2007, സെപ്റ്റംബർ 9, ഞായറാഴ്‌ച

മുഹമ്മദ്‌ സര്‍വ്വര്‍ (മലയാളി ഉര്‍ദുകവി)

സര്‍വ്വര്‍ സാഹിബ്

വെളുത്ത ഫുള്‍ക്കയ്യുള്ള ഷര്‍ട്ടും തൂവെള്ളത്തുണിയുമുടുത്ത്‌
അബ്ദുവിന്റെ ചായക്കടയില്‍ നിന്നു പ്രാതലും കഴിച്ചു
കോളേജിനു മുന്നിലൂടെ,
തന്റെ ലതര്‍-ചപ്പലിനെപ്പോലും വേദനിപ്പിക്കാതെ,
പതിയെ,
പതിവായി നടന്നു നീങ്ങിയിരുന്ന സാധാരണക്കാരായ ആ മനുഷ്യന്‍,
സര്‍വര്‍ സാഹിബ്‌

ഏകാന്തപഥികന്‍‍,

വിശാലമായ ഭാരതത്തിന്റെ വിരിമാറിലൂടെ,
ഏറെ ദൂരം ഏറെക്കാലം നടന്ന സഞ്ചാരി,
ഉര്‍ദു ഭാഷയെ ഏറെ സ്നേഹിച്ച കേരളീയന്‍,
ഉത്തരേന്ത്യയില്‍ അറിയപ്പെടുന്ന ഏക മലയാളി ഉര്‍ദുകവി,
സാഹിത്യകാരന്‍,
തത്ത്വചിന്തകന്‍.

അദ്ദേഹത്തെക്കുറിച്ച്‌ എനിക്കൊന്നുമറിയില്ലായിരുന്നു,
എനിക്കു മാത്രമല്ല അദ്ദേഹത്തിന്റെ നാട്ടുകാരായ എന്നെപ്പോലെ പലര്‍ക്കും.
1984ല്‍ മലപ്പുറം കോളേജില്‍ വെച്ചു "ആള്‍ ഇന്ത്യാ യൂണിവേര്‍സിറ്റി ഉര്‍ദു ടീച്ചേര്‍സ്‌ കോണ്‍ഫറന്‍സു" നടക്കുന്നതു വരെ.

ഉര്‍ദു ഭാഷയുടെ ലോകത്തു ഞാന്‍ വഴിതെറ്റി എത്തിയതായിരുന്നു.
ഇരുമ്പുഴി സ്കൂളില്‍ തുടങ്ങിയ ആദ്യത്തെ ഉര്‍ദു പ്രധാനഭാഷാക്ലാസ്സില്‍ എണ്ണം തെകക്കാന്‍ മലയാളം ക്ലാസ്സില്‍ നിന്നു പ്രലോഭനം നല്‍കി ഉര്‍ദു ക്ലാസ്സിലേക്കു പറിച്ചു നട്ട ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍.

ഉത്തരേന്ത്യയിലെ ഒന്നാം ക്ലാസ്സിലെ ഉര്‍ദു പാഠപുസ്തകമണു കേരളത്തിലെ ഉര്‍ദു സിലബസു പ്രകാരം അഞ്ചാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്നത്‌. എന്നിട്ടു പോലും ഞങ്ങളുടെ ഉര്‍ദു പഠനം വളരെ മോശമായിരുന്നു.
അധ്യാപകര്‍ക്കു ശാസ്ത്രീയമായ പരിശീലനം കിട്ടാത്തതിന്റെ തിക്തഫലം പഠനത്തില്‍ അനുഭവിക്കുകയും കിട്ടിയ ഉര്‍ദുപഠനത്തെ ഒരിടത്തും നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ വലയുകയും ചെയ്ത പര്‍ശ്ശതം, ആദ്യകാല-ഗതികെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഞാനും.

