്കെ കല്ല്യാണങ്ങള്‍ രാത്രിയിലായിരുന്നു.
മലബാറിലെ രാത്രിക്കല്യാണങ്ങള്‍ പറ്റെ വേരറ്റുപോയെങ്കിലും കുറച്ചെല്ലാം എന്റെ ബാല്യകാല ഓര്‍മ്മകളായി ഇപ്പ്പ്പോഴുമെന്നോടൊപ്പമുണ്ട്. അന്നൊക്കെ രാത്രിയിലായിരുന്നു എല്ലാ ആഘോഷങ്ങളും
പ്രത്യേകിച്ചു മാപ്പിളമാരുടെ!
മുന്‍പ് കാര്‍ഷികവൃത്തിയും കച്ചവടവുമായിരുന്നു മലബാറിലെ ഗ്രാമങ്ങളിലെ മാപ്പിളമാരുടെ ജീവിതോപാധി.
അതുകൊണ്ടു തന്നെ അവരുടെ ഗ്രാമത്തിലെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഇവ രണ്ടിനോടും ചേര്‍ന്നും ലയിച്ചും കിടന്നു.
ഗ്രാമത്തെ വീണ്ടും വിഭജിക്കുമ്പോള്‍ വിവിധ പാടത്തുംകരക്കാര്‍,
ഒരു പാടത്തിന്‍ കരയിലെ നിവാസികള്‍ അവര്‍ ഒരു കൂവലിനാല്‍ ആശയം കൈമാറുന്നവര്‍,വെള്ളത്തിന്റെ ഏറ്റക്കുറച്ചിലിലും,കീടങ്ങളുടെ ആക്രമണത്തിലും,കാറ്റിന്റെ അസ്വഭാവികതയിലും ഒരേപോലെ ആകുലരാവുന്നവര്‍ ആയിരുന്നു ഒരു പാടത്തില്‍കരക്കാര്‍.
അവര്‍ ആകുലരാവുന്നതും ആനന്ദഭരിതരാവുന്നതും ഒന്നിച്ചായിരുന്നു.
"പക്ഷെ അവരുടെ ആഘോഷങ്ങളെല്ലാം കാര്‍ഷിക ജോലിയേയും കച്ചവടത്തെയും മുടക്കാത്തവയായിരുന്നെന്നു മാത്രം".
അങ്ങനെയാണു രാത്രിക്കല്യാണങ്ങളും ആഘോഷങ്ങളും മലബാറിന്റെ നേര്‍ക്കാഴ്ച്ചയായത്.
ഞാന്‍ കണ്ട അന്നത്തെ മാപ്പിളഭവനങ്ങള്‍ക്കെല്ലാം ഒരേ ദൃശ്യഘടനയായിരുന്നു.
നാട്ടിന്‍ പുറത്തിന്റെ നൈസര്‍ഗിക ഭംഗി പച്ചപ്പട്ടണിഞ്ഞ വയലേലകളായി പരന്നു കിടക്കുമ്പോളതിന്റെ ഒത്ത നടുക്കിലൂടെ ഒരു വീതികൂടിയ നടവരമ്പ്. നടവരമ്പില്‍ നിന്നു വീട്ടിന്റെ പൂമുഖത്തേക്കു സ്കയില്‍ വെച്ചു വരച്ചപോലെ ഇടത്തരം വീതിയുള്ള ഒരു ഇടവരമ്പ് തോട്ടിങ്കരയിലവസാനിക്കുന്നു.
തോട്ടിലിറങ്ങി കൈകാലുകള്‍ കഴുകി വൃത്തിയാക്കാനുള്ള സൗകര്യം.
തോടിനു കുറുകെ വീതി കുറഞ്ഞ മരപ്പാലം.
പാലം കടന്നാല്‍ തൊടി.
