2007, ഓഗസ്റ്റ് 26, ഞായറാഴ്‌ച

പെന്‌ടുലാന്‌ദ്ദോളനം..,ദോളനം..,ളനം..,നം!

ത്തിരിവെട്ടത്തിന്റെ ജനി-മൃതികള്‍ക്കിടയിലെ ഇത്തിരി നേരത്തിനകം മനുഷ്യജീവന്റെ പെന്‌ടുലാന്‌ദ്ദോളനം വായിച്ചു ചിന്തയിലാണ്ടിരുന്നപ്പോളാണ്‌ നാട്ടില്‍ നിന്ന്‌ ഉപ്പാന്റെ ഫോണ്‍.
"മരിച്ചെന്നു കരുതിയ നവരപ്പായസം ആരോഗ്യ ദൃഢഗാത്രനായി വീട്ടില്‍ തിരിച്ചെത്തിരിക്കുന്നു".

ഞാന്‍ സ്‌പ്രിങ്ങു കസേരയുടെ പരമാവധി പരിധിവിട്ട്‌ പൊങ്ങി, അത്‌ഭുതത്തിന്റെ കൊടുമുടിയിലെക്കുയര്‍ത്തപ്പെട്ടു.

മിനിഞ്ഞാന്ന്‌ സൗദിയില്‍ നിന്ന്‌ കൂട്ടമെയിലു വന്നു എന്റെ ഇന്‍ബോക്‌സ്‌ നിറച്ചത്‌ നവരപ്പായസത്തിന്റെ ദുരന്തം കുത്തിനിറച്ചായിരുന്നു.

നവരപ്പായസത്തിന്റെ ശരിക്കുള്ള പേരു അവന്റെ വീട്ടിലുള്ളവര്‍ക്കു പോലും അറിയുമോ എന്നു സംശയം. വിവാഹ രജിസ്‌റ്ററില്‍ പോലും നവരപ്പായസം എന്നെഴുതി ബ്രാക്കറ്റിലാണ്‌ ശരിക്കുള്ള പേരെഴുതിയതെന്നാണെന്റെ ഓര്‍മ്മ.

അവനെ, പിടിച്ചു വെച്ച ശമ്പളത്തില്‍ നിന്ന്‌ ഒരുമാസത്തെ ശമ്പളം തിരിച്ചു ചോദിച്ച അപരാധത്തിന്‌, സ്‌പോണ്‍സര്‍ പിടിച്ച പിടിയാലേ ക്യാന്‍സല്‍ ചെയ്‌ത്‌ റോയല്‍ ദില്ലിയിലേക്കൊരു ചീപ്പ്‌ ടിക്കറ്റിനു പാക്കു ചെയ്‌തിരിക്കുന്നു.

കൂടാതെ മൂന്നു മാസത്തെ ശമ്പളം ആ അറബിക്കാലന്‍ വിസാചെലവിനു കട്ടു ചെയ്‌തത്രെ !

വെറും 25 റിയാലും കൊണ്ടു ദില്ലീ എയര്‍പോര്‍ട്ടിലിറങ്ങിയ അവന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന മുഷിഞ്ഞ വസ്‌ത്രങ്ങളും, പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ്‌ വേറൊരു ഒരു ദില്ലിക്കാലന്‍ തട്ടിപ്പുകാരനും അടിച്ചോണ്ടു പോയത്രെ.
കള്ളന്മാര്‍ എല്ലാ ദേശത്തും കാലന്മാര്‍ തന്നെ.
ആരുടെയോക്കെയോ കയ്യില്‍ നിന്ന്‌ ഭിക്ഷ വാങ്ങി ട്രെയിനിന്‌ നാട്ടിലെത്തിയപ്പോള്‍ ഉലുവാനും കുന്തിരിക്കവും പുകക്കുന്ന മണം. ആ പുകമറ കൈ കൊണ്ടു വീശി നീങ്ങിയപ്പോള്‍ അവന്‍ കണ്ട കാഴ്‌ച്ച!.