"ആഗ്‌' എന്നതിനു ഉള്ളി എന്ന അര്‍ത്ഥം പഠിപ്പിച്ചു തന്ന ഒരധ്യാപകന്‍. (തീയുടെ ചിത്രം വരച്ചതു അദ്ദേഹത്തിനു ഉള്ളിയായി തോന്നിയാല്‍ എന്തു ചെയ്യും!).
വ്യായാമം എന്നതിന്റെ ഉര്‍ദു വാക്കായ "വര്‍ഷിഷ്‌ എന്നതിനു "വര്‍ഷക്കാലം" എന്ന തെറ്റായ അര്‍ത്ഥം നല്‍കി ഒരധ്യായം മുഴുവന്‍ വ്യാഖ്യാനിച്ചു തന്ന ഉര്‍ദു ടീച്ചറെ ഇപ്പോള്‍ ശപിക്കാതിരിക്കുന്നതു, അവര്‍ "ആദ്യമായി ഉര്‍ദുഭാഷാധ്യാപനം തൊഴിലാക്കി സ്വീകരിച്ച ഒരു ഹിന്ദു വനിതയാണ്‌ ഇവര്‍!" എന്ന ഹെഡ്‌മാസ്റ്ററുടെ അന്നത്തെ പരിചയപ്പെടുത്തല്‍ ക്ലാസ്സ്‌ ഇപ്പോഴും ഓര്‍മ്മയുള്ളതുകൊണ്ടാണ്‌.

അപ്പര്‍പ്രൈമറിയിലേയും,ഹൈസ്കൂളിലേയും പഠനം കഴിഞ്ഞു കോളേജില്‍ രണ്ടാം ഭാഷയായി ഉര്‍ദു പഠിച്ചപ്പോഴാണു ഞാന്‍ ആ ഭാഷയുടെ മഹിമ കണ്ടെത്തിയത്‌.
ഷേറുകളുടെയും ഷായിരികളുടെയും ശ്രേഷ്ടത,
ഗസലുകളുടേയും ഗഹന ഗാംഭീര്യം,
നസ്‌മുകളുടേയും നാദ മാധുര്യം,
ഭാഷാസൗന്ദര്യത്തിന്റെ ഭംഗി,
ലാളിത്യത്തിന്റെ ലാസ്യ ഭംഗിയും സുഗ്രാഹ്യതയും,
പദസമ്പത്തിന്റെ പാരാവാരം,
പ്രാസാനുപാത പദസാഗരം,
പണ്ഢിതരുടെ കണ്ടെത്തലിന്റെ പരമോന്നതി.

അവിടേക്കു എത്തി നോക്കാനുള്ള കിളിവാതില്‍ തുറന്നു തന്നതു മലപ്പുറം ഗവ.കോളേജിലെ ഉര്‍ദു ലക്ചേര്‍സായിരുന്ന മര്‍ഹും ശ്രീ ഷേക്ക്‌ സാഖിബ്‌ സാഹിബും.ഗഫ്ഫാര്‍ സാഹിബും.
ഗുരുകുല സമ്പ്രദായം പോലെ പലപ്പോഴും ഷേക്ക്‌ സാഖിബിന്റെ താമസസ്ഥലത്തു വെച്ചു ഓഫ്‌ കോളേജ്‌ ഹവറുകളിലായി ക്ലാസ്സുകള്‍ പലതു നടന്നു.
പ്രീഡിഗ്രിയും ബീക്കോമിലെ രണ്ടു വര്‍ഷവും ഞാന്‍ ആ പ്രതിഭാശാലികളുടെ ശിഷ്യനായി.
ബീക്കോമിനു രണ്ടുപേര്‍ക്കു മാത്രമായി രണ്ടു ലക്ചേര്‍സു മത്സരിച്ചു ക്ലാസ്സെടുത്തു.

ഞാന്‍ മലയാളത്തോടൊപ്പം ഉര്‍ദുവിനെ സ്നേഹിക്കാനും നെഞ്ചിലേറ്റാനും തുടങ്ങി.