തൊടിക്കു ഒത്ത നടുക്കിലൂടെ ഇരുവശവും പൂച്ചെടികളും വിവിധ വര്‍ണ്ണത്തില്‍ ഇലകളുള്ള സസ്യങ്ങളും അതിരിട്ട വീതിയുള്ള വഴി, അതു കഴിഞ്ഞെത്തുന്നതു വീടിന്റെ മുന്നിലെ വിശാലമായ മുറ്റം,
മുറ്റത്തേക്കു കയറിയാല്‍ അഭിമുഖമായി കാണുന്നതാദ്യം ഗൃഹനാഥനിരിക്കുന്ന പ്രൗഢിയാര്‍ന്ന കസേര.
(മിക്ക വീട്ടിലും അതു ചാരുകസേരയായിരിക്കും).
പൂമുഖത്തെ ചാരുകസേരയിലിരിക്കുന്ന ഗൃഹനാഥനു നാടത്തുവരമ്പിലൂടെ നടന്നു ഇടവരമ്പിലേക്കു തിരിയുന്ന വിരുന്നുകാരനെ മനസ്സിലാക്കി അടുക്കളപ്പുറത്തേക്കു മുഖം തിരിച്ചു, വീട്ടുകാരിയോടു
"വിരുന്നുകാരുണ്ടടീ, ചായക്കു വെള്ളം വെച്ചോ!"
എന്നു വിളിച്ചുപറയാന്‍ വേണ്ടത്ര സമയം കിട്ടുന്ന വഴിദൂരം.
ഇലക്ട്രിക് ബള്‍ബും ട്യൂബും ഗ്രാമത്തിലെത്തുന്നതിന്നു മുന്നെ പെട്രോള്‍മാക്സ് എന്നു വിളിക്കുന്ന അന്നത്തെ അപൂര്‍വ്വമായ അത്ഭുതപ്രകാശത്തിന്റെ മാസ്മരികപ്രഭയില്‍ രാത്രിയിലെ ഏതാഘോഷവും നന്നായി ആസ്വദിക്കുന്ന ആബാലവൃദ്ധം ഗ്രാമീണകര്‍ഷകര്‍.
പകലിന്റെ കൃഷിപ്പണികളെയും ചുറ്റുവട്ടങ്ങളെയും ബാധിക്കാതെ രാത്രിയുടെ ശാന്തതയില്‍ നടത്തിയിരുന്ന ഗംഭീര ഈറ്റ്&മീറ്റ്, സിംഗ്&വിന്‍ ചടങ്ങുകള്‍.
തീവൃമായ വിലക്കുകളെ തോല്‍പ്പിച്ചും കാരണവന്മാരുടെ നിരീക്ഷണങ്ങളെ അതിജീവിച്ചും ഒളിച്ചും പാത്തും നാമ്പിടുന്ന കൗമാരപ്രണയങ്ങളെ നിലനിര്‍ത്തിയിരുന്ന കല്യാണനിശകളിയിലെ വീണുകിട്ടുന്ന ചില കിന്നാരമുഹൂര്‍ത്തങ്ങള്‍.
രാത്രിക്കല്യാണങ്ങള്‍ ഗ്രാമത്തിന്റെ അല്ലങ്കില്‍ ആ പാടത്തുംകരക്കാരുടെ മൊത്തത്തിലെ ആഘോഷമാണ്.
ജാതിമത ഭേദമില്ലാതെ പങ്കെടുക്കുന്ന ആഘോഷവും അതു തന്നെ!
ഒരാഴ്ച്ചക്കുമുന്നേ ഇടിയും പൊടിയുമായി സജീവമാകുന്ന കല്യാണവീടിന്റെ അടുക്കളയില്‍ നിന്നു ആഘോഷം പാടത്തുംകരക്കാര്‍ക്കു മുഴുവനായെത്തുന്നതു കല്യാണദിവസം വൈകുന്നേരമാവുന്നതോടെയാണ്.
സന്ധ്യയാവുന്നതോടെ കല്യാണവീടുശാറാവുകയായി.
വധൂഗൃഹത്തില്‍ നിന്നു വരനെ ആനയിച്ചു കൊണ്ടു വരാന്‍ ഒരു ചെറു സംഘം പുറപ്പെടുന്നതു ഇരുട്ടിത്തുടങ്ങിയതിനു ശേഷമാണ്.