ഇതു വരെ ഒരു മനുഷ്യനും നേരില്‍ കാണാന്‍ ഭാഗ്യം കിട്ടാത്തത്‌. അസുലഭ സുന്ദര നിമിഷങ്ങള്‍.
അവന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നു.
ലൈവായി കണ്ടു.
മയ്യത്തു കട്ടിലു കൊണ്ടു വരലും പ്രാത്ഥനയും, അലമുറയും, അടക്കം പറച്ചിലും കുഴിയെടുപ്പും തകൃതി.

പ്രേതത്തെ കണ്ടപോലെ അലറി വിളിച്ച നാട്ടുകാര്‍ക്കു മുന്‍പില്‍ അയാള്‍ ജീവനോടെ നിന്നു.
(സില്‍വര്‍സ്‌റ്റര്‍ സ്‌റ്റലിനെപ്പോലെ....!)

കാര്യമിതാണ്‌.
ബാഗും തട്ടി ഓടിയ കള്ളന്‍ ഹാര്‍ട്ടറ്റാക്കായി മരിച്ചു. (അയാള്‍ ചിലപ്പോള്‍ ബാഗ്‌ വഴിയില്‍ വെച്ചു തുറന്നു കാണും)

അയാളുടെ കയ്യില്‍ നിന്നു കിട്ടിയ ബാഗിലെ പാസ്‌പോര്‍ട്ടില്‍ നിന്ന്‌ അഡ്രസ്സു നോക്കി (ദില്ലി എയര്‍ പോര്‍ട്ടിലെ കര്‍മ്മനിരതരായ പോലീസ്‌ മരണം വീട്ടില്‍ അറിയിച്ചു.
(പാസ്‌പോര്‍ട്ടിലെ ഫോട്ടോയും മരിച്ചയാളുടെ മുഖവും ഒത്തു നോക്കല്‍ വേറെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡ്യൂട്ടിയാണെന്നായിരിക്കും ഇപ്പോഴവരുടെ ന്യായം)
ബോഡി പെട്ടന്ന്‌ കൊണ്ടുവരാന്‍ M.L.A.യും കേന്ദ്ര മന്ത്രി വരെ ഇടപെട്ടിരുന്നതാണത്രെ.

(എതായാലും ഒരു ഗുണം കിട്ടി) പുള്ളിയുടെ നവരപ്പായസം എന്ന ഓമനപ്പേരു മാറിക്കിട്ടി.
ഇപ്പോള്‍ 'നവരപ്രേതം' ന്നാത്രെ ആളുകള്‍ വിളിക്കുന്നത്‌.

എങ്ങനെയുണ്ട്‌ ജനിമൃതികള്‍ക്കിടയിലെ ഇത്തിരി സമയത്തിലുള്ള മനുഷ്യജീവന്റെ പെന്റുലാന്ദ്ദോളനം.

(ഈ സംഭവം ആഗസ്‌റ്റു 17നു എല്ലാ ടെലിവിഷന്‍ ചാനലുകാരും കാണിച്ചിരുന്നത്രെ..!)
ഇനി കണ്ണാടിയിലെ ഗോപകുമാര്‍ സാറിനെ കൈവിരലു കൊണ്ടു തൊട്ടുന്നു പറഞ്ഞു എന്റെ ചെറിയ അനുജന്റെ വീരവാദം കേള്‍ക്കേണ്ടി വരും. അവന്‍ മുന്‍പു ഊട്ടികാണാന്‍ പോയപ്പോള്‍ ശിവാജി ഗണേഷനെ തൊട്ടു എന്നു പറഞ്ഞാണ്‌ എന്നെ എപ്പോഴും തോല്‍പ്പിക്കാറുള്ളത്‌.

എതായാലും ഞങ്ങളുടെ "ഇരുമ്പുഴി" ലോക ശ്രദ്ധയാകര്‍ഷിച്ചു വരുന്നു.

(ഇത്തിരിവെട്ടത്തിന്റെ പെന്‍ഡുലാന്ദ്ദോളനം എന്ന കഥക്കിട്ട കമണ്ട്)

1 അഭിപ്രായം:

കരീം മാഷ്‌ പറഞ്ഞു...

Seethe news from the following Link

http://www.thehindu.com/2006/08/18/stories/2006081812350400.htm