ഷേക്ക്‌ സാഖിബിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി അപ്രാവശ്യത്തെ ആള്‍ ഇന്ത്യാ യൂണിവേര്‍സിറ്റി ഉര്‍ദു ടീച്ചേര്‍സ്‌ കോണ്‍ഫറന്‍സ്‌ ആദ്യമായി മലപ്പുറത്തു നടത്താന്‍ തീരുമാനമായി.
ഉത്തരേന്ത്യന്‍ കോളേജ്‌ ലക്ചര്‍മാരും പ്രൊഫസര്‍മാരും കേരളമെന്ന "ഇന്നത്തെ ഗോഡ്‌സ്‌ ഓണ്‍ കണ്ട്രി" കാണാന്‍ കൊതിച്ച്‌ കിട്ടിയ അവസരം മുതലാക്കി ഒരൊഴുക്കായിരുന്നു.
പ്രതീക്ഷിച്ചതിനെക്കാളും ഡെലിഗേറ്റുകള്‍.
കോളേജിലും സമീപപ്രദേശത്തെ ലോഡ്ജുകളും തെകയാതെ വന്നപ്പോള്‍ പലരേയും സ്വന്തം വീടുകളിലേക്കു വരെ അതിഥികളായി കൂട്ടികൊണ്ടു പോയി.
സീനിയര്‍ ഉര്‍ദു വിദ്യാര്‍ത്ഥിയായിരുന്ന എനിക്കു കോണ്‍ഫറസിന്റെ സംഘാടനസമിതിയില്‍ പ്രധാന റോള്‍ ആയിരുന്നു.വലിയാടന്‍ ഹംസയും വി.വി. അഷ്‌റഫും കോളേജു യൂണിയനെ പ്രതിനിധീകരിച്ചുംകോണ്‍ഫറസില്‍ സജ്ജീവമായി പങ്കെടുത്തു.

മൂന്നു ദിവസം നീണ്ടു നിന്ന കോണ്‍ഫറസിന്റെ അവസാന ദിവസമായിരുന്നു. "മുശായിറ" (കവിയരങ്ങ്‌).
അതില്‍ പങ്കെടുക്കാനെത്തിയ പ്രത്യേക ക്ഷണിതാവായിരുന്നു മലപ്പുറം ഗവ കോളേജു നില്‍ക്കുന്ന സ്ഥലമായ മുണ്ടുപറമ്പുകാരായ ഒരു സാധാരണ സഞ്ചാരിയായ ഉര്‍ദു കവി മുഹമ്മത്‌ സര്‍വര്‍ സാഹിബ്‌.

ഉര്‍ദുസാഹിത്യരംഗത്തെ മുടിചൂടാമന്നരായ യൂണിവേര്‍സിറ്റി അധ്യാപകരുടെ കവിയരങ്ങില്‍ തികച്ചും ഒരു സാധാരണക്കാരനായി വന്നു അവതരിപ്പിച്ച സ്വന്തം കവിതകളിലൂടെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സാഹിത്യനായകര്‍ക്കു മുന്നില്‍ സര്‍ഗ്ഗസിദ്ധിയിലൂടെ വിസ്മയത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട കവി ക്ഷണനേരം കൊണ്ടു പ്രസിദ്ധനും പ്രിയപ്പെട്ടവനുമായി.

അതോടെ മുഹമ്മദ്‌ സര്‍വ്വര്‍ എന്ന ഉര്‍ദു മഹാകവിയെ എന്റെ നാട്ടുകാരന്‍ എന്നു ഞാന്‍ അഭിമാനത്തോടെ നെഞ്ചിലേറ്റിതുടങ്ങി.
ജീവിതകാലം മുഴുവന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഈ കേരളീയ ഉര്‍ദു കവിയുടെ അന്ത്യവും ആരും അറിയാതെ തന്നെയായിരുന്നു.

പില്‍ക്കാലത്തു ആരെങ്കിലും അദ്ദേഹത്തിന്റെ നാമം തെരയുമ്പോള്‍ ഇന്‍ടെര്‍നെറ്റില്‍നിന്നെങ്കിലും ഇതെങ്കിലും കിട്ടട്ടെ എന്ന ഒരു ഉദ്ദേശത്തോടെ മാത്രം എന്റെ ഈ ഓര്‍മ്മ ഞാന്‍ നിങ്ങള്‍ക്കു പങ്കിടാനായി കുറിക്കുന്നു.

(മുഹമ്മദ് സര്‍വ്വര്‍ സാഹിബിനെക്കുറിച്ചു ബ്ലോഗില്‍ വന്ന ഒരു ലേഖനത്തിനു ഞാനിട്ട കമണ്ട്)

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സര്‍വര്‍ സാഹിബ്
http://ml.wikipedia.org/wiki/Sarvar_Sahib

please help me (add information about sarwer

കരീം മാഷ്‌ പറഞ്ഞു...

"അജ്ഞാത"
Please check this blog.

http://palavakaonline.blogspot.com/2007/08/blog-post.html