സംഘത്തില്‍ നായകനായ, ചമയങ്ങളില്‍ ചാരുത നിറഞ്ഞ പുതുമണവാളന്റെ തിളക്കം കൂട്ടുന്നതു തൊട്ടടുത്തു പൊക്കിപ്പിടിച്ച നിലയില്‍ വെളിച്ചം പരത്തുന്ന പെട്രോള്‍മാക്സോ റാന്തലോ തന്നെ!
അലങ്കരിച്ച കാളവണ്ടികളില്‍ ചെമ്മണ്‍ നിരത്തു താണ്ടി,
അവിടന്നു വഴിപിരിയുന്ന ഇടവഴികളിലൂടെ ഇരുട്ടിലേക്കു വെളിച്ചം വിതറി നടന്നു നീങ്ങുന്ന വിളക്കു ജാഥ.
ഇടവഴി കഴിഞ്ഞു കൊയ്തുപാടത്തിന്റെ നടവരമ്പിലൂടെ തുല്യ ആളകലത്തില്‍ ഇടവിട്ടു വെട്ടം പരത്തുന്ന വിളക്കുകള്‍ തലയിലേറ്റി അടിവെച്ചു നീങ്ങുന്ന വരന്റെ കൂടെയുള്ളവരുടെ സംഘം.
വരിയുടെ ഒത്ത നടുവില്‍ കസവു തുന്നിയ തൊപ്പിയിട്ടു തിളങ്ങുന്ന അങ്കിയണിഞ്ഞ പുതു മണവാളന്‍.
ഇരുട്ടുകനത്ത വഴികള്‍ ദഫുമുട്ടിന്റെ മേളങ്ങളില്‍ ഞെട്ടിയുണരുമ്പോള്‍ ജാലകങ്ങളിലൂടെ പാളി നോക്കുന്ന ഒരുപാടു കണ്ണുകള്‍,
ആണുങ്ങളുടെ ഒപ്പനപ്പാട്ടിന്റെ ഈണങ്ങളില്‍ കോരിത്തരിച്ചിരിക്കുന്ന നാട്ടിലെ നാണം മാറാത്ത പെണ്ണുങ്ങളുടെ ഒരു നിര.
ഒരു ചെറുവട്ടത്തിനു വീതിയുള്ളിടത്തു, വെട്ടം നടുക്കു വെച്ചു നടത്തുന്ന കൈക്കരുത്തുള്ളവരുടെ കാണാനിമ്പമുള്ള കോല്‍ക്കളിക്കസര്‍ത്ത്.
"ധീത്തിത്താം താകൃതാം ധില്ലത്തൈ..!
ഒന്നാം കുന്നിന്മേല്‍ ഒരു മടലോലമേല്‍, ഒന്നല്ലെ കിളി കൂടും വെച്ചു.!
രണ്ടാം കുന്നിന്മേല്‍ ഇരുമടലോലമേല്‍, രണ്ടല്ലെ കിളി കൂടും വെച്ചു.!!"
മൂന്നാം ..................................................................!!!
എന്നിങ്ങനെ നാടന്‍ ശീലുകളുമായി ഒരു താരി കളി നടത്തും.
പാടത്തിനക്കരെ വിവാഹാഘോഷം പാരമ്യതയിലെത്തിയ വധൂഗൃഹം.
നിറഞ്ഞ വെളിച്ചം കൊണ്ടും അലങ്കാരങ്ങളുടെ തിളക്കം കൊണ്ടും വേറിട്ടറിയാവുന്ന കല്യാണ വീട്.
അതു കാണുമ്പോള്‍ വരന്റെ സംഘം സന്തോഷത്തോടെ പാടും
"നാരിന്റെ വീടതാ കാണുന്നു..
പാലത്തിന്നപ്പുറത്ത്..!"
അവിടെയും മംഗല്യരാവിന്റെ മനോഹാരിതക്കു ഇമ്പമേകുന്ന കല്യാണപ്പാട്ടുകളുടെ ഈണങ്ങള്‍.
ഒപ്പനമുട്ടുമായി കോര്‍ത്തു കെട്ടി ഇടമുറിയാതെ മൊഞ്ചോടെ പാടി അവതരിപ്പിക്കുന്നതു ആ പ്രദേശത്തെ ആസ്ഥാന ഗായികാ-ഗായകര്‍.
പന്തലില്‍ കസവു തുന്നിയ പുതിയ കിനാവുകളില്‍ നാണം തൂവിയിരിക്കുന്ന പുതുമണവാട്ടി.
വെള്ളവിരിച്ച മഞ്ചത്തില്‍ അവള്‍ക്കു കൂട്ടിരിക്കുന്ന ഉറ്റ കൂട്ടുകാരിയുടെ കയ്യില്‍ സദസ്സിനെ പനിനീരു തെളിക്കാനുള്ളരോട്ടു ദണ്ഡ്.
അവളിരിക്കുന്നതിന്റെ ഒത്തമുകളില്‍ പന്തലിലില്‍ തൂക്കിയിട്ടിരിക്കുന്ന വെളുത്ത മേലാപ്പില്‍ നിന്നും തിളങ്ങുന്ന വര്‍ണ്ണത്തോരണങ്ങള്‍ തൂങ്ങിക്കിടക്കുന്നു.
കസവു തുന്നിയ കുപ്പായം,മുന്തിയ കാച്ചിത്തുണി,കഴുത്തില്‍ ചാവടിമാല, കാര്‍ക്കേലസ്, കാതില്‍ നിറയെ ചിറ്റ്, കുമ്മത്ത്, എളക്കത്താലി, കൊടലാരം, മാട്ടി, ചക്കരമാല, അലിക്കത്ത്, കാതില, മാറില്‍ മണിത്താലി, കഴുത്തില്‍ ചങ്കേലസ്സ്, കൈകളില്‍ കുറിയ വള, ചെത്തു വള, കാലില്‍ കൊലുസ്സ്, നെറ്റിയില്‍ ചൂട്ടി.
സര്‍വ്വാഭരണ വിഭൂഷികയായിരിക്കുന്ന മണവാട്ടിയുടെ ഖല്‍ബില്‍ നിറഞ്ഞു തുളുമ്പി ചിതറുന്നതു ആഹ്ലാദത്തിന്റെ പൂത്തിരി, എങ്കിലും അങ്കലാപ്പിനകമ്പടിയായി നെഞ്ചിടിപ്പിന്റെ പെരുമ്പറ ശബ്ദം ഒപ്പനക്കായി ഒപ്പമിരിക്കുന്നവര്‍ക്കു അനുഭവിച്ചറിയാം,
പ്രിയപ്പെട്ടവരോടും പ്രിയപ്പെട്ടതിനോടൊക്കെയും ഒരു യാത്രപറച്ചിലിന്റെയും പുതിയൊരിടത്തേക്കു പറിച്ചു നടലിന്റെയും ചിന്തയില്‍ വഴിയോരത്തു പകച്ചു നില്‍ക്കുകയാണവള്‍. പുതിയൊരു ലോകത്തേക്കുള്ള യാത്രക്കു മനസ്സിനെയൊരുക്കുമ്പോഴും സുറുമയെഴുതിയ മിഴികള്‍ നിറയുകയാണ്. എത്രയൊക്കെ കൂട്ടുകാരികള്‍ സന്തോഷിപ്പിച്ചിട്ടും കളിയാക്കിയിട്ടും അവളുടെ നെഞ്ചിലെ പെടപെടപ്പു കൂടുകയാല്ലതെ കുറയുന്നില്ല.
മണവാളന്റെ കൈയും വധുവിന്റെ പിതാവിന്റെ കൈയും ഹസ്തദാനം നടത്തി ഖാസി ഉരുവിടുന്ന സത്യവാചകങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ചെമ്പില്‍ വെന്ത തേങ്ങാച്ചോറും മോരുകാച്ചിയതും ഇറച്ചിവരട്ടിയതും പപ്പടവും ചേര്‍ത്ത സുഭിക്ഷമായ ഊണു കഴിക്കാം. അതിനു ശേഷം വരന്റെ വീട്ടില്‍ നിന്നു വന്ന സംഘം അവരുടെ വകയായ വസ്ത്രങ്ങളും അലങ്കാരങ്ങളും നടത്തി വധുവിനെ കൂട്ടികൊണ്ടുപോകാന്‍ തുടങ്ങുകയായി.
വധു ഇറങ്ങുന്നതു മുതല്‍ വരന്റെ വീട്ടിലേക്കു ഘോഷയാത്രയായി നടന്നു പോകുന്നതു വരെ പാട്ടുകാരുടെയും താളക്കാരുടേയും വേളയാണ്.
വരന്റെ വീടും പാടത്തിന്റെ കരക്കു തന്നെയാവും. വരന്റെ വീട്ടില്‍ നിന്നും സ്വീകരിക്കാന്‍ ആളുകള്‍ എത്തുമ്പോള്‍ തോട്ടിങ്കരക്കപ്പുറത്തും ഇപ്പുറത്തും നിന്നു ആ പാട്ടുമത്സരം കൊഴുക്കും. ഏതെങ്കിലും ഒരു വിഭാഗം തോല്‍ക്കുന്നതു വരെ ഗാനമത്സരം നീണ്ടു നില്‍ക്കും. മുഖ്യമായും മാപ്പിളപ്പാട്ടു കൊണ്ടുള്ള 'അന്താക്ഷരി' മത്സരം തന്നെയായിരിക്കും.
പുലരും വരെ നീണ്ടു പോയ വാശിയേറിയ മത്സരങ്ങള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്.തോല്‍വിയും ജയവും കുടുംബമഹിമയും അഭിമാനത്തിന്റെ പ്രശ്നവുമായെടുക്കുന്ന അവസരങ്ങളില്‍ കാരണവന്മാര്‍ നേരിട്ടിടപെട്ടു അവ ഒഴിവാക്കാറും ഉണ്ട്.
മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ തട്ടാതെ ഒരുമണിക്കുര്‍ നേരം പാട്ടു പാടിത്തോല്‍പ്പിച്ച ഒരു പാട്ടുകാരി ഞങ്ങളുടെ പാടത്തിങ്കരയിലെ ഗാനകോകിലയായിരുന്നു ഏറെക്കാലം. അവരെ തോല്‍പ്പിക്കാന്‍ ഒരു തീപ്പെട്ടിക്കൊള്ളി ചുണ്ടിനിടയില്‍ വെച്ചു മണിക്കൂറുകളോളം നിര്‍ത്താതെ പാടി റിക്കാര്‍ഡിട്ട മറ്റൊരു "പാടത്തിങ്കര" ഗായിക രംഗത്തു വരുന്നതു വരെ!
ഇപ്പോള്‍ അവരെക്കുറിച്ചൊക്കെ ഓര്‍ക്കാന്‍ ഒരു രസം.
പലരും പറയുന്നു രാത്രിക്കല്യാണം തിരിച്ചു വരുന്നു.(പകലൊക്കെ മനുഷ്യര്‍ക്കു വീണ്ടും തെരക്കായീത്രേ!)
(ഹംസ ആലുങ്ങലിന്റെ "രാത്രി വിവാഹങ്ങള്‍ പുനര്‍ജനിക്കുന്നു" എന്ന സിറാജ് ഫ്രൈഡേഫീച്ചറില്‍ നിന്നു ആശയം)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
15 അഭിപ്രായങ്ങൾ:
രാത്രികല്യാണ ഓര്‍മ്മകള്‍ നന്നായി മാഷേ.
പണ്ട് മാപ്പിളമാരുടെ ഇടയില്‍ മാത്രമല്ല മറ്റു സമുദായങ്ങളിലും രാത്രികല്യാണം നടത്തിയിരുന്നു.
ചെറുപ്പത്തില്‍ രണ്ടുമൂന്ന് രാത്രികല്യാണങ്ങളില്‍ പങ്കെടുത്തതായി ഓര്‍ക്കുന്നു.
ഓര്‍മ്മകള്‍ നന്നായി, മാഷേ
:)
മാഷേ,
നല്ല ഓര്‍മ്മകള്‍,
രാത്രി കല്യാണം ഒരു ഹരമായിരുന്നു,
എന്റെ ചില ഓര്‍മ്മക്കള്‍ എഴുത്തന്‍ കൊള്ളില്ല
ഇത് നന്നായി മാഷേ... രത്രിക്കല്യാണത്തെപ്പറ്റി കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ... അതിത്ര വിപുലമായിരുന്നില്ലതാനും...
:)
നല്ല വിവരണം..:)
മാഷെ,
രാത്രി കല്യാണം പകല്‍ കല്യാണത്തേക്കാള്‍ കേമമാണല്ലൊ.കേട്ടറിവു മാത്രമെയുണ്ടായിരുന്നുള്ളു. ഭംഗിയായി,ഒരു പ്രദേശത്തെ,ഒരു ജന വിഭാഗത്തിന്റെ,ഉടയാടകളുടെ വിശദമായ വിവരണം. ഇനി ആ കാലങ്ങള്‍ തിരിച്ചു വരുമൊ?
കല്യ്യാണം ഇപ്പോഴും രാത്രിതന്നെ എല്ലാ സമുദായത്തിലുമ്, കല്ല്യാണാഘോഷങ്ങളാണ്‍ പകല്...ങ്യാ ഹ ഹ ഹ..:-)
കൃഷ് | krish said... രാത്രികല്യാണ ഓര്‍മ്മകള്‍ നന്നായി മാഷേ.
പണ്ട് മാപ്പിളമാരുടെ ഇടയില്‍ മാത്രമല്ല മറ്റു സമുദായങ്ങളിലും രാത്രികല്യാണം നടത്തിയിരുന്നു.
ചെറുപ്പത്തില്‍ രണ്ടുമൂന്ന് രാത്രികല്യാണങ്ങളില്‍ പങ്കെടുത്തതായി ഓര്‍ക്കുന്നു.
ക്ഷമിക്കൂ ക്രിഷ്...
മാഷിന്റെ തൂലികയെ വിമര്ശിക്കുകയല്ല എന്നാദ്യം പറയട്ടെ..
പ്രശ്നം , ഞാന്‍ കണ്ട രീതിയാലാണ്‍ എല്ലായിടത്തും എന്ന് കരുതുന്നതിനാലാണ്
അതില്ത്താനെ മലബാറിലെ മുസ്ലിം ഭവനങ്ങള്‍ എല്ലാം ഒരേ രീതിയിലാണ്‍ എന്നാണെഴുതിയിരിക്കുന്നത്, എവടേ...കേരളത്തില്‍ പല ഗ്രാമീണ വീടുകളും(വയല്‍ വക്കിലെ) അങ്നനെ യാണ്, മാപ്പിള വീടുകള്‍ മാത്രമല്ല...പിന്നെ മാപിള(മുസ്ലിം)മാര്‍ പൊതുവെ കച്ചവടക്കരാണ്, കച്ചവടതെ അപേക്ഷിച്ച് ക്റിഷി ചിലര്‍ മാത്രമെ ചെയ്തിരുന്നുള്ളു. ഈയിടെ റ്റീവിയില്‍ ഒരു വഴിപോക്കരൊടുള്ള ചൊദ്യോത്തരതില്, ഒരാളോട് ചോദിച്ചു താങ്കളുടെ ഇഷ്ട് ഭക്ഷണം എന്താണെന്ന്, അങ്ങേര്‍ ഉവാച: കേരളീയ ഭക്ഷണങ്ങള്‍ എന്നു കൂടാതെ ഒരു കമെന്റും, ലോകത്തുള്ള ഏതു ഭക്ഷണരീതിയെക്കളും നല്ല ഭക്ഷണം കേരളത്തിലാണെന്ന്!!! ചിരിച്ചു പോയി.. ഇന്റെര്‍വ്യ്യൂ ചെയ്യുന്നയാള്‍ ചോദിച്ചു ചേട്ടന്‍ മറ്റ് നാടുകളിലെ "ഫക്ഷണം" കഴിച്ചിട്ടുണ്ടൊഓന്ന്, ചേട്ടന്‍ ജീവിതത്തിലിന്നെവരെ മറ്റ് ഭക്ഷണരീതി കണ്ടിട്ടുമില്ല, കഴിച്ചിട്ടുമില്ല..നാട് വിട്ടെങ്ങോഓട്ടും പോയിട്ടുമില്ല..ഹ ഹ ഹ. കൂപ മണ്ടൂകംന്ന് പറഞ്ഞാലിങ്ങനെ വേണം.
kഎന്റെ കുട്ടിക്കാലത്തെ രാത്രിക്കല്യാണത്തിന്റെ ഓര്‍മ്മപകര്‍ത്തിയതു വായിച്ചു അഭിപ്രായമറിയിച്ച കൃഷ്,ശ്രീ,വള്ളുവനാടന്‍,സഹയാത്രികന്‍,മയൂര,കുഞ്ഞന്‍, പേരു വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത ബ്ലോഗുസ്നേഹി, കടവന്‍ എന്നിവര്‍ക്കു നന്ദി.
കടവനോടു മാത്രം ഒരു വിശദീകരണം.
ഈ എഴുത്തിന്റെ ശൈലി ശ്രദ്ധിച്ചില്ലന്നു തോന്നുന്നു.
കേരളത്തിലെ ജനത
പിന്നെ
മലബാര്‍
പിന്നെ
മലബാറിലെ മാപ്പിളമാര്‍
പിന്നെ
മാപ്പിളമാര്‍ക്കു മുന്‍തൂക്കമുള്ള ചെറിയ ഒരു ഗ്രാമം
പിന്നെ
ആ ഗ്രാമത്തിലെ ഒരു പാടത്തിങ്കര
(ഒരു പാടമോ പല്യാളിയോ അതിന്നു ചുറ്റുമുള്ള കരയിലെ കുറച്ചു വീടുകള്‍ മാത്രം ഉള്‍പ്പെടുന്ന കര)
അതിലൊരു വീട് (എന്റെ വീട്)
എന്നിങ്ങനെ ചെറുതായി വന്ന ഒരു ഇടുങ്ങിയ ഒരു പ്രദേശത്തെ പത്താം വയസ്സിലെ എന്റെ ബാല്യകാല ഓര്‍മ്മയാണു അവരോഹണ രീതിയില്‍ അവതരിപ്പിച്ചത്. അതിന്നു കിണറ്റിലേക്കിറങ്ങുന്ന അനുഭൂതി തോന്നിച്ചെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥായി.അതു തന്നെയാണു ഉദ്ദേശിച്ചതും.
മാഷേ
തൂലികയില്‍ നിന്നുതിര്‍ന്ന ഈ ഓര്‍മ്മകള്‍
എത്ര മനോഹരം
മഞുപോയ ആ സന്തോഷനാളുകളുടെ അവിസ്‌മരണീയമായ ഓര്‍മ്മകള്‍ അതിന്‍റെ എല്ലാ വര്‍ണ്ണണകളോടെ ഇവിടെ വിവരിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
Nice photo, and goos posting, thank you
have a good day
കരീം മാഷേ :)
രസമായിരുന്നു. പടം ‘പിടിച്ചിരുത്തുന്നു’. പോക്കുവെയിലും കൊണ്ട്,വീടണയുന്ന കാളവണ്ടിയാണോ? (സിമിന്റുംകമ്പിയും വലിക്കുന്നകാളവണ്ടികളേ നേരില്‍ കാണുമ്പോള്‍ കാഴ്ച ഒട്ടും രസമാവാറില്ല).
നന്ദി
“വധൂഗൃഹത്തില്‍ നിന്നു വരനെ ആനയിച്ചു കൊണ്ടു വരാന്‍ ഒരു ചെറു സംഘം പുറപ്പെടുന്നതു ഇരുട്ടിത്തുടങ്ങിയതിനു ശേഷമാണ്“.
ഈ വരി ഇത്തിരി കണ്‍ഫ്യൂഷനാക്കി :)
മന്‍സൂറിനും ജ്യോതിര്‍മയി ടീച്ചറിനും നന്ദി.
ടീച്ചറിന്റെ കണ്‍ഫ്യൂഷനായ ഭാഗം
“വധൂഗൃഹത്തില്‍ നിന്നു വരനെ ആനയിച്ചു കൊണ്ടു വരാന്‍ ഒരു ചെറു സംഘം പുറപ്പെടുന്നതു ഇരുട്ടിത്തുടങ്ങിയതിനു ശേഷമാണ്“.
രാത്രിക്കല്യാണത്തില്‍ മാത്രമല്ല പകല്‍ കല്യാണത്തിലും മാപ്പിളമാര്‍ ആദ്യം വധൂഗൃഹത്തില്‍ നിന്നു വരനെയും വലിയ സംഘത്തെയും സ്വീകരിച്ചു കൊണ്ടുവരാന്‍ ആദ്യം ഒരു ചെറുസംഘം പോകുകയാണ് പതിവ്.
ഈ ചടങ്ങോടെയാണു കല്യാണചടങ്ങു തുടങ്ങുന്നത്.
പിന്നെ കൂടെ ചേര്‍ത്ത കാളവണ്ടിയുടെ ചിത്രം കാളവണ്ടികളെകുറിച്ചുള്ള ഒരു ലേഖനത്തിനു വരച്ചതായിരുന്നു. ലേഖനം കൊള്ളില്ലന്നു തോന്നിയപ്പോള്‍ ആ വരച്ച പടം ഇവിടെയിട്ടു.ശരിക്കും പെട്രോള്‍ മാക്സും റന്തലും തലയിലേന്തി കാളവണ്ടിക്കു പിറകെ ഒപ്പനമുട്ടി നടക്കുന്ന ഒരു സംഘമായിരുന്നു വരക്കേണ്ടിയിരുന്നത്.
മാഷേ...
ആ കല്യാണ രാവിതാ വന്നെത്തി
മണവാളന്‍ ചെകന്‍ പറന്നെത്തി
പന്തലിന്‍ പണികളും..കശാപും
രാത്രിയിലെ ഭക്ഷണം വെയ്‌പ്പും
എല്ലാം ഇന്നോര്‍മ്മകള്‍ മാത്രം
ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ചു നട്ട കല്യാണങ്ങളണ് ഇന്ന്
നന്‍മകല്‍ നേരുന്നു
ഇന്നു നമുക്ക് കേട്ടറിവുമാത്രം ഈ കല്യാണചടങ്ങുകള്‍..
ഇവിടെ - സൌദി അറേബ്യയില്‍ - രാത്രിയാണ് കല്യാണങ്ങള്‍. ഒന്നുരണ്ടെണ്ണം കൂടുകയും ചെയ്തു. ഇതു വായിച്ചപ്പോള്‍ ഒര്‍ത്തുപോയത് എന്നെ ഏറെ സ്വാധീനിച്ച് ഒരു രാത്രികല്യാണമാണ്. പത്തു കിലോമീറ്റര്‍ ദൂരമുള്ള വരന്റെ വീട്ടിലേക്ക് ഗ്യാസുവിളക്കും കത്തിച്ച് പിടിച്ച് നടന്ന കഥ എന്റെ ഉമ്മ പറയാറുണ്ട്.. അത് എന്റ്റെ ഉമ്മയും ബാപ്പയും തമ്മില്‍ നടന്ന കല്യാണമായിരുന്നു...
നന്നായി മാഷെ നന്നായി...
നന്മകള്‍ നേരